ആലപ്പുഴ.ട്രെയിനിൽ മൊബൈൽ മോഷണം നടത്തുന്ന പ്രതികളെ തുടർച്ചയായി അറസ്റ്റ് ചെയ്ത് ആലപ്പുഴ റെയിൽവേ പോലീസ്.57,000 രൂപ വിലയുള്ള മൊബൈൽ മോഷ്ടിച്ച കേസിൽ പ്രതിയെ പെരുമ്പാവൂരിൽ നിന്നാണ് ആലപ്പുഴ റെയിൽവേ എസ് ഐ ബിജോയിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.ഡെറാഡൂൺ സ്വദേശി ഷാരൂഖ് ആണ് അറസ്റ്റിലായത്
പകൽ പെരുമ്പാവൂരിലെ കടയിൽ ജോലി രാത്രിയിൽ ആലുവയിൽ നിന്നും എറണാകുളത്തു നിന്നും ട്രെയിനുകളിൽ കയറി ഉറങ്ങിക്കിടക്കുന്ന ആളുകളുടെ മൊബൈൽ മോഷണം.ആദ്യമായാണ് മോഷണക്കേസിൽ ഡെറാഡൂൺ സ്വദേശി 20 വയസ്സുകാരനായ ഷാറൂഖ് പിടിയിലാകുന്നത്. തിരുവനന്തപുരത്തേക്ക് യാത്ര ചെയ്ത ആളുടെ മൊബൈൽ ഫോൺ ആണ് കായംകുളത്ത് വച്ച് മോഷണം പോയത്. യാത്രക്കാരൻ ഉറങ്ങുന്ന സമയത്ത് പാന്റിന്റെ പോക്കറ്റിൽ ഇട്ടിരുന്ന 57,000 രൂപ വിലയുള്ള ഫോണായിരുന്നു ഷാരൂഖ് തന്ത്രപരമായി മോഷ്ടിച്ചത്.വിവരമറിഞ്ഞ യാത്രക്കാരൻ റെയിൽവേ കൺട്രോൾ റൂമിൽ വിളിക്കുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്തു.തിരുവനന്തപുരം വരെയാണ് യാത്രയെന്ന് അറിഞ്ഞ പോലീസ് തിരുവനന്തപുരം എത്തിയശേഷം പരാതി നൽകാൻ പറഞ്ഞു.അവിടെ സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമാണ് കേസ് ആലപ്പുഴയ്ക്ക് കൈമാറിയത്.ആലപ്പുഴ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഫോൺ പെരുമ്പാവൂരിൽ ഉള്ളത് കണ്ടെത്തിയത്.
പ്രതി ഫോണിൽ പല സിമ്മുകൾ ഇട്ടു നോക്കാൻ ശ്രമിച്ചതാണ് ഫോണിൻറെ ലൊക്കേഷൻ പോലീസിനെ വളരെ വേഗം കണ്ടെത്താൻ സഹായിച്ചത്. മൊബൈൽ മോഷണം പോകുന്ന കേസുകളിൽ പലപ്പോഴും പരാതി നൽകാത്തതാണ് കള്ളന്മാർക്ക് കൂടുതൽ മോഷണത്തിന് സഹായകരമാകുന്നതെന്നും പോലീസ് പറയുന്നു.
പെരുമ്പാവൂരിൽ മോഷണം ഫോണുകൾ വാങ്ങുന്ന കട ഉടമകൾക്കെതിരെയും പോലീസ് കേസ് എടുക്കാൻ തുടങ്ങിയതോടെയാണ് മോഷ്ടിക്കുന്ന ഫോണുകൾ പലപ്പോഴും പ്രതികൾക്ക് ഇപ്പോൾ വിൽക്കാൻ കഴിയാത്ത സാഹചര്യമുണ്ടാക്കിയത്.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.


































