തിരുവനന്തപുരം: സംസ്ഥാനത്ത് ഓഗസ്റ്റ് 21-ന് നടത്താനിരുന്ന എട്ടാം ക്ലാസിലെ ഓണപ്പരീക്ഷ മാറ്റി. അന്നേ ദിവസം സംസ്ഥാനത്തെ സ്കൂളുകളിൽ ഓണാഘോഷ പരിപാടികൾ നടക്കുന്നതിനാൽ ഉയർന്ന പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം. മാറ്റിവെച്ച പരീക്ഷ സെപ്റ്റംബർ 1-ന് നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംസ്ഥാനത്ത് ഓണപ്പരീക്ഷകൾ ആരംഭിച്ചത്. എൽ.പി. വിഭാഗം പരീക്ഷകൾ വെള്ളിയാഴ്ച മുതൽ തുടങ്ങിയിരുന്നു. നിലവിലെ ക്രമീകരണമനുസരിച്ച് പരീക്ഷകൾ ഓഗസ്റ്റ് 20-ന് അവസാനിക്കും. തുടർന്ന് 21-ന് സ്കൂളുകളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ച് അവധിക്കായി അടയ്ക്കും. ഹയർ സെക്കൻഡറി വിദ്യാർഥികൾക്കും പരീക്ഷകൾ പൂർത്തിയായ ശേഷം 21 മുതൽ ഓണാവധി ആരംഭിക്കും.
ഓണാഘോഷ ദിനത്തിൽ തന്നെ പരീക്ഷ നിശ്ചയിച്ചതിനെതിരെ അധ്യാപക സംഘടനകളും രക്ഷിതാക്കളും വ്യാപകമായി പ്രതിഷേധിച്ചിരുന്നു. കുട്ടികൾക്ക് ഓണാഘോഷങ്ങളിൽ പങ്കെടുക്കാനുള്ള അവസരം നഷ്ടപ്പെടുമെന്ന ആശങ്കയാണ് ഉയർന്നത്. പരീക്ഷ മാറ്റണമെന്നാവശ്യപ്പെട്ട് കെ.എസ്.ടി.എ വിദ്യാഭ്യാസ മന്ത്രിക്ക് വീണ്ടും നിവേദനം നൽകിയിരുന്നു.
ടൈംടേബിൾ സംബന്ധിച്ച് ചേർന്ന ക്യൂ.ഐ.പി യോഗത്തിലും ഭൂരിപക്ഷം സംഘടനകൾ ഓണാഘോഷം മുടക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഓഗസ്റ്റ് 21-ലെ പരീക്ഷ ഓണാവധിക്ക് ശേഷം നടത്തുന്നതിൽ എതിർപ്പില്ലെന്നും മുൻവർഷങ്ങളിലും സമാന രീതിയിൽ പരീക്ഷകൾ ക്രമീകരിച്ചിട്ടുണ്ടെന്നും സംഘടനകൾ ചൂണ്ടിക്കാട്ടി.
വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് സർക്കാർ പരീക്ഷ മാറ്റാൻ തീരുമാനിച്ചത്. ഇതോടെ വിദ്യാർഥികൾക്ക് സ്കൂൾതല ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.


































