Home News Kerala അർധരാത്രിയിൽ സ്ത്രീകൾക്ക് സ്വാതന്ത്ര്യത്തിന്റെ പൊതുവേദി; തിരുവനന്തപുരത്ത് വനിതകൾക്കായി പ്രത്യേക നൈറ്റ് സ്ട്രീറ്റ്

അർധരാത്രിയിൽ സ്ത്രീകൾക്ക് സ്വാതന്ത്ര്യത്തിന്റെ പൊതുവേദി; തിരുവനന്തപുരത്ത് വനിതകൾക്കായി പ്രത്യേക നൈറ്റ് സ്ട്രീറ്റ്

തിരുവനന്തപുരം: സ്ത്രീകൾക്ക് പൊതുഇടങ്ങളിൽ അർധരാത്രിയിലും സുരക്ഷിതമായും സ്വതന്ത്രമായും സഞ്ചരിക്കാനും ആഘോഷിക്കാനും അവസരമൊരുക്കി വനിതാ ശിശുവികസന വകുപ്പ് ‘സ്വാതന്ത്ര്യ പ്രഖ്യാപന’ പരിപാടി സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 14-ന് രാത്രി 10 മുതൽ 15-ന് പുലർച്ചെ 1 മണിവരെ തിരുവനന്തപുരം ഓവർബ്രിഡ്ജ് മുതൽ പി.എം.ജി വരെ റോഡ് സ്ത്രീകൾക്ക് മാത്രമായി തുറന്നുകൊടുക്കും.

ഈ സമയത്ത് വാഹനഗതാഗതം പൂർണമായി നിയന്ത്രിക്കും. പരിപാടി നടക്കുന്ന മേഖലയിലേക്ക് പുരുഷന്മാർക്ക് പ്രവേശനമുണ്ടാകില്ല. സ്ത്രീകൾക്ക് അർധരാത്രിയിൽ നടക്കാനും നൃത്തം ചെയ്യാനും പാടാനും കളിക്കാനും ഭക്ഷണം ആസ്വദിക്കാനും സാധനങ്ങൾ വാങ്ങാനും പൊതുഇടം സ്വതന്ത്രമായി ഉപയോഗിക്കാനുമുള്ള അവസരമാണ് പരിപാടിയിലൂടെ ഒരുക്കുന്നത്.

പരിപാടിയുടെ നിയന്ത്രണം, സുരക്ഷ, വിവിധ സ്റ്റാളുകളുടെ നടത്തിപ്പ് എന്നിവയും സ്ത്രീകൾ തന്നെയായിരിക്കും നിർവഹിക്കുക. ഔദ്യോഗിക ഉദ്ഘാടനമോ പ്രസംഗങ്ങളോ ഉണ്ടായിരിക്കില്ല. പ്രത്യേക വസ്ത്രധാരണരീതിയോ ക്ഷണക്കത്തോ ഇല്ലാതെ എല്ലാവർക്കും പങ്കെടുക്കാവുന്ന രീതിയിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.

സംഗീതജ്ഞർ, നർത്തകർ, കവികൾ, കൊമേഡിയൻമാർ, നാടകസംഘങ്ങൾ, ട്രൂപ്പുകൾ തുടങ്ങിയ കലാപ്രവർത്തകർക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്ത് പരിപാടികൾ അവതരിപ്പിക്കാം. സ്റ്റാളുകൾ ഒരുക്കാൻ താൽപര്യമുള്ള വനിതാ സംരംഭകരും മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.

കൂടുതൽ വിവരങ്ങൾക്ക്: 7907112181, dirwcdkerala@gmail.com.

LEAVE A REPLY

Please enter your comment!
Please enter your name here