30.4 C
Kollam
Thursday 8th October, 2026 | 02:16:25 PM
Home News Breaking News ഊരുട്ടമ്പലത്ത് യുവതിയെയും രണ്ടര വയസുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിന്‍റെ വിചാരണ നവംബർ അഞ്ചിന്...

ഊരുട്ടമ്പലത്ത് യുവതിയെയും രണ്ടര വയസുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിന്‍റെ വിചാരണ നവംബർ അഞ്ചിന് തുടങ്ങും

തിരുവനന്തപുരം. ഊരുട്ടമ്പലത്ത് യുവതിയെയും രണ്ടര വയസുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിന്‍റെ വിചാരണ നവംബർ അഞ്ചിന് തുടങ്ങും. തിരുവനന്തപുരം ഏഴാം അഡിഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്..

2011 ആഗസ്റ്റ് 18നായിരുന്നു നാടിനെ നടുക്കിയ സംഭവം. പൂവാർ മണ്ണാംവിളാകം സ്വദേശി മാഹിൻകണ്ണ് , ഭാര്യ റുഖിയ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. മാറനല്ലൂർ സ്വദേശി ദിവ്യ, രണ്ടര വയസ്സുള മകൾ ഗൗരി എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.

മാഹിൻകണ്ണുമായി പ്രണയത്തിലായിരുന്ന ദിവ്യ ഊരുട്ടമ്പലത്തെ വാടകവീട്ടിൽ ഇയാൾക്കൊപ്പം താമസിച്ചു വരികയായിരുന്നു. ദിവ്യ ഗർഭിണിയായതോടെ വിവാഹത്തിൽനിന്ന് ഒഴിഞ്ഞുമാറിയ മാഹിൻകണ്ണ് വിദേശത്തേക്ക് കടന്നു. ദിവ്യയുടെ പ്രസവശേഷം നാട്ടിലെത്തിയ ഇയാളെ ദിവ്യയുടെ ബന്ധുക്കൾ ഇടപെട്ട് തിരികെ കൊണ്ടുവന്നു. വീണ്ടും ഒരുമിച്ച് താമസിക്കുന്നതിനിടെ മാഹിൻകണ്ണ് വിവാഹിതനാണെന്ന വിവരമറിഞ്ഞതോടെ ഇരുവരും തമ്മിൽ നിരന്തരം കലഹത്തിലായി. ഇതിലൊടുവിലാണ് പ്രതി കൊലപാതകം ആസൂത്രണം ചെയ്തത്. തമിഴ്നാട്ടിലെ വിളവൻകോട് ആളില്ലാതുറയ്ക്ക് സമീപമുള്ള ഇടപ്പാട് കടൽത്തീരത്ത് എത്തിച്ച ശേഷം ദിവ്യയെയും കുഞ്ഞിനെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തിലുള്ളത്.

കഴിഞ്ഞദിവസം കോടതി പ്രതികളെ കുറ്റപത്രം വായിച്ചുകേൾപ്പിച്ചിരുന്നു. ജില്ലാ ക്രൈംബ്രാഞ്ചിന്റെ അന്വേഷണസംഘമാണ് കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 109 സാക്ഷികളെ പ്രോസിക്യൂഷൻ കോടതിയിൽ വിസ്തരിക്കും. 104 രേഖകളും ആറ് തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here