തിരുവനന്തപുരം: ശക്തമായ മഴയെത്തുടര്‍ന്ന് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ നാളെ (2026 ഓഗസ്റ്റ് 4, ചൊവ്വ) അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, കാസര്‍കോട് തുടങ്ങിയ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത മഴയും പ്രളയബാധിത ക്യാമ്പുകള്‍ സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്നതിനാലുമാണ് പത്തനംതിട്ടത്തില്‍ അവധിയെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
കാസര്‍കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കോളജുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മദ്രസ ഉള്‍പ്പെടെ മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. ?മുന്‍കൂട്ടി നിശ്ചയിച്ച സര്‍വകലാശാല/പൊതു പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടികള്‍ എന്നിവക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച യൂനിവേഴ്‌സിറ്റി, പി.എസ്.സി. പരീക്ഷകള്‍ എന്നിവക്ക് മാറ്റമില്ലായെന്ന് വിവിധ ജില്ലകളിലെ കലക്ടര്‍മാര്‍ വ്യക്തമാക്കി.
അതേസമയം, കണ്ണൂര്‍ ജില്ലയിലെ മൂന്ന് താലൂക്കുകളിലും ഇടുക്കി, വയനാട് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും ഭാഗികമായി അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധിയുള്ളത്. അവധിമൂലം നഷ്ടപ്പെടുന്ന പഠന സമയം ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉള്‍പ്പടെ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കണമെന്നും കലക്ടര്‍മാര്‍ അറിയിച്ചു.




























