24.7 C
Kollam
Saturday 8th August, 2026 | 07:19:35 AM
Home News Breaking News ഓണത്തോടനുബന്ധിച്ച് കേരളത്തിലേക്ക് 112 പ്രത്യേക ട്രെയിൻ സർവിസുകൾ; സർവിസ് ഓഗസ്റ്റ് 14 മുതൽ

ഓണത്തോടനുബന്ധിച്ച് കേരളത്തിലേക്ക് 112 പ്രത്യേക ട്രെയിൻ സർവിസുകൾ; സർവിസ് ഓഗസ്റ്റ് 14 മുതൽ


ന്യൂഡൽഹി: ഓണത്തോടനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് 112 പ്രത്യേക ട്രെയിൻ ട്രിപ്പുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ഓഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 6 വരെയാണ് പ്രത്യേക ട്രെയിനുകൾ സർവിസ് നടത്തുക. കഴിഞ്ഞ വർഷം 55 പ്രത്യേക ട്രിപ്പുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇത്തവണ സർവിസുകളുടെ എണ്ണം ഇരട്ടിയിലധികമായി വർധിപ്പിച്ചു.
തമിഴ്നാട്, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് എത്തുന്ന പ്രവാസികൾക്കും വിദ്യാർഥികൾക്കും മറ്റ് യാത്രക്കാർക്കും അധിക സർവിസുകൾ പ്രയോജനപ്പെടും.
ചെന്നൈ, ബെംഗളൂരു, മൈസൂരു, ഹുബ്ബള്ളി, ഹൈദരാബാദ്, സാന്ത്രാഗച്ചി തുടങ്ങിയ പ്രധാന നഗരങ്ങളിൽനിന്ന് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, കണ്ണൂർ, മംഗളൂരു തുടങ്ങിയ പ്രധാന സ്റ്റേഷനുകളിലേക്കാണ് പ്രത്യേക ട്രെയിനുകൾ സർവിസ് നടത്തുക.
ആകെ 112 സർവിസുകളിൽ 54 എണ്ണം തെക്കൻ റെയിൽവേയും 58 എണ്ണം മറ്റ് റെയിൽവേ സോണുകളുമാണ് നടത്തുക. തെക്കൻ റെയിൽവേയുടെ കീഴിൽ 38 പ്രത്യേക സർവിസുകളും അയൽ റെയിൽവേ സോണുകളുമായി ബന്ധിപ്പിച്ച് 16 സർവിസുകളുമുണ്ടാകും. സൗത്ത് വെസ്റ്റേൺ റെയിൽവേ, സൗത്ത് സെൻട്രൽ റെയിൽവേ, സൗത്ത് ഈസ്റ്റേൺ റെയിൽവേ എന്നിവയും കേരളത്തിലേക്കും കേരളത്തിലൂടെയും അധിക സർവിസുകൾ നടത്തും.
യാത്രക്കാരുടെ തിരക്കും വെയിറ്റിങ് ലിസ്റ്റിലെ പ്രവണതകളും റെയിൽവേ നിരന്തരം നിരീക്ഷിച്ചുവരികയാണ്. ആവശ്യമെങ്കിൽ കൂടുതൽ പ്രത്യേക ട്രെയിനുകൾ അനുവദിക്കുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here