Home News Breaking News പിണറായി വിജയനെ പ്രതിപക്ഷനേതാവായി വേണ്ട, സിപിഐ

പിണറായി വിജയനെ പ്രതിപക്ഷനേതാവായി വേണ്ട, സിപിഐ

തിരുവനന്തപുരം. പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കുന്നതിൽ എതിർപ്പുമായി സി.പി.ഐ. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാനും നീക്കം. താഴെത്തട്ടിൽ നിന്ന് തോൽവി പഠിക്കാനും സിപിഐ നേതൃ യോഗത്തിൽ തീരുമാനമായി.

പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പിണറായി വിജയന് പകരം മറ്റൊരാൾ വരണമെന്നാണ് സിപിഐയിലെ ഭൂരിപക്ഷ അഭിപ്രായം. ദയനീയ തോൽവിക്ക് നേതൃത്വം നൽകിയ ആളെ ഇടതിന്റെ മുഖമായി വീണ്ടും അവതരിപ്പിക്കുന്നത് തിരിച്ചുവരവിന് തടസ്സമാകും. മുഖ്യമന്ത്രിയുടെയും സിപിഐ എം പാർട്ടി സെക്രട്ടറിയുടെയും നിലപാടുകൾ തോൽവിക്ക് കാരണമായെന്ന് സിപിഐ നേതൃ യോഗത്തിൽ അഭിപ്രായമുയർന്നു. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാനും സിപിഐ യോഗം തീരുമാനിച്ചു. കെ. രാജനെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. സിപിഐഎം പ്രതിപക്ഷ നേതാവ് സ്ഥാനം നൽകുകയാണെങ്കിൽ കെ രാജൻ ആ പദവിയിലേക്ക് എത്തും. കെ കെ വത്സരാജിനെയും നിയമസഭാ കക്ഷി സെക്രട്ടറിയായും തിരഞ്ഞെടുത്തു.

താഴെത്തട്ടിൽ നിന്ന് തോൽവി പഠിക്കാനാണ് സിപിഐയുടെ തീരുമാനം. മത്സരിച്ച 25 സ്ഥലത്തും മണ്ഡലം കമ്മിറ്റി വിളിക്കും. സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങൾ മണ്ഡലം കമ്മിറ്റിയിൽ പങ്കെടുക്കും. മെയ് 31 ന് യോഗങ്ങൾ അവസാനിക്കും. അതിനുശേഷം കേന്ദ്ര നേതൃത്വത്തിന് തോൽവിയുടെ കാരണം റിപ്പോർട്ട് ചെയ്യും. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ പങ്കെടുക്കുന്ന ജില്ലാ എക്സിക്യൂട്ടീവ്, കൗൺസിൽ യോഗങ്ങളും പിന്നാലെ ചേരും.