കണ്ണൂർ ആറളം ഫാമിലും പുനരധിവാസ മേഖലയിലും ഭീതി വിതച്ച കണ്ണൂർ മഖ്‌ന എന്ന മോഴയാനയെ മയക്കുവെടി വച്ച് തളയ്ക്കാനുള്ള ദൗത്യം നീളുന്നു. ഫാമിലെ ഓടച്ചാൽ ഭാഗത്താണ് ആന നിലയുറപ്പിച്ചിരിക്കുന്നത്. സമീപത്ത് ഇഞ്ചക്കാടുകൾ നിറഞ്ഞതും ഭൂപ്രകൃതിയുടെ പ്രത്യേകതയും കാരണം ട്രാക്കിംഗ് സംഘത്തിന് ആനയുടെ അടുത്തേക്ക് എത്താൻ സാധിക്കാത്തത് പ്രതിസന്ധിയാണ്. പ്രദേശത്തെ ശക്തമായ വെയിൽ കുറഞ്ഞാൽ മയക്കുവെടി വെക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കും. ദൗത്യം പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ ആറളത്ത് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആറളം പഞ്ചായത്തിലെ 6, 7 വാർഡുകളിലും ആറളം ഫാമിലെ 7, 9, 10, 13 ബ്ലോക്കുകളിലുമാണ് നിരോധനാജ്ഞ. ഇതനുസരിച്ച് ഈ പ്രദേശങ്ങളിൽ പൊതുജനങ്ങൾ ഒത്തുചേരാനോ കൂട്ടംകൂടി നിൽക്കാനോ പാടില്ല. ആനയെ മയക്കുവെടി വച്ചാൽ മുത്തങ്ങയിലെ ആനക്കൊട്ടിലിലേക്ക് കൊണ്ടുപോകാനുള്ള വാഹനവും കുങ്കിയാനകളുമൊക്കെ നേരത്തെ എത്തിയിരുന്നു.






























