Home News Breaking News വൈഭവ് സൂര്യവംശിക്ക് കന്നി ഇന്ത്യന്‍ ജേഴ്‌സി കൈമാറി ബിസിസിഐ

വൈഭവ് സൂര്യവംശിക്ക് കന്നി ഇന്ത്യന്‍ ജേഴ്‌സി കൈമാറി ബിസിസിഐ

മുംബൈ: 15-ാം വയസില്‍ ഇന്ത്യന്‍ സീനിയര്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശിക്ക് കന്നി ഇന്ത്യന്‍ ജേഴ്‌സി കൈമാറി ബിസിസിഐ. ഇന്ത്യന്‍ സീനിയര്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് നേട്ടത്തോടെയാണ് താരം ഇന്ത്യന്‍ ടി20 ടീമിലേക്ക് വരുന്നത്. വൈഭവ് ആദ്യമായി ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ ജേഴ്‌സി അണിയുന്നതിന്റെ വിഡിയോ ബിസിസിഐ എക്‌സില്‍ പങ്കിടുകയും ചെയ്തിട്ടുണ്ട്. വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറി. ജീവിതത്തിലെ ഏറ്റവും അമൂല്യമായ നിമിഷത്തില്‍ താരം വികാരാധീനനാകുന്നത് ദൃശ്യങ്ങളില്‍ കാണാം.

ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെയാണ് അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ സീനിയര്‍ ടീമിലേക്ക് വൈഭവിനെ തെരഞ്ഞെടുത്തത്. അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കന്നി ജേഴ്‌സി ബിസിസിഐ താരത്തിനു കൈമാറിയത്. ടീമിന്റെ ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റ് രഘുവാണ് വൈഭവിന് ഇന്ത്യന്‍ ജേഴ്സി കൈമാറിയത്.
ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസങ്ങളായ സുരേഷ് റെയ്നയും ഹര്‍ഭജന്‍ സിങും കരിയറിന്റെ ഭൂരിഭാഗം സമയത്തും ധരിച്ച മൂന്നാം നമ്പര്‍ ജേഴ്സിയാണ് വൈഭവ് സൂര്യവംശിക്ക് ബിസിസിഐ സമ്മാനിച്ചിരിക്കുന്നത്.