തിരുവനന്തപുരം: നിയമസഭ ഡപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഷാനിമോൾ ഉസ്മാൻ സഹോദരിയെന്നതിനേക്കാൾ എനിക്കെന്നും മകളെ പോലെയാണ്.
1988-ൽ കെ.എസ്.യു വൈസ് പ്രസിഡണ്ടായിരുന്ന ഷാനി മോളെ ഇന്ദിരാ ഭവനിൽ നിന്നും ഞാൻ കൂട്ടി കൊണ്ടു പോയി ലോ അക്കാഡമിയിൽ ചേർക്കുകയും ഔദ്യോഗിക രേഖകളിൽ ലോക്കൽ ഗാർഡിയനായി ഒപ്പിടുകയും ചെയ്തത് അഭിമാനപൂർവ്വം ഓർക്കുന്നു.ലയോള കോളജിൽ നിന്നും എം.എ പാസ്സായപ്പോൾ തന്നെ നിയമപഠനത്തിന് ഷാനിമോളെ ഞാനും പ്രേരിപ്പിച്ചിരുന്നു.
മഹിളാ കോൺഗ്രസ്, കെ.പി.സി.സി, എ.ഐ.സി.സി എന്നിവയിൽ ഷാനിമോൾ ഉന്നത സ്ഥാനങ്ങൾ വഹിച്ചപ്പോഴെല്ലാം പിതൃതുല്യമായ ചാരിതാർത്ഥ്യത്തോടെയാണ് ഞാൻ വീക്ഷിച്ചിരുന്നത്.
1990-ൽ ശാസ്താംകോട്ടയിൽ നടന്ന ഒരു കെ.എസ് .യു ക്യാമ്പിൽ എൻ്റെ പ്രഭാഷണത്തിനു ശേഷം ചോദ്യങ്ങൾ തുടരെ ഉന്നയിച്ചപ്പോൾ ചുണക്കുട്ടി’ യെന്ന് ഞാൻ വിശേഷിപ്പിച്ച ബിന്ദു കൃഷ്ണ ഇന്ന് മന്ത്രിയാണ്.
മൂന്നുപതിറ്റാണ്ട് മുമ്പ് ഞാൻ ഷൊർണ്ണൂരിലെത്തിയാൽ എപ്പോഴും തങ്ങുന്നത് വി കെ. ശ്രീകണ്ഠൻ്റെ വസതിയിലാണ്. ശ്രീകണ്ഠൻ് എം പി വിവാഹം കഴിയ്ക്കുന്നതിനു മുമ്പുതന്നെ കെ.എസ്.യു പ്രവർത്തകയെന്ന നിലയിൽ അറിയാമായിരുന്ന പക്വമതിയായ കെ.എ.തുളസി ഇപ്പോൾ മന്ത്രിയാണ്.
1978 ൽ അന്നത്തെ മുഖ്യമന്ത്രി എ.കെ. ആൻ്റ്ണിയോടൊപ്പം ഞാൻ കണ്ട ചോരക്കുഞ്ഞാണ് ജെബി മേത്തർ എം.പി.
1980-ൽ ഞാൻ കെ.എസ്.യു പ്രസിഡണ്ടായിരുന്നപ്പോൾ എറണാകുളം ജില്ലാ സമ്മേളനത്തിൽ പ്രാർത്ഥനാ ഗാനം അതിമനോഹരമായി ആലപിച്ചപ്പോൾ എല്ലാവരും അഭിനന്ദിച്ച അന്നത്തെ പാവാടക്കാരിയാണ് തൃക്കാക്കരയിൽ നിന്നും വീണ്ടും വൻ വിജയം നേടിയ ഉമ തോമസ്.
പെങ്ങൾ കുട്ടി എന്ന് വിളിക്കുന്ന രമ്യാ ഹരിദാസും, പോരാളിയായ വിദ്യാ ബാലകൃഷ്ണനും ഇപ്പോൾ എം.എൽ.എ മാരാണെങ്കിലും എനിക്ക് മക്കൾ തന്നെയാണ്.
ഇന്ന് കോൺഗ്രസിൻ്റെ നേതൃനിരയിലുള്ള മഹാഭൂരിപക്ഷവും ഞാൻ എപ്പോഴും ആഗ്രഹിച്ച കോൺഗ്രസിലെ ഒരു തലമുറ മാറ്റത്തിൻ്റെ പ്രതീകങ്ങളാണ്.
ഇവരുടെയെല്ലാം രാഷ്ട്രീയ വളർച്ചയിൽ അഭിമാനിക്കുന്നു.
സ്വന്തമായി കുടുംബമില്ലാത്ത എനിക്ക് ഇപ്പോൾ സ്നേഹം പകരുന്നത് ഇവരെപ്പോലെയുള്ള അനേകം അരുമ മക്കളാണ്. ഇവർക്കെല്ലാം മരണം വരെ എൻ്റെ ഹൃദയത്തിൽ സ്ഥാനമുണ്ടായിരിക്കും.




































