27.1 C
Kollam
Thursday 10th September, 2026 | 10:01:02 AM
Home News Kerala ലൈസൻസ് ടെസ്റ്റിന് ഇനി വേഗം; പ്രത്യേക ക്രമീകരണങ്ങളുമായി മോട്ടോർ വാഹന വകുപ്പ്

ലൈസൻസ് ടെസ്റ്റിന് ഇനി വേഗം; പ്രത്യേക ക്രമീകരണങ്ങളുമായി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകളിലെ കാലതാമസം കുറയ്ക്കാൻ അടുത്ത മൂന്ന് മാസത്തേക്ക് പ്രത്യേക ക്രമീകരണങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്താനും പ്രതിദിന ടെസ്റ്റ് സ്ലോട്ടുകളുടെ എണ്ണം 50 ആയി ഉയർത്താനും തീരുമാനിച്ചു.

ലേണേഴ്സ് ലൈസൻസ് ടെസ്റ്റുകളും മൂന്ന് മാസത്തേക്ക് ആഴ്ചയിൽ അഞ്ച് ദിവസങ്ങളിൽ നടത്തും. പരീക്ഷയുടെ സുതാര്യത ഉറപ്പാക്കാൻ ഫേഷ്യൽ റെക്കഗ്നിഷൻ അധിഷ്ഠിത ഓതന്റിക്കേഷൻ സംവിധാനവും നടപ്പാക്കും.

പുതിയ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് സ്ലോട്ടുകൾ ബുക്കിംഗ് തീയതി മുതൽ 30 ദിവസത്തിനുള്ളിലും, റീ-ടെസ്റ്റ് സ്ലോട്ടുകൾ എട്ടാം ദിവസത്തിനുള്ളിലും, ലേണേഴ്സ് ലൈസൻസ് ടെസ്റ്റ് സ്ലോട്ടുകൾ മൂന്ന് ദിവസത്തിനുള്ളിലും ലഭ്യമാക്കാനാണ് തീരുമാനം. നിലവിലെ അപേക്ഷാ ബാക്ക്‌ലോഗ് കുറയ്ക്കുന്നതിനായുള്ള താൽക്കാലിക നടപടികളാണിവയെന്നും ക്രമീകരണങ്ങളുടെ മേൽനോട്ട ചുമതല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർക്കാണെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.