Home News Breaking News റോഡിന് ട്രംപിന്‍റെ പേരിടാൻ കോൺഗ്രസ് സർക്കാരിന്‍റെ തീരുമാനം; രാഹുലിന് നേർക്ക് ചോദ്യങ്ങൾ, വിമർശനവുമായി സിപിഎമ്മും ബിജെപിയും

റോഡിന് ട്രംപിന്‍റെ പേരിടാൻ കോൺഗ്രസ് സർക്കാരിന്‍റെ തീരുമാനം; രാഹുലിന് നേർക്ക് ചോദ്യങ്ങൾ, വിമർശനവുമായി സിപിഎമ്മും ബിജെപിയും

ഹൈദരാബാദ്: ഹൈദരാബാദിലെ യുഎസ് കോൺസുലേറ്റിന് സമീപമുള്ള റോഡിന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ പേര് നൽകാനുള്ള തെലങ്കാനയിലെ കോൺഗ്രസ് സർക്കാരിന്‍റെ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധം ഉയരുന്നു. ഈ വിഷയത്തിൽ ബിജെപിക്ക് പിന്നാലെ കടുത്ത വിമർശനവുമായി സിപിഎമ്മും രംഗത്തെത്തി. മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ ഈ വിവാദ നടപടിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുകയാണ്. ഈ അപമാനകരമായ തീരുമാനം പിൻവലിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് അടിയന്തരമായി ഇടപെടണമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി ആവശ്യപ്പെട്ടു.

Also Read: സംസ്ഥാനത്ത് നിപ ഭീതി അകലുന്നു, ആശങ്കയായി ഷിഗല്ല, ഇന്ന് ഷിഗല്ല ബാധിതരായത് 19 പേർ, ഒരു ഡെങ്കി മരണം

വിയറ്റ്നാം യുദ്ധകാലത്ത് കൊൽക്കത്തയിലെ യുഎസ് കോൺസുലേറ്റിന് മുന്നിലെ ‘ഹാരിംഗ്ടൺ സ്ട്രീറ്റ്’ സാമ്രാജ്യത്വ വിരുദ്ധ പോരാളി ഹോ ചി മിന്നിന്‍റെ പേരിൽ ‘ഹോ ചി മിൻ സരണി’ എന്ന് പുനർനാമകരണം ചെയ്ത ചരിത്രം ഓർമ്മിപ്പിച്ചാണ് എം എ ബേബി കോൺഗ്രസിനെ കടന്നാക്രമിച്ചത്. യുഎസ് ഭരണകൂടം ഇറാനെതിരെ യുദ്ധം നയിക്കുന്നതും, ഗാസയിലെ വംശഹത്യയും, ക്യൂബയ്ക്ക് മേലുള്ള സാമ്പത്തിക ഉപരോധവും തുടരുന്ന ഈ സാഹചര്യത്തിൽ സാമ്രാജ്യത്വ യുദ്ധങ്ങളുടെ മുഖമായ ട്രംപിനെ ആദരിക്കാൻ തെലങ്കാന സർക്കാർ തുനിയുന്നത് ലജ്ജാകരമാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.

ട്രംപിനെ ‘നമ്മുടെ കാലത്തെ ഹിറ്റ്ലർ’ എന്നാണ് എം.എ ബേബി വിശേഷിപ്പിച്ചത്. ഒപ്പം, അടുത്തിടെ യുഎസ് നാവികസേന വാണിജ്യക്കപ്പലിന് നേരെ നടത്തിയ മിസൈൽ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടിട്ടും അതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താൻ തയ്യാറാകാത്ത മോദി സർക്കാരിനെയും അദ്ദേഹം വിമർശിച്ചു. രാജ്യത്തിന്‍റെ പരമാധികാരവും ആത്മാഭിമാനവും പണയം വയ്ക്കുന്ന കാര്യത്തിൽ ബിജെപിയും തെലങ്കാനയിലെ കോൺഗ്രസ് സർക്കാരും ഒരേ തട്ടിലാണെന്നും അദ്ദേഹം ആരോപിച്ചു.

ഹൈദരാബാദിലെ റോഡിന് ‘ഡോണൾഡ് ട്രംപ് അവന്യൂ’ എന്ന് പേരിടാനാണ് തെലങ്കാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ ഇതിന്‍റെ ഉദ്ഘാടനം നടക്കാനിരിക്കെയാണ് രാഷ്ട്രീയ വിവാദം പുകയുന്നത്. കോൺഗ്രസിന്‍റെ ഈ നടപടി രാഹുൽ ഗാന്ധിയുടെ ഇരട്ടത്താപ്പാണ് പുറത്തുകൊണ്ടുവരുന്നതെന്ന് തെലങ്കാന ബിജെപി അധ്യക്ഷൻ എൻ രാമചന്ദർ റാവു പരിഹസിച്ചു. മോദി അമേരിക്കയ്ക്ക് മുന്നിൽ കീഴടങ്ങി എന്ന് ദിവസവും കള്ളപ്രചാരണം നടത്തുന്ന രാഹുൽ ഗാന്ധി സ്വന്തം പാർട്ടി ഭരിക്കുന്ന സംസ്ഥാനത്ത് ട്രംപിന്‍റെ പേരിൽ റോഡ് നിർമ്മിക്കുമ്പോൾ മൗനം പാലിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിദേശ ശക്തികളോടുള്ള കോൺഗ്രസിന്‍റെ അടിമത്ത മനോഭാവമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ബിജെപി ആരോപിച്ചു. നേരത്തെ, തെലങ്കാനയിലെ ദുരന്തനിവാരണ ഏജൻസിയായ ‘ഹൈഡ്ര’യ്ക്ക് പേരിട്ടതുമായി ബന്ധപ്പെട്ട് ഹിറ്റ്ലറാണ് തന്‍റെ പ്രചോദനമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞതിനെതിരെയും എം എ ബേബി കടുത്ത വിമർശനം ഉന്നയിച്ചിരുന്നു.