തിരുവനന്തപുരം : വെമ്പായം ബാറിലെ തീവെപ്പിൽ ഒരാൾ കൂടി മരിച്ചു. വെമ്പായം സ്വദേശി നൗഫൽ ആണ് മരിച്ചത്. പൊള്ളലേറ്റ് മെഡിക്കൽ കോളേജിൽ ചികിതസയിലിരിക്കെയാണ് മരണം. ബാറിൽ നിന്ന് പൊള്ളലേറ്റ നൗഫൽ മതിൽ ചാടി ബൈക്കിൽ കയറി പോയി. രണ്ട് കിലോമീറ്റർ അകലെയുള്ള പിരപ്പൻകോട് ക്ഷേത്രക്കുളത്തിൽ ചാടിയിരുന്നു. നൗഫലിന് അമ്പത് ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. പൊള്ളലേറ്റ ഉടനെ ചികിത്സ തേടാതെ കുളത്തിൽ ചാടിയതോടെ അണുബാധയുണ്ടായിരുന്നു. ഇതാണ് മരണത്തിലേക്ക് നയിച്ചത്. ഞരമ്പുകൾ കരിഞ്ഞ നിലയിലായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു.
ഇതോടെ തീവെപ്പ് കേസിൽ മരണം മൂന്നായി. പോത്തൻകോട് സ്വദേശി അനീഷ് (32), ചീരാണിക്കര സ്വദേശി നവാസ് എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചിരുന്നു. ഇരിഞ്ചയം സ്വദേശി അരുൺ (36) 38 ശതമാനം പൊള്ളലേറ്റ് ചികിത്സയിലാണ്. കഴിഞ്ഞ 19ന് ഞായറാഴ്ച വെമ്പായം ഹോട്ടൽ ആൻഡ് റസിഡൻസിയിലാണ് രാത്രി ഒമ്പത് മണിയോടെ സംഘർഷം ഉണ്ടായത്. ബാറിലെ എസി മുറിയിൽ ഇരുന്ന് മദ്യപിച്ചവർ തമ്മിലായിരുന്നു പ്രശ്നം.
നവാസ്, നൗഫൽ അരുൺ എന്നിവർ ഉൾപ്പെടുന്ന ആറംഗ സംഘം ബാറിലെ എസി ഹാളിൽ ഒരുമിച്ചിരുന്ന് മദ്യപിക്കുകയായിരുന്നു. ഈസമയം ഇവിടെയെത്തിയ ഇവരുടെ പരിചയക്കാരനായ അനീഷ് ഇവർക്കൊപ്പമിരുന്ന് മദ്യപിച്ചു. കുറച്ചുസമയത്തിനുശേഷം ഇവർ വാക്കുതർക്കത്തിൽ ഏർപ്പെടുകയും ഉന്തുംതള്ളും ഉണ്ടാവുകയും ചെയ്തു. ഇതോടെ ചെറിയ സംഘർഷമുണ്ടായി. തുടർന്ന് പുറത്തേയ്ക്ക് പോയ അനീഷ് പെട്രോൾ നിറച്ച കന്നാസുമായാണ് എത്തിയത്.
അനീഷും സംഘവും തമ്മിലുണ്ടായ പിടിവലിയിൽ പെട്രോൾ മറ്റുള്ളവരുടെ പുറത്തേക്ക് ഒഴിക്കുകയും തീ കത്തിക്കുകയുമായിരുന്നു. പെട്രോൾ ഒഴിച്ച് തീ കത്തിക്കുന്നിടയിൽ അനീഷിന്റെ പുറത്തേക്കും തീ പടർന്നിരുന്നു.

































