28 C
Kollam
Monday 21st September, 2026 | 11:19:35 AM
Home News Breaking News നിയുക്ത എംഎൽഎ ബിന്ദുകൃഷ്ണയെ ആലിംഗനം ചെയ്യാനുള്ള ചെറിയാൻ ഫിലിപ്പിൻ്റെ ശ്രമം വിവാദമാകുന്നു

നിയുക്ത എംഎൽഎ ബിന്ദുകൃഷ്ണയെ ആലിംഗനം ചെയ്യാനുള്ള ചെറിയാൻ ഫിലിപ്പിൻ്റെ ശ്രമം വിവാദമാകുന്നു

തിരുവനന്തപുരം: കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിനെത്തിയ, നിയുക്ത എംഎൽഎ ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാൻ ശ്രമിച്ച മുതിർന്ന നേതാവ് ചെറിയാൻ ഫിലിപ്പിന്റെ നടപടി വിവാദമാകുന്നു.

തിരുവനന്തപുരം ഇന്ദിരാഭവന് മുന്നിൽ വെച്ചായിരുന്നു സംഭവം. ചെറിയാൻ ഫിലിപ്പിന്റെ നീക്കത്തിൽ അതൃപ്തി പ്രകടിപ്പിച്ച ബിന്ദു കൃഷ്ണ അദ്ദേഹത്തെ തട്ടിമാറ്റി മുന്നോട്ട് പോയി.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരെ സ്വീകരിക്കുന്നതിനായി കെപിസിസി ആസ്ഥാനത്തിന് മുന്നിൽ നിൽക്കുകയായിരുന്നു ചെറിയാൻ ഫിലിപ്പ്.

യോഗത്തിൽ പങ്കെടുക്കാനായി എത്തിയ ബിന്ദു കൃഷ്ണ നേതാക്കൾക്ക് ഹസ്തദാനം നൽകുന്നതിനിടെയാണ് സംഭവം. ബിന്ദു കൃഷ്ണ ഷേക്ക് ഹാൻഡ് നൽകാൻ കൈ നീട്ടിയപ്പോൾ ചെറിയാൻ ഫിലിപ്പ് ആലിംഗനം ചെയ്യാൻ മുതിരുകയായിരുന്നു.

എന്നാൽ പെട്ടെന്നുതന്നെ പ്രതികരിച്ച ബിന്ദു കൃഷ്ണ അദ്ദേഹത്തെ കൈകൊണ്ടു തള്ളിമാറ്റി. സ്ഥലത്തുണ്ടായിരുന്ന പാലോട് രവി ഉൾപ്പെടെയുള്ള മറ്റ് നേതാക്കൾക്ക് കൈ കൊടുത്ത ശേഷമാണ് ബിന്ദു കൃഷ്ണ അകത്തേക്ക് പോയത്.

രാവിലെ മുതൽ ഇന്ദിരാഭവന് മുന്നിൽ നിന്ന ചെറിയാൻ ഫിലിപ്പ് എല്ലാ എം എൽ എ മാരേയും ആലിംഗനം ചെയ്താണ് സ്വീകരിച്ചത്. ഷാനിമോൾ ഉസ്മാനെ ആലിംഗനം ചെയ്താണ് സ്വീകരിച്ചത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടതോടെ സോഷ്യൽ മീഡിയയിൽ ചെറിയാൻ ഫിലിപ്പിനെതിരെ വലിയ രീതിയിലുള്ള വിമർശനമാണ് ഉയരുന്നത്. ഒരാളുടെ സ്വകാര്യ ഇടത്തിലേക്ക് അനുവാദമില്ലാതെ കടന്നുകയറുന്ന നടപടിയാണിതെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.