തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ നിയമനം അടക്കമുള്ള കാര്യങ്ങളില്‍ മുന്നണിയില്‍ കൂടിയാലോചനകള്‍ ഉണ്ടായില്ലെന്ന യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ മുസ്ലിംലീഗ് കടുത്ത അതൃപ്തിയില്‍. അടൂര്‍ പ്രകാശിന്റെ പരാമര്‍ശങ്ങള്‍ അനാവശ്യവും അനവസരത്തിലും എന്നാണ് ലീഗ് നേതാക്കളുടെ വിലയിരുത്തല്‍. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം ഡോ. എം കെ മുനീറിന് നല്‍കാന്‍ നേരത്തെ ധാരണ ആയതാണ്. എന്നിട്ടും മുന്നണി യോഗം വിളിക്കാന്‍ ചുമതലയുള്ള കണ്‍വീനര്‍ തന്നെ ഇക്കാര്യത്തില്‍ വ്യത്യസ്ത നിലപാടുമായി പരസ്യ പ്രതികരണങ്ങള്‍ നടത്തിയത് ശരിയായില്ല എന്നാണ് ലീഗ് വിലയിരുത്തല്‍. അതിനിടെ, മുനീറിനെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.
മന്ത്രി സണ്ണി ജോസഫും കടുത്ത അതൃപ്തിയില്‍
മുഖ്യമന്ത്രി വിഡി സതീശനെതിരായ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പരസ്യ പ്രതികരണത്തില്‍ കെപിസിസി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫും കടുത്ത അതൃപ്തിയില്‍. പരാതിയുണ്ടെങ്കില്‍ പാര്‍ട്ടിയില്‍ പറയണമായിരുന്നുവെന്നും വിമര്‍ശനം ഉന്നയിക്കാന്‍ ഇന്നലത്തെ ദിവസം തെരഞ്ഞെടുത്തത് ശരിയായില്ലെന്നും മന്ത്രി പറഞ്ഞു. കെപിസിസി ഓഫീസ് ഇതിനായി തെരഞ്ഞെടുത്തതും ശരിയായില്ലെന്ന നിലപാടില്‍ ആണ് സണ്ണി ജോസഫ്.





































