തിരുവനന്തപുരം: മദ്യപിച്ച് പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിൽ പങ്കെടുത്ത പോലീസുകാർ എസ്പിയുടെ മിന്നൽ പരിശോധനയിൽ കുടുങ്ങി. അരുവിക്കര പോലീസ് സ്റ്റേഷനിൽ നടന്ന സംഭവത്തിൽ മൂന്നു പോലീസുകാരെ സസ്പെൻഡു ചെയ്തു. സിവിൽ പോലീസ് ഓഫീസർമാരായ അച്ചു ശങ്കർ, പ്രശാന്ത്, അനിൽകുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
മേലുദ്യോഗസ്ഥനെ കണ്ടതോടെ സല്യൂട്ട് ചെയ്യാൻ പോലും പോലീസുകാർ മറന്നു. ഇത് ചോദ്യം ചെയ്യുന്നതിനിടെ ഒരാൾ സ്റ്റേഷനിൽ നിന്ന് ഓടിരക്ഷപ്പെടാനും ശ്രമിച്ചു. ഞായറാഴ്ച നടന്ന ഓണാഘോഷത്തിനിടെ മൂന്ന് സിവിൽ പോലീസ് ഓഫീസർമാർ മദ്യലഹരിയിൽ പങ്കെടുത്തത്. ഇതിനിടെയാണ് റൂറൽ ജില്ലാ പോലീസ് മേധാവി പ്രശാന്തൻ കാണിയുടെ നേതൃത്വത്തിൽ സ്റ്റേഷനിൽ മിന്നൽ പരിശോധന നടത്തിയത്.
മദ്യപിച്ചിട്ടുണ്ടോയെന്ന് എസ്പി ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു പോലീസുകാരുടെ മറുപടി. എന്നാൽ മദ്യപിച്ച് ജോലിയിൽ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. സംഭവത്തിൽ വകുപ്പ് തല അന്വേഷണം ആരംഭിച്ചു.


































