ന്യൂഡല്‍ഹി: രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയ കേന്ദ്ര തീരുമാനത്തിനെതിരെയുള്ള ഹര്‍ജിയില്‍ ഇടക്കാല സ്റ്റേ നല്‍കാതെ സുപ്രീംകോടതി. സ്റ്റേ നല്‍കാന്‍ വിസമ്മതിച്ച കോടതി ചാര്‍ജ് ഏര്‍പ്പെടുത്താനുള്ള നിയമപരവും ഭരണപരവുമായ അടിസ്ഥാനമെന്താണെന്ന് കേന്ദ്രത്തോടും റിസര്‍വ് ബാങ്കിനോടും എന്‍പിസിഐയോടും വിശദീകരണം തേടി. നാല് ആഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. തീരുമാനത്തിന്റെ നിയമപരമായ അടിസ്ഥാനം വിശദീകരിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് നിര്‍ദേശം.
2000 രൂപയ്ക്ക് മുകളിലുള്ള പേയ്‌മെന്റുകള്‍ക്ക് മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് എന്ന പേരില്‍ നികുതി ഏര്‍പ്പെടുത്താനാണ് കേന്ദ്ര നീക്കം. എംഡിആര്‍ നികുതിയോ ഫീസോ അല്ലെന്ന കേന്ദ്രത്തിന്റെ വാദത്തോട് പ്രതികരിച്ച ജസ്റ്റിസ് ബാഗ്ചി വ്യാപാരിക്ക് ലഭിക്കുന്ന തുകയില്‍ നിന്ന് ഇത് ഈടാക്കാനുള്ള ഭരണപരവും നിയമപരവുമായ അടിസ്ഥാനം എന്താണെന്നും ഏത് സേവനത്തിനാണ് തുകയെന്നും ചോദിച്ചു.
പുതിയ സംവിധാനത്തില്‍ വ്യക്തിയില്‍ നിന്ന് വ്യക്തിയിലേക്കുള്ള യുപിഐ ഇടപാടുകള്‍ തുകയെത്രയായാലും സൗജന്യമായി തുടരും. വ്യാപാരികള്‍ക്കുള്ള 2,000 രൂപ വരെയുള്ള യുപിഐ പേയ്മെന്റുകളും ചെറുകിട വ്യാപാരികള്‍ക്ക് ലഭിക്കുന്ന ചില ഇടപാടുകളും സീറോ എംഡിആര്‍ പരിധിയില്‍ തുടരും. 2,000ന് മുകളിലുള്ള വ്യാപാര ഇടപാടുകള്‍ക്ക് സാധാരണ 0.4 ശതമാനമാണ് എംഡിആര്‍. നിരക്ക് ഈടാക്കുന്നത് ഒക്ടോബര്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.




























