Home News Breaking News ജി സുധാകരന് മുന്നിൽ സഗൗരവം വിട്ട് പിണറായി,വടശ്ശേരി ദാമോദരൻ മേനോൻ സതീശനായി മുഖ്യമന്ത്രി,ഇംഗ്ളിഷില്‍ ചെന്നിത്തല,...

ജി സുധാകരന് മുന്നിൽ സഗൗരവം വിട്ട് പിണറായി,വടശ്ശേരി ദാമോദരൻ മേനോൻ സതീശനായി മുഖ്യമന്ത്രി,ഇംഗ്ളിഷില്‍ ചെന്നിത്തല, എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഉല്‍സവമായി

Advertisement

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ സഭയ്ക്കുള്ളിൽ സജീവമായി പുരോഗമിക്കുമ്പോൾ, രാഷ്ട്രീയ കേന്ദ്രങ്ങൾ ആകാംക്ഷയോടെ കാത്തിരുന്ന കൗതുക നിമിഷങ്ങൾക്കും വിവാദങ്ങൾക്കും നിയമസഭാ മന്ദിരം സാക്ഷ്യം വഹിച്ചു. സിപിഎം പാളയം വിട്ട് യുഡിഎഫ് പിന്തുണയോടെ നിയമസഭയിലെത്തുകയും പ്രോടേം സ്പീക്കാറായി ചുമതലയേൽക്കുകയും ചെയ്ത മുതിർന്ന നേതാവ് ജി. സുധാകരന് മുന്നിൽ മുൻ മുഖ്യമന്ത്രിയും പുതിയ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും ഉയർന്നുകേട്ട ഊഹാപോഹങ്ങൾക്കാണ് ഇതോടെ വിരാമമായത്.

തെരഞ്ഞെടുപ്പ് കാലത്ത് സിപിഎം നേതൃത്വവുമായി കടുത്ത ഭിന്നതയിലായിരുന്ന ജി. സുധാകരനെ അനുനയിപ്പിക്കാൻ പിണറായി വിജയൻ നേരിട്ടെത്തുമെന്ന് വാർത്തകൾ വന്നിരുന്നെങ്കിലും, ആലപ്പുഴയിലെത്തിയിട്ടും സുധാകരനെ കാണാതെ പിണറായി മടങ്ങിയത് വലിയ രാഷ്ട്രീയ ചർച്ചയായിരുന്നു. അതുകൊണ്ടുതന്നെ സുധാകരന് മുന്നിൽ പ്രതിജ്ഞ ചെയ്യാൻ പിണറായി വിജയൻ എത്തുമോ എന്നതായിരുന്നു രാഷ്ട്രീയ കേരളത്തിന്റെ ചോദ്യം. എന്നാൽ ലിസ്റ്റിലെ അക്ഷരമാലാ ക്രമമനുസരിച്ച് 133-ാമനായി വേദിയിലെത്തിയ പിണറായി വിജയൻ സഗൗരവം സത്യപ്രതിജ്ഞ പൂർത്തിയാക്കി. തുടർന്ന് പ്രോടേം സ്പീക്കർ ജി. സുധാകരന് നിറഞ്ഞ ചിരിയോടെ ഹസ്തദാനംനൽകി പരസ്പരം സൗഹൃദം പങ്കുവെച്ച ശേഷമാണ് പിണറായി വിജയൻ തന്റെ സീറ്റിലേക്ക് മടങ്ങിയത്.

മുഖ്യമന്ത്രി വി ഡി.സതീശൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ പൂർണ്ണനാമം ഉപയോഗിച്ചത് ശ്രദ്ധേയമായി. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വേളയിൽ ഉപയോഗിച്ച ‘വടശ്ശേരി ദാമോദരൻ മേനോൻ സതീശൻ’ എന്ന തന്റെ പൂർണ്ണ നാമം തന്നെയാണ് സഭയിലും അദ്ദേഹം ആവർത്തിച്ചത്. കഴിഞ്ഞ തവണ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ ‘മേനോൻ’ എന്ന ജാതിപ്പേര് ഒഴിവാക്കിയിരുന്ന സതീശൻ, അധികാരത്തിലെത്തിയപ്പോൾ അത് മനഃപൂർവ്വം കൂട്ടിച്ചേർത്തുവെന്ന രീതിയിൽ കോൺഗ്രസ് ക്യാമ്പുകളിൽ നിന്ന് പോലും വിമർശനങ്ങൾ ഉയർന്നിരുന്നു.

എന്നാൽ ഈ വിവാദങ്ങൾക്ക് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി കൃത്യമായ മറുപടി നൽകിയിരുന്നു. ജീവിതത്തിലെ ഏറ്റവും ധന്യമായ ഒരു മുഹൂർത്തത്തിൽ തന്റെ അച്ഛന്റെ പൂർണ്ണമായ പേര് ഔദ്യോഗികമായി ഉപയോഗിച്ചതിൽ എന്താണ് തെറ്റെന്നും, അതിനെ താൻ ഒരു വലിയ അഭിമാനമായാണ് കാണുന്നതെന്നുമായിരുന്നു അദ്ദേഹത്തിൻറെ ഉത്തരം. അച്ഛന്റെ പേരിനൊപ്പം തന്റെ അമ്മയുടെ പേര് കൂടി പറയാൻ കഴിയാത്തതിൽ മാത്രമാണ് തനിക്ക് സങ്കടമുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ചെന്നിത്തല ഇംഗ്ളീഷിലായിരുന്നു പ്രതിജ്ഞ ചെയ്തത്. തമിഴിലും കന്നഡയിലും അംഗങ്ങള്‍ സത്യപ്രതിജ്ഞ നടത്തി. സൈക്കിളില്‍ പിതാവിന്‍റെ പടമുള്ള ഷര്‍ട്ടുമിട്ട് ചാണ്ടി ഉമ്മനും രക്തസാക്ഷിമണ്ഡപത്തില്‍ നിന്ന് ഘോഷയാത്രയായി ബിജെപി അംഗങ്ങളും എത്തി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here