തിരുവനന്തപുരം. മുതലപ്പൊഴിയിലും വിഴിഞ്ഞത്തും കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ പതിനാലാം ദിവസവും തുടരുന്നു. അഴിമുഖത്ത് കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സ്‌മെൻ്റും, ആഴക്കടലിൽ കോസ്‌റ്റ് ഗാർഡുമാണ് പരിശോധന നടത്തുന്നത്. കാലാവസ്ഥയടക്കം പ്രതികൂലമായ സാഹചര്യത്തിൽ വിവിധ വകുപ്പുകൾ യോഗം ചേർന്ന് തുടർ നടപടികൾ ചർച്ച ചെയ്യും.
പതിനാലാം ദിവസവും കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. മുതലപ്പൊഴി, അഞ്ചുതെങ്ങ്, വിഴിഞ്ഞം തീരങ്ങൾക്ക് പുറമെ ആഴക്കടലിലും തമിഴ്നാട് തീരത്തുമാണ് പരിശോധന. കോസ്‌റ്റൽ പോലീസ്, മറൈൻ എൻഫോഴ്സ്മെൻ്റ്, തീര സംരക്ഷണ സേന എന്നീ ഏജൻസികളാണ് തിരച്ചിലിന് നേതൃത്വം നൽകുന്നത്. കോസ്‌റ്റൽ പോലീസ്, മറൈൻ എൻഫോഴ്‌സ്മെൻ്റ് ബോട്ടുകൾ അഴിമുഖത്തും , കോസ്‌റ്റ് ഗാർഡിൻ്റെ മിനി ഷിപ്പ് അനഘ്, ഇൻ്റർസെപ്റ്റർ ബോട്ടുകൾ ആഴക്കടലിലും പരിശോധന നടത്തുന്നുണ്ട്. അപകടങ്ങൾ തുടർക്കഥയായുന്ന മുതലപ്പൊഴിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ അടുത്തയാഴ്ച പ്രത്യേക യോഗം ചേരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു.
വിഴിഞ്ഞത്ത് നിന്ന് കാണാതായ ജോണിനെയും ഇതുവരെയും കണ്ടെത്താനായിട്ടില്ല. കോസ്‌റ്റ് ഗാർഡിൻ്റെ നിരീക്ഷണ വിമാനവും ഹെലിക്കോപ്ടറും വിഴിഞ്ഞം കന്യാകുമാരി ഭാഗത്ത് കഴിഞ്ഞ ദിവസവും വ്യോമ നിരീക്ഷണം നടത്തിയിരുന്നു. തിരച്ചിൽ ഫലം കാണാത്ത സാഹചര്യത്തിൽ തുടർ നടപടികൾ ചർച്ച ചെയ്യാൻ വിവിധ വകുപ്പുകൾ ഇന്ന് യോഗം ചേരും.

































