Home News പത്രം മലയാള ദിനപത്രങ്ങളിലൂടെ |2026 | മേയ് 15, വെള്ളി | 1201 എടവം 1

പത്രം മലയാള ദിനപത്രങ്ങളിലൂടെ |2026 | മേയ് 15, വെള്ളി | 1201 എടവം 1

Advertisement

പത്രം മലയാള ദിനപത്രങ്ങളിലൂടെ

2026 | മേയ് 15, വെള്ളി | 1201 എടവം 1

വാർത്തകൾ തയ്യാറാക്കിയത് : രജനീഷ് മൈനാഗപ്പള്ളി

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റേയും എല്ലാ മന്ത്രിമാരുടേയും സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ പത്തിന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. 21 ന് ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്യും. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ യുഡിഎഫ് കക്ഷിനേതാവ് വി.ഡി. സതീശനെ ക്ഷണിച്ചു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിച്ച് സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും എഐസിസി സെക്രട്ടറി ദീപദാസ് മുന്‍ഷിയും അടക്കമുള്ള നേതാക്കള്‍ ലോക്ഭവനില്‍ എത്തിയിരുന്നു.

മന്ത്രിസ്ഥാനങ്ങൾക്കായി ഉഭയകക്ഷി ചർച്ചകൾ തുടരുന്നു

യുഡിഎഫ് മന്ത്രിസഭയില്‍ അഞ്ചു മന്ത്രി സ്ഥാനം വേണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. രണ്ടു മന്ത്രി പദവി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും ആവശ്യപ്പെട്ടു. ആരെല്ലാം മന്ത്രിമാരാകണമെന്നും ഏതെല്ലാം വകുപ്പുകള്‍ നല്‍കണമെന്നും അടക്കമുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ ഇന്നും നാളെയുമായി പൂര്‍ത്തിയാക്കാനാണ് തീരുമാനം.

പ്രതിപക്ഷ നേതാവായി പിണറായി വിജയനെ പ്രഖ്യാപിച്ചു

പ്രതിപക്ഷ നേതാവായി പിണറായി വിജയനെ എല്‍ഡിഎഫ് പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റിയാണു കക്ഷി നേതാവായി പിണറായിയെ തെരഞ്ഞെടുത്തത്.

ഉത്തർപ്രദേശിൽ കനത്ത മഴയും കൊടുങ്കാറ്റും; നൂറോളം മരണം

ഉത്തര്‍പ്രദേശില്‍ കനത്ത മഴയിലും കൊടുങ്കാറ്റിലും നൂറോളം പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഒട്ടേറെ വീടുകളും വാഹനങ്ങളും തകര്‍ന്നു. മരങ്ങള്‍ കടപുഴകി വീണാണ് നാശനഷ്ടങ്ങള്‍ ഉണ്ടായത്. ബറേലിയിലുണ്ടായ കൊടുങ്കാറ്റില്‍ യുവാവ് പറന്നുപോകുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ഡൽഹിയിൽ ആഴ്ചയിൽ രണ്ടു ദിവസം വർക്ക് ഫ്രം ഹോം

സര്‍ക്കാര്‍ ഓഫീസുകളില്‍ ആഴ്ചയില്‍ രണ്ടു ദിവസം വര്‍ക്ക് ഫ്രം ഹോം നടപ്പാക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത അറിയിച്ചു. ഇന്ധനം ലാഭിക്കാന്‍ യാത്ര കുറയ്ക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തതനുസരിച്ചാണ് തീരുമാനം. സ്വകാര്യ മേഖലയിലും ഇത്തരം മാറ്റങ്ങള്‍ വേണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

രമേശ് ചെന്നിത്തല അമർഷത്തിൽ; അനുനയിപ്പിക്കാൻ ഹൈക്കമാൻഡ്

മുഖ്യമന്ത്രിസ്ഥാനം കിട്ടാത്തതിനു രമേശ് ചെന്നിത്തല കടുത്ത അമര്‍ഷത്തിലാണ്. നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കാതെ അദ്ദേഹം ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനു പോയി. മന്ത്രിസഭയിലേക്കില്ലെന്ന നിലപാടിലാണദ്ദേഹം. അനുനയിപ്പിക്കാന്‍ രാഹുല്‍ഗാന്ധിയും മല്ലികാര്‍ജുന ഖര്‍ഗയും ശ്രമിച്ചു. സീനിയോറിറ്റി പരിഗണിക്കാതെ മുഖ്യമന്ത്രിയെ തീരുമാനിച്ചു എന്നാണ് ചെന്നിത്തലയുടെ പരാതി.

എല്ലാവരും ഒന്നിച്ച് നിൽക്കുമെന്ന് ദീപ ദാസ് മുൻഷി

രമേശ് ചെന്നിത്തലയുമായി സംസാരിക്കുമെന്ന് എഐസിസി സെക്രട്ടറി ദീപ ദാസ് മുന്‍ഷി പറഞ്ഞു. പുറത്തുവന്ന എംഎല്‍എമാരുടെ പിന്തുണ കണക്കുകള്‍ യഥാര്‍ത്ഥമല്ല. എല്ലാവരും ഒന്നിച്ചു നില്‍ക്കും. എംഎല്‍എമാര്‍ ഹൈക്കമാന്റിനെ ചുമതലയേല്‍പ്പിക്കുകയാണ് ചെയ്തതെന്നും അവര്‍ വ്യക്തമാക്കി.

എ.കെ. ആന്റണിയേയും വി.എം. സുധീരനേയും സന്ദർശിച്ച് സതീശൻ

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ എ.കെ. ആന്റണിയേയും വി.എം. സുധീരനേയും വസതിയിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍. രാത്രി ഉമ്മന്‍ ചാണ്ടിയുടെ വസതിയിലും സന്ദര്‍ശനം നടത്തി. ഉമ്മന്‍ ചാണ്ടിയുടെ മന്ത്രിസഭയില്‍ മന്ത്രിയാകാന്‍ കഴിയാതിരുന്നതു ജീവിതത്തിലെ വലിയ നഷ്ടമാണെന്നു സതീശന്‍ പറഞ്ഞു.

വാക്ചാതുരിയും വായനയും വ്യായാമവും; വി.ഡി. സതീശന്റെ ജീവിതശൈലി

വിഷയങ്ങള്‍ പഠിക്കാനും വിലയിരുത്താനും അവതരിപ്പിക്കാനുമുള്ള വാക്ചാതുരിയാണ് വി.ഡി. സതീശന്റെ മികവ്. തേവര സേക്രട്ട് ഹാര്‍ട്ട് കോളേജിലൂടെ വളര്‍ന്ന അദ്ദേഹം 1987 ല്‍ എംജി സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍മാനായി. 2001 മുതല്‍ പറവൂര്‍ മണ്ഡലത്തില്‍നിന്ന് ആറു തവണ എംഎല്‍എയായി. നടത്തം പതിവാക്കിയ അദ്ദേഹത്തിന് മാമ്പഴ പുളിശേരിയും മല്‍സ്യ വിഭവങ്ങളുമാണ് പ്രിയം.

മുഖ്യമന്ത്രിയുടെ ശമ്പളവും ആസ്തിയും

മുഖ്യമന്ത്രിയാകുന്ന വി.ഡി. സതീശന് പ്രതിമാസം 1,85,000 രൂപ ശമ്പളത്തിന് പുറമെ ഔദ്യോഗിക വസതി, വാഹനങ്ങള്‍, ആജീവനാന്ത പെന്‍ഷന്‍ എന്നിവ ലഭിക്കും. സത്യവാങ്മൂലം പ്രകാരം അദ്ദേഹത്തിനും ഭാര്യക്കും കൂടി 6.69 കോടി രൂപയുടെ ആസ്തിയുണ്ട്.

കോൺഗ്രസ് ഹൈക്കമാൻഡ് പാണക്കാട് ഹൗസിലെന്ന് ബിജെപി

വി.ഡി. സതീശന്‍ മുഖ്യമന്ത്രിയാകുന്നതോടെ കേരളം മുസ്ലീം ലീഗിന്റെ ഭരണത്തിലാകുമെന്ന് ബിജെപി. ലീഗിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് സതീശന് സ്ഥാനം ലഭിച്ചത്. കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് പാണക്കാട് ഹൗസിലാണെന്നും ബിജെപി പരിഹസിച്ചു.

ചെന്നിത്തല ഭാഗ്യദോഷിയെന്ന് വെള്ളാപ്പള്ളി നടേശൻ

യുഡിഎഫിന്റെ വിജയശില്‍പി കെ.സി. വേണുഗോപാലാണെന്നും രമേശ് ചെന്നിത്തല ഭാഗ്യദോഷിയാണെന്നും വെള്ളാപ്പള്ളി നടേശന്‍. വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത തീരുമാനം അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വേണുഗോപാലിന് അർഹമായ പദവി നഷ്ടമായെന്ന് തബു റാവു

എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനു നഷ്ടമായത് അര്‍ഹമായ പദവിയാണെന്ന് കര്‍ണാടക മന്ത്രിയുടെ പത്നി തബു റാവു ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹം കോണ്‍ഗ്രസിലെ ഒരുപാട് പ്രശ്നങ്ങള്‍ പരിഹരിച്ചയാളാണെന്നും കുറിപ്പില്‍ പറയുന്നു.

ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വിമർശന പ്രവാഹം

നിയുക്ത മുഖ്യമന്ത്രിക്ക് ആശംസയറിയിച്ച് ഷാഫി പറമ്പില്‍ പങ്കുവെച്ച പോസ്റ്റില്‍ കടുത്ത വിമര്‍ശനവുമായി അണികള്‍. പതിനയ്യായിരത്തിലേറെ കമന്റുകളില്‍ ബഹുഭൂരിപക്ഷവും ഷാഫിയെ വിമര്‍ശിച്ചുള്ളതാണ്.

വനവാസമല്ല പട്ടാഭിഷേകമെന്ന് റിനി ആൻ ജോർജ്

സന്തോഷം പ്രകടിപ്പിച്ച് നടി റിനി ആന്‍ ജോര്‍ജ്. എല്ലാവരും കൂടി കുഴിച്ചു മൂടാന്‍ നോക്കിയ ആള്‍ക്ക് വനവാസമല്ല ഇനി പട്ടാഭിഷേകമാണെന്ന് താരം കുറിച്ചു. പദ്മനാഭന്റെ മണ്ണില്‍ ഇനി തന്റെ ശ്രീ പദ്മനാഭന്‍ വാഴുമെന്നും റിനി ഫേസ്ബുക്കിൽ കുറിച്ചു.

കോന്നി പരാമർശത്തിൽ വിശദീകരണവുമായി ജനീഷ് കുമാർ

സതീശനെ വനവാസത്തിന് കോന്നിയിലേക്ക് ക്ഷണിച്ച കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ നിലപാടു തിരുത്തി. കോന്നിയുടെ വനസൗന്ദര്യം പുറം ലോകത്തെ അറിയിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് പ്രവർത്തകർ സതീശനെ ആഗ്രഹിച്ചു: എച്ച്.ഡി കുമാരസ്വാമി

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളില്‍ പ്രമുഖനായിരുന്ന കെ.സി വേണുഗോപാല്‍ ഹൈക്കമാന്‍ഡിനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് എച്ച്.ഡി കുമാരസ്വാമി. എന്നാല്‍ പ്രവര്‍ത്തകര്‍ ആഗ്രഹിച്ചത് സതീശനെയാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല യുവതി പ്രവേശം: വിധി പറയാൻ മാറ്റി

ശബരിമല യുവതി പ്രവേശന കേസില്‍ സുപ്രീംകോടതിയില്‍ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റെ വാദം പൂര്‍ത്തിയായി. കേസ് വിധി പറയാനായി മാറ്റി. 16 ദിവസമാണ് കോടതിയില്‍ വാദം നടന്നത്.

സംസ്ഥാനത്ത് കനത്ത മഴ; 10 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, പാലക്കാട് ഒഴികെയുള്ള ജില്ലകളിലാണ് ശക്തമായ മഴ സാധ്യത. വിവിധയിടങ്ങളില്‍ കാറ്റിലും മഴയിലും നാശനഷ്ടങ്ങളുണ്ടായി.

ഇടുക്കിയിൽ വിനോദസഞ്ചാര ബസ് മറിഞ്ഞു; സ്ത്രീ മരിച്ചു

ചിന്നക്കനാലിനു സമീപം തമിഴ്നാട്ടില്‍ നിന്നുള്ള ടൂറിസ്റ്റ് ബസ് മറിഞ്ഞ് വിരുദനഗര്‍ സ്വദേശി സ്റ്റെല്ല മേരി മരിച്ചു. സാരമായ പരിക്കേറ്റ ആറുപേരെ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

പാലാരിവട്ടം ആശുപത്രിയിൽ കവർച്ച നടത്തിയയാൾ പിടിയിൽ

മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ ലാപ്ടോപ്പുകളും പണവും കവര്‍ന്ന മഹാരാഷ്ട്ര സ്വദേശി വികാസ് സഞ്ജയ് ഹഗാവനെ (35) കൊച്ചി സിറ്റി പോലീസ് അറസ്റ്റു ചെയ്തു.

ഓമശ്ശേരിയിൽ അനധികൃത ഗ്യാസ് ഫില്ലിങ് കേന്ദ്രം പിടികൂടി

കോഴിക്കോട് ഓമശ്ശേരിയില്‍ നടത്തിയ പരിശോധനയില്‍ 91 സിലിണ്ടറുകള്‍ പിടിച്ചെടുത്തു. ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയെ സസ്‌പെൻഡ് ചെയ്തു

സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനു പിറകേ തൊടുപുഴയില്‍ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയതിന് ഇടുക്കി ജില്ല മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയെ സസ്‌പെന്‍ഡ് ചെയ്തു. അന്തസ്സിനു നിരക്കാത്ത പ്രകടനം നടത്തിയവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് നേതൃത്വം അറിയിച്ചു.

റോഡ് പണിക്കിടയിൽ പീരങ്കിയും നങ്കൂരവും കണ്ടെത്തി

എഫ്‌സിഐ ഗോഡൗണ്‍ റോഡ് പണിക്കിടെ ജെസിബി ഉപയോഗിച്ച് കുഴിക്കുമ്പോഴാണ് കപ്പലിന്റെ നങ്കൂരവും പീരങ്കിയും കണ്ടെത്തിയത്. തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.

കുവൈറ്റിൽ മലയാളി വിദ്യാർത്ഥിനി വീണു മരിച്ചു

ജലീബില്‍ കെട്ടിടത്തിനു മുകളില്‍നിന്നു വീണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫേബ (14) മരിച്ചു. പെരുമ്പാവൂര്‍ സ്വദേശി ബിജുവിന്റെ മകളാണ്.

ഇന്ധന വില വർധിപ്പിക്കേണ്ടി വരുമെന്ന് ആർബിഐ ഗവർണർ

പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കേണ്ടി വരുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര. വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി ഇന്ധന ഉപയോഗം കുറയ്ക്കണമെന്ന് പ്രധാനമന്ത്രിയും ആഹ്വാനം ചെയ്തു.

രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിൽ

ഇന്ത്യന്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലായി. അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 95.74 രൂപയായി കുറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മിഷണർ നിയമനം: സുപ്രീം കോടതിയുടെ നിരീക്ഷണം

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ നിയമിക്കുന്നതില്‍ സര്‍ക്കാര്‍ അമിത അധികാരം ചെലുത്തുന്നത് എന്തിനാണെന്ന് സുപ്രീം കോടതി. നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ് കോടതിയുടെ നിരീക്ഷണം.

ജഡ്ജി പിന്മാറി; കെജ്രിവാളിനെതിരായ സിബിഐ അപ്പീൽ പരിഗണിക്കില്ല

മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കേജ്രിവാളിനെ കുറ്റവിമുക്തനാക്കിയതിനെതിരെയുള്ള സിബിഐ അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് സ്വര്‍ണകാന്ത പിന്മാറി. കോടതിയലക്ഷ്യ നടപടികള്‍ തുടരുമെന്ന് കോടതി വ്യക്തമാക്കി.

തമിഴ്നാട്ടിൽ ഡിഎ വർധിപ്പിച്ചു

വിജയ് സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത രണ്ട് ശതമാനം വര്‍ധിപ്പിച്ചു. ഇതോടെ ഡിഎ 60 ശതമാനമാകും. ഖജനാവിന് 1230 കോടിയുടെ അധികബാധ്യതയാണിത്.

വിജയ് പ്രധാനമന്ത്രിയാകുമെന്ന് പ്രവചനം; ജ്യോതിഷിയുടെ നിയമനം റദ്ദാക്കി

തമിഴ്നാട് മുഖ്യമന്ത്രി വിജയ് പ്രധാനമന്ത്രിയാകുമെന്ന് ജ്യോതിഷി റിക്കി രാധന്‍ പണ്ഡിറ്റ് വെട്രിവേല്‍ പ്രവചിച്ചു. വിവാദമായതോടെ ഇദ്ദേഹത്തെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയമിച്ച ഉത്തരവ് റദ്ദാക്കി.

വോട്ടർ പട്ടിക പരിഷ്കരണം മൂന്നാം ഘട്ടത്തിലേക്ക്

16 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലും സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ്ഐആര്‍) മൂന്നാം ഘട്ടം നടപ്പാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു.

ബുള്ളറ്റിൽ സഭയിലെത്തി മഹാരാഷ്ട്ര മുഖ്യമന്ത്രി

ഇന്ധന ഉപഭോഗം കുറയ്ക്കണമെന്ന ആഹ്വാനത്തെ തുടര്‍ന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വാഹനവ്യൂഹം ഒഴിവാക്കി മോട്ടോര്‍സൈക്കിളില്‍ വിധാന ഭവനിലെത്തി.

ഒമാൻ തീരത്ത് ചരക്ക് കപ്പൽ മുങ്ങി; നാവികർ രക്ഷപ്പെട്ടു

ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്ന് ഗുജറാത്തില്‍ നിന്നുള്ള ‘ഹാജി അലി’ എന്ന ചരക്ക് കപ്പല്‍ ഒമാന്‍ തീരത്ത് മുങ്ങി. 14 ഇന്ത്യന്‍ നാവികരെയും രക്ഷപ്പെടുത്തി.

കോവിഡ് മരണം റിപ്പോർട്ട് ചെയ്തതിലും മൂന്നിരട്ടിയെന്ന് ഡബ്ല്യുഎച്ച്ഒ

ലോകത്ത് 2.21 കോടിയിലേറെ ആളുകള്‍ കോവിഡ് ബാധിച്ച് മരിച്ചെന്ന് ഡബ്ല്യുഎച്ച്ഒ. ഔദ്യോഗിക കണക്കുകളേക്കാള്‍ മൂന്നിരട്ടിയാണിതെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

ഐപിഎൽ: പഞ്ചാബിനെ തകർത്ത് മുംബൈ ഇന്ത്യൻസ്

തിലക് വര്‍മയുടെ മിന്നും പ്രകടനത്തിൽ മുംബൈ ഇന്ത്യൻസിന് സീസണിലെ നാലാം ജയം. പഞ്ചാബ് ഉയർത്തിയ 200 റൺസ് ലക്ഷ്യം മുംബൈ ഒരു പന്ത് ബാക്കിനിൽക്കെ മറികടന്നു.

പണപ്പെരുപ്പം ഉയരുന്നു; 42 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

ഇന്ത്യയിലെ പണപ്പെരുപ്പം 8.3 ശതമാനത്തിലെത്തി. ക്രൂഡ് ഓയില്‍ വില വര്‍ധനവാണ് പണപ്പെരുപ്പം കുതിച്ചുയരാന്‍ കാരണമായത്.

ഇൻസ്റ്റഗ്രാമിൽ കൗമാരക്കാർക്ക് കടുത്ത നിയന്ത്രണം

18 വയസ്സില്‍ താഴെയുള്ളവരുടെ സുരക്ഷയ്ക്കായി മെറ്റ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. 13+ കണ്ടന്റ് റേറ്റിങ്ങിലുള്ള ഉള്ളടക്കങ്ങള്‍ മാത്രമേ ഇനി ലഭ്യമാകൂ.

രാം ചരൺ ചിത്രം ‘പെദ്ധി’ ജൂൺ നാലിന്

ബുചി ബാബു സന സംവിധാനം ചെയ്യുന്ന രാം ചരൺ ചിത്രം ജൂൺ നാലിന് റിലീസ് ചെയ്യും. ജാന്‍വി കപൂറാണ് നായിക.

ആക്ഷൻ ചിത്രം ‘ഡർബി’ ഒടിടിയിൽ

സജില്‍ മമ്പാട് സംവിധാനം ചെയ്ത ‘ഡര്‍ബി’ ആമസോണ്‍ പ്രൈം വീഡിയോയിലും മനോരമ മാക്സിലും സ്ട്രീമിംഗ് ആരംഭിച്ചു.

റോയൽ എൻഫീൽഡിന്റെ 18 പുതിയ മോഡലുകൾ വരുന്നു

2027 സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ 350 സിസി മുതല്‍ 750 സിസി വരെയുള്ള വിഭാഗങ്ങളിലായി 18 പുതിയ മോഡലുകള്‍ പുറത്തിറക്കാന്‍ റോയൽ എൻഫീൽഡ് തയ്യാറെടുക്കുന്നു.

സാമൂഹിക പരിവർത്തനത്തിന്റെ കഥ പറഞ്ഞ് ‘അഭിമന്യു’

കല്ലേലി പത്മനാഭന്‍ നമ്പൂതിരി രചിച്ച ‘അഭിമന്യു’ എന്ന പുസ്തകം സാമൂഹിക പരിവര്‍ത്തന കാലത്തെ കഥ പറയുന്നു. പരിധി പബ്ളിക്കേഷന്‍സ് പുറത്തിറക്കിയ പുസ്തകത്തിന് 228 രൂപയാണ് വില.

ആയുസ് വർധിപ്പിക്കാൻ 160 മിനിറ്റ് നടത്തം

ദിവസവും നടക്കുന്ന ശീലം ആയുസ് അഞ്ച് വര്‍ഷം വരെ വര്‍ധിപ്പിക്കുമെന്ന് പഠനം. ഹൃദയാരോഗ്യത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും നടത്തം ഫലപ്രദമാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here