30.2 C
Kollam
Thursday 17th September, 2026 | 01:04:42 PM
Home News Breaking News പിണറായി വിജയനും മകള്‍ വീണയ്ക്കുമെതിരെ ഇഡിക്ക് നല്‍കിയ നിര്‍ണായക മൊഴികള്‍ ശശിധരന്‍ കര്‍ത്ത പിന്‍വലിച്ചു

പിണറായി വിജയനും മകള്‍ വീണയ്ക്കുമെതിരെ ഇഡിക്ക് നല്‍കിയ നിര്‍ണായക മൊഴികള്‍ ശശിധരന്‍ കര്‍ത്ത പിന്‍വലിച്ചു

കൊച്ചി. എക്‌സാലോജിക് കേസിൽ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കുമെതിരെ ഇഡിക്ക് നല്‍കിയ നിര്‍ണായക മൊഴികള്‍ പിന്‍വലിച്ച് സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത. ആദായനികുതി വകുപ്പിന് നല്‍കിയ മൊഴികള്‍ക്ക് താഴെ ഇഡി ഉദ്യോഗസ്ഥര്‍ ബലംപ്രയോഗിച്ച് വിരലടയാളം പതിപ്പിച്ചുവെന്നാണ് ആരോപണം. ഗുരുതരരോഗബാധിതനായ കര്‍ത്തയെ ഡോക്ടറുടെ നിര്‍ദേശം ലംഘിച്ച് മണിക്കൂറുകളോളം ചോദ്യം ചെയ്ത് ദ്രോഹിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് സത്യവാങ്മൂലം.


ഹൃദ്രോഗം, പാര്‍ക്കിസണ്‍സ്, ഡെംനീഷ്യ തുടങ്ങി ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന ശശിധരന്‍ കര്‍ത്തയ്ക്ക് വേണ്ടി സഹോദരന്‍ അജിത് കര്‍ത്തയാണ് പിന്‍വലിക്കല്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. 2024 ഏപ്രില്‍ പതിനേഴിനാണ് കര്‍ത്തയെ ഇഡി ചോദ്യം ചെയ്തത്. ആലുവയിലെ വീട്ടിലെത്തി നടന്ന ചോദ്യംചെയ്യലില്‍ നല്‍കിയ മൊഴികളാണ് കര്‍ത്ത പിന്‍വലിച്ചത്. സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ ഉന്നയിച്ച അതേ ആരോപണങ്ങളാണ് ഇഡിക്കെതിരെ കര്‍ത്തയുടെ സത്യവാങ്മൂലത്തിലും ഉന്നയിക്കുന്നത്. മോശം ആരോഗ്യാവസ്ഥ കാരണം ശശിധരന്‍ കര്‍ത്തയ്ക്ക് നേരിട്ട് മൊഴി നല്‍കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സഹോദരന്‍ മൊഴി പിന്‍വലിക്കാന്‍ ഇഡിയെ സമീപിപിച്ചത്.

ഇഡി സമന്‍സ് അയച്ചതിന് പിന്നാലെ ശശിധരന്‍ കര്‍ത്ത ഹൈക്കോടതിയെ സമീപിച്ചിരുന്നു. കടുത്ത നടപടികളുണ്ടാകില്ലെന്ന് ഇഡി കോടതിയെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഡോക്ടറുടെ നിര്‍ദേശം അവഗണിച്ച് മണിക്കൂറുകളോളം രോഗകിടക്കയില്‍ ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തുവെന്നാണ് പ്രധാന ആരോപണം. ചോദ്യങ്ങളടക്കം കൃത്യമായി മനസ്സിലാക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നിട്ടും ചോദ്യം ചെയ്യല്‍ തുടര്‍ന്നു. നേരത്തെ ആദായനികുതി വകുപ്പിന് നല്‍കി പിന്നീട് പിന്‍വലിച്ച അതേ ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കും താഴെ ഉദ്യോഗസ്ഥര്‍ കര്‍ത്തയുടെ വിരലടയാളം ബലംപ്രയോഗിച്ച് പതിപ്പിച്ചു. സേവനം ഒന്നും നല്‍കാതെയാണ് വീണയ്ക്ക് സിഎംആര്‍എലില്‍ നിന്ന് പണം നല്‍കിയത്. ഈ പണം നല്‍കിയത് അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനുമായുള്ള ബന്ധത്തിന്റെ പേരിലാണെന്നുമുള്ള മൊഴികളും ഇതില്‍ ഉള്‍പ്പെടും. സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ വീട്ടിലേക്ക് വിളിച്ചുവരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തു. ഇവരുടെ മൊഴിയുടെ താഴെയും സാക്ഷിയെന്ന നിലയില്‍ കര്‍ത്തയുടെ വിരലടയാളം പതിപ്പിച്ചു. ഇതിന് രണ്ട് ദിവസം മുന്‍പ് രേഖപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ മൊഴിയിലും വായിച്ചുപോലും കേള്‍പ്പിക്കാതെ സാക്ഷിയാക്കി. ഇങ്ങനെ നീളുന്നു സത്യവാങ്മൂലത്തില്‍ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണങ്ങള്‍.

ഉദ്യോഗസ്ഥരെ കര്‍ത്തയുടെ വീട്ടില്‍ ചോദ്യം ചെയ്യുന്നത് ബന്ധുക്കളും ഡോക്ടറും എതിര്‍ത്തുവെന്നും സത്യവാങ്മൂലത്തിലുണ്ട്. ഉദ്യോഗസ്ഥരുടെ പെരുമാറ്റവും ചോദ്യം ചെയ്യലും ശശിധരന്‍ കര്‍ത്തയുടെ ആരോഗ്യത്തെ സാരമായി ബ്ാധിച്ചുവെന്ന ഡോക്ടറുടെ റിപ്പോര്‍ട്ട് സഹിതമാണ് മൊഴി പിന്‍വലിക്കല്‍ സത്യവാങ്മൂലം. ചോ്ദ്യം ചെയ്യല്‍ കഴിഞ്ഞ ഒരു മാസം കഴിഞ്ഞാണ് മറ്റ് സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ശശിധരന്‍ കര്‍ത്തയുടെയും മൊഴി പിന്‍വലിക്കല്‍.

LEAVE A REPLY

Please enter your comment!
Please enter your name here