തിരുവനന്തപുരം.ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രോസിക്യൂട്ടറെ മാറ്റാൻ ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നൽകി പൊലീസ് ആസ്ഥാനം. പ്രതികളിൽ ഒരാൾക്ക് ജാമ്യം കിട്ടിയത് പ്രോസിക്യൂട്ടറുടെ നിലപാടുകാരണമെന്നാണ് ആരോപണം. കേസിലെ പഴുതുകൾ അടച്ചു മുന്നോട്ടുപോകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിലെ പ്രോസിക്യൂട്ടറായ ഗീനാകുമാരിയെ മാറ്റണമെന്നാണ് പോലീസിനുള്ളിലെ ആവശ്യം. പ്രതിക്ക് അനുകൂലമായി പ്രോസിക്യൂട്ടർ കോടതിയിൽ വാദിച്ചു എന്നാണ് ആരോപണം. ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച മറ്റെല്ലാ പ്രതികളുടെയും ജാമ്യം കോടതി നിഷേധിച്ചപ്പോൾ സർക്കാരിനായി ഗീനാ കുമാരി ഹാജരായ സമയത്ത് പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചു. ഇതോടെയാണ് പ്രോസിക്യൂട്ടറുടെ നിലപാട് തിരിച്ചടിയായി എന്ന് അറിയിച്ചുകൊണ്ട് ആഭ്യന്തര സെക്രട്ടറിക്ക് പൊലീസ് ആസ്ഥാനം കത്ത് നൽകിയത്. ഒരു പ്രതിക്ക് ജാമ്യം ലഭിച്ചതോടെ മറ്റുള്ളവരും സമാന വഴി തേടുമെന്നും ആഭ്യന്തര സെക്രട്ടറിയെ അറിയിച്ചു. ഇന്നലെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസിനും പൊലീസ് ആസ്ഥാനം കത്ത് നൽകിയിരുന്നു. ഈ വിഷയം പരിശോധിച്ചിട്ടുണ്ടെന്ന് ആഭ്യന്തര രമേശ് ചെന്നിത്തലയും അറിയിച്ചു.
പ്രതിയെ ഇനിയും ജുഡീഷ്യൽ കസ്റ്റഡിയിൽ വെക്കേണ്ട ആവശ്യമില്ലെന്ന വിചിത്രവാദമായിരുന്നു ഒമ്പതാം പ്രതിയായ ഹരീഷ് കുമാറിന്റെ കാര്യത്തിൽ ഗീനാകുമാരി സ്വീകരിച്ചത്. ഉദ്യോഗസ്ഥരെ അക്രമിച്ച ആയുധങ്ങൾ കണ്ടെത്താൻ ഉണ്ടെന്നും അതിനാൽ ജാമ്യം നൽകരുതെന്നുമായിരുന്നു പൊലീസ് റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നിയമിച്ച പ്രോസിക്യൂട്ടറാണ് ഗീനാകുമാരി. വിഷയത്തിൽ ഇ.ഡി ഉദ്യോഗസ്ഥരും സർക്കാരിനെ അതൃപ്തി അറിയിക്കും.































