29.9 C
Kollam
Wednesday 14th October, 2026 | 04:17:48 PM
Home News Breaking News ‘കോക്ക്റോച്ച് ജനതാ പാർട്ടി’ക്ക് പിന്നാലെ ‘ഈച്ച’ പാർട്ടിയും വൈറൽ; 72 മണിക്കൂറിൽ 3.3 ലക്ഷം ഫോളോവേഴ്സ്

‘കോക്ക്റോച്ച് ജനതാ പാർട്ടി’ക്ക് പിന്നാലെ ‘ഈച്ച’ പാർട്ടിയും വൈറൽ; 72 മണിക്കൂറിൽ 3.3 ലക്ഷം ഫോളോവേഴ്സ്

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമർശത്തെത്തുടർന്ന് ശ്രദ്ധ നേടിയ ‘കോക്ക്റോച്ച് ജനതാ പാർട്ടി’ക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിൽ പുതിയ കൂട്ടായ്മയും വൈറലാകുന്നു. ‘മക്കി ജനതാ പാർട്ടി’ (എംജെപി) എന്നാണ് പുതിയ കൂട്ടായ്മയുടെ പേര്. ഹിന്ദിയിൽ ‘മക്കി’ എന്നാൽ ഈച്ച എന്നാണ് അർഥം.

72 മണിക്കൂറിനുള്ളിൽ ഇൻസ്റ്റഗ്രാമിൽ 40 ലക്ഷത്തിലധികം കാഴ്ചക്കാരെയും 3.3 ലക്ഷത്തിലധികം ഫോളോവേഴ്സിനെയും നേടിയെന്നാണ് എംജെപിയുടെ അവകാശവാദം. ആര്യൻ എന്ന വിദ്യാർഥിയാണ് സംഘടനയുടെ സ്ഥാപകനെന്ന് ഇൻസ്റ്റഗ്രാം പേജിൽ വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടിക്കായി വക്താക്കളെ തേടുന്ന അറിയിപ്പും പേജിൽ പങ്കുവച്ചിട്ടുണ്ട്.

അക്കൗണ്ട് വിവരങ്ങൾ പ്രകാരം 2021 ജൂണിൽ ആരംഭിച്ച പേജ്, ‘മക്കി ജനതാ പാർട്ടി’ എന്ന പേര് സ്വീകരിക്കുന്നതിന് മുൻപ് എട്ടുതവണ യൂസർനെയിം മാറ്റിയിട്ടുണ്ട്.

ഡൽഹിയിൽ ഒക്ടോബർ 10ന് കോക്ക്റോച്ച് ജനതാ പാർട്ടി നിശ്ചയിച്ചിരുന്ന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസ് നടത്തിയ പരാമർശമാണ് പുതിയ പേരിന് പ്രചോദനമായത്. പ്രക്ഷോഭത്തിന് മുന്നോടിയായി ഏർപ്പെടുത്തിയേക്കാവുന്ന നിയന്ത്രണങ്ങളെ ചോദ്യം ചെയ്തപ്പോഴായിരുന്നു ‘ചുറ്റികകൊണ്ട് ഈച്ചയെ കൊല്ലാനാകില്ല’ എന്ന കോടതിയുടെ നിരീക്ഷണം.

സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി പൊതുഗതാഗതം നിയന്ത്രിക്കാമെങ്കിലും നഗരത്തിലെ മുഴുവൻ സംവിധാനങ്ങളും സ്തംഭിപ്പിക്കാൻ കഴിയില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. ഈ പരാമർശം സമൂഹമാധ്യമങ്ങളിൽ ചർച്ചയായതോടെയാണ് ‘മക്കി ജനതാ പാർട്ടി’യും ശ്രദ്ധ നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here