ന്യൂഡൽഹി: ലക്ഷദ്വീപിന് സമീപം പടിഞ്ഞാറൻ അറബിക്കടലിൽ വൻ ലഹരിക്കടത്ത് തടഞ്ഞ് ഇന്ത്യൻ കോസ്റ്റ് ഗാർഡ്. ഗുജറാത്ത് ഭീകരവിരുദ്ധ സേനയും (ATS) കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ സംയുക്ത നീക്കത്തിലാണ് ഇറാനിയൻ ബോട്ട് പിടികൂടിയത്. ബോട്ടിൽനിന്ന് 526 കിലോഗ്രാം ഹെറോയിനും മെതാംഫെറ്റാമിനും പിടിച്ചെടുത്തു. അന്താരാഷ്ട്ര വിപണിയിൽ ഇവയ്ക്ക് 3,000 കോടി രൂപയിലേറെ വിലവരുമെന്നാണ് അധികൃതരുടെ കണക്ക്.
ബോട്ടിലുണ്ടായിരുന്ന അഞ്ച് പാകിസ്താൻ സ്വദേശികളെയും കസ്റ്റഡിയിലെടുത്തു. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കോസ്റ്റ് ഗാർഡ് കപ്പലുകളും വിമാനങ്ങളും അറബിക്കടലിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെ സംശയാസ്പദമായി കണ്ടെത്തിയ ഇറാനിയൻ ബോട്ട് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
പിടിയിലായ ബോട്ടും അഞ്ചംഗ സംഘത്തെയും വിശദമായ ചോദ്യം ചെയ്യലിനായി മുംബൈയിലെത്തിച്ചു. ലഹരിമരുന്നിന്റെ ഉറവിടം, ലക്ഷ്യസ്ഥാനം, കടത്തിന് പിന്നിലുള്ള ശൃംഖല എന്നിവ കണ്ടെത്തുന്നതിനായി വിവിധ അന്വേഷണ ഏജൻസികളുടെ നേതൃത്വത്തിൽ തുടർ അന്വേഷണം ആരംഭിച്ചു.
സമുദ്രമാർഗമുള്ള അന്താരാഷ്ട്ര ലഹരിക്കടത്തും സംഘടിത കുറ്റകൃത്യങ്ങളും തടയുന്നതിന്റെ ഭാഗമായി കോസ്റ്റ് ഗാർഡും കേന്ദ്ര അന്വേഷണ ഏജൻസികളും നടത്തുന്ന നിരീക്ഷണം ശക്തമാക്കിയതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.






























