25.5 C
Kollam
Monday 28th September, 2026 | 06:44:16 AM
Home News Breaking News ഓണത്തിന് സപ്ലൈകോയുടെ വമ്പൻ കിറ്റുകൾ; 1,000 മുതൽ 2,000 വരെ

ഓണത്തിന് സപ്ലൈകോയുടെ വമ്പൻ കിറ്റുകൾ; 1,000 മുതൽ 2,000 വരെ

സപ്ലൈകോയുടെ ഓണം വിപണി സജീവമായി. ദുര്‍ബലവിഭാഗങ്ങള്‍ക്കുള്ള സൗജന്യ ഓണക്കിറ്റിന് പുറമെ വിവിധ വിലനിലവാരത്തിലുള്ള സമ്മാനക്കിറ്റുകളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
1,000 വിലയുള്ള അത്തം ഓണസമ്മാനക്കിറ്റില്‍ അരി, വെളിച്ചെണ്ണ, പഞ്ചസാര, ശബരി മസാലകള്‍ ഉള്‍പ്പെടെ 21 ഇനങ്ങളാണ് ഉണ്ടാകുക. ഓണസദ്യയ്ക്ക് ആവശ്യമായ വസ്തുക്കളും ബ്രാന്‍ഡഡ് ഉത്പന്നങ്ങളും ഉള്‍പ്പെടുത്തി പ്രത്യേക ഗിഫ്റ്റ് കിറ്റുകളും സപ്ലൈകോ പുറത്തിറക്കും.
25 ഇനങ്ങളുള്ള ഉത്രാടം കിറ്റിന് 1,500 ആണ് വില. 1,880 രൂപയുടെ വിപണി വിലയുള്ള ഉത്പന്നങ്ങളാണ് ഈ കിറ്റില്‍ ലഭിക്കുക. 30 ഇനങ്ങളുള്ള പ്രീമിയം തിരുവോണം കിറ്റിന് 2,000 നല്‍കണം. 2,540 രൂപയുടെ സാധനങ്ങളാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പുട്ടുപൊടി, സേമിയ, പായസക്കൂട്ട്, മുളകുപൊടി, മഞ്ഞള്‍പ്പൊടി തുടങ്ങിയ ഒന്‍പത് പ്രീമിയം ശബരി ഉത്പന്നങ്ങള്‍ ഉള്‍പ്പെടുത്തി 299ന് ശബരി സിഗ്‌നേച്ചര്‍ കിറ്റും വിപണിയിലെത്തും.
ഓണക്കിറ്റുകള്‍ക്ക് പുറമെ 500, 1,000 മൂല്യമുള്ള സപ്ലൈകോ ഓണം ഗിഫ്റ്റ് കാര്‍ഡുകളും ലഭ്യമാക്കും. സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ ഈ കാര്‍ഡുകള്‍ ഉപയോഗിച്ച് ആവശ്യമായ ഉത്പന്നങ്ങള്‍ വാങ്ങാം. സമ്മാനക്കൂപ്പണുകളും വിവിധ ഓഫറുകളും ഒരുക്കിയിട്ടുണ്ട്.
ഓണച്ചന്ത ഇതിനകം സജീവമായ സാഹചര്യത്തില്‍ കിറ്റ് വിതരണത്തിനുള്ള ഒരുക്കങ്ങളും സപ്ലൈകോ സ്റ്റോറുകളില്‍ പുരോഗമിക്കുകയാണ്. കൂടുതല്‍ ഓഫറുകളിലൂടെ ഓണം വിപണി പിടിക്കാനാണ് സപ്ലൈകോയുടെ ലക്ഷ്യം.