28.8 C
Kollam
Thursday 8th October, 2026 | 05:47:47 PM
Home News Breaking News കേച്ചേരിയില്‍ അച്ചാര്‍ നിര്‍മ്മാണ കമ്പനിക്കുള്ളില്‍ വിതരണം ചെയ്യാനായി തയ്യാറാക്കിയ നിരവധി ഭക്ഷ്യക്കിറ്റുകള്‍

കേച്ചേരിയില്‍ അച്ചാര്‍ നിര്‍മ്മാണ കമ്പനിക്കുള്ളില്‍ വിതരണം ചെയ്യാനായി തയ്യാറാക്കിയ നിരവധി ഭക്ഷ്യക്കിറ്റുകള്‍

തൃശ്ശൂര്‍. സംസ്ഥാനം നാളെ പോളിങ് ബൂത്തിലേക്ക് നീങ്ങാനിരിക്കെ തൃശ്ശൂരില്‍ വീണ്ടും കിറ്റ് വേട്ട. കേച്ചേരിയിലെ ഒരു അച്ചാര്‍ നിര്‍മ്മാണ കമ്പനിക്കുള്ളില്‍ വിതരണം ചെയ്യാനായി തയ്യാറാക്കിയ നിരവധി ഭക്ഷ്യക്കിറ്റുകളാണ് കണ്ടെത്തിയത്. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ പരിശോധനയിലാണ് അച്ചാര്‍ കമ്പനിക്കുള്ളിലെ കിറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. ബിജെപി നേതാവിന്റെ അനിയന്റെതാണ് അച്ചാര്‍ കമ്പനിയെന്നാണ് ആരോപണം.

അച്ചാര്‍ കമ്പനിയില്‍ അസാധാരണമായി വാഹനങ്ങള്‍ വന്നുപോകുന്നത് കണ്ട് സംശയം തോന്നിയ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വിവരം നേതാക്കളെ അറിയിക്കുയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അരി, സോപ്പ്, പരിപ്പ്, ഉപ്പ്, മഞ്ഞള്‍പ്പൊടി, വെളിച്ചെണ്ണ തുടങ്ങിയ അവശ്യസാധനങ്ങള്‍ അടങ്ങിയ വലിയ കിറ്റുകള്‍ അവിടെ പാക്ക് ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. കമ്പനിക്ക് പുറത്ത് ചാക്ക് കണക്കിന് അരി ലോഡ് ഇറക്കിയിട്ടിരുന്നതായും, ടെമ്പോ വാനുകളില്‍ ഇവ കടത്താന്‍ ശ്രമിച്ചതായും എല്‍ഡിഎഫ് നേതാക്കള്‍ ആരോപിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ഥിയുടെയും നിലവിലെ യുവമോര്‍ച്ചാ ജില്ലാ സെക്രട്ടറിയുടെയും അനിയന്റേതാണ് ഈ അച്ചാര്‍ കമ്പനിയെന്നാണ് എല്‍ഡിഎഫ് ആരോപിക്കുന്നത്. ബിജെപിക്ക് വേണ്ടി വോട്ട് വിലയ്ക്ക് വാങ്ങാനായി തയ്യാറാക്കിയതാണ് ഈ കിറ്റുകളെന്നും ജനാധിപത്യ രീതിയില്‍ നടക്കേണ്ട തെരഞ്ഞെടുപ്പിനെ പണാധിപത്യം കൊണ്ട് അട്ടിമറിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു.

പാവപ്പെട്ട ജനങ്ങളെ കിറ്റുകള്‍ നല്‍കി സ്വാധീനിക്കാനാണ് ഇവരുടെ ശ്രമമെന്നും, ആയിരക്കണക്കിന് കിറ്റുകള്‍ ഓരോ ബൂത്തിലേക്കും എത്തിക്കാനായിട്ടാണ് ഇവിടെ ശേഖരിച്ചുവെച്ചിരുന്നതെന്നും അവര്‍ പറഞ്ഞു. വിവരമറിഞ്ഞ് പൊലീസും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധനകള്‍ ആരംഭിച്ചു. എന്നാല്‍ ഒരു ഓര്‍ഡര്‍ അനുസരിച്ച് കിറ്റുകള്‍ തയ്യാറാക്കി നല്‍കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നാണ് കമ്പനി ഉടമകള്‍ പൊലീസിനോട് വിശദീകരിച്ചത്.