പത്തനംതിട്ട. ആശുപത്രി സൂപ്രണ്ടിന്റെ മാനസിക പീഡനത്താൽ ജീവനക്കാരി കുഴഞ്ഞുവീണതായ് പരാതി. അടൂർ ജനറൽ ആശുപത്രിയിലാണ് സംഭവം.
ഓഡിയോളജിസ്റ്റായ പറക്കോട് സ്വദേശിനി ക്രിസ്റ്റീന ബിനോയി ആണ് കുഴഞ്ഞുവീണത്. ജീവനക്കാരെ സൂപ്രണ്ട് പീഡിപ്പിക്കുന്നത് പതിവാണെന്നും പരാതിക്കാരി . സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് ഡോ. രചനാ ചിദംബരത്തിനെതിരെ ക്രിസ്റ്റീന ആരോഗ്യ വകുപ്പിലെ ഉന്നതർക്ക് പരാതി നൽകി.എന്നാൽ ആരോപണങ്ങൾ നിഷേധിക്കുകയാണ് ആശുപത്രി സൂപ്രണ്ട്.
കഴിഞ്ഞ ഒക്ടോബർ ആറിനാണ് ഡിഎംഒ ഓഫീസിൽ നിന്നുള്ള നിർദ്ദേശപ്രകാരം 6 വയസുള്ള കുട്ടി രക്ഷിതാവിനൊപ്പം അടൂർ ജനറൽ ആശുപത്രിയിൽ കേൾവി പരിശോധനയ്ക്കായി എത്തിയത്. 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ചികിത്സ സൗജന്യമായതിനാൽ സീറോ ബില്ലിൽ ക്രിസ്റ്റീന കുട്ടിയെ പരിശോധിക്കാൻ തുടങ്ങി. ഇതാണ് ആശുപത്രി സൂപ്രണ്ട് ഡോ. രചന ചിദംബരത്തെ പ്രകോപിപ്പിച്ചതെന്ന് പരാതിക്കാരി.
ദേശീയ ആരോഗ്യ ദൗത്യം ജീവനക്കാരിയാണെന്നു പറഞ്ഞ് ആളുകൾക്ക് മുന്നിൽ വച്ച് ആക്ഷേപിച്ചെന്നും കുഴഞ്ഞുവീണപ്പോഴും ശകാരം തുടർന്നതായും ക്രിസ്റ്റീന പറയുന്നു. കുഴഞ്ഞുവീണുപോൾ പ്രാഥമികചികിത്സ നൽകാൻ പോലും ഡോക്ടർ അനുവദിച്ചില്ല. താൻ അപസ്മാര രോഗിയാണന്നും
അൺഫിറ്റാണെന്നും പറഞ്ഞ് മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കാനും ആവശ്യപ്പെട്ടു. ചെയ്യാത്ത തെറ്റിന് മെമ്മോ നൽകിയതായും പറയുന്നു
മുൻപു പല ജീവനക്കാർക്കും ആശുപത്രി സൂപ്രണ്ടിൽ നിന്നും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നും
സൈക്യാട്രിസ്റ്റ് ഡോക്ടർ മാനസിക പീഡനം മൂലം ജോലി ഉപേക്ഷിച്ചു പോയതായും ക്രിസ്റ്റീന ആരോപിച്ചു. ആരോഗ്യമന്ത്രിക്കും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കും മനുഷ്യാവകാശ കമ്മീഷനുമടക്കം പരാതി നൽകിയിട്ടുണ്ട്. അതേസമയം, സൂപ്രണ്ടിന്റെ കുറിപ്പടി ഇല്ലാതെ പരിശോധന നടത്തിയത് ചോദിക്കുകയാണ് ചെയ്തതെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം

































