ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന കാലിക പ്രസക്തമായ സന്ദേശം ലോകത്തിന് നൽകിയ ശ്രീനാരായണ ഗുരുദേവന്റെ സമാധി ദിനമാണ് ഇന്ന്. 1928 സെപ്തംബർ 20-ന് ശിവഗിരിയിലാണ് ഗുരുദേവൻ സമാധിയടഞ്ഞത്.
ഗുരുദേവന്റെ പുണ്യജീവിതം കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ മഹത്തായ അധ്യായമാണ്. അറിവും വിദ്യാഭ്യാസവും ക്ഷേത്രദർശനം പോലും അധഃസ്ഥിത വിഭാഗങ്ങൾക്ക് നിഷേധിക്കപ്പെട്ടിരുന്ന കാലഘട്ടത്തിൽ ചെമ്പഴന്തിയിൽ മാടനാശാന്റെയും കുട്ടിയമ്മയുടെയും മകനായി ജനിച്ച നാണു, സ്വഭാവത്തിലും പെരുമാറ്റത്തിലും പുലർത്തിയിരുന്ന സവിശേഷതകളിലൂടെ ആധ്യാത്മികതയിലൂന്നിയ നവോത്ഥാന പാതയിലേക്ക് സഞ്ചരിച്ചു. മനുഷ്യസാഹോദര്യത്തിൽ അധിഷ്ഠിതമായ ദാർശനികതയിലൂടെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഇടപെട്ട അദ്ദേഹം പിൽക്കാലത്ത് ശ്രീനാരായണ ഗുരു എന്ന നാമത്തിൽ ലോകമറിയുന്ന മഹദ് വ്യക്തിത്വമായി മാറി.
പൊതുസമൂഹത്തിന്റെ മുഖ്യധാരയിൽ പ്രവേശിക്കാൻ അനുവദിക്കാതെ മാറ്റിനിർത്തപ്പെട്ട അധഃസ്ഥിത വിഭാഗങ്ങൾക്ക് അറിവിന്റെ വെളിച്ചം പകർന്നുനൽകി ഗുരുദേവൻ അവരെ മുന്നോട്ടുനയിച്ചു. ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവർക്ക് ദേവാലയങ്ങൾ സ്ഥാപിച്ചു. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവർക്കായി വിദ്യാലയങ്ങൾ ആരംഭിച്ചു. അറിവിന്റെ ആഴങ്ങളിൽനിന്ന് ഗുരുദേവൻ ഉയർത്തിയ സാമൂഹിക വിപ്ലവം പിൽക്കാലത്ത് കേരളത്തിലുണ്ടായ വിവിധ നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് അടിത്തറയായി.




























