25.2 C
Kollam
Saturday 15th August, 2026 | 08:11:22 AM
Home News പത്രം മലയാള ദിനപത്രങ്ങളിലൂടെ |2026 | ഓഗസ്റ്റ് 15, ശനി 1201 | കര്‍ക്കടകം 30,...

പത്രം മലയാള ദിനപത്രങ്ങളിലൂടെ |2026 | ഓഗസ്റ്റ് 15, ശനി 1201 | കര്‍ക്കടകം 30, ഉത്രം

എണ്‍പതാമത് സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കൊരുങ്ങി രാജ്യം

ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍.

സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളില്‍ സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കേണ്ടതില്ല

സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കേണ്ടതില്ലെന്നു നിര്‍ദേശം. ദേശീയഗാനമായ ജനഗണമന ആലപിക്കണമെന്നാണ് പൊതുവിദ്യാഭ്യാസവകുപ്പ് സ്‌കൂളുകള്‍ക്കു നിര്‍ദേശം നല്‍കിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും മുഖ്യാതിഥികളാകുന്ന ആഘോഷ ചടങ്ങുകളിലും വന്ദേമാതരം ആലപിക്കില്ല.

മേജർ തരുൺ വാസുദേവന് ശൗര്യ ചക്ര

ജമ്മു കശ്മീരില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്ത മലയാളി സൈനിക ഉദ്യോഗസ്ഥന്‍ മേജര്‍ തരുണ്‍ വാസുദേവന് രാഷ്ട്രപതിയുടെ ശൗര്യ ചക്ര. 19 പേര്‍ക്ക് ശൗര്യ ചക്രയും 36 പേര്‍ക്ക് ധീരതയ്ക്കുള്ള സേനാ മെഡലുകളും 13 മരണാനന്തര ബഹുമതികള്‍ ഉള്‍പ്പെടെ 78 ധീരതാ അവാര്‍ഡുകളും രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രഖ്യാപിച്ചു. ഒമ്പത് കീര്‍ത്തി ചക്രയില്‍ ഏഴെണ്ണം മരണാനന്തര ബഹുമതിയാണ്. മണിപ്പൂരിലെ ഭീകരാക്രമണം നേരിട്ട ലഫ്. കേണല്‍ മനിയോ ഫ്രാന്‍സിസിന് കീര്‍ത്തി ചക്ര നല്‍കി രാജ്യം ആദരിച്ചു.

മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ പ്രഖ്യാപനം

സ്തുത്യര്‍ഹസേവനം കാഴ്ചവച്ച 282 പേര്‍ക്കു മുഖ്യമന്തിയുടെ പോലീസ് മെഡല്‍. ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്ക് കാരണം ഇക്കുറി പട്ടിക വൈകുകയായിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇടപെട്ടാണ് മെഡല്‍ ജേതാക്കളുടെ പട്ടിക പുറത്തിറക്കിയത്.

എറണാകുളത്ത് അഭിഭാഷകര്‍ തിങ്കളാഴ്ച കോടതികള്‍ ബഹിഷ്‌കരിക്കും

എറണാകുളത്ത് അഭിഭാഷകര്‍ തിങ്കളാഴ്ച ജില്ലാ കോടതിയും കീഴ്‌കോടതികളും ബഹിഷ്‌കരിക്കും. ഗാര്‍ഹിക പീഡന കേസിന്റെ വക്കാലത്ത് എടുത്ത അഭിഭാഷക ദമ്പതികളായ ടി എം ഡോള്‍ഗോയുടെയും നീമയുടെയും വീട്ടില്‍ അക്രമം നടത്തിയതില്‍ പ്രതിഷേധിച്ചാണ് സമരം. പ്രദേശവാസികളായ വേലു, വാവക്കുട്ടി എന്നിവരാണ് ആക്രമണം നടത്തിയത്. വേലുവിന്റെ ഭാര്യ നല്‍കിയ ഗാര്‍ഹിക പീഡന പരാതി അഭിഭാഷക ദമ്പതികള്‍ ഏറ്റെടുത്തതാണ് പ്രകോപനത്തിന് പിന്നില്‍. പ്രതികള്‍ക്കുവേണ്ടി ആരും വക്കാലത്ത് എടുക്കരുത് എന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

കാലടി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസ് കയ്യേറ്റം ചെയ്യപ്പെട്ടു

കാലടി സര്‍വകലാശാ വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. ശവമഞ്ചമൊരുക്കി പ്രതിഷേധ റാലിയും നടത്തി. കാമ്പസിലെ ക്രിമിനലുകള്‍ക്കെതിരേ ശക്തമായ നടപടി വേണമെന്ന് ഗവര്‍ണ്ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ മുഖ്യമന്ത്രി വി.ഡി. സതീശനോട് ആവശ്യപ്പെട്ടു. സംഭവത്തെ അപലപിച്ച് സംസ്ഥാനത്തെ വിസിമാരുടെ കൂട്ടായ്മ പ്രതിഷേധക്കുറിപ്പ് ഇറക്കി.

എസ്എഫ്ഐ കേരള സര്‍വകലാശാല ആസ്ഥാനത്ത് നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍

ലോ കോളേജുകളിലെ പരീക്ഷാ മൂല്യനിര്‍ണയത്തിലെ അപാകതകള്‍ക്കെതിരെ എസ് എഫ് ഐ കേരള സര്‍വകലാശാല ആസ്ഥാനത്ത് നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. പൊലീസ് ബലം പ്രയോഗിച്ചു നീക്കിയതിനെതിരെ എസ്എഫ്ഐ കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പെണ്‍കുട്ടികളുടെ മുടിക്ക് കുത്തിപ്പിടിച്ച് ബലമായി നീക്കിയെന്ന് ആരോപിച്ച പ്രവര്‍ത്തകര്‍ പോലീസിനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

അര്‍ജുന്‍ ആയങ്കി കസ്റ്റഡിയില്‍

കോതമംഗലം, ഊന്നുകല്‍ എസ് എച്ച് ഒ മാരെ സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയെ എറണാകുളം കുട്ടമ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തു. തലശ്ശേരി സബ് ജയിലില്‍നിന്ന് പ്രൊഡക്ഷന്‍ വാറന്റ് ഹാജരാക്കിയാണ് കസ്റ്റഡിയിലെടുത്തത്. ആഭ്യന്തര മന്ത്രിയെ സമൂഹമാധ്യമത്തിലൂടെ അവഹേളിച്ച കേസില്‍ കസ്റ്റഡിയിലായിരുന്നു അര്‍ജുന്‍ ആയങ്കി.

പ്രളയ പ്രതിരോധന പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍

കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതിദുരന്തങ്ങളും കേരളത്തിലുണ്ടാക്കുന്ന മഴക്കെടുതിയും പ്രളയവും ശാസ്ത്രീയമായി പ്രതിരോധിക്കാൻ സംസ്ഥാന സര്‍ക്കാര്‍ പ്രളയ പ്രതിരോധന പദ്ധതി നടപ്പാക്കും. ഇതിന്റെ ഭാഗമായി ഐഐടികളിലെ വിദഗ്ധരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.

റേഷന്‍ കടകള്‍ വഴി ഓണക്കിറ്റ് വിതരണം ആരംഭിച്ചു

റേഷന്‍ കടകള്‍ വഴി സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം ആരംഭിച്ചെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്.

സ്വാതന്ത്ര്യദിനത്തലേന്ന് തലസ്ഥാനത്ത് വനിതകളുടെ രാത്രിനടത്തം

സ്വാതന്ത്ര്യദിനത്തലേന്ന് തലസ്ഥാനത്ത് രാത്രിനടത്തവുമായി വനിതകള്‍. സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ രാത്രിനടത്തം മുഖ്യമന്ത്രി വി ഡി സതീശന്‍ ഫ്ളാഗ് ഓഫ് ചെയ്തു. സ്ത്രീകളുടെ ഒത്തുചേരല്‍ ഏതു സമയവും സ്ത്രീകള്‍ക്കു സുരക്ഷിതമായി നടക്കാനുള്ള അന്തരീക്ഷമുണ്ടെന്ന സന്ദേശമാണ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ ബിന്ദു കൃഷ്ണ, കെ എ തുളസി, തിരുവനന്തപുരം കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ജി എസ് ആശാനാഥ്, വാര്‍ഡ് കൗണ്‍സിലര്‍ ഉള്‍പ്പെടെ ഉള്ളവര്‍ പങ്കെടുത്തു.

മെന്‍സ് അസോസിയേഷന്‍ ഭാരവാഹികളുടെ പരാമര്‍ശത്തിനെതിരെ മന്ത്രി ബിന്ദു കൃഷ്ണ

ഇത്രയ്ക്കു സംസ്‌കാര ശൂന്യരാണോ മെന്‍സ് അസോസിയേഷന്‍ ഭാരവാഹികളെന്ന് മന്ത്രി ബിന്ദു കൃഷ്ണ. ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ സ്ത്രീകള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയതിനോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.

വൈക്കം അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍

അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വൈക്കം അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ വിജിലന്‍സിന്റെ പിടിയിലായി. അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ റ്റി.ജി. ബിനീഷ്‌കുമാറാണ് തലയോലപ്പറമ്പ് സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റിലായത്.

ഡോ. ഡി സജിത് ബാബു സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസറാകും

ഡോ. ഡി സജിത് ബാബു സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസറാകും. കേരളം നല്‍കിയ മൂന്ന് പേരുടെ പട്ടികയില്‍ നിന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് സജിത് ബാബുവിന്റെ പേര് തെരഞ്ഞെടുത്തത്.

‘മൈ പോലീസ് സ്റ്റേഷന്‍’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം

പൊലീസ് സ്റ്റേഷന്‍ ജനങ്ങള്‍ക്ക് ഭയത്തിന്റെ ഇടമല്ല, സഹായവും സംരക്ഷണവും ലഭിക്കുന്ന ഇടമായി മാറണമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശന്‍. തിരുവനന്തപുരം പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ കേരള പോലീസിന്റെ ‘മൈ പോലീസ് സ്റ്റേഷന്‍’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ആദ്യത്തെ എലിവേറ്റഡ് ഹൈവേ

കേരളത്തിലെ ആദ്യത്തെ എലിവേറ്റഡ് ഹൈവേയുടെ സാധ്യതാ പഠനം ഉടനേ തുടങ്ങും. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ദേശീയപാത 66-ലെ കോഹിനൂരില്‍നിന്നാണു എലിവേറ്റഡ് ഹൈവേ നിര്‍മിക്കുക. നടപടികള്‍ വേഗത്തിലാക്കാന്‍ ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. സംസ്ഥാന ബജറ്റില്‍ വകയിരുത്തിയ ഒരു കോടി രൂപ ഉപയോഗിച്ച് സാധ്യതാ പഠനം ഉടനേ പൂര്‍ത്തിയാക്കും.

ചേര്‍ത്തലയില്‍ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയില്‍

ചേര്‍ത്തലയില്‍ ലഹരി വിറ്റു ലഭിച്ച മൂന്നര ലക്ഷം രൂപയും വന്‍തോതില്‍ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിലായി. ചേര്‍ത്തല മരുത്തോര്‍വട്ടം ഐക്കരശ്ശേരി വെളി വീട്ടില്‍ നാരായണന്റെ മകന്‍ ദിനീഷാണ് അറസ്റ്റിലായത്.

ടൂറിസം രംഗത്തെ വെല്ലുവിളികള്‍ നേരിടാന്‍ കേരളം സജ്ജമാകണമെന്ന് മന്ത്രി

ടൂറിസം രംഗത്തെ വെല്ലുവിളികള്‍ നേരിടാന്‍ കേരളം സജ്ജമാകണമെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ്. എറണാകുളത്ത് ഫിലിം സിറ്റി, മാരിടൈം മ്യൂസിയം തുടങ്ങിയ പദ്ധതികള്‍ വരുമെന്നും, ഒരുകാലത്ത് ഓഫ് സീസണായിരുന്ന മണ്‍സൂണ്‍ കാലം ഇന്ന് പ്രധാന ടൂറിസം സീസണായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ എസ്എഫ്ഐ സമരം തള്ളി

കാലടി സര്‍വകലാശാലയിലെ എസ്എഫ്ഐ സമരത്തെ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ തള്ളി. സമരക്കാര്‍ തന്നെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന് വൈസ് ചാന്‍സലര്‍ സിസ തോമസ് ആരോപിച്ചു. മന്ത്രി ആര്‍എസ്എസ്സിന്റെ നാവാണെന്ന് എസ്എഫ്ഐ ആരോപിച്ചു.

ബിവറേജസില്‍ മദ്യത്തിന് കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

കൊല്ലം കരുനാഗപ്പള്ളിയില്‍ ബിവറേജസില്‍ മദ്യത്തിന് കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ രണ്ട് ജീവനക്കാരെ സസ്പെന്റ് ചെയ്തു. സുധിന്‍ രാജ്, അമല്‍ദേവ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. അന്വേഷണ റിപ്പോര്‍ട്ടില്‍ ബെവ്കോ എംഡിയുടേതാണ് നടപടി.

കോഴിക്കോട് നടക്കാവിലെ ഹോട്ടലില്‍ അറബ് വനിതയെ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് നടക്കാവിലെ ഹോട്ടലില്‍ അറബ് വനിതയെ മരിച്ച നിലയില്‍ കണ്ടെത്തി. റാസല്‍ഖൈമ സ്വദേശിയായ സൈനബ് അലി ജുമാ മുഹമ്മദ് അല്‍ മര്‍സൂക്കി ആണ് മരിച്ചത്. കുടുംബസമേതം വിനോദസഞ്ചാരത്തിന് കേരളത്തില്‍ എത്തിയതായിരുന്നു ഇവര്‍.

കണ്ണൂര്‍ സര്‍വകലാശാലാ വിദ്യാര്‍ത്ഥി യൂണിയന്‍ എസ്എഫ്ഐ നിലനിര്‍ത്തി

കണ്ണൂര്‍ സര്‍വകലാശാലാ വിദ്യാര്‍ത്ഥി യൂണിയന്‍ എസ്എഫ്ഐ നിലനിര്‍ത്തി. മത്സരിച്ച മുഴുവന്‍ സീറ്റുകളിലും എസ്എഫ്ഐക്കാണ് വിജയം. കാസര്‍ക്കോട് ജില്ലാ എക്സിക്യൂട്ടീവ് സീറ്റ് യുഡിഎസ്എഫില്‍ നിന്നും എസ്എഫ്ഐ പിടിച്ചെടുത്തു.

ശബരിമല യാത്രയ്ക്കായി കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍

ശബരിമലയില്‍ നടക്കുന്ന ചിങ്ങമാസ പൂജ, ഓണം പൂജ എന്നിവയോടനുബന്ധിച്ച് അയ്യപ്പഭക്തരുടെ യാത്ര സുഗമവും സുരക്ഷിതവുമാക്കുന്നതിനായി കെഎസ്ആര്‍ടിസി വിപുലമായ യാത്രാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. നാളെ മുതല്‍ 28 വരെ വിവിധ കെഎസ്ആര്‍ടിസി യൂണിറ്റുകളില്‍ നിന്ന് പമ്പയിലേക്കും തിരിച്ചും പ്രത്യേക സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്.

ഓണക്കാലത്ത് കൂടുതല്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് ആവശ്യം

ഓണക്കാലത്ത് കേരളത്തിലേക്ക് കൂടുതല്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കെ സി വേണുഗോപാല്‍ എം പി റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനോട് ആവശ്യപ്പെട്ടു. ഡല്‍ഹി, മുംബൈ, ബംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ നിന്ന് ഓഗസ്റ്റ് 23, 24 തീയതികളില്‍ അധിക സര്‍വീസുകള്‍ വേണമെന്നാണ് ആവശ്യം.

ഓച്ചിറ നഴ്സിംഗ് കോളേജ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: എസ്എഫ്ഐ പ്രതിഷേധം അവസാനിപ്പിച്ചു

ഓച്ചിറ പരബ്രഹ്‌മ നഴ്സിംഗ് കോളേജിലെ വിദ്യാര്‍ത്ഥി അഹമ്മദ് നജാദിന്റെ ആത്മഹത്യയില്‍ എസ്എഫ്ഐ പ്രതിഷേധം അവസാനിപ്പിച്ചു. ആരോപണ വിധേയരായ നാല് അധ്യാപകരെ സസ്പെന്റ് ചെയ്യാമെന്ന കോളേജ് അധികൃതരുടെ ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചതെന്ന് എസ്എഫ്ഐ അറിയിച്ചു.

കലൂര്‍ സ്റ്റേഡിയം ഫ്ലഡ് ലൈറ്റ് വിവാദം: റഷ്യന്‍ കമ്പനി കബളിപ്പിക്കപ്പെട്ടതായി പരാതി

കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഫ്ലഡ് ലൈറ്റുകള്‍ സ്ഥാപിച്ച റഷ്യന്‍ കമ്പനിയെ സ്പോണ്‍സര്‍ വഞ്ചിച്ചതായി പരാതി. ലൈറ്റിങ് ടെക്നോളജീസ് എന്ന കമ്പനിക്ക് കരാര്‍പ്രകാരമുള്ള 3.68 കോടി രൂപ നല്‍കാതെ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റി ങ്കമ്പനി കബളിപ്പിച്ചെന്ന് ആരോപിച്ച് നിയമനടപടികള്‍ ആരംഭിച്ചു.

വ്യാജ പീഡന പരാതി കേസ്: അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു

തൃശൂര്‍ പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രി ഉണ്ണി ദാമോദരനും മരുമകന്‍ ടി.എ. അരുണിനും എതിരെ വ്യാജ പീഡന പരാതി നല്‍കിയ കേസില്‍ പ്രതികള്‍ക്കെതിരെ ബാനസവാടി പോലീസ് അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ 13 പ്രതികളാണുള്ളത്.

സ്വാതന്ത്ര്യദിനത്തില്‍ ആത്മപരിശോധന നടത്തണമെന്ന് പ്രതിപക്ഷ നേതാവ്

എണ്‍പതാം സ്വാതന്ത്ര്യദിനത്തില്‍, ഇന്ത്യയുടെ സമകാലികാവസ്ഥയെക്കുറിച്ച് ആത്മപരിശോധന നടത്തണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഭരണഘടനാ മൂല്യങ്ങള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും വര്‍ഗീയത, തൊഴിലില്ലായ്മ തുടങ്ങിയവയെക്കുറിച്ചും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ശബരിമല ടെണ്ടര്‍ വ്യവസ്ഥ പരിഷ്‌കരിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

ശബരിമല ടെണ്ടര്‍ വ്യവസ്ഥ പരിഷ്‌കരിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. കരാറുകാര്‍ സാധനങ്ങള്‍ സന്നിധാനത്ത് എത്തിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി. കരാറുകാര്‍ സാധനങ്ങള്‍ പമ്പയിലെത്തിച്ച് ദേവസ്വം ബോര്‍ഡിന് കൈമാരണം എന്നാണ് പുതിയ വ്യവസ്ഥ.

ഇടുക്കിയില്‍ ദമ്പതികളെ കൊലപ്പെടുത്തിയ മകൻ കസ്റ്റഡിയില്‍

ഇടുക്കിയില്‍ അച്ഛനെയും അമ്മയേയും കൊലപ്പെടുത്തി. നെടുംകണ്ടം എഴുകുംവയലില്‍ പാറത്തറയില്‍ അപ്പച്ചന്‍ എന്ന് വിളിക്കുന്ന ആന്റണി, ഭാര്യ വത്സമ്മയാണ് കൊല്ലപ്പെട്ടത്. മകന്‍ അജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍

മതിലകം പുതിയ കാവില്‍ ‘എസ്.ആര്‍.ഗോള്‍ഡ്’ എന്ന പേരില്‍ ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടിയ കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. പാപ്പിനിവട്ടം സ്വദേശി സുധീര്‍ (45), ഭാര്യ സുബൈദ (44) എന്നിവരാണ് മതിലകം പോലീസ് അറുതു ചെയ്തത്. മൂന്നു കോടി രൂപ നിക്ഷേപിച്ചാല്‍ ജ്വല്ലറിയില്‍ പാട്ണറാക്കാമെന്നു വാഗ്ദാനം ചെയ്ത് പാലക്കാട് കുഴല്‍മന്ദം സ്വദേശിയില്‍ നിന്നാണ് ഇവര്‍ പണം തട്ടിയത്.

ഭാര്യയെ മര്‍ദിച്ച ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച പ്രതി പിടിയില്‍

സംശയത്തിന്റെ പേരില്‍ ഭാര്യയെ മര്‍ദിക്കുകയും മര്‍ദന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതി പിടിയില്‍. റാന്നി വടശ്ശേരിക്കര സ്വദേശി റെജി (54) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

രാഷ്ട്രനിര്‍മാണത്തില്‍ എല്ലാവരും പങ്കാളികളാകണമെന്ന് രാഷ്ട്രപതി

രാഷ്ട്രനിര്‍മാണത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നും വികസിത ഭാരത നിര്‍മാണത്തില്‍ നാം മുന്നേറുന്നുവെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. സര്‍ക്കാര്‍ ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുമെന്നും രാഷ്ട്രപതി പരാമര്‍ശിച്ചു.

മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ ആരോപണത്തിന് മറുപടിയുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ദളിതനായതുകൊണ്ട് വേദി ശുദ്ധീകരിച്ചെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ആരോപിച്ച സംഘടനക്ക് ബിജെപിയുമായി ബന്ധമില്ലെന്ന് ഉത്തരഖണ്ഡ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പുഷ്‌കര്‍ സിംഗ് ധാമി.

കര്‍ണാടകയില്‍ വനിതാ പൊലീസ് എസ്ഐയെ മര്‍ദിച്ച സംഭവം

കര്‍ണാടകയില്‍ വനിതാ പൊലീസ് എസ്ഐയെ ബിജെപി എംഎല്‍എയുടെ മകളും എസിപിയുടെ ഭാര്യുമായ യുവതി മര്‍ദിച്ചു. മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണത്തെ ഒരു ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐ സവിത പാട്ടീലിനെയാണ് ബി. സുരേഷ് ഗൗഡ എം.എല്‍.എയുടെ മകളും എ.സി.പി ഗൗതമിന്റെ ഭാര്യയുമായ ഐശ്വര്യ മര്‍ദിച്ചത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തെങ്കിലും ഐശ്വര്യയെ കസ്റ്റഡിയിലെടുത്തിട്ടില്ല.

ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ അടുത്ത മാസം ഇന്ത്യയിലെത്തും

ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ അടുത്ത മാസം ഇന്ത്യയിലെത്തും. പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്.

സിന്ധു നദീജല കരാര്‍ മരവിപ്പിച്ച തീരുമാനത്തില്‍ മാറ്റമില്ലെന്ന് ഇന്ത്യ

പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം വഷളായിരിക്കേ, സിന്ധു നദീജല കരാര്‍ മരവിപ്പിച്ച തീരുമാനത്തില്‍ ഒരു മാറ്റമില്ലെന്ന് ഇന്ത്യ. നദീജലം തടഞ്ഞാല്‍ ഇന്ത്യയ്‌ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഭീഷണി മുഴക്കിയതിന് പിറകേയാണ് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇന്ത്യക്കു ചരിത്രനേട്ടം കുറിച്ച് കരസേനയുടെ കായിക താരങ്ങള്‍

ഗ്ലാസ്ഗോയില്‍ സമാപിച്ച കോമണ്‍വെല്‍ത്ത് ഗെയിംസ് 2026ല്‍ ഇന്ത്യക്കു ചരിത്രനേട്ടം കുറിച്ച് കരസേനയുടെ കായിക താരങ്ങള്‍. രാജ്യത്തിനായി നേടിയ ആകെ 39 മെഡലുകളില്‍ 16 എണ്ണവും സ്വന്തമാക്കിയത് വെറും 15 പേരടങ്ങുന്ന ആര്‍മി കായിക സംഘമാണ്.

സോവറിന്‍ ഗോള്‍ഡ് ബോണ്ട് കാലാവധി പൂര്‍ത്തിയാക്കി പിന്‍വലിക്കാം

2019-20 കാലയളവില്‍ നിക്ഷേപിച്ച സോവറിന്‍ ഗോള്‍ഡ് ബോണ്ട് ഇപ്പോള്‍ തിരികെയെടുക്കാം. 2019-ല്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചവര്‍ക്ക് 4.44 ലക്ഷം രൂപ തിരികെ ലഭിക്കും. ഏഴു വര്‍ഷ കാലയളവിനുള്ളില്‍ നിക്ഷേപത്തുകയുടെ മൂന്നരയിരട്ടിയിലധികമാണ് നേട്ടം. ഈ സീരീസില്‍ നിക്ഷേപിച്ചവര്‍ക്ക് ഒരു യൂണിറ്റിന് 15,310 രൂപയാണ് തിരികെയെടുക്കല്‍ തുകയായി നിശ്ചയിച്ചിട്ടുള്ളത്. ഏഴു വര്‍ഷത്തിനിടെ 344 ശതമാനമാണ് നേട്ടം. ഓണ്‍ലൈന്‍ വഴി നിക്ഷേപിച്ചവര്‍ അന്ന് ഒരു യൂണിറ്റിന് 3,449 രൂപയാണ് മുടക്കിയത്. ഇതുപ്രകാരം ഒരു ലക്ഷം രൂപ നിക്ഷേപിച്ചവര്‍ക്ക് 28.99 യൂണിറ്റുകള്‍ ലഭിച്ചു. ആര്‍.ബി.ഐ. നിശ്ചയിച്ച 15,310 രൂപ നിരക്കില്‍ ഈ യൂണിറ്റുകള്‍ പണമാക്കുമ്പോള്‍ 4,44,836 രൂപ ലഭിക്കും. തിരികെയെടുക്കല്‍ തീയതിക്ക് തൊട്ടുമുമ്പുള്ള മൂന്ന് പ്രവൃത്തി ദിവസങ്ങളിലെ സ്വര്‍ണവിലയുടെ ശരാശരി എടുത്താണ് വില നിശ്ചയിക്കുന്നത്. 999 ശുദ്ധിയുള്ള (24 കാരറ്റ്) സ്വര്‍ണത്തിന്റെ വിലയാണ് പരിഗണിക്കുക.

പേടിഎമ്മില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സേവനം

പ്രമുഖ ഡിജിറ്റല്‍ പേയ്മെന്റ് ആപ്പായ പേടിഎമ്മില്‍ ഇനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും. ആന്ത്രോപിക് വികസിപ്പിച്ച ക്ലൗഡ് എഐ പ്ലാറ്റ്‌ഫോമുമായി സഹകരിച്ചാണ് പേടിഎം പുതിയ സേവനം നടപ്പിലാക്കാന്‍ പോകുന്നത്. ഇതുവഴി ഇടപാടുകള്‍, റീഫണ്ടുകള്‍, സെറ്റില്‍മെന്റ് വിവരങ്ങള്‍, തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാന്‍ വ്യത്യസ്ത ഡാഷ്ബോര്‍ഡുകളുടെ ആവശ്യമില്ല. പേടിഎം പേയ്‌മെന്റ് ഗേറ്റ്വേ സേവനങ്ങള്‍ ഉപയോഗിക്കുന്ന വ്യാപാരികള്‍ക്ക് ഇനി മുതല്‍ ലളിതമായ എഐ നിര്‍ദ്ദേശങ്ങളിലൂടെ തങ്ങളുടെ പേയ്‌മെന്റ് വിവരങ്ങള്‍ പരിശോധിക്കാനാകും. വണ്‍ 97 കമ്മ്യൂണിക്കേഷന്‍സിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള പേടിഎം പേയ്‌മെന്റ് സര്‍വീസസ് ലിമിറ്റഡ് ആണ് ഈ പുതിയ സംവിധാനം അവതരിപ്പിച്ചത്. ഡെവലപ്പര്‍മാര്‍ക്കും ബിസിനസ്സുകാര്‍ക്കും തങ്ങളുടെ പേയ്‌മെന്റ് വിവരങ്ങള്‍ അതിവേഗം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സേവനം ആരംഭിച്ചിരിക്കുന്നത്.

‘ബത്ലഹേം കുടുംബ യൂണിറ്റ്’ ട്രെയിലര്‍ പുറത്ത്

നിവിന്‍ പോളി – ഗിരീഷ് എ ഡി ചിത്രം ‘ബത്ലഹേം കുടുംബ യൂണിറ്റ്’ ട്രെയിലര്‍ പുറത്ത്. പ്രേക്ഷകരുടെ പള്‍സറിഞ്ഞ് കിടിലന്‍ നര്‍മ്മ മുഹൂര്‍ത്തങ്ങളുമായാണ് ചിത്രം എത്തുന്നത്. ഓഗസ്റ്റ് 21-നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. മൂന്ന് മിനിറ്റോളം ദൈര്‍ഘ്യമുള്ള ട്രെയിലര്‍ ചിത്രമൊരു കംപ്ലീറ്റ് ഓണം പാക്കേജ് ആയിരിക്കുമെന്ന് സമര്‍ത്ഥിക്കുന്നതാണ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗിരീഷ് എ.ഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കര്‍, വിനയ് ഫോര്‍ട്ട്, റോഷന്‍ ഷാനവാസ്, ശ്യാം മോഹന്‍, ഷമീര്‍ ഖാന്‍, ശ്രിന്ദ, പാര്‍വതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്.

അമല്‍ നീരദ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപനം

കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, നസ്ലിന്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷറഫുദ്ദീന്‍, ഷൈന്‍ ടോം ചാക്കോ, രജിഷ വിജയന്‍, ഹന്‍സിക കൃഷ്ണ എന്നിവരെ പ്രധാന വേഷങ്ങളില്‍ അണിനിരത്തി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ‘ബാച്ച്ലര്‍ പാര്‍ട്ടി D’EUX’ നവംബര്‍ 19ന് ലോക വ്യാപകമായി റിലീസ് ചെയ്യും. 2012ല്‍ പുറത്തിറങ്ങിയ അമല്‍ നീരദ് ചിത്രം ബാച്ച്ലര്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട പേരാണെങ്കിലും, പുതിയ ചിത്രത്തിന്റെ കഥയെയും കഥാപാത്രങ്ങളെയും സംബന്ധിച്ച കൂടുതല്‍ ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെയും അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റസിന്റെയും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്റെയും ബാനറില്‍ അമല്‍ നീരദ്, അന്‍വര്‍ റഷീദ്, നസ്രിയ നസിം എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. എ&എ റിലീസാണ് ചിത്രം തിയേറ്റുകളിലെത്തിക്കുന്നത്.

സ്‌കോഡ കൈലാക് വില്‍പ്പനയില്‍ മുന്നില്‍

ഇന്ത്യന്‍ വാഹന വിപണിയില്‍ സ്‌കോഡയുടെ ഏറ്റവും ജനപ്രിയ മോഡലായി കൈലാക് വീണ്ടും. 2026 ജൂലൈയിലെ വില്‍പ്പന കണക്കുകളിലും കമ്പനിയുടെ മറ്റ് മോഡലുകളെ ഏറെ പിന്നിലാക്കി കൈലാക് ഒന്നാമതെത്തി. 3,727 യൂണിറ്റുകളുടെ വില്‍പ്പനയോടെ സ്‌കോഡയുടെ ആകെ വില്‍പ്പനയുടെ ഏകദേശം 65.28% കൈലാക് സ്വന്തമാക്കി. 7.59 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ എക്സ്-ഷോറൂം വില. 2025 ജൂലൈയില്‍ 3,377 യൂണിറ്റ് കൈലാക് വിറ്റപ്പോള്‍ 2026 ജൂലൈയില്‍ വില്‍പ്പന 3,727 യൂണിറ്റായി ഉയര്‍ന്നു. 350 യൂണിറ്റിന്റെ അധിക വില്‍പ്പനയാണ് രേഖപ്പെടുത്തിയത്. ഇതോടെ വാര്‍ഷിക വളര്‍ച്ച 10.36% ആയി. ജൂണിലെ 4,039 യൂണിറ്റിനെ അപേക്ഷിച്ച് പ്രതിമാസ വില്‍പ്പനയില്‍ 7.72% കുറവുണ്ടെങ്കിലും കമ്പനിയുടെ ഏറ്റവും വലിയ വില്‍പ്പന സംഭാവന കൈലാക് തന്നെയാണ്. സ്‌കോഡയുടെ സെഡാന്‍ മോഡലായ സ്ലാവിയയ്ക്ക് ജൂലൈയില്‍ വില്‍പ്പന ഇടിഞ്ഞു.

‘പച്ച നിറമുള്ള സന്തോഷങ്ങള്‍’ പുസ്തകം പുറത്തിറങ്ങി

നഷ്ടപ്പെട്ടുപോയ വേരുകളെയും മുറിവേറ്റ സ്വപ്നങ്ങളെയും പച്ചനിറമുള്ള ഓര്‍മ്മകളിലേക്ക് തുന്നിച്ചേര്‍ക്കുന്ന എട്ടു കഥകള്‍. ജീവിത യാഥാര്‍ ത്ഥ്യങ്ങളുടെ കയ്പ്പും, ഗൃഹാതുരത്വത്തിന്റെ മധുരവും ഒരേപോലെ ചാലിച്ചെടുത്ത രചന. വിങ്ങുന്ന നോവുകളുടെ, സ്നേഹക്കൊതികളുടെ, കുളിര്‍ക്കുന്ന സന്തോഷങ്ങളുടെ പച്ചയായ ആവിഷ്‌കാരം! കുഞ്ഞു റേച്ചലിന്റെ മുതല്‍ ഭര്‍തൃമതിയായ അഹല്യയുടെ വരെ പോരാട്ട ത്തിന്റെ അടയാളപ്പെടുത്തല്‍ കൂടിയാണ് ഈ കഥാസമാഹാരം. ‘പച്ച നിറമുള്ള സന്തോഷങ്ങള്‍’. അനീഷ നീലി. ഇന്‍സൈറ്റ് പബ്ളിക്ക. വില 95 രൂപ.

ഉമിനീരിലൂടെ വായയിലെ അര്‍ബുദ സാധ്യത കണ്ടെത്താനുള്ള സാങ്കേതികവിദ്യ

ഉമിനീരിലൂടെ വായയിലെ അര്‍ബുദ സാധ്യത കണ്ടെത്താനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ച് ഇന്‍ഡോര്‍ ഐഐടിയിലെ ഗവേഷകര്‍. ഉമിനീരും വായുടെ ഉള്‍ഭാഗത്തുനിന്നുള്ള സ്വാബും ഉപയോഗിച്ചാണ് വായയിലെ അര്‍ബുദത്തിന്റെപ്രാരംഘട്ട ലക്ഷണങ്ങള്‍ കണ്ടെത്തുന്നതെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. ‘ബ്രിട്ടീഷ് ജേണല്‍ ഓഫ് കാന്‍സര്‍’ എന്ന ജേര്‍ണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഐഐടിയിലെ പ്രൊഫസറായ ഹേം ചന്ദ്ര ജായുടെ നേതൃത്വത്തിലാണ് ഗവേഷണം നടത്തിയത്. വായയില്‍ കാന്‍സറുണ്ടെന്ന് സംശയിക്കുന്ന ഭാഗത്തുനിന്ന് ബയോപ്സി പരിശോധനയിലൂടെ ചെറിയൊരു ടിഷ്യൂ എടുത്തു പരിശോധിക്കുന്ന രീതിയാണ് നിലവിലുള്ളത്. വേദനാജനകമായ ബയോപ്സി, കാന്‍സര്‍ നിര്‍ണയത്തില്‍ പ്രധാനമാണെങ്കിലും വേദനാജനകമല്ലാത്ത പുതിയരീതിയിലൂടെ കാന്‍സറിനെ പ്രാരംഭഘട്ടത്തില്‍ത്തന്നെ തിരിച്ചറിയാനാവുമെന്നാണ് ഗവേഷകരുടെ വാദം. ഉമിനീരിലൂടെ വായയുടെ ഉള്ളില്‍ നടക്കുന്ന കെമിക്കല്‍ സിഗ്നലുകളും സ്വാബിലൂടെ ടിഷ്യുവില്‍ നിന്ന് നേരിട്ടുള്ള കോശങ്ങളെയും പ്രോട്ടീനുകളെയും ശേഖരിക്കാന്‍ സാധിക്കും. തുടര്‍ന്നാണ് ആരോഗ്യകരമായ ടിഷ്യൂ കാന്‍സറിനു മുന്നെയുള്ള അവസ്ഥയിലേക്കും കാന്‍സറിയിലേക്കും മാറുന്നതിനേക്കുറിച്ച് പരിശോധിച്ചത്. പല ലക്ഷണങ്ങളും പ്രകടമാകുന്നതിനുമുമ്പ് തന്നെ വായയിലെ കാന്‍സറിന്റെ അടയാളങ്ങള്‍ ഉമിനീരിലും വായയുടെ ശ്ലേഷ്മ ഉപരിതലത്തിലും ലഭ്യമാകു മെന്ന് ഗവേഷകര്‍ പറയുന്നു. ഇതിലൂടെ രോഗം മുന്‍കൂട്ടി കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് ഗവേഷകര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here