26.9 C
Kollam
Saturday 27th June, 2026 | 07:00:22 PM
Home News Breaking News ലോട്ടറിയടിച്ച വീട്ടില്‍ ദുര്‍മരണം നടന്ന മട്ടില്‍ യുഡിഎഫ്, ജനാധിപത്യത്തെ കഴുത്തുഞെരിച്ച നേതാധിപത്യ തീരുമാനവുമായി...

ലോട്ടറിയടിച്ച വീട്ടില്‍ ദുര്‍മരണം നടന്ന മട്ടില്‍ യുഡിഎഫ്, ജനാധിപത്യത്തെ കഴുത്തുഞെരിച്ച നേതാധിപത്യ തീരുമാനവുമായി ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം ഇന്നിറങ്ങും, ഭാവിമുഖ്യമന്ത്രിയുടെ ആദ്യ ഉത്തരവ് ഫെയ്സ്ബുക്കുവഴി

Advertisement

ന്യൂഡല്‍ഹി. ലോട്ടറിയടിച്ച വീട്ടില്‍ ദുര്‍മരണം നടന്ന മട്ടില്‍ യുഡിഎഫ് ആഹ്ലാദത്തിനുള്ള കാരണമുണ്ടെങ്കിലും ആഹ്ളാദിക്കാനാവുന്നില്ല. എല്ലാസന്തോഷവും കെടുത്തിയത് ഒറ്റയാളുടെ അധികാരമോഹമല്ലേയെന്ന ജനത്തിന്‍റെ ചോദ്യത്തിന് മറുപടിപറയാന്‍ നേതാക്കള്‍ക്ക് ആവുന്നില്ല. അധികാരം കൈയിലേക്കുവന്നപ്പോള്‍ സിപിഎം കാണിച്ച ധാര്‍ഷ്ട്യത്തേക്കാള്‍ വലിയ ധാര്‍ഷ്ട്യത്തോടെ കോണ്‍ഗ്രസ് എംഎല്‍എമാര്‍. സിപിഎം നേതാക്കള്‍ പോയ അത്രയും കാലം പോലും എടുത്തില്ലല്ലോ കോണ്‍ഗ്രസ് നേതാക്കള്‍ സ്വയം മറക്കാനെന്നതില്‍ ഞെട്ടി ജനം, ജനാധിപത്യത്തെ കഴുത്തുഞെരിച്ച നേതാധിപത്യതീരുമാനവുമായി ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം ഇന്നിറങ്ങും, ഭാവിമുഖ്യമന്ത്രിയുടെ ആദ്യ ഉത്തരവ് ഫെയ്സ്ബുക്കുവഴി എന്നതും പരിഹാസ്യമായി.

കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ അന്തിമ ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞതായാണ് സൂചന. ഉച്ചയോടെ പുതിയ നേതാവിനെ പ്രഖ്യാപിച്ചേക്കും. കേരളത്തിലെ മുന്‍ കെപിസിസി പ്രസിഡന്റുമാര്‍ അടക്കമുള്ള നേതാക്കളെ കണ്ട രാഹുല്‍ഗാന്ധി, അവരുടെ അഭിപ്രായങ്ങള്‍ തേടിയിരുന്നു. തുടര്‍ന്ന് പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാഗാന്ധി എന്നിവരുമായി ആശയവിനിമയം നടത്തിയശേഷമാകും അന്തിമ പ്രഖ്യാപനം ഉണ്ടാകുക.

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ എഐസിസി ജനറല്‍ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയുടെ നിലപാടും നിര്‍ണായകമായേക്കും. ഇന്നലെ രാത്രി വൈകിയാണ് കേരള നേതാക്കളുമായുള്ള ചര്‍ച്ച രാഹുല്‍ഗാന്ധി പൂര്‍ത്തിയാക്കിയത്. മുല്ലപ്പള്ളി രാമചന്ദ്രനുമായി ഫോണിലും രാഹുല്‍ സംസാരിച്ചു. കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായ എപി അനില്‍കുമാര്‍, പിസി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍ എന്നിവരുടെ അഭിപ്രായവും കേട്ടിരുന്നു.

ജനവികാരം പ്രതിപക്ഷനേതാവ് വി ഡിസതീശന് അനുകൂലമാണെന്ന് കെ മുരളീധരന്‍ രാഹുലിനെ അറിയിച്ചെന്നാണ് സൂചന. പരസ്യമായി പറഞ്ഞില്ലെങ്കിലും വി എം സുധീരനും ഇതേ നിലപാട് അറിയിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ രാഹുലിനോട് പറഞ്ഞത് വെളിപ്പെടുത്താന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്ന് എംഎം ഹസ്സന്‍ പറഞ്ഞു. പുറമേ സമാന നിലപാട് പറഞ്ഞെങ്കിലും, കെ സുധാകരന്‍ കൂടിക്കാഴ്ചയില്‍ കെസിയെ പിന്തുണച്ചാണ് സംസാരിച്ചതെന്നാണ് സൂചന. മുരളീധരനും സുധീരനും ഒഴികെ എല്ലാവരും കെസി വേണുഗോപാല്‍ മുഖ്യമന്ത്രിയാകുന്നതിനോട് യോജിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

മുഖ്യമന്ത്രി സ്ഥാനത്തിനായി ചേരി തിരിഞ്ഞ് നടന്ന ശക്തിപ്രകടനങ്ങളെ കുറിച്ച് രാഹുല്‍ നേതാക്കളോട് ചോദിച്ചു. ആരായിരുന്നു പ്രതിഷേധക്കാരുടെ പിന്നില്‍, നടപടികള്‍ ആസൂത്രിതമായിരുന്നോ, ആര്‍ക്കൊക്കെ വേണ്ടിയാണ് മത്സരം നടന്നത് തുടങ്ങിയ കാര്യങ്ങള്‍ രാഹുല്‍ ചോദിച്ചതായാണ് സൂചന. എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമം നടന്നുവെന്ന ആക്ഷേപം ശരിയാണോയെന്നും രാഹുല്‍ ആരാഞ്ഞു. എംഎല്‍എമാരുടെ പിന്തുണ പരിഗണിക്കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടപ്പോള്‍ സംസ്ഥാനത്തെ ജനവികാരം പരിഗണിക്കണമെന്ന് ചില നേതാക്കള്‍ ആവശ്യപ്പെട്ടു. ഘടകകക്ഷികളുമായി കൂടി സംസാരിച്ചശേഷമാകും ഹൈക്കമാന്‍ഡ് അന്തിമ തീരുമാനം പ്രഖ്യാപിക്കുക.ആകെപ്പേടി മുസ്ലിം ലീഗിന്‍റെ നിലപാടിനെ മാത്രം.

അടുത്ത മുഖ്യമന്ത്രി ആരായിരിക്കും എന്നതിനെ സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനിടെ, മുഖ്യമന്ത്രി സ്ഥാനം ഉറപ്പിച്ച് ഭരണം തുടങ്ങി എന്ന സൂചന നല്‍കി കോൺ​ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മലപ്പുറം മങ്കടയില്‍ ഇടിമിന്നലേറ്റ് മരിച്ച നാലു വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് കാലവിളംബം ഏതുമില്ലാതെ നഷ്ടപരിഹാരത്തുക നല്‍കാനുള്ള ഇടപെടല്‍ നടത്തണമെന്ന് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ട് കൊണ്ടുള്ള പോസ്റ്റ് ആണ് രാഷ്ട്രീയ രംഗത്ത് ചര്‍ച്ചയാവുന്നത്. ഇത്തരമൊരു വിഷയത്തില്‍ ഇടപെടണമെന്ന് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെടണമെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം കെ സി വേണുഗോപാലിന് നല്‍കാന്‍ ഹൈക്കമാന്‍ഡിന്റെ ഭാഗത്ത് നിന്ന് തീരുമാനമായി കാണണമെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ പറയുന്നത്.

കേരളത്തിലങ്ങോളമിങ്ങോളമുള്ള പ്രതിഷേധങ്ങള്‍ എല്ലാം വിഡി സതീശന്‍റെ ഗ്രൂപ്പു പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി വന്നതാണെന്നും ചെയ്യിച്ചതാണെന്നും ഹൈക്കമാന്‍ഡിനെ ബോധ്യപ്പെടുത്താന്‍ കെസി വിഭാഗത്തിനായി. അതോടെ മറ്റൊരു പ്രതിസന്ധിയും രൂപപ്പെട്ടു. എല്ലാ നാട്ടിലും ഇത്തരം പ്രകടനങ്ങള്‍ നടത്തിക്കാറുണ്ട്, അപ്പോള്‍ അതിന് ഹൈക്കമാന്‍ഡ് വഴിപ്പെട്ടു എന്ന കീഴ് വഴക്കം ഉണ്ടാവുമെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. ഇന്നലെവരെ കൂടെനിന്ന മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും പൊതുജനവുമെല്ലാമിപ്പോള്‍ ഹൈക്കമാന്‍ഡിന് എതിര്‍പക്ഷത്താണ്. ജനവികാരം എന്നതിന് ഒരു പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനം എന്തുവില കല്‍പ്പിക്കുന്നു എന്നത് വ്യക്തമായി.തങ്ങള്‍തന്നെ ഇറക്കിയ തീട്ടൂരം ലംഘിച്ച് തങ്ങളിലൊരാള്‍ക്കുവേണ്ടി ജനാഭിപ്രായത്തിന്‍റെ കഴുത്തു ഞെരിക്കാനുള്ള ഗൂഡ തന്ത്രങ്ങള്‍ മാത്രമാണ് ഹൈക്കമാന്‍ഡില്‍ നടക്കുന്നത്.

Advertisement