30.5 C
Kollam
Monday 14th September, 2026 | 11:47:47 AM
Home News Breaking News സ്കൂളുകളില് കാശില്ലാതെ നിര്‍ദ്ദേശിച്ച സൂപ്പര്‍ മെനുവില്‍നിന്നും സര്‍ക്കാര്‍ പിന്‍മാറി

സ്കൂളുകളില് കാശില്ലാതെ നിര്‍ദ്ദേശിച്ച സൂപ്പര്‍ മെനുവില്‍നിന്നും സര്‍ക്കാര്‍ പിന്‍മാറി

തിരുവനന്തപുരം: സങ്കല്‍പ ലോകത്ത് കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്‌കൂള്‍ ഉച്ച ഭക്ഷണ മെനു പരിഷ്‌കരണത്തില്‍ നിന്നു യാഥാര്‍ഥ്യബോധമുണ്ടായി പുതിയ സര്‍ക്കാര്‍. കാശില്ലാതെ നിര്‍ദ്ദേശിച്ച സൂപ്പര്‍ മെനുവില്‍നിന്നും സര്‍ക്കാര്‍ പിന്‍മാറി. ഫ്രൈഡ് റൈസും ബിരിയാണിയും മുതല്‍ മുട്ട അവിയലും മുട്ടറോസ്റ്റും വരെയുള്ള വിഭവങ്ങളോടെയാണ് കഴിഞ്ഞ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ അന്നത്തെ സര്‍ക്കാര്‍ മെനു പരിഷ്‌കരിച്ചത്. എന്നാല്‍ ഭക്ഷണത്തിനുള്ള തുച്ഛമായ സര്‍ക്കാര്‍ വിഹിതത്തില്‍ വര്‍ധന വരുത്താത്തതിനാല്‍ ഭൂരിപക്ഷം സ്‌കൂളുകളിലും പരിഷ്‌കാരം കടലാസില്‍ ഒതുങ്ങി. ഇതോടെയാണ് ഈ അധ്യയന വര്‍ഷം വീണ്ടും ചോറും രണ്ട് കറികളും എന്ന പഴയരീതി മതിയെന്ന നിര്‍ദേശം.

സ്‌കൂളിലെ ഉച്ചഭക്ഷണ കമ്മിറ്റിക്ക് മെനു തീരുമാനിക്കാമെന്നാണ് വകുപ്പ് പുറത്തിറക്കിയ പുതിയ മാര്‍ഗരേഖയില്‍ പറയുന്നത്. ചോറിനൊപ്പം രണ്ട് കറികള്‍ നിര്‍ബന്ധമായും നല്‍കണമെന്നും നിശ്ചിത അളവില്‍ പച്ചക്കറികളും പയര്‍ വര്‍ഗങ്ങളും ഉള്‍പ്പെടുത്തണമെന്നും മാത്രമാണ് നിര്‍ദേശം. രണ്ടാഴ്ചത്തേയ്ക്കുള്ള സാംപിള്‍ മെനുവും പ്രസിദ്ധീകരിച്ചു. ഇതില്‍ തേങ്ങാച്ചോറ്, കാരറ്റ് ചോറ്, നാരങ്ങാച്ചോറ്, വെജിറ്റബിള്‍ ബിരിയാണി, മുട്ടക്കറി എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും നിര്‍ബന്ധമല്ല. ഫണ്ടിന്റെ ലഭ്യത അനുസരിച്ചും കുട്ടികളുടെ താത്പര്യം കണക്കിലെടുത്തും മീനും ഇറച്ചിയും മെനുവില്‍ ഉള്‍പ്പെടുത്താമെന്നാണ് നിര്‍ദേശം. അഞ്ച് പൈസ കൂടുതല്‍ അനുവദിച്ചിട്ടില്ലെന്ന കാര്യം മറന്ന് പ്രഥമാധ്യാപകരെ പ്രശ്നത്തിലാക്കുന്ന രീതി മാറിയത് ആശ്വാസമായെന്നാണ് അധ്യാപകരുടെ അഭിപ്രായം. മുന്‍കാലങ്ങളില്‍ കുട്ടികളുടെ എണ്ണം കൂട്ടിക്കാണിച്ച് അതില്‍നിന്നും കിട്ടുന്ന വരുമാനം അധികച്ചെലവിനായി അധ്യാപകര്‍ കണ്ടെത്തുമായിരുന്നു. എന്നാല്‍ നൂണ്‍ മീല്‍ഓഫിസര്‍മാരുടെ കര്‍ശന പരിശോധനയും പുതിയ രീതിയിലെ കൃത്യമായ എണ്ണമെടുപ്പും ഇത്തരം ‘ക്രമക്കേട്’കാട്ടുന്നതില്‍നിന്നും അധ്യാപകരെ പിന്മാറ്റിയത് പ്രശ്നമായിരുന്നു.

അഞ്ചാം ക്ലാസുവരെ 6.19 രൂപയും ആറ് മുതല്‍ എട്ടുവരെ ക്ലാസുകളില്‍ 9.29 രൂപയും മാത്രമാണ് ഒരുദിവസത്തെ ഭക്ഷണവിഹിതമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്നത്. പാചകവാതക വില ഇരട്ടിയോളമാകുകയും മുട്ടയ്ക്കും പാലിനുമെല്ലാം വില കൂടുകയും ചെയ്തതോടെ ഈ അധ്യയന വര്‍ഷം ഉച്ചഭക്ഷണ പദ്ധതി കൂടുതല്‍ പ്രതിസന്ധിയിലാണ്.