പത്രം മലയാള ദിനപത്രങ്ങളിലൂടെ
2026 | മേയ് 22, വെള്ളി
1201 | ഇടവം 8 , ആയില്യം
ഇന്ത്യൻ ആണവോർജ മേഖലയിൽ അമേരിക്കൻ കമ്പനികൾക്ക് അവസരം
ഇന്ത്യന്‍ ആണവോര്‍ജ മേഖലയെ അമേരിക്കന്‍ കുത്തക കമ്പനികള്‍ക്കു തുറന്നുകൊടുക്കാനുള്ള നീക്കവുമായി മോദി സര്‍ക്കാര്‍. അമേരിക്കയില്‍ നിന്നെത്തിയ പ്രത്യേക ആണവോര്‍ജ പ്രതിനിധി സംഘവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാ രാമനും ഊര്‍ജമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറും ശാസ്ത്രസാങ്കേതിക മന്ത്രി ജിതേന്ദ്ര സിങ്ങും ചര്‍ച്ച നടത്തി. മുംബൈയിലെത്തിയ അമേരിക്കന്‍ സംഘം റിലയന്‍സ്, അദാനി, ടാറ്റ, വേദാന്ത, ഹിന്‍ഡാല്‍കോ തുടങ്ങി ആണവോര്‍ജ മേഖലയില്‍ സഹകരണം താല്‍പ്പര്യപ്പെടുന്ന ഇന്ത്യന്‍ കുത്തകകളുമായും കൂടിയാലോചന നടത്തി.
കേരള നിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പ് ഇന്ന്
കേരളത്തില്‍ നിയമസഭാ സ്പീക്കറെ ഇന്നു തിരഞ്ഞെടുക്കും. മുന്‍മന്ത്രിയും സീനിയര്‍ കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. എ.സി.മൊയ്തീന്‍ ഇടതുമുന്നണിയുടെയും ബി.ബി.ഗോപകുമാര്‍ ബി.ജെ.പിയുടെയും സ്ഥാനാര്‍ത്ഥികളാണ്. പ്രോടെം സ്പീക്കര്‍ ജി.സുധാകരന്റെ അദ്ധ്യക്ഷതയിലാണ് വോട്ടെടുപ്പ്.
കിഴക്കമ്പലം കുടിയൊഴിപ്പിക്കൽ നടപടി സങ്കീർണമാകുന്നു
കിഴക്കമ്പലം മലയിടംതുരുത്തിലെ കുടിയിറക്കല്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നു. ശനിയാഴ്ച കുടിയൊഴിപ്പിക്കല്‍ പൂര്‍ത്തിയാക്കണമെന്ന് പെരുമ്പാവൂര്‍ മുന്‍സിഫ് കോടതി. ഉത്തരവ് നടപ്പാക്കി 23 ന് റിപ്പോര്‍ട്ട് നല്‍കാനും കോടതി ഉദ്യോഗസ്ഥര്‍ക്കും അഡ്വക്കേറ്റ് കമ്മീഷണര്‍ക്കും സുരക്ഷ ഉറപ്പാക്കാനും കോടതി നിര്‍ദ്ദേശം നല്‍കി.
മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: സമഗ്ര അന്വേഷണത്തിന് നിർദേശം
മലയിടംതുരുത്തിലെ ഭൂമി കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട പൊലീസ് നടപടികളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ടു സമര്‍പ്പിക്കണമെന്ന് ഡിജിപിക്കു നിര്‍ദേശം നല്‍കി. സമരം ഏറ്റെടുത്ത് സിപിഎം രംഗത്തിറങ്ങി.
പതിമൂന്നാം നമ്പർ കാർ സ്വന്തമാക്കി മന്ത്രി കെ.എം. ഷാജി
പതിമൂന്നാം നമ്പര്‍ കാര്‍ തദ്ദേശ മന്ത്രി കെ.എം. ഷാജി സ്വന്തമാക്കി. 13 ഒരു പാവം നമ്പര്‍ അല്ലേയെന്നും 13 നോട് ഒരു ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു. അത്തരം അന്ധവിശ്വാസങ്ങളില്‍ തനിക്ക് വിശ്വാസം ഇല്ല. ഇതൊരു വിപ്ലവമായി കാണുന്നില്ലെന്നും മന്ത്രി പറഞ്ഞു.
മന്ത്രി ടി. സിദ്ദീഖിന് ആശംസകളുമായി മുണ്ടക്കൈയിലെ വിദ്യാർത്ഥികൾ
‘ആരുമില്ലാത്തപ്പോള്‍ താങ്ങായിനിന്ന പ്രിയപ്പെട്ടവര്‍ ഉയരങ്ങളിലെത്തുന്നത് ഞങ്ങളുടെ കൂടി വിജയമാണ്. ടൗണ്‍ഷിപ്പ് ഉദ്ഘാടനവേളയിലെ കൂവല്‍ ഞങ്ങളുടെ കണ്ണുനിറച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ മന്ത്രികസേരയില്‍ അങ്ങയെ കാണുമ്പോള്‍ മനസ്സ് നിറയുകയാണ്.’ ചൂരല്‍മല-മുണ്ടക്കൈ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ വികാരാധീനരായി കൃഷി മന്ത്രി ടി. സിദ്ദീഖിനോട് പറഞ്ഞു. വീഡിയോ കോളിലൂടെയാണ് അവര്‍ സ്നേഹവും സന്തോഷവും പങ്കുവച്ചത്.
പിണറായി വിജയൻ പവർഫുൾ ആണെന്ന് ഇ.പി. ജയരാജൻ
പിണറായി വിജയന്‍ പവര്‍ഫുള്‍ ആണെന്നും പിണറായിയുടെ ജനപിന്തുണ കുറഞ്ഞിട്ടില്ലെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്‍. പ്രായം കൂടുംതോറും പിണറായിയുടെ കര്‍മ്മശേഷി കൂടുകയാണ്. വിമര്‍ശനങ്ങളെന്ന പേരില്‍ നടക്കുന്നത് വ്യക്തിഹത്യയാണ്. ആരും വിമര്‍ശനങ്ങള്‍ക്ക് അതീതരല്ല. ജയരാജന്‍ പറഞ്ഞു.
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: സംഘാംഗം സൈബർ പോലീസിന്റെ പിടിയിൽ
ഡിജിറ്റല്‍ അറസ്റ്റ് ചെയ്‌തെന്ന് വിശ്വസിപ്പിച്ച് തൃശൂര്‍ കോണത്തുകുന്ന് സ്വദേശിയായ 85-കാരനില്‍നിന്ന് നാലു കോടി പതിനൊന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ തട്ടിപ്പ് സംഘാംഗം തൃശൂര്‍ റൂറല്‍ സൈബര്‍ പൊലീസിന്റെ പിടിയിലായി. മലപ്പുറം പാണ്ടിക്കാട് കുറ്റിപ്പുള്ളി സ്വദേശി അല്ലപ്ര വീട്ടില്‍ റഷീക് രാജ (26) എന്നയാളെയാണ് പിടികൂടിയത്.
മോഡലിംഗ് സെക്സ് റാക്കറ്റ്: മാവേലിക്കര സ്വദേശി അറസ്റ്റിൽ
മോഡലിംഗ് സെക്സ് റാക്കറ്റ് കേസില്‍ ഒരാൾ കൂടി അറസ്റ്റിലായി. മാവേലിക്കര സ്വദേശി ബിലാല്‍ എന്ന ശ്രീകുമാര്‍ ആണ് പിടിയിലായത്.
സെക്സ് റാക്കറ്റ് കേസ്: ഒന്നാം പ്രതി സിന്ധുവിന് ഗുണ്ടാബന്ധമെന്ന് റിപ്പോർട്ട്
മോഡലിംഗിന്റെ മറവില്‍ യുവതികളെ സെക്സ് റാക്കറ്റില്‍ എത്തിച്ച കേസില്‍ ഒന്നാം പ്രതി സിന്ധുവിന് ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. സിന്ധുവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൂട്ടബലാത്സംഗ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയത് സിന്ധുവാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓണറേറിയം വർധന: ആശാപ്രവർത്തകർ സമരവിജയം ആഘോഷിച്ചു
ഓണറേറിയം വര്‍ധിപ്പിച്ചതിനു സര്‍ക്കാരിനു നന്ദിയുമായി സെക്രട്ടറിയേറ്റിന് മുന്നില്‍ ആശമാര്‍ ഒത്തുകൂടി. നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞാ ദിവസം പായസം വിതരണം ചെയ്തും പ്രകടനം നടത്തിയും ആശമാര്‍ സമരവിജയം ആഘോഷിച്ചു.
പാലക്കാട് എക്സൈസിൽ മാനദണ്ഡങ്ങൾ അട്ടിമറിച്ച് കൂട്ട സ്ഥലമാറ്റം
പാലക്കാട് എക്സൈസില്‍ കൂട്ട സ്ഥലമാറ്റം. എട്ടു വനിതകള്‍ ഉള്‍പ്പെടെ 59 ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്. മാനദണ്ഡങ്ങള്‍ അട്ടിമറിച്ചാണ് സ്ഥലമാറ്റ നടപടിയെന്ന ആക്ഷേപവുമായി ഉദ്യോഗസ്ഥര്‍ രംഗത്തെത്തി.
കുളത്തുപ്പുഴ വനത്തിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി
കുളത്തുപ്പുഴ വനത്തില്‍ മനുഷ്യന്റെ അസ്ഥികൂടം. ആമക്കുളം പെരുമ്പടപ്പുപച്ച വനത്തിനുള്ളിലാണ് മരത്തില്‍ തൂങ്ങിയ നിലയില്‍ തലയോട്ടിയും മരത്തിന് താഴെ ഉടലിന്റെ ഭാഗവും കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വനത്തില്‍ പരിശോധന നടത്തവേ ഈച്ചകള്‍ കൂട്ടമായി പറക്കുന്നതു കണ്ട് പരിശോധിച്ചപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്.
പൊന്മുടി വാഹനാപകടത്തിൽ ഏഴു വയസ്സുകാരിക്ക് ദാരുണാന്ത്യം
കല്ലാര്‍ – പൊന്‍മുടി റോഡില്‍ വാഹനാപകടത്തില്‍ ഏഴു വയസ്സുകാരി മരിച്ചു. അനീഷ് – ഷാലു ദമ്പതികളുടെ മകള്‍ ത്രയ നന്ദയാണ് മരിച്ചത്. പൊന്മുടിയില്‍ വിനോദ് യാത്രയ്ക്കെത്തിയ സംഘം സഞ്ചരിച്ചിരുന്ന വാഹനം പൊന്‍മുടിയില്‍ നിന്ന് തിരിച്ചിറങ്ങവേ കുഴിയിലേക്ക് മറിയുകയായിരുന്നു.
സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവതി വെള്ളച്ചാട്ടത്തിൽ മുങ്ങിമരിച്ചു
വാമനപുരം നദിയുടെ ഭാഗമായ വിതുര താവക്കല്‍ വെള്ളച്ചാട്ടം സന്ദര്‍ശിക്കുന്നതിനിടെ കാല്‍വഴുതി വീണ സൃഹുത്തിനെ രക്ഷിക്കാന്‍ ശ്രമിച്ച യുവതി മുങ്ങിമരിച്ചു. മണക്കാട് തോട്ടം പൂവങ്കല്‍ ഹൗസില്‍ സുമോദന്‍- പ്രിയ ദമ്പതികളുടെ മകള്‍ അനുപമയാണ് (26) മരിച്ചത്.
രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്ന് കേന്ദ്രസർക്കാർ
ഇന്ധന പ്രതിസന്ധിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ക്രൂഡ് ഓയില്‍, പ്രകൃതിവാതകം, പെട്രോള്‍, ഡീസല്‍ ശേഖരവും വിതരണവും തൃപ്തികരമാണെന്നും എല്‍പിജി ഉത്പാദനം കൂട്ടിയിട്ടുണ്ടെന്നും പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ്മ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
എയർ ഇന്ത്യ വിമാനത്തിന്റെ എൻജിനിൽ അഗ്നിബാധ; യാത്രക്കാർ സുരക്ഷിതർ
ബെംഗളൂരുവില്‍നിന്ന് ഡല്‍ഹിയിലേക്കു വന്ന എയര്‍ ഇന്ത്യ വിമാനത്തിന്റെ എന്‍ജിനില്‍ അഗ്നിബാധ. വിമാനം സുരക്ഷിതമായി ഇറക്കിയതിനുശേഷമാണു തീ പിടിച്ചത്. 171 യാത്രക്കാരും സുരക്ഷിതരെന്ന് എയര്‍ ഇന്ത്യ. അഗ്നിബാധമൂലം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാത്രി ഒമ്പതരയോടെയാണ് എയര്‍ബസ് എ320 ശ്രേണിയില്‍പ്പെട്ട എഐ 2802 എന്ന വിമാനത്തിനു തീ പിടിച്ചത്.
മലയാളികൾക്ക് ഇംഗ്ലീഷ് സംസാരിക്കാൻ താത്പര്യമില്ലെന്ന് സുപ്രീം കോടതി ജഡ്ജി
കേരളീയര്‍ക്ക് ഇംഗ്ലീഷ് അറിയാമെങ്കിലും ഇംഗ്ലീഷ് ഭാഷയില്‍ സംസാരിക്കാന്‍ താത്പര്യമില്ലെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സന്ദീപ് മേത്ത. വിവാഹമോചനക്കേസ് കേരളത്തില്‍ നിന്ന് പഞ്ചാബിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ട്രാന്‍സ്ഫര്‍ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് സന്ദീപ് മേത്ത ഈ പരാമര്‍ശം നടത്തിയത്. യുവതിയുടെ ആവശ്യം പരിഗണിച്ച് കേസ് പഞ്ചാബിലേക്ക് മാറ്റി.
സിബിഎസ്ഇ പ്ലസ് ടു പുനർ മൂല്യനിർണയ പോർട്ടലിൽ സാങ്കേതിക തകരാർ
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പുനര്‍ മൂല്യനിര്‍ണയത്തിനായി തയാറാക്കിയ പുതിയ പോര്‍ട്ടലിലും സാങ്കേതിക പ്രശ്നം. വൈകുന്നേരത്തോടെ അപേക്ഷ നല്‍കാനുള്ള പോര്‍ട്ടല്‍ അപ്രത്യക്ഷമായി. പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ 26 ന് സ്വീകരിച്ചു തുടങ്ങുമെന്നായിരുന്നു അറിയിച്ചിരുന്നത്.
റെയിൽവേ സുരക്ഷ ശക്തമാക്കാൻ എഐ ഡ്രോണുകളും സിസിടിവികളും
ട്രെയിനുകള്‍, യാത്രക്കാര്‍, റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങള്‍ എന്നിവയുടെ സുരക്ഷ ശക്തമാക്കാന്‍ എഐ ഡ്രോണുകള്‍, സിസിടിവി തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകള്‍ വ്യാപകമായി ഉപയോഗിക്കാന്‍ റെയില്‍വേ മന്ത്രാലയം തീരുമാനിച്ചു. റെയില്‍ ഭവനില്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല സുരക്ഷാ അവലോകന യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം.
ലാൻഡിങ്ങിനിടെ എയർ ഇന്ത്യ വിമാനത്തിന്റെ വാൽഭാഗം റൺവേയിലിടിച്ചു
ബംഗളൂരു കെംപെഗൗഡ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ വാല്‍ഭാഗം റണ്‍വേയില്‍ ഇടിച്ചു. ഡല്‍ഹിയില്‍നിന്ന് ബെംഗളൂരിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനത്തിനാണ് അപകടമുണ്ടായത്. യാത്രക്കാരെല്ലാവരും സുരക്ഷിതരാണ്.
ഝാർഖണ്ഡിൽ 27 മാവോവാദികൾ പോലീസിന് മുന്നിൽ കീഴടങ്ങി
ഝാര്‍ഖണ്ഡില്‍ 27 മാവോവാദികള്‍ പോലീസിനു മുന്നില്‍ കീഴടങ്ങി. നിരോധിത സംഘടനയിലെ മുതിര്‍ന്ന നേതാവ് മിസിര്‍ ബെസ്രയുടെ സംഘത്തിലുള്ളവരാണ് കീഴടങ്ങിയത്.
സുപ്രീംകോടതി പരാമർശത്തിന് പിന്നാലെ ‘കോക്രോച്ച് ജനതാ പാർട്ടി’ വൈറലാകുന്നു
അനേകം വ്യാജ അഭിഭാഷകരുണ്ടെന്നും തൊഴിലില്ലാത്ത യുവാക്കളെ പാറ്റകളോട് ഉപമിക്കുകയും ചെയ്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശത്തിനു പിറകേ ആരംഭിച്ച കോക്രോച്ച് ജനതാ പാര്‍ട്ടിക്ക് ഇന്‍സ്റ്റഗ്രാമില്‍ ഒന്നര കോടി ഫോളോവേഴ്സ്. ഇക്കഴിഞ്ഞ 15 നായിരുന്നു കോടതിയുടെ പരാമര്‍ശം. ആറു ദിവസംകൊണ്ടാണ് 54 പോസ്റ്റുകള്‍ മാത്രമുള്ള ഈ കൂട്ടായ്മ ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും ഫോളോവേഴ്സിനേക്കാള്‍ കൂടുതല്‍ ഫോളോവേഴ്സിനെ സമ്പാദിച്ചത്. അഭിജീത് ദിപ്കെ എന്ന മുപ്പതുകാരനാണ് കോക്രോച്ച് ജനത പാര്‍ട്ടി ഇന്‍സ്റ്റ അക്കൗണ്ടിന്റെ ഉടമ.
പുൽവാമ ഭീകരാക്രമണ സൂത്രധാരൻ പാക് അധീന കശ്മീരിൽ വെടിയേറ്റു മരിച്ചു
2019 ലെ പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍മാരില്‍ ഒരാളായ ‘ഡോക്ടര്‍’ എന്ന ഹംസ ബുര്‍ഹാന്‍ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. പാക് അധീന കശ്മീരിലെ മുസാഫറാബാദിലായിരുന്നു കൊലപാതകം. ഇന്ത്യ ഭീകര പട്ടികയില്‍ പെടുത്തിയ ഭീകരനാണ് അല്‍ ബദര്‍ എന്ന സംഘടനാംഗമായ ഹംസ ബുര്‍ഹാന്‍.
പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യയിൽ ഇന്ധനവില കുതിച്ചുയരുമെന്ന് ഗീതാ ഗോപിനാഥ്
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ തുടര്‍ന്നാല്‍ ഇന്ത്യയില്‍ ഇന്ധനവില കുതിച്ചുയരുമെന്നും വിലക്കയറ്റത്തിനും സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുന്നതിനും കാരണമാകുമെന്നും സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥ് . ക്രൂഡ് ഓയില്‍ വില ബാരലിന് 140 ഡോളറിലേക്ക് ഉയര്‍ന്നേക്കാമെന്നും, പ്രതിസന്ധി ഘട്ടത്തില്‍ പാവപ്പെട്ടവര്‍ക്കും ചെറുകിട സംരംഭകര്‍ക്കും സര്‍ക്കാര്‍ സഹായം നല്‍കണമെന്നും നിര്‍ദ്ദേശിക്കുന്നു.
ഇറാനെതിരായ യുദ്ധം: ട്രംപും നെതന്യാഹുവും തമ്മിൽ ഭിന്നത
ഇറാനെതിരായ യുദ്ധം തുടരേണ്ടതുണ്ടോയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ തര്‍ക്കം. യുദ്ധം തുടരണമെന്ന് നെതന്യാഹു കടുത്ത നിലപാട് സ്വീകരിച്ചെന്നാണു റിപ്പോര്‍ട്ടുകള്‍.
ഹോർമുസ് കടലിടുക്കിലെ ഇറാന്റെ നീക്കങ്ങൾക്കെതിരെ യുഎഇ
അറബിക്കടലിലും ഹോര്‍മുസ് കടലിടുക്കിലും പിടിമുറുക്കാനുള്ള ഇറാന്റെ നീക്കങ്ങള്‍ക്കെതിരേ യുഎഇ. ഹോര്‍മുസ് കടലിടുക്കില്‍ തങ്ങള്‍ക്കു പൂര്‍ണ്ണ നിയന്ത്രണമുള്ള ‘നിയന്ത്രിത സമുദ്രമേഖല’ പ്രഖ്യാപിച്ച ഇറാന്റെ നടപടി വെറും ‘പകല്‍ക്കിനാവ്’ മാത്രമാണെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേശകന്‍ ഡോ. അന്‍വര്‍ ഗര്‍ഗാഷ് അഭിപ്രായപ്പെട്ടു.
പാക് സേനാ മേധാവി അസീം മുനീർ ഇറാനിലേക്ക്
പാക് ആഭ്യന്തരമന്ത്രിക്ക് പിന്നാലെ പാക് സേനാ മേധാവി അസീം മുനീറും ഇറാനിലേക്ക്. അമേരിക്ക-ഇറാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങിയാല്‍ പാക് സേനാ മേധാവി ഇറാനിലെത്തും എന്നാണു റിപ്പോര്‍ട്ടുകള്‍.
ലോകത്തിലെ ആദ്യ ട്രില്ല്യണയർ ആകാനൊരുങ്ങി ഇലോൺ മസ്ക്
ഇലോണ്‍ മസ്‌ക് ലോകത്തിലെ ആദ്യ ട്രില്ല്യണയര്‍ ആകാന്‍ ഒരുങ്ങുന്നു. സ്പേസ് എക്സ് ഐപിഒ പൂര്‍ത്തിയാകുന്നതോടെ മസ്‌കിന്റെ സമ്പത്ത് ഒരു ട്രില്യണ്‍ ഡോളര്‍ കടക്കുമെന്നാണ് പ്രതീക്ഷ. നിലവില്‍ കമ്പനി നഷ്ടത്തിലാണെങ്കിലും, സ്പേസ് എക്സിന്റെ ഭാവി സാധ്യതകള്‍ വളരെ വലുതാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
ഹോണ്ടുറാസിൽ വെടിവെപ്പ്: ആറു പോലീസുകാരുൾപ്പെടെ 16 പേർ കൊല്ലപ്പെട്ടു
ഹോണ്ടുറാസിന്റെ തീരദേശ മേഖലകളില്‍ നടന്ന രണ്ട് വെടിവെയ്പ്പുകളിലായി ആറു പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ഹോണ്ടുറാസിലെ ട്രൂജിലോ മുനിസിപ്പാലിറ്റിയിലുള്ള ഒരു ഫാമിലാണ് ആദ്യത്തെ സംഭവം നടന്നത്. ഇവിടെ ജോലി ചെയ്യുകയായിരുന്ന പത്തോളം തൊഴിലാളികള്‍ക്ക് നേരെ അജ്ഞാതരായ തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
ഐ.എസ്.എൽ ഫുട്ബോൾ: കൊൽക്കത്ത ഈസ്റ്റ് ബംഗാൾ ചാമ്പ്യന്മാർ
ഐ.എസ്.എല്‍. ഫുട്‌ബോളില്‍ കൊല്‍ക്കത്ത ഈസ്റ്റ് ബംഗാള്‍ ജേതാക്കളായി. ഇന്റര്‍ കാശിയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു തോല്‍പ്പിച്ചാണ് ഈസ്റ്റ് ബംഗാള്‍ കന്നിക്കിരീടം സ്വന്തമാക്കിയത്. നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത മോഹന്‍ ബഗാന്‍ 2-1 സ്‌കോറില്‍ ഡല്‍ഹി എഫ്.സി.യെ തോല്‍പ്പിച്ചെങ്കിലും ഗോള്‍ ശരാശരിയില്‍ ഈസ്റ്റ് ബംഗാളിനെ മറികടക്കാനായില്ല.
ബിസിസിഐ 2026-27 സീസൺ മത്സര കലണ്ടർ പുറത്തിറക്കി
ബിസിസിഐ 2026- 27 സീസണിലേക്കുള്ള മത്സര കലണ്ടര്‍ പുറത്തിറക്കി. പുരുഷ-വനിതാ വിഭാഗങ്ങളിലായി വിവിധ പ്രായപരിധിയിലും ഫോര്‍മാറ്റുകളിലുമായി ആകെ 1,788 മത്സരങ്ങളാണ് നടക്കുക. ഓഗസ്റ്റ് 23-ന് ദുലീപ് ട്രോഫിയും ഒക്ടോബര്‍ 11-ന് രഞ്ജി ട്രോഫിയും ആരംഭിക്കും. രഞ്ജിയില്‍ കേരള സീനിയര്‍ ടീമിന്റെ മല്‍സരത്തോടെയാണു തുടക്കം. നിരവധി മല്‍സരങ്ങള്‍ക്ക് ഇത്തവണ കേരളം വേദിയാകും.
ഐപിഎൽ: ഗുജറാത്തിന് മുന്നിൽ തകർന്ന് ചെന്നൈ സൂപ്പർ കിംഗ്സ് പുറത്ത്
ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനു മുന്നില്‍ അടിതെറ്റി വീണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് പ്ലേ ഓഫ് കാണാതെ പുറത്ത്. ഗുജറാത്ത് ഉയര്‍ത്തിയ 230 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ 13.4 ഓവറില്‍ 140 റണ്‍സിന് ഓള്‍ ഔട്ടായി 89 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി വഴങ്ങി. സഞ്ജു സാംസണ്‍ ഗോള്‍ഡന്‍ ഡക്കായപ്പോള്‍ 17 പന്തില്‍ 47 റണ്‍സെടുത്ത ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. 84 റണ്‍സെടുത്ത സായ് സുദര്‍ശന്റേയും 64 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്റേയും 57 റണ്‍സെടുത്ത ജോസ് ബട്‌ലറുടേയും കരുത്തിലാണ് ഗുജറാത്ത് കൂറ്റന്‍ സ്‌കോര്‍ അടിച്ചെടുത്തത്. മൂന്നോവറില്‍ മൂന്ന് വിക്കറ്റെടുത്ത് ചെന്നൈയുടെ മുന്‍ നിര ബാറ്റര്‍മാരെ പുറത്താക്കിയ മുഹമദ് സിറാജാണ് ചെന്നൈയുടെ നടുവൊടിച്ചത്.
വായ്പ മുടങ്ങിയാൽ ഫോൺ ലോക്ക് ചെയ്യാനാകില്ല; പുതിയ നിയന്ത്രണങ്ങളുമായി ആർബിഐ
മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ വായ്പയെടുത്ത് തിരിച്ചടവ് മുടക്കിയാല്‍ ഉപഭോക്താക്കളുടെ ഫോണ്‍ പൂര്‍ണമായി ലോക്ക് ചെയ്യുന്ന ഡിജിറ്റല്‍ ലെന്‍ഡര്‍മാരുടെയും ഫിന്‍ടെക് കമ്പനികളുടെയും രീതിക്ക് പൂട്ടിട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വായ്പ തിരിച്ചുപിടിക്കല്‍ നടപടികള്‍ കൂടുതല്‍ സുതാര്യമാക്കാനും ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കാനും ലക്ഷ്യമിട്ട് ആര്‍ബിഐ പുറത്തിറക്കിയ ‘റെസ്പോണ്‍സിബിള്‍ ബിസിനസ് കണ്ടക്ട്’ മാര്‍ഗനിര്‍ദ്ദേശങ്ങളുടെ കരട് ഭേദഗതിയിലാണ് കടുത്ത നിയന്ത്രണങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. പുതിയ നിയമങ്ങള്‍ 2026 ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. പൂര്‍ണ്ണമായ ബ്ലോക്കിംഗ് പാടില്ല. ഇന്റര്‍നെറ്റ് സേവനങ്ങള്‍, ഇന്‍കമിംഗ് കോളുകള്‍, എമര്‍ജന്‍സി എസ്ഒഎസ് ഫീച്ചറുകള്‍, സര്‍ക്കാര്‍-പൊതു സുരക്ഷാ അറിയിപ്പുകള്‍ എന്നിവ ഒരു കാരണവശാലും നിര്‍വീര്യമാക്കാന്‍ പാടില്ല. തിരിച്ചടവ് മുടങ്ങിയാല്‍ 60 ദിവസം പിന്നിടുമ്പോള്‍ ബാങ്ക് ആദ്യത്തെ നോട്ടീസ് നല്‍കണം. രാവിലെ 8 മണിക്ക് മുന്‍പും വൈകിട്ട് 7 മണിക്ക് ശേഷവും ഉപഭോക്താക്കളെ ഫോണില്‍ വിളിക്കാനോ ബന്ധപ്പെടാനോ പാടില്ല.
കാമ്പസുകളിൽ യൂട്യൂബ് വീഡിയോകൾക്ക് പകരം ഇനി എ.ഐ ടൂളുകൾ
യൂട്യൂബ് വിഡിയോകള്‍ക്ക് പകരം കാമ്പസുകളില്‍ സജീവമായി ചാറ്റ് ജിപിടി പോലുള്ള എ.ഐ ടൂളുകള്‍. ആദ്യത്തെപ്പോലെ പരീക്ഷയുടെ തലേദിവസം ഒരു പാഠഭാഗം എളുപ്പത്തില്‍ മനസ്സിലാക്കാന്‍ വിദ്യാര്‍ഥികള്‍ ഇപ്പോള്‍ പത്തോ പന്ത്രണ്ടോ യൂട്യൂബ് വിഡിയോകള്‍ കാണുന്ന പതിവില്ല. ചാറ്റ് ജി.പി.ടിയോട് അത് ലളിതമായി പറഞ്ഞുതരാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് കൃത്യമായ വിവരങ്ങള്‍ ഉടനടി ലഭിക്കുകയും ചെയ്യുന്നു. കോഡിങില്‍ എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍, ആ എറര്‍ മെസ്സേജ് ചാറ്റ് ജി.പി.ടിയില്‍ കോപ്പി-പേസ്റ്റ് ചെയ്താല്‍ മതി, സെക്കന്റുകള്‍ക്കകം പരിഹാരം ലഭിക്കും. ലാബ് റെക്കോര്‍ഡുകള്‍ തയ്യാറാക്കാനും പ്രാക്ടിക്കല്‍ പരീക്ഷകളുടെ വൈവക്ക് മുന്നോടിയായി മോക്ക് ഇന്റര്‍വ്യൂകള്‍ ചെയ്യാനും ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് അസൈന്‍മെന്റുകള്‍ മികച്ച രീതിയില്‍ മാറ്റിയെഴുതാനും മികച്ച റെസ്യൂമെ തയ്യാറാക്കാനും ഇമെയിലുകള്‍ എഴുതാനും, ലിങ്ക്ഡ്ഇന്‍ പ്രൊഫൈലുകള്‍ ആകര്‍ഷകമാക്കാനും വിദ്യാര്‍ത്ഥികള്‍ എ.ഐ ഉപയോഗിക്കുന്നു.
റഹ്മാൻ നായകനാകുന്ന പുതിയ ബ്രഹ്മാണ്ഡ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങി
റഹ്‌മാന്‍ നായകനാവുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത തമിഴ് സിനിമയുടെ ഷൂട്ടിങ് പുതുക്കോട്ടയില്‍. ഗ്രാമീണ പശ്ചാത്തലത്തിലുള്ള സിനിമയില്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത വ്യത്യസ്തമായ ജമീന്ദാര്‍ നായക കഥാപാത്രത്തെയാണ് റഹ്‌മാന്‍ അവതരിപ്പിക്കുന്നത്. ‘ചാമ്പ്യന്‍’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ വിശ്വയാണ് മറ്റൊരു നായകന്‍. ഭാരതി ബാലകുമാരനാണ് സംവിധായകന്‍. നാട്ടാര്‍ മര്‍മ്മ കഥയെ അവലംബമാക്കി 1980 കളുടെ പശ്ചാത്തലത്തിലാണ് അവതരണം. 1980 കളില്‍ തമിഴ് നാട്ടിലെ തെക്കന്‍ ജില്ലകളില്‍ രക്ത ചൊരിച്ചിലിലൂടെ അരങ്ങേറിയ സംഭവ കഥയുടെ ചലച്ചിത്രാവിഷ്‌ക്കാരമായതിനാല്‍ ബ്രഹ്‌മാണ്ഡ സിനിമയായിട്ടാണ് നിര്‍മ്മിക്കുന്നത്. അനുപമ കുമാര്‍, രമ്യാ സുരേഷ്, റിഷാ ജേക്കബ്സ്, ആടുകളം നരേന്‍, മൈം ഗോപി, മുനിഷ് കാന്ത്, ബാബാ ഭാസ്‌കര്‍ തുടങ്ങി പ്രമുഖരായ നിരവധി അഭിനേതാക്കള്‍ മറ്റു പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.
വൻ ജനപ്രീതി നേടി ‘വാഴ 2’ലെ സുന്നത്ത് കല്യാണം വീഡിയോ ഗാനം പുറത്ത്
സമീപകാലത്ത് റിലീസ് ചെയ്ത് വന്‍ ജനപ്രീതി നേടിയ ‘വാഴ 2’ലെ സുന്നത്ത് കല്യാണം എന്ന ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു. മുത്തു ആണ് ഗാനത്തിന് സംഗീതം ഒരുക്കിത്. തിയറ്ററില്‍ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച ഗാനരംഗം കൂടിയായിരുന്നു ഇത്. നവാഗതനായ സവിന്‍ സ സംവിധാനം ചെയ്ത ചിത്രം നിലവില്‍ ഒടിടിയില്‍ ലഭ്യമാണ്. വിപിന്‍ ദാസിന്റെ തിരക്കഥയില്‍ പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കി പുറത്തിറക്കിയ ചിത്രമാണ് വാഴ 2. ഹാഷിര്‍, അലന്‍ ബിന്‍ സിറാജ്, അജിന്‍ ജോയ്, വിനായക് തുടങ്ങിയ ഒരുപറ്റം യുവതാരങ്ങള്‍ക്കൊപ്പം സുധീഷ്, വിജയ് ബാബു, അജു വര്‍ഗീസ്, അരുണ്‍, അല്‍ഫോന്‍സ് പുത്രന്‍, വിനോദ് കെടാമംഗലം, അമീന്‍, നിഹാല്‍, അഞ്ചല്‍ മറിയ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്ന ചിത്രം കോമഡി ഡ്രാമ ഫോര്‍മുലയിലൂടെയാണ് കഥ പറയുന്നതെങ്കിലും ഹ്യൂമറില്‍ തുടങ്ങി ഇമോഷണല്‍ ഡ്രാമയിലൂടെ കടന്ന് ശുഭപര്യവസായിയാണ് ചിത്രം അവസാനിക്കുന്നത്.
ഇന്ത്യയിൽ 3 ലക്ഷം ഹൈബ്രിഡ് വാഹനങ്ങൾ വിറ്റഴിച്ച് ടൊയോട്ട
ഇന്ത്യയില്‍ 3,00,000ത്തിലധികം ഹൈബ്രിഡ് വാഹനങ്ങള്‍ വിറ്റഴിച്ച് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ഇന്ത്യ. ഇത് ആഭ്യന്തര വിപണിയില്‍ സ്വയം ചാര്‍ജ് ചെയ്യുന്ന ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ആവശ്യം തെളിയിക്കുന്നുവെന്ന് കമ്പനി പറയുന്നു. ടൊയോട്ട ഇന്ത്യയില്‍ ഹൈബ്രിഡ് ബാറ്ററികള്‍ക്ക് 8 വര്‍ഷത്തെ വാറന്റി വാഗ്ദാനം ചെയ്യുന്നു. കമ്പനിയുടെ ഹൈബ്രിഡ് വാഹന പരിപാടിയുടെ ഭാഗമാണിത്. ആഗോളതലത്തില്‍ കമ്പനി 38 ദശലക്ഷത്തിലധികം വൈദ്യുതീകരിച്ച വാഹനങ്ങള്‍ വിറ്റഴിച്ചിട്ടുണ്ട്. ഇന്ത്യയില്‍ വില്‍ക്കുന്ന ഹൈബ്രിഡ് കാറുകളില്‍ ഭൂരിഭാഗവും ടൊയോട്ടയോ ടൊയോട്ട അധിഷ്ഠിത മാരുതി കാറുകളോ ആണ്. 2026 ഏപ്രില്‍ വരെ, ടൊയോട്ട ഇന്നോവ ഹൈക്രോസ് ആയിരുന്നു ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാര്‍, 4,100 യൂണിറ്റുകള്‍ വിറ്റഴിച്ചു. ടൊയോട്ട ഹൈറൈഡര്‍ 2,657 യൂണിറ്റുകള്‍ വിറ്റഴിച്ചു, രണ്ടാം സ്ഥാനത്തെത്തി. മാരുതി സുസുക്കി വിക്ടോറിസ് 793 യൂണിറ്റുകളും ഗ്രാന്‍ഡ് വിറ്റാര 426 യൂണിറ്റുകളും മാരുതി സുസുക്കി ഇന്‍വിക്റ്റോ 237 യൂണിറ്റുകളും വിറ്റു.
സസ്യനാമങ്ങൾക്ക് പിന്നിലെ കഥകളുമായി ‘ഒരു പേരിൽ എന്തിരിക്കുന്നു?’
സസ്യങ്ങളെ തിരിച്ചറിയാന്‍ ലോകമെങ്ങും അംഗീകരിച്ച ശാസ്ത്രനാമങ്ങളുണ്ട്. പക്ഷേ, വളരെ വ്യത്യസ്തമായ വിളിപ്പേരുകളാകും ഓരോന്നിനും ഓരോ പ്രദേശത്തുമുണ്ടാവുക. എളുപ്പത്തില്‍ തിരിച്ചറിയാനാവുക എന്നതാവും അവയുടെ പ്രധാന ഉദ്ദേശ്യം. പലപല ദേശങ്ങളിലും പലപല ഭാഷകളിലുമുള്ള വിളിപ്പേരുകള്‍ക്കു പിന്നില്‍ കാരണങ്ങളും കാര്യങ്ങളും കഥകളും ഏറെയുണ്ട്. അവ തേടിപ്പോയാല്‍ കിട്ടുന്നത് കൗതുകകരവും വിജ്ഞാനപ്രദവുമായ അറിവുകളാകും. ക്രിസ്തുവിന്റെ മുള്‍ക്കിരീടം മുതല്‍ കൃഷ്ണന്റെ വെണ്ണക്കിണ്ണം വരെയുള്ള വ്യത്യസ്തമായ 75 സസ്യനാമങ്ങള്‍ക്കു പിന്നിലെ കഥകള്‍ പരിചയപ്പെടുത്തുന്ന പുസ്തകം. ‘ഒരു പേരില്‍ എന്തിരിക്കുന്നു?’. ഡോ.ടി.ആര്‍. ജയകുമാരി. മാതൃഭൂമി. വില 144 രൂപ.
പയർവർഗങ്ങൾ കഴിക്കുമ്പോഴുള്ള ഗ്യാസ്ട്രബിൾ ഒഴിവാക്കാൻ പാചകത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
രാജ്മ, ചനാ തുടങ്ങിയ പയര്‍വര്‍ഗങ്ങളും പരിപ്പും പോഷകഗുണങ്ങള്‍ ഏറിയതാണെങ്കിലും ഇവ കഴിച്ചാല്‍ വയറു കമ്പിക്കലും വായുകോപവും ഒക്കെ പലര്‍ക്കും ഉണ്ടാകാറുണ്ട്. എന്നാല്‍ ഈ ഭക്ഷ്യവസ്തുക്കളല്ല അവ തയാറാക്കുന്ന രീതിയാണ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. പാചകം ചെയ്യുന്നതില്‍ വരുത്തുന്ന ചെറിയ ചില മാറ്റങ്ങളിലൂടെ ഇവ എളുപ്പത്തില്‍ ദഹിക്കുന്ന രീതിയിലാക്കാന്‍ സാധിക്കും. വയറുകമ്പിക്കല്‍ ഒഴിവാക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം. പരിപ്പ് വെള്ളത്തില്‍ കുതിര്‍ക്കാതെ വേവിക്കുന്നതാണ് പ്രധാനമായും ഉദരപ്രശ്നങ്ങള്‍ക്ക് കാരണം. പരിപ്പും പയറും മറ്റും കുതിര്‍ക്കണം എന്ന് പറയുന്നതിനു പിന്നില്‍ ശാസ്ത്രീയ കാരണങ്ങളും ഉണ്ട്. പരിപ്പും പയര്‍വര്‍ഗങ്ങളും വെള്ളത്തില്‍ കുതിര്‍ക്കുമ്പോള്‍ ദഹനവുമായി ബന്ധപ്പെട്ട ഫൈറ്റിക് ആസിഡ് പോലുള്ള സംയുക്തങ്ങളെ വിഘടിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് ഗ്യാസ്ട്രബിളിനും ബ്ലോട്ടിങ്ങിനും കാരണമാകുന്ന ഷുഗറിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ഓരോ പരിപ്പ്, പയര്‍ വര്‍ഗങ്ങളും വ്യത്യസ്ത സമയങ്ങള്‍ കുതിര്‍ത്തു വയ്ക്കണം. രാജ്മ, കറുത്ത കടല, കടല തുടങ്ങിയവ 8 മുതല്‍ 12 മണിക്കൂര്‍ വരെ കുതിര്‍ക്കണം. ചെറുപരിപ്പ്, തുവരപ്പരിപ്പ് തുടങ്ങിയ കുറച്ചു സമയം കുതിര്‍ത്താല്‍ മതി. പയറും പരിപ്പും മറ്റും കുതിര്‍ത്ത വെള്ളം ഇവ വേവിക്കും മുന്‍പ് കളയാന്‍ മറക്കരുത്. കാരണം ഈ വെള്ളത്തില്‍ ബ്ലോട്ടിങ്ങിനു കാരണമായേക്കാവുന്ന സംയുക്തങ്ങള്‍ ഉണ്ടാകും. കായം, ഇഞ്ചി, ജീരകം, അയമോദകം തുടങ്ങിയവ പരിപ്പിലും പയര്‍വര്‍ഗങ്ങളിലും ചേര്‍ക്കുന്നത് ഉദരാരോഗ്യം മെച്ചപ്പെടുത്തുന്നതോടൊപ്പം രുചി കൂടുകയും ചെയ്യും.






























