കൊല്ലം: പരിസ്ഥിതിലോല മേഖലകളുടെ മാപ്പിൽ അവ്യക്തതയുണ്ടെന്ന ആക്ഷേപം ശക്തമാകുന്നു. പട്ടികയിൽ ഉൾപ്പെട്ട എട്ടു വില്ലേജുകൾ ഏതൊക്കെയാണെന്ന് തിരിച്ചറിയാൻ കഴിയുന്നില്ലെന്നാണ് പ്രധാന പരാതി. കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ നടപടികൾക്കെതിരെ ഈ മാസം 27ന് കൊല്ലത്ത് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇടതുപക്ഷ സംയുക്ത കർഷകസമര സമിതി ആണ് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്.
വില്ലേജ് അടിസ്ഥാനത്തിൽ വ്യക്തമായ മാപ്പ് പ്രസിദ്ധീകരിക്കണമെന്നാണ് മലയോര നിവാസികളുടെ ആവശ്യം. പരിസ്ഥിതിലോല മേഖലയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പട്ടികയിൽ കൊല്ലം ജില്ലയെ ഉൾപ്പെടുത്തിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. 79,603 ഹെക്ടർ ഭൂമി പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുന്നതോടെ 50,000 കർഷകർ പ്രതിസന്ധിയിലാകുമെന്ന് സമരസമിതി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ പരിസ്ഥിതിലോല പ്രദേശങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസമാണ് സർക്കാർ പുറത്തുവിട്ടത്. 33 വില്ലേജുകളിലായി 8,596.69 ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതിലോല മേഖലയായി കണക്കാക്കിയിട്ടുണ്ട്. പരിസ്ഥിതി ഡയറക്ടറേറ്റിന്റെ വെബ്സൈറ്റിലാണ് പട്ടിക പ്രസിദ്ധീകരിച്ചത്.
എന്നാൽ, ഏതൊക്കെ പ്രദേശങ്ങളാണ് പരിസ്ഥിതിലോല മേഖലയിലുള്ളതെന്ന കാര്യത്തിൽ ജനങ്ങളുടെ ആശങ്കകൾ തുടരുകയാണ്. മാപ്പ് പ്രസിദ്ധീകരിച്ച വെബ്സൈറ്റിൽ പ്രദേശങ്ങൾ വ്യക്തമായി തിരിച്ചറിയാനും ആശങ്കകൾ പരിഹരിക്കാനും ആവശ്യമായ പൂർണവിവരങ്ങളില്ലെന്നാണ് ആക്ഷേപം. ഇതോടെ മലയോര മേഖലകളിൽ പ്രതിഷേധം ശക്തമാകുകയാണ്.


























