29.5 C
Kollam
Tuesday 8th September, 2026 | 01:02:41 PM
Home News Kerala കാര്‍ മാര്‍ഗം അസമില്‍ നിന്ന് കേരളത്തിലേക്ക് ബ്രൗണ്‍ഷുഗര്‍, മൂന്ന് അസം സ്വദേശികള്‍ പിടിയില്‍

കാര്‍ മാര്‍ഗം അസമില്‍ നിന്ന് കേരളത്തിലേക്ക് ബ്രൗണ്‍ഷുഗര്‍, മൂന്ന് അസം സ്വദേശികള്‍ പിടിയില്‍

മലപ്പുറം.കാര്‍ മാര്‍ഗം അസമില്‍ നിന്ന് കേരളത്തിലെത്തിച്ച 333 ഗ്രാം ബ്രൗണ്‍ഷുഗറുമായി മൂന്ന് അസം സ്വദേശികള്‍ പിടിയില്‍. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് വളാഞ്ചേരിയിൽ ലഹരി സംഘത്തെ പിടികൂടിയത്. സമീപ കാലത്ത് ജില്ലയിൽ നടന്ന ഏറ്റവും വലിയ ബ്രൗൻഷുഗർ വേട്ടയാണ് വളാഞ്ചേരിയിൽ പോലീസ് നടത്തിയത്


അസമില്‍ നിന്ന് റോഡ് മാര്‍ഗം കേരളത്തിലേക്ക് കടത്തിയ വന്‍ തോതിലുള്ള ബ്രൗണ്‍ഷുഗര്‍ ശേഖരമാണ് ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി വളാഞ്ചേരി പൊലീസ് പിടികൂടിയത്. റോഡ് മാര്‍ഗം ലഹരി എത്തുന്നുണ്ടെന്ന ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ലഹരി എത്തുന്ന വിവരം അറിഞ്ഞ് പോലീസ് പെട്രോളിംങ് ശക്തമാക്കിയിരുന്നു. വളാഞ്ചേരി കൊട്ടാരത്ത് വെച്ച് നടത്തിയ പരിശോധനയിലാണ് 333 ഗ്രാം ബ്രൗണ്‍ഷുഗറുമായി മൂന്നു അസം സ്വദേശികളെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. അസം മോറിഗാവ് സ്വദേശി സദ്ദാം ഹുസൈന്‍, നഗോണ്‍ സ്വദേശി റഷീദുല്‍ ഇസ്ലാം, നഗോണ്‍ സല്‍മാര സ്വദേശി ഇസാസുല്‍ ഹഖ് എന്നിവരാണ് പിടിയിലായത്.
അസമില്‍ നിന്ന് കാറിലാണ് മൂവരും ബ്രൗണ്‍ഷുഗറുമായി കേരളത്തിലെത്തിയത്

പേപ്പറില്‍ പൊതിഞ്ഞ് പ്ലാസ്റ്റിക് കുപ്പിയിലാക്കി കാറിന്റെ ബംപറിനുള്ളിലാണ് പ്രതികൾ മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. വിപണിയില്‍ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്നതാണ് പിടിച്ചെടുത്ത മയക്കുമരുന്ന് ശേഖരം. മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യുന്നതിനാണ് ബ്രൗണ്‍ഷുഗര്‍ എത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി വളാഞ്ചേരി പോലീസും നാര്‍ക്കോട്ടിക് സ്‌ക്വാഡും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്