പത്രം മലയാള ദിനപത്രങ്ങളിലൂടെ
നീറ്റ് യുജി പരീക്ഷ ക്രമക്കേട്: സിബിഐ അന്വേഷണം ആരംഭിച്ചു
നീറ്റ് യുജി പരീക്ഷ റദ്ദാക്കാനിടയാക്കിയ ചോദ്യപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് സിബിഐ അന്വേഷണം ആരംഭിച്ചു. മേയ് മൂന്നിനു നടന്ന നീറ്റ് പരീക്ഷ 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് എഴുതിയത്. നീറ്റ് പരീക്ഷയുടെ പുതിയ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് എന്‍ടിഎ അറിയിച്ചു. അന്വേഷണം ആരംഭിച്ച സിബിഐ, എന്‍ടിഎ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും.
കേരളത്തിലെ പുതിയ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും
കേരളത്തിലെ മുഖ്യമന്ത്രി ആരെന്ന് ഇന്നു പ്രഖ്യാപനമുണ്ടായേക്കും. കേരളത്തിലെ നേതാക്കളുമായി ഡല്‍ഹിയില്‍ രാഹുല്‍ഗാന്ധി അവസാനവട്ട ചര്‍ച്ചകൾ നടത്തി. കെപിസിസി മുന്‍ അധ്യക്ഷന്മാര്‍, വര്‍ക്കിംഗ് പ്രസിഡന്റുമാര്‍, മുതിര്‍ന്ന നേതാക്കള്‍ എന്നിവരോട് അഭിപ്രായം തേടി. ചേരിതിരിഞ്ഞു ശക്തി പ്രകടനം നടന്നതിനെക്കുറിച്ചും അന്വേഷിച്ചു. സോണിയ ഗാന്ധിയുടെ വസതിയായ പത്ത് ജന്‍പഥില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ. സുധാകരന്‍, എം എം ഹസന്‍, കെ മുരളീധരന്‍, വിഎം സുധീരന്‍, വര്‍ക്കിംഗ് പ്രസിഡന്റുമാരായ ഷാഫി പറമ്പില്‍, പി സി വിഷ്ണുനാഥ്, എ.പി അനില്‍ കുമാര്‍ എന്നിവരുമായാണു കൂടിക്കാഴ്ച നടത്തിയത്.
എസ്എസ്എല്‍സി ഫലം തയ്യാർ; പ്രഖ്യാപിക്കാൻ ബോർഡ് യോഗം ഇന്ന്
എസ്എസ്എല്‍സി ഫലം റെഡിയായിട്ടും പ്രഖ്യാപിക്കാന്‍ മന്ത്രിയോ സര്‍ക്കാരോ ഇല്ലാത്ത അവസ്ഥ. ഫലത്തിന് അംഗീകാരം നല്‍കാനും പ്രഖ്യാപനം എങ്ങനെ വേണമെന്ന് ആലോചിക്കാനും പരീക്ഷാ ബോര്‍ഡ് യോഗം ഇന്ന് ചേരും.
മലപ്പുറം മങ്കടയില്‍ ഇടിമിന്നലേറ്റ് നാല് കുട്ടികള്‍ മരിച്ചു
മലപ്പുറം മങ്കടയില്‍ ഇടിമിന്നലേറ്റ് 4 കുട്ടികള്‍ മരിച്ചു. പന്തല്ലൂര്‍ മലയിലുണ്ടായ അപകടത്തില്‍ ഏഴു വിദ്യാര്‍ത്ഥികള്‍ക്കാണ് മിന്നലേറ്റത്. വെള്ളില അട്ടക്കുളം മലമുകളിലെ കുരങ്ങന്‍ചോല പാറയില്‍ കാറ്റ് കൊണ്ടിരിക്കുമ്പോഴാണ് അപകടമുണ്ടായത്. റഹീസ് (20), ഫഹദ്(19), ബഹാസ് (18), സിയാദ് (18) എന്നിവരാണ് മരിച്ചത്. രണ്ടു വിദ്യാര്‍ത്ഥികള്‍ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ ചികിത്സയിലാണ്.
സംസ്ഥാനത്ത് 16 വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
കേരളത്തില്‍ 16-ാം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
വടക്കൻ കേരളത്തിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നു
കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ അടുത്ത ഏഴു ദിവസത്തേക്കു ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തും. പവര്‍ഗ്രിഡ് കോര്‍പ്പറേഷന്റെ കോഴിക്കോട്ടെ പ്രധാന സബ്സ്റ്റേഷനിലുണ്ടായ സാങ്കേതിക തകരാര്‍ പരിഹരിക്കാനാണു നിയന്ത്രണം. കോഴിക്കോട് 400 കെ.വി. സബ്സ്റ്റേഷനിലെ ട്രാന്‍സ്ഫോര്‍മറിന്റെ തകരാറാണ് പരിഹരിക്കുന്നത്.
പത്തനാപുരത്ത് നിയുക്ത എംഎൽഎയ്ക്ക് മുന്നിൽ കാട്ടാന
പത്തനാപുരത്ത് കാട്ടാന ആക്രമണം നടന്ന സ്ഥലം സന്ദര്‍ശിക്കാനെത്തിയ നിയുക്ത എംഎല്‍എ ജ്യോതികുമാര്‍ ചാമക്കാലക്കും സംഘത്തിനും മുന്നില്‍ കാട്ടാന പ്രത്യക്ഷപ്പെട്ടു. പിറവന്തൂര്‍ പഞ്ചായത്തിലെ ചാങ്ങപ്പാറയില്‍ കഴിഞ്ഞ ദിവസം കാട്ടാന വീട് തകര്‍ത്തിരുന്നു.
ഷാഫി പറമ്പിൽ എംപിക്കെതിരെ സൈബർ കോൺഗ്രസ് വിമർശനം
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പിന്തുണച്ചു എന്ന് ആരോപിച്ചാണ് ഒരു വിഭാഗം രംഗത്തെത്തിയത്. ഉമ്മന്‍ചാണ്ടിയുടെ ഫോട്ടോ ഉള്‍പ്പെടുത്തി ഷാഫിയിട്ട ഫേസ്ബുക് പോസ്റ്റിന് താഴെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.
കല്‍പ്പറ്റയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ പോലീസ് കേസെടുത്തു
കല്‍പ്പറ്റ നിയമസഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പി.കെ. അനില്‍കുമാറിനെതിരെ പോലീസ് കേസെടുത്തു. അവിഹിത ബന്ധത്തെ ചോദ്യം ചെയ്ത തന്നെ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയെന്ന ഭാര്യ മഞ്ജുളയുടെ പരാതിയിലാണ് മേപ്പാടി പോലീസ് നടപടി സ്വീകരിച്ചത്.
പുനലൂരിൽ ഭിത്തി ഇടിഞ്ഞുവീണ് യുവാവ് മരിച്ചു
കൊല്ലം പുനലൂര്‍ നെല്ലിപ്പള്ളിയില്‍ ശക്തമായ മഴയില്‍ കോണ്‍ക്രീറ്റ് ഭിത്തി ഇടിഞ്ഞുവീണ് പിറവന്തൂര്‍ വന്‍മള സ്വദേശി സിജു തോമസ് മരിച്ചു. ഇടിമിന്നലുണ്ടായപ്പോള്‍ സിജു കയറിയിരുന്ന ലോറിക്കു മുകളിലേക്ക് ഭിത്തി തകര്‍ന്നു വീഴുകയായിരുന്നു.
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; വ്യാപക നാശനഷ്ടം
കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടമുണ്ടായി. മലപ്പുറം പാണ്ടിക്കാട് സ്കൂൾ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു. കുട്ടമ്പുഴ ഭാഗങ്ങളില്‍ വീടുകള്‍ക്ക് കേടുപറ്റി. നിരവധി മരങ്ങൾ കടപുഴകി വീണു.
അവയവക്കച്ചവട മാഫിയ: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു
അവയവക്കച്ചവട മാഫിയയെക്കുറിച്ച് അന്വേഷിക്കാന്‍ കൊച്ചി സിറ്റി പോലീസ് പതിനഞ്ചംഗ പ്രത്യേക സംഘത്തെ രൂപീകരിച്ചു. ഡിസിപി ഷെഹിന്‍ഷാ, എസിപി മനോജ്കുമാര്‍ എന്നിവരാണ് നേതൃത്വം നൽകുന്നത്. മുഖ്യപ്രതി നജീബ് കല്ലട്ര ഗാസിയാബാദില്‍ നിന്ന് പിടിയിലായി.
തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകർ പി.കെ. ശശിയുടെ ഡിഎംഎഫില്‍ ചേര്‍ന്നു
പാലക്കാട്ടെ എണ്ണൂറോളം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പി.കെ. ശശിയുടെ ഡിഎംഎഫില്‍ ചേര്‍ന്നു. പാലക്കാട്ടെ സിപിഎമ്മിലെ തര്‍ക്കത്തെ തുടര്‍ന്ന് പാര്‍ട്ടി വിട്ടവരെയും കൂടെകൂട്ടാന്‍ നീക്കമുണ്ട്.
ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകന്റെ ലൈവ്: പേജ് അഡ്മിന്‍ അറസ്റ്റില്‍
ഹെല്‍മറ്റ് ധരിക്കാത്ത മാധ്യമപ്രവര്‍ത്തകന്റെ ചിത്രം പകര്‍ത്തിയ പിങ്ക് പോലീസിനെതിരെ ലൈവ് നൽകിയതിന് കെടിആര്‍ മീഡിയ അഡ്മിന്‍ വല്ലം വിഷ്ണുവിനെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു.
വയനാട് ടൗണ്‍ഷിപ്പിലെ 11 വീടുകളുടെ കൈമാറ്റം ഉടൻ
വയനാട് ടൗണ്‍ഷിപ്പിലെ 11 വീടുകളുടെ സാങ്കേതിക കൈമാറ്റം നടത്തും. ഇതോടെ ആകെ കൈമാറുന്ന വീടുകളുടെ എണ്ണം 134 ആകും. നിലവില്‍ 83 വീടുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും താമസം തുടങ്ങിയിട്ടില്ല.
സ്വർണ്ണം വാങ്ങുന്നത് നിർത്തണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം തള്ളി വ്യാപാരികൾ
വിദേശനാണ്യ ചോര്‍ച്ച തടയാന്‍ സ്വര്‍ണ്ണം വാങ്ങുന്നത് നിർത്തണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം കേരളത്തിലെ സ്വർണ്ണ വ്യാപാരി സംഘടന തള്ളി. ഇത് പ്രായോഗികമല്ലെന്ന് സംഘടന അറിയിച്ചു.
നീറ്റ് ക്രമക്കേട്: തിരുവനന്തപുരത്ത് എസ്‌എഫ്‌ഐ മാർച്ച്
നീറ്റ് പരീക്ഷാ ക്രമക്കേടില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ഏജീസ് ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
തമിഴ്‌നാട്ടിൽ വിജയ് സർക്കാരിന്റെ വിശ്വാസവോട്ടെടുപ്പ് ഇന്ന്
തമിഴ്നാട്ടില്‍ വിജയ് സര്‍ക്കാരിന് ഇന്ന് വിശ്വാസവോട്ടെടുപ്പ് നടക്കും. എഐഎഡിഎംകെയിലെ വിമത പക്ഷത്തെ എംഎല്‍എമാര്‍ വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ടിടിവി ദിനകരൻ പുറത്താക്കിയ എഎംഎംകെ എംഎല്‍എ എസ്. കാമരാജും ടിവികെയിൽ ചേരും.
തമിഴ്നാട് സിഎം വിജയ് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി നടത്തി
സ്റ്റാലിന്റെ വിശ്വസ്തനായിരുന്ന ഉദയചന്ദ്രന് പകരം എം.എ. സിദ്ദിഖിനെ ധനകാര്യ സെക്രട്ടറിയായി നിയമിച്ചു. മലയാളി ഉദ്യോഗസ്ഥൻ വി. വിഷ്ണുവിനെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്.
സിബിഐ ഡയറക്ടര്‍ നിയമനം: രാഹുല്‍ ഗാന്ധി വിയോജന കുറിപ്പ് നല്‍കി
പുതിയ സിബിഐ ഡയറക്ടറുടെ നിയമന പ്രക്രിയ പക്ഷപാതപരമാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്ക് വിയോജനക്കുറിപ്പ് നല്‍കി.
പ്രധാനമന്ത്രിയുടെ വസതിക്ക് സമീപത്തെ ചേരി ഒഴിപ്പിക്കാൻ ഉത്തരവ്
റേസ് കോഴ്‌സ് റോഡിലെ ചേരി ഒഴിപ്പിക്കാന്‍ ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കി. ഇവർക്ക് 45 കിലോമീറ്റർ അകലെ പുനരധിവാസം ഉറപ്പാക്കാൻ കോടതി നിർദ്ദേശിച്ചു.
പ്രധാനമന്ത്രിയുടെ അഞ്ച് രാജ്യങ്ങളിലെ സന്ദർശനം 15-ന് തുടങ്ങും
വിദേശയാത്ര വെട്ടിക്കുറയ്ക്കണമെന്ന് ആഹ്വാനം ചെയ്തതിന് പിന്നാലെ പ്രധാനമന്ത്രി യുഎഇ ഉൾപ്പെടെ അഞ്ച് രാജ്യങ്ങൾ സന്ദർശിക്കും. മെയ് 20-ന് അദ്ദേഹം മടങ്ങിയെത്തും.
പെൺകുട്ടികൾ വീട്ടിലിരിക്കണമെന്ന് ബിഹാർ വിദ്യാഭ്യാസമന്ത്രി
പെണ്‍കുട്ടികള്‍ പഠിക്കേണ്ടെന്നും അവർ വീടിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ കഴിയണമെന്നുമുള്ള ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി മിഥിലേഷ് തിവാരിയുടെ പരാമര്‍ശം വിവാദമായി.
ബ്രീക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ഇറാൻ പങ്കെടുക്കും
ഇന്ത്യയിൽ നടക്കുന്ന ബ്രീക്സ് യോഗത്തിൽ ഇറാൻ വിദേശകാര്യമന്ത്രി പങ്കെടുക്കും. നിലവിലെ യുദ്ധ സാഹചര്യങ്ങൾ യോഗത്തിൽ പ്രധാന ചർച്ചയാകും.
ലോകം കടുത്ത സാമ്പത്തിക കെടുതിയിലെന്ന് യുഎഇ മന്ത്രി
യുദ്ധം മൂലം ലോകം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് യുഎഇ വ്യവസായ മന്ത്രി ഡോ. സുല്‍ത്താന്‍ അല്‍ ജാബിര്‍ പറഞ്ഞു. വിമാന ടിക്കറ്റ് നിരക്ക് വർദ്ധിക്കുകയും ക്രൂഡ് ഓയിൽ ലഭ്യത കുറയുകയും ചെയ്തിട്ടുണ്ട്.
അമേരിക്ക ആക്രമിച്ചാൽ ആണവായുധം നിർമ്മിക്കുമെന്ന് ഇറാൻ
അമേരിക്ക ആക്രമിച്ചാല്‍ യുറേനിയം സമ്പുഷ്ടീകരണം ആണവായുധ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് ഇറാൻ ഭീഷണി മുഴക്കി.
ഐപിഎൽ: ഹൈദരാബാദിനെ തകർത്ത് ഗുജറാത്ത് പ്ലേ ഓഫിൽ
സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 82 റണ്‍സിന് തോൽപ്പിച്ച് ഗുജറാത്ത് ടൈറ്റന്‍സ് പ്ലേ ഓഫ് ഉറപ്പിച്ചു. 169 റൺസ് പിന്തുടർന്ന ഹൈദരാബാദ് 86 റൺസിന് പുറത്തായി.
പാക്കിസ്ഥാനെതിരെ ബംഗ്ലാദേശിന് ചരിത്ര വിജയം
ഒന്നാം ടെസ്റ്റില്‍ പാകിസ്ഥാനെ 104 റണ്‍സിന് തകര്‍ത്ത് ബംഗ്ലാദേശ് ചരിത്രവിജയം കുറിച്ചു. ബംഗ്ലാദേശില്‍ പാകിസ്ഥാന്‍ വഴങ്ങുന്ന ആദ്യ ടെസ്റ്റ് തോല്‍വിയാണിത്.
ഇന്ത്യയിൽ മദ്യവിൽപ്പനയിൽ വൻ വർദ്ധനവ്
2025-26 വർഷത്തിൽ ഇന്ത്യയിലെ പ്രീമിയം മദ്യവിൽപ്പനയിൽ വലിയ കുതിച്ചുചാട്ടം രേഖപ്പെടുത്തി. വിസ്കി വിപണിയിലാണ് ഏറ്റവും കൂടുതൽ വളർച്ചയുള്ളത്.
ഗൂഗിൾ ഫിറ്റ്ബിറ്റ് എയർ അവതരിപ്പിച്ചു
സ്ക്രീൻ ഇല്ലാത്ത പുതിയ ഫിറ്റ്നസ് ട്രാക്കർ ഗൂഗിൾ പുറത്തിറക്കി. 100 ഡോളറാണ് വില. ഹൃദയമിടിപ്പും ഉറക്കവും നിരീക്ഷിക്കാൻ ഇതിന് സാധിക്കും.
ആന്റണി വർഗ്ഗീസ് ചിത്രം ‘കാട്ടാളൻ’ മെയ് 28-ന്
പെപ്പെയെ കേന്ദ്ര കഥാപാത്രമാക്കി പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ ഈദ് റിലീസായി മെയ് 28-ന് തിയേറ്ററുകളിൽ എത്തും.
ഷറഫുദ്ദീൻ ചിത്രം ‘മധുവിധു’ ഒടിടിയിലേക്ക്
തിയേറ്ററുകളിൽ ശ്രദ്ധിക്കപ്പെട്ട ‘മധുവിധു’ മെയ് 22 മുതൽ സോണി ലിവിലൂടെ സ്ട്രീമിംഗ് ആരംഭിക്കും.
ഇന്ത്യൻ സൈന്യത്തിലേക്ക് ലാൻഡ് റോവർ ഡിഫൻഡർ
ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് സൈനിക ദൗത്യങ്ങൾക്കായി ഡിഫൻഡർ എസ്യുവിയെ വികസിപ്പിച്ചു. ഇന്ത്യൻ സൈന്യം ഉടൻ ഇത് ഉപയോഗിച്ചു തുടങ്ങും.
പുസ്തക വിശേഷം: സുവര്‍ണപുരിയിലെ മിന്നാമിനുങ്ങുകള്‍
ശ്രീജിത്ത് മൂത്തേടത്തിന്റെ ബാലനോവൽ ‘സുവര്‍ണപുരിയിലെ മിന്നാമിനുങ്ങുകള്‍’ പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് പകർന്നു നൽകുന്നു. ഗ്രീൻ ബുക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.
പാലിനൊപ്പം ഇവ കഴിക്കരുത്: ആരോഗ്യ ടിപ്സ്
പാലിനൊപ്പം സിട്രസ് പഴങ്ങൾ, മത്സ്യം, എരിവുള്ള ഭക്ഷണം, തൈര്, തണ്ണിമത്തൻ, മുട്ട എന്നിവ കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകും. ഇവ ഒഴിവാക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.































