തിരുവനന്തപുരം: മീറ്റർ റീഡർമാരുടെ സമരം തുടരുന്നതിനിടെ ബിൽ വിതരണം മുടങ്ങിയ സാഹചര്യത്തിൽ ശരാശരി വൈദ്യുതി ഉപയോഗം കണക്കാക്കി ഉപഭോക്താക്കൾക്ക് ബിൽ നൽകാൻ കെ.എസ്.ഇ.ബി തീരുമാനം. സ്വയം മീറ്റർ റീഡിങ് നടത്തി നൽകാൻ അപേക്ഷിക്കുന്ന ഉപഭോക്താക്കൾക്ക് വ്യവസ്ഥകൾക്ക് വിധേയമായി അനുമതി നൽകും. മീറ്റർ റീഡർമാർക്ക് നേരത്തെ നൽകിയ മീറ്റർ റീഡിങ് യന്ത്രങ്ങൾ തിരിച്ചുവാങ്ങാനും നിർദേശം നൽകി.
ഈ മാസം ഒന്നിനാണ് മീറ്റർ റീഡർമാർ സമരം ആരംഭിച്ചത്. അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ വൈദ്യുതി ബിൽ വിതരണം പ്രതിസന്ധിയിലായി. അഞ്ച് ദിവസമായി മീറ്റർ റീഡിങ് പൂർണമായും നിലച്ചിരിക്കുകയാണ്. പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി ജോലിയിൽ പ്രവേശിക്കാത്ത കരാർ ജീവനക്കാരുടെ കരാർ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി ഡിസ്ട്രിബ്യൂഷൻ ഡയറക്ടർ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്.
അതേസമയം, നാല് വർഷമായി ശമ്പള വർധന ലഭിച്ചിട്ടില്ലെന്നും മതിയായ പ്രതിഫലം നിശ്ചയിക്കാതെ പുതിയ ജോലികൾ കൂടി തങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയാണെന്നും മീറ്റർ റീഡർമാർ ആരോപിക്കുന്നു. കൃത്യസമയത്ത് മീറ്റർ റീഡിങ് നടത്തി ബിൽ നൽകാനായില്ലെങ്കിൽ കെ.എസ്.ഇ.ബിക്കും ഉപഭോക്താക്കൾക്കും ഒരുപോലെ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന ആശങ്കയും നിലനിൽക്കുന്നു.


































