30.1 C
Kollam
Wednesday 30th September, 2026 | 07:17:05 PM
Home News Kerala ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു; അമ്മയ്ക്ക് വോയിസ് സന്ദേശം അയച്ച ശേഷം ജീവനൊടുക്കല്‍

ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു; അമ്മയ്ക്ക് വോയിസ് സന്ദേശം അയച്ച ശേഷം ജീവനൊടുക്കല്‍


ബെംഗളൂരു: കുടുംബവഴക്കിനിടെ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്. ബെംഗളൂരുവിലെ രാജരാജേശ്വരി നഗറിലെ വാടകവീട്ടില്‍ സുമന്ത് ജെയിനെയും ഭാര്യ പദ്മാവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി.
സിവില്‍ എന്‍ജിനീയറായ സുമന്തും ടെക് കമ്പനിയിലെ എന്‍ജിനീയറായ പദ്മാവതിയും നാല് വര്‍ഷം മുമ്പാണ് വിവാഹിതരായത്. ഇരുവര്‍ക്കും മക്കളില്ല.
പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍, ഇരുവരും തമ്മിലുണ്ടായ തര്‍ക്കം അക്രമത്തിലേക്ക് നീങ്ങുകയായിരുന്നു. തര്‍ക്കത്തിനിടെ സുമന്ത് പദ്മാവതിയുടെ മുഖത്ത് അടിക്കുകയും പിന്നീട് തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്തതായി കണ്ടെത്തി. പിന്നീട് ഭാര്യയെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും അബോധാവസ്ഥയിലായതോടെ സുമന്ത് ഭയന്നതായി പൊലീസ് വ്യക്തമാക്കി.
ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് സുമന്ത് അമ്മയ്ക്ക് വോയിസ് സന്ദേശം അയച്ചതായും അന്വേഷണത്തില്‍ വ്യക്തമായി. ‘ഈ വീട് എന്റേതാണ്’ എന്ന് പദ്മാവതി പറഞ്ഞതിനെ തുടര്‍ന്നാണ് വഴക്ക് ഉണ്ടായതെന്ന് സന്ദേശത്തില്‍ പറയുന്നുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ 1.30ഓടെയാണ് സന്ദേശം അയച്ചത്.
വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന പണവും മറ്റ് സാധനങ്ങളും അമ്മ കൈപ്പറ്റണമെന്നും സന്ദേശത്തില്‍ സുമന്ത് ആവശ്യപ്പെട്ടിരുന്നതായി പൊലീസ് അറിയിച്ചു. സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് അമ്മ വീട്ടുടമയെ വിവരം അറിയിച്ചെങ്കിലും, ഇതിനോടകം സുമന്ത് ഹാളിലെ ഫാനില്‍ തൂങ്ങിമരിച്ചിരുന്നു.
തുടര്‍ന്ന് വീട്ടുടമ രാജഗോപാല്‍ നഗര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനും കൊലപാതകത്തിനും കേസെടുത്ത പൊലീസ്, രണ്ട് മരണങ്ങള്‍ക്കും പിന്നിലെ സാഹചര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്.