26.7 C
Kollam
Wednesday 8th July, 2026 | 08:27:01 AM
Home News പത്രം മലയാള ദിനപത്രങ്ങളിലൂടെ| 2026 | ജൂലൈ 8, ബുധന്‍<

പത്രം മലയാള ദിനപത്രങ്ങളിലൂടെ| 2026 | ജൂലൈ 8, ബുധന്‍<

വയനാട് മേപ്പാടി മണ്ണിടിച്ചിൽ: രക്ഷാപ്രവർത്തനം ഊർജിതം

വയനാട് മേപ്പാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ച മൂന്നു പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. തുരങ്ക പാത എൻജിനിയർ അടക്കം അഞ്ചു പേരെ കാണാതായിട്ടുണ്ട്. മരിച്ച മൂന്നുപേരും ഇതര സംസ്ഥാന തൊഴിലാളികളാണ്. എൻഡിആർഎഫിന്റെ നേതൃത്വത്തിലുള്ള രണ്ടു സംഘം രക്ഷാപ്രവർത്തനം രാത്രിയിലും തുടർന്നു. മന്ത്രിമാരായ ടി സിദ്ദിഖ്, എ പി അനില്കുമാർ എന്നിവർ സ്ഥലത്തെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ഇന്ന് ഉച്ചയോടെ മുഖ്യമന്ത്രി വി.ഡി. സതീശൻ ഹെലികോപ്റ്റർ മാർഗം ദുരന്ത സ്ഥലത്തെത്തും. വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.

അപകടകാരണം കരാറുകാരുടെ അനാസ്ഥ

തുരങ്കപാത നിർമാണത്തിന്റെ മണ്ണ് കനത്ത മഴയിൽ കുതിർന്ന് നിരങ്ങി നീങ്ങിയതാണ് അപകടകാരണം. മണ്ണു നീക്കം ചെയ്യണമെന്ന് മരാമത്തു വകുപ്പും ജില്ലാ കളക്ടറും നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മണ്ണു നീക്കം ചെയ്യാതെ മണ്ണിനു മുകളിൽ വലിയ ടാർപായ വിരിക്കുകയാണ് കരാറുകാർ ചെയ്തത്. പരിസരത്തുള്ള കുടുംബങ്ങളിലെ 142 പേരെ മേപ്പാടി പോളിടെക്നികിലെ ദുരിതാശ്വാസ ക്യാമ്പിലേക്കു മാറ്റിപാർപ്പിച്ചു. മീനാക്ഷി എസ്റ്റേറ്റിൽ നിന്നുള്ള 21 കുടുംബങ്ങളെ ചുളിക്ക ജിഎൽപി സ്കൂളിലേക്ക് മാറ്റി. മേപ്പാടി പോലീസ് കേസെടുത്തു.

മേപ്പാടി ദുരന്തം: രാഷ്ട്രീയ നേതൃത്വങ്ങളുടെ പ്രതികരണം

ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം ലഭ്യമാക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടു. സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയുണ്ടെന്നും പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ സംവിധാനങ്ങൾക്കും രക്ഷാപ്രവർത്തനങ്ങൾക്കുമൊപ്പം സി പി എം പ്രവർത്തകർ രംഗത്തിറങ്ങുമെന്നു സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അറിയിച്ചു. കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവരോട് പ്രിയങ്കാഗന്ധി എംപി അനുശോചനം അറിയിച്ചു. അശാസ്ത്രീയമായി മണ്ണ് തള്ളിയതിന്റെ ഉത്തരവാദിത്തം കരാറുകാരന്റെ തലയിൽ കെട്ടിവെച്ച് സർക്കാരിന് കൈകഴുകാൻ കഴിയില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ എംഎൽഎ പ്രതികരിച്ചു.

പിഎസ്‌സി നിയമന തട്ടിപ്പ്: വിശദീകരണവുമായി പിഎസ്‌സി

നിയമന തട്ടിപ്പ് വിവരങ്ങൾ പുറത്തു വന്നതിന് പിറകേ വിശദീകരണവുമായി പി എസ് സി രംഗത്തെത്തി. കമ്മീഷന്റെ പ്രവർത്തനങ്ങൾ പൂർണ്ണമായും സ്വതന്ത്രവും സുതാര്യവും ഭരണഘടനാധിഷ്ഠിതവുമാണെന്നും ഉദ്യോഗാർത്ഥികളുടെ വിശ്വാസം കാത്തു സൂക്ഷിക്കുമെന്നും പിഎസ് സി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

വിജിലൻസ് ചട്ടങ്ങളിൽ മാറ്റം

സർക്കാർ ഉദ്യോഗസ്ഥനെതിരെ അഴിമതി തെളിഞ്ഞാൽ സർക്കാരിന്റെ അനുമതി വാങ്ങാതെ അന്വേഷണം നടത്താവുന്ന രീതിയിലേക്ക് വിജിലൻസ് ചട്ടങ്ങൾ പരിഷ്കരിക്കുന്നു. വിജിലൻസ് ഉദ്യോഗസ്ഥർക്കു യൂണിഫോം നൽകും. ഡയറക്ടർക്ക് പരമാധികാരം നൽകുന്ന പുതിയ വിജിലൻസ് മാനുവൽ ഇന്ന് ആഭ്യന്തരമന്ത്രി പുറത്തിറക്കും.

പിണറായി വിജയന്റെ വസതിയിൽ പരിശോധന

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂരിലെ വസതിക്കു മുന്നിൽ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ എത്തി വീടിന്റെയും പരിസരങ്ങളുടേയും ഫോട്ടോകളെടുത്തു. പാതിരിയാട് വില്ലേജ് ഓഫീസറേയും കൂട്ടിയാണ് ഉദ്യോഗസ്ഥർ എത്തിയത്.

ഐഎച്ച്ആർഡി ഡയറക്ടറെ മാറ്റി

ഐഎച്ച്ആർഡി ഡയറക്ടർ സ്ഥാനത്ത് നിന്ന് വിഎസ് അച്യുതാനന്ദന്റെ മകൻ വിഎ അരുൺകുമാറിനെ മാറ്റി. പകരം പ്രൊഫ. എംവി രാജേഷിനെ നിയമിച്ചു. പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജിലെ പ്രിൻസിപ്പലാണ് രാജേഷ്.

കാഫിർ സ്‌ക്രീൻ ഷോട്ട് കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി.

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിയിൽ ഐ എൻ ടി യു സി നേതാവ് ആർ ചന്ദ്രശേഖരനടക്കമുള്ള പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ സർക്കാറിന്റെ പുതിയ ഉത്തരവ് ഹൈക്കോടതിയിൽ സമർപ്പിച്ചു. കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ പോകാനുള്ള സർക്കാറിന്റെ അവകാശം നിലനിർത്തിക്കൊണ്ടാണ് പുതിയ ഉത്തരവ്.

രണ്ടാം മെഡിക്കൽ കോളേജ്

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജിന് എത്രയും വേഗം അനുമതി ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ. ഓൺലൈൻ യോഗത്തിൽ ആരോഗ്യമന്ത്രി കെ.മുരളീധരനാണ് ആവശ്യം ഉന്നയിച്ചത്.

സ്ഥാനമാറ്റങ്ങൾ

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി എൻ ശേഷാദ്രിനാഥൻ ചുമതലയേറ്റു. എ.കെ ആന്റണിക്കെതിരായ സൈബര്‍ ആക്രമണത്തിൽ സൈബർ പോലീസ് കേസെടുത്തു.

ഡിജെ പാർട്ടികൾക്കെതിരെ പോലീസ്

കൊച്ചിയിലെ രാത്രികാല ഡിജെ പാർട്ടിളിൽ കുറ്റകൃത്യങ്ങൾ പെരുകുന്നതായി ആരോപിച്ച് പോലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. 2023 മുതൽ 27 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

നെടുമ്പാശേരിയിൽ ലഹരി വേട്ട

നെടുമ്പാശേരി വിമാനത്താവളത്തിൽ ഹൈഡ്രോപോണിക് കഞ്ചാവുമായി യുവതി കസ്റ്റംസിന്റെ പിടിയിലായി. തൃശൂർ കോട്ടപ്പുറം സ്വദേശിനി റിച്ചി ആന്റണിയാണ് അറസ്റ്റിലായത്.

വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റിനെതിരെ കേസ്

തിരുവനന്തപുരം വെള്ളനാട് പഞ്ചായത്ത് പ്രസിഡണ്ട് വെള്ളനാട് ശശിക്കെതിരേ കേസ്. വീടിന്റെ മതിൽ കെട്ടുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ വീട്ടുമസ്ഥന്റെ കൈ തല്ലിയൊടിച്ചെന്നാണ് കേസ്.

തമിഴ്നാട് രാഷ്ട്രീയം

നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ വിജയം ചോദ്യം ചെയ്തുള്ള തെരഞ്ഞെടുപ്പ് ഹർജികൾ മദ്രാസ് ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കായിക മന്ത്രി ആദവ് അർജുനയുടെ വിജയത്തെ ചോദ്യം ചെയ്ത ഹർജിയും ഫയലിൽ സ്വീകരിച്ചു. ടാസ്മാക് മദ്യവിൽപ്പനശാലകളിലെ ജീവനക്കാർക്ക് 25 ശതമാനം ശമ്പളവർദ്ധന തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചു.

അയോദ്ധ്യ ശ്രീരാമ ക്ഷേത്രം

അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിൽ കാണിക്ക എണ്ണുന്ന ജീവനക്കാർക്ക് യൂണിഫോം ഏർപ്പെടുത്തി. പോക്കറ്റില്ലാത്ത ഗൗൺ ധരിച്ചു മാത്രമേ ഇനി കാണിക്ക എണ്ണാവൂ എന്ന് നിർദ്ദേശം. എണ്ണുന്നതിന് മുൻപും ശേഷവും ദേഹപരിശോധനയും ഉണ്ടാകും.

നാഷണൽ മെഡിക്കൽ കമ്മീഷൻ നിർദ്ദേശം

മെഡിക്കൽ കോളേജുകളിലെ സിസിടിവികൾ കേന്ദ്ര നെറ്റ്വർക്കുമായി ബന്ധിപ്പിക്കണമെന്ന് നാഷണൽ മെഡിക്കൽ കമ്മീഷന്റെ കർശന നിർദേശം. രാജ്യത്തെ 70 മെഡിക്കൽ കോളേജുകൾക്കാണ് നിർദേശം നൽകിയത്.

കോക്രോച്ച് ജനതാ പാർട്ടി

കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് പുനഃസ്ഥാപിക്കാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു.

വാണിജ്യ കരാറും ഇന്ധന നയവും

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ നിലവിൽവരുന്ന 15 മുതൽ വിദേശ മദ്യത്തിന്റെ വില കുറയും. രാജ്യത്ത് ഇ 25 പെട്രോൾ നടപ്പാക്കാൻ സമയമെടുക്കുമെന്ന് കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.

അന്താരാഷ്ട്ര വാർത്തകൾ

ഹോർമൂസിൽ 24 മണിക്കൂറിനുള്ളിൽ മൂന്നു കപ്പലുകളെ ഇറാൻ ആക്രമിച്ചു. തിരിച്ചടിയായി അമേരിക്ക ഇറാനിലെ സൈനിക കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി. ഇറാനിൽ ആയത്തുള്ള അലി ഖമനെയിയുടെ വിലാപയാത്രയിൽ ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്തു. മൈക്രോസോഫ്റ്റിൽ 4800 പേരെ പിരിച്ചുവിട്ടു. ഖത്തറിൽ മധുരപാനീയങ്ങൾക്ക് പുതിയ എക്സൈസ് നികുതി നിലവിൽ വന്നു.

വെസ്റ്റ് ബാങ്ക് സംഘർഷം

വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ അഭയാർത്ഥി ക്യാമ്പിൽ നിർത്തിയിട്ട കാറിലേക്ക് ഇസ്രായേൽ പോലീസ് ഉദ്യോഗസ്ഥൻ ‘സ്റ്റൺ ഗ്രനേഡ്’ എറിയുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

ചൈനീസ് ചുഴലിക്കാറ്റ്

ചൈനയുടെ തെക്കൻ മേഖലകളിൽ മായ്സാക് ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചു. പ്രളയത്തിൽ രണ്ട് പേർ മരിക്കുകയും പതിനായിരക്കണക്കിന് ആളുകൾ ഭവനരഹിതരാകുകയും ചെയ്തു.

ഇന്ത്യ-ഇന്തോനേഷ്യ ബന്ധം

ഇന്തോനേഷ്യയ്ക്ക് ഇന്ത്യ ആസ്ട്ര മിസൈലുകളും കൂടുതൽ ബ്രഹ്‌മോസ് മിസൈലുകളും കൈമാറും. ഐഐഎം, ഐഐടി ക്യാമ്പസുകൾ ഇന്തോനേഷ്യയിൽ തുറക്കാനും ധാരണയായി.

കായിക വാർത്തകൾ

ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 യിൽ ഇന്ത്യക്ക് 125 റൺസിന്റെ തോൽവി. ഈജിപ്തിനെ തോൽപ്പിച്ച് അർജന്റീന ക്വാർട്ടറിൽ കടന്നു. കൊളംബിയയെ തോൽപ്പിച്ച് സ്വിറ്റ്സർലൻഡും ക്വാർട്ടറിലേക്ക് പ്രവേശിച്ചു.

എണ്ണവില കുറച്ചു

ഏഷ്യൻ രാജ്യങ്ങൾക്കായുള്ള ക്രൂഡ് ഓയിൽ വിലയിൽ വൻ കുറവ് പ്രഖ്യാപിച്ച് സൗദി അറേബ്യ. ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കിഴിവാണ് സൗദി അരാംകോ പ്രഖ്യാപിച്ചിരിക്കുന്നത്.

ഗൂഗിൾ പിക്സൽ പുതിയ മോഡലുകൾ

ഗൂഗിൾ തങ്ങളുടെ അടുത്ത തലമുറ പിക്സൽ സ്മാർട്ട്‌ഫോൺ ശ്രേണി അവതരിപ്പിക്കാൻ ഒരുങ്ങുന്നു. പിക്സൽ 11 സീരീസിൽ നാല് മോഡലുകൾ ഉണ്ടായേക്കും.

സിനിമ

നിസാം ബഷീർ സംവിധാനം ചെയ്യുന്ന ‘ഐ നോബഡി’യുടെ ബുക്കിങ് ആരംഭിച്ചു. പുനീത് സംവിധാനം ചെയ്യുന്ന മലയാള ചിത്രമായ ‘അച്യുത അവതാര’ത്തിലെ പുതിയ ഗാനം റിലീസായി.

ഇലക്ട്രിക് സ്‌കൂട്ടർ

കീവേ ഇന്ത്യ തങ്ങളുടെ ആദ്യ പ്രീമിയം പെർഫോമൻസ് ഇ-സ്‌കൂട്ടർ ‘കീവേ ഹൈപ്പവോൾട്ട്-ആർ’ വിപണിയിലെത്തിച്ചു.

പുസ്തകം

‘ഒരു ആദിവാസി വൈസ് ചാൻസലറുടെ കഥ’ എന്ന പുസ്തകം പുറത്തിറങ്ങി. പ്രൊഫ. ചി.വി കട്ടിമണിയാണ് രചയിതാവ്.

ആരോഗ്യ കുറിപ്പ്

ഡെങ്കിപ്പനി ഭേദമാക്കാൻ പപ്പായയുടെ ഇല അരച്ച് കുടിക്കുന്നത് കൊണ്ട് ഫലമുണ്ടെന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here