Home News പത്രം മലയാള ദിനപത്രങ്ങളിലൂടെ |2026 മേയ് 3, ഞായര്‍ | 1201 മേടം 20, വിശാഖം

പത്രം മലയാള ദിനപത്രങ്ങളിലൂടെ |2026 മേയ് 3, ഞായര്‍ | 1201 മേടം 20, വിശാഖം

Advertisement

പത്രം മലയാള ദിനപത്രങ്ങളിലൂടെ

2026 മേയ് 3, ഞായര്‍ | 1201 മേടം 20, വിശാഖം

നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ നാളെ

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ രാവിലെ എട്ടിന് ആരംഭിക്കും. 43 സ്ഥലങ്ങളിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും സമീപ പ്രദേശങ്ങളിലും വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. കേരളത്തില്‍ 15,465 ഉദ്യോഗസ്ഥര്‍ക്കാണ് വോട്ടെണ്ണല്‍ ചുമതല. തമിഴ്നാട്, ബംഗാള്‍, ആസാം, പുതുച്ചേരി എന്നിവിടങ്ങളിലെ വോട്ടെണ്ണലും നാളെയാണ് നടക്കുക. രാവിലെ പത്താകുമ്പോഴേക്കും ഫലസൂചകങ്ങള്‍ ലഭ്യമാകും.

കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍

വോട്ടെണ്ണുന്ന നാളെ കോഴിക്കോട് ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ, വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ 200 മീറ്റര്‍ പരിധിയിലാക്കി പരിമിതപ്പെടുത്തി. പടക്കം വില്‍പനയും പൊട്ടിക്കലും നിരോധിച്ചു. രാത്രി ഏഴിനുശേഷം ആഹ്ലാദപ്രകടനങ്ങള്‍ക്കും വിലക്കുണ്ട്. സംഘര്‍ഷമുണ്ടാക്കിയാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

യുഎഇ വ്യോമപാതയിലെ നിയന്ത്രണങ്ങള്‍ നീക്കി

യുഎഇ വ്യോമപാതയിലെ നിയന്ത്രണങ്ങള്‍ നീക്കിയതോടെ വിമാന സര്‍വീസുകള്‍ സാധാരണ നിലയിലാകും. ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്കും പൂര്‍ണതോതില്‍ സര്‍വീസ് നടത്താം. കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ എത്തുന്നതോടെ ടിക്കറ്റു നിരക്കും കുറയും.

സ്ട്രോങ് റൂം അട്ടിമറി പരാതി തെരഞ്ഞെടുപ്പു കമ്മീഷന്‍ തള്ളി

കോഴിക്കോട് സ്ട്രോങ് റൂമില്‍ അട്ടിമറി ശ്രമം ആരോപിച്ച് യുഡിഎഫ് നല്‍കിയ പരാതി തെരഞ്ഞെടുപ്പു കമ്മീഷന്‍ തള്ളി. പേരാമ്പ്രയിലും കൊയിലാണ്ടിയിലും വരണാധികാരികള്‍ ചട്ടം ലംഘിച്ചിട്ടില്ലെന്ന് കമ്മീഷന്‍ വിശദീകരിച്ചു. യാതൊരുവിധ വീഴ്ചയും ഇല്ലാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാവില്ല.

മണിയാര്‍ ജലവൈദ്യുത പദ്ധതി ഏറ്റെടുക്കുന്നതില്‍ മന്ത്രിമാര്‍ തമ്മില്‍ തര്‍ക്കം

മണിയാര്‍ ജലവൈദ്യുത പദ്ധതി കെഎസ്ഇബി ഏറ്റെടുക്കുന്നത് സംബന്ധിച്ച് മന്ത്രിമാരായ കെ. കൃഷ്ണന്‍കുട്ടിയും പി. രാജീവും തമ്മില്‍ മന്ത്രിസഭാ യോഗത്തില്‍ തര്‍ക്കം. മുഖ്യമന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്ന് തീരുമാനമെടുക്കാന്‍ ഉദ്യോഗസ്ഥ സമിതിയെ നിയോഗിച്ചു. ഏറ്റെടുക്കല്‍ നടപടികള്‍ തത്കാലം നിര്‍ത്തിവയ്ക്കാന്‍ ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി.

നഗരസഭ ജീവനക്കാരിക്ക് നേരെ ആക്രമണം

വിധവാ പെന്‍ഷന് അപേക്ഷിക്കാന്‍ ഓഫീസിലെത്തിയ സ്ത്രീ കോഴിക്കോട് മുക്കം നഗരസഭ ജീവനക്കാരിയെ കടിച്ചു പരിക്കേല്‍പ്പിച്ചു. പുനര്‍ വിവാഹിതയല്ലെന്ന രേഖ ആവശ്യപ്പെട്ടതാണ് ആക്രമണത്തിന് പ്രകോപനമായത്.

കുന്നത്തുനാട്ടില്‍ പരാജയ ഭീതി പങ്കുവെച്ച് പി.വി. ശ്രീനിജന്‍

കുന്നത്തുനാട്ടില്‍ പാര്‍ട്ടിയുടെ കണക്കില്‍ താന്‍ 6000 വോട്ടിന് തോറ്റുപോയേക്കുമെന്ന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി.വി. ശ്രീനിജന്‍. എങ്കിലും വ്യക്തിപരമായ വോട്ടുകള്‍ സമാഹരിച്ച് ജയിക്കാനാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.

വയനാട്ടില്‍ നിന്നെത്തിച്ച കടുവ ചത്തു

വയനാട്ടില്‍ നിന്ന് പിടികൂടി മൃഗശാലയില്‍ പുനരധിവസിപ്പിച്ച പത്തു വയസുള്ള പെണ്‍കടുവ ചത്തു. ഇന്നലെ രാവിലെയായിരുന്നു അന്ത്യം.

പാലക്കാട് ജില്ലയില്‍ പടക്കങ്ങള്‍ക്ക് നിരോധനം

വോട്ടെണ്ണലിനോടനുബന്ധിച്ച് പാലക്കാട് ജില്ലയില്‍ പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. മെയ് അഞ്ചാം തീയതി വരെയാണ് വില്‍പന നിരോധിച്ചത്.

മുണ്ടക്കൈ ദുരന്തബാധിതരുടെ വീടുകളില്‍ പ്രവേശനം നിരോധിച്ചു

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി മുസ്ലിം ലീഗ് നിര്‍മിച്ചു നല്‍കിയ വീടുകളിലേക്ക് പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശനം നിരോധിച്ചു. കുടുംബങ്ങള്‍ താമസം ആരംഭിച്ച സാഹചര്യത്തിലാണ് നിയന്ത്രണം.

വി.ഡി. സതീശന് പിന്തുണയുമായി വീണ്ടും ഫ്ളക്സ്

മൂവാറ്റുപുഴയില്‍ വി ഡി സതീശന് പിന്തുണയര്‍പ്പിച്ച് കോണ്‍ഗ്രസ് കൂട്ടായ്മയുടെ പേരില്‍ വീണ്ടും ഫ്ളക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കുന്ന രീതിയിലാണ് ബോര്‍ഡിലെ വരികള്‍.

കോലഞ്ചേരി കുറിഞ്ഞി പള്ളിയില്‍ സംഘര്‍ഷം

യാക്കോബായ-ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ആരാധനാ സ്വാതന്ത്ര്യത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

മാഹിയില്‍ നിന്നും മദ്യം കടത്തിയവര്‍ പിടിയില്‍

സുഹൃത്തിന്റെ വിവാഹത്തിനായി മാഹിയില്‍നിന്ന് കോഴിക്കോട്ടേക്കു മദ്യം കടത്തുകയായിരുന്ന രണ്ടു യുവാക്കളെ നാദാപുരം പോലീസ് പിടികൂടി. ഇവരുടെ പക്കല്‍ നിന്ന് 22 ലിറ്റര്‍ മദ്യവും സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു.

പീഡനക്കേസ് പ്രതിക്ക് 12 വര്‍ഷം തടവ്

ട്യൂഷന്‍ സെന്ററില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 12 വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും കാട്ടാക്കട അതിവേഗ പോക്സോ കോടതി വിധിച്ചു.

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവതി പിടിയില്‍

പ്രമുഖ ആശുപത്രിയില്‍ ജോലി വാഗ്ദാനം ചെയ്ത് 63,000 രൂപ തട്ടിയെടുത്ത കേസില്‍ തിരുവനന്തപുരം സ്വദേശിനി ബി.വി അര്‍ച്ചന പിടിയിലായി. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ടവരെയാണ് ഇവര്‍ കബളിപ്പിച്ചത്.

ഭാര്യയെ കൊലപ്പെടുത്തിയ കേസ്: ഭര്‍ത്താവ് 24 വര്‍ഷത്തിന് ശേഷം പിടിയില്‍

2001-ല്‍ ജമീല എന്ന യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഭര്‍ത്താവുമായ ഹമീദിനെ എടച്ചേരി പോലീസ് പിടികൂടി. ഒളിവിലായിരുന്ന ഇയാളെ നീണ്ട കാലത്തെ അന്വേഷണത്തിനൊടുവിലാണ് പിടികൂടുന്നത്.

ബംഗാളില്‍ വോട്ടെണ്ണലിന് കര്‍ശന നിരീക്ഷണം

പശ്ചിമബംഗാളില്‍ വോട്ടെണ്ണലിന് ഇരൂന്നൂറിലധികം അധിക നിരീക്ഷകരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് ഈ നടപടി.

ജബല്‍പൂര്‍ ബോട്ട് അപകടം: പൈലറ്റിനും ജീവനക്കാര്‍ക്കും വീഴ്ച

മധ്യപ്രദേശിലെ ഒമ്പതു പേരുടെ മരണത്തിനിടയാക്കിയ ക്രൂയിസ് ബോട്ട് അപകടത്തിന് കാരണം ജീവനക്കാരുടെ വീഴ്ചയാണെന്ന് റിപ്പോര്‍ട്ട്. പൈലറ്റിനെ പിരിച്ചുവിട്ടു, ഓപ്പറേറ്റര്‍ക്കെതിരെ കേസ് എടുത്തു.

തമിഴ്നാട്ടില്‍ ഡിഎംകെ-സഖ്യകക്ഷി തര്‍ക്കം

വോട്ടെണ്ണലിന് മുന്നോടിയായി തമിഴ്നാട്ടില്‍ സഖ്യകക്ഷികള്‍ക്കിടയില്‍ ഭിന്നത. സീറ്റ് വിഭജനത്തില്‍ സിപിഎം അതൃപ്തി പ്രകടിപ്പിച്ചപ്പോള്‍, വിജയ് രാഷ്ട്രീയത്തില്‍ വലിയ ചലനം ഉണ്ടാക്കുമെന്ന് കോണ്‍ഗ്രസ് നിരീക്ഷിച്ചു.

പ്രസൂണ്‍ ജോഷി പ്രസാര്‍ ഭാരതി ചെയര്‍മാന്‍

പ്രശസ്ത ഗാനരചയിതാവും എഴുത്തുകാരനുമായ പ്രസൂണ്‍ ജോഷിയെ പ്രസാര്‍ ഭാരതിയുടെ ചെയര്‍മാനായി കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം നിയമിച്ചു.

ആസാമില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ്

ആസാമില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഗൗരഗ് ഗൊഗോയ് അവകാശപ്പെട്ടു. മുതിര്‍ന്ന നേതാക്കള്‍ സഖ്യകക്ഷികളുമായി ചര്‍ച്ച നടത്തി.

ഇന്ത്യന്‍ എല്‍പിജി ടാങ്കര്‍ ഹോര്‍മുസ് കടലിടുക്ക് പിന്നിടുന്നു

ഇറാനും യുഎസും തമ്മിലുള്ള സംഘര്‍ഷത്തിനിടയിലും 45,000 ടണ്‍ പാചകവാതകവുമായി ഇന്ത്യന്‍ ടാങ്കര്‍ ‘സര്‍വ് ശക്തി’ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുന്നു.

ഛത്തീസ്ഗഡില്‍ കുഴിബോംബ് സ്ഫോടനം: മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു

കാങ്കറില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ച കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ മൂന്ന് ജവാന്മാര്‍ വീരമൃത്യു വരിച്ചു.

തുംകൂരുവില്‍ പക്ഷിപ്പനി മരണം: അതീവ ജാഗ്രത

കര്‍ണാടകത്തിലെ തുംകൂരുവില്‍ മയിലുകള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. 33 ഗ്രാമങ്ങളില്‍ അധികൃതര്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി.

ഡല്‍ഹിയില്‍ ജഡ്ജി മരിച്ച നിലയില്‍

സഫ്ദര്‍ജംഗ് എന്‍ക്ലേവിലുള്ള വസതിയിയില്‍ 30 കാരനായ സിവില്‍ ജഡ്ജി അമന്‍ കുമാര്‍ ശര്‍മയെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

പത്രസ്വാതന്ത്ര്യ സൂചിക: ഇന്ത്യ 157-ാം സ്ഥാനത്തേക്ക്

ലോക പത്രസ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യ 157-ാം സ്ഥാനത്തേക്ക് താഴ്ന്നു. അയല്‍രാജ്യങ്ങളായ പാകിസ്ഥാനും ബംഗ്ലാദേശിനും പിന്നിലാണ് ഇന്ത്യയുടെ നിലവിലെ സ്ഥാനം.

ഐപിഎല്‍: ചെന്നൈക്ക് വിജയം

മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എട്ടു വിക്കറ്റ് വിജയം. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്കവാദിന്റെ അര്‍ദ്ധ സെഞ്ച്വറി മികവിലാണ് ചെന്നൈ വിജയം സ്വന്തമാക്കിയത്.

വനിതാ ടി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

ജൂണില്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ഹര്‍മന്‍പ്രീത് കൗറാണ് ടീം ക്യാപ്റ്റന്‍.

ഫെഡറല്‍ ബാങ്ക് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ക്രെഡിറ്റ് കാര്‍ഡ് ബിസിനസ് ഏറ്റെടുക്കുന്നു

യുകെ ആസ്ഥാനമായുള്ള സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിന്റെ ഇന്ത്യയിലെ ക്രെഡിറ്റ് കാര്‍ഡ് ബിസിനസ് ഫെഡറല്‍ ബാങ്ക് ഏറ്റെടുക്കുന്നു. ഇതുവഴി ഫെഡറല്‍ ബാങ്കിന്റെ വിപണി സാന്നിധ്യം ഇരട്ടിയാകും.

യുഎസ് സൈന്യം എഐ സാങ്കേതികവിദ്യയിലേക്ക്

ഗൂഗിള്‍, ഓപ്പണ്‍എഐ തുടങ്ങി എട്ട് പ്രമുഖ ടെക് കമ്പനികളുമായി സഹകരിച്ച് സൈനിക പ്രവര്‍ത്തനങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നടപ്പിലാക്കാന്‍ യുഎസ് പെന്റഗണ്‍ ഒരുങ്ങുന്നു.

എഐ സാങ്കേതികവിദ്യയില്‍ ‘മണികണ്ഠന്‍: ദി ലാസ്റ്റ് അവതാര്‍’

പൂര്‍ണ്ണമായും എഐ ഉപയോഗപ്പെടുത്തി അണിയിച്ചൊരുക്കുന്ന മലയാള ചിത്രം ‘മണികണ്ഠന്‍: ദി ലാസ്റ്റ് അവതാര്‍’ മെയ് 29-ന് തീയേറ്ററുകളില്‍ എത്തും. ഹിമാലയമാണ് ചിത്രത്തിന്റെ പശ്ചാത്തലം.

‘വാഴ 2’ ഒടിടിയിലേക്ക്

ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത ‘വാഴ 2’ മെയ് 8 മുതല്‍ ജിയോ ഹോട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കും. ചിത്രത്തിന്റെ മൂന്നാം ഭാഗവും അണിയറക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

മിനി കണ്‍വേര്‍ട്ടിബിള്‍ ജോണ്‍ കൂപ്പര്‍ വര്‍ക്ക്സ് പുറത്തിറക്കി

ബ്രിട്ടീഷ് ആഡംബര ബ്രാന്‍ഡായ മിനി, പുതിയ കണ്‍വേര്‍ട്ടിബിള്‍ കാർ ഇന്ത്യയില്‍ അവതരിപ്പിച്ചു. 61.50 ലക്ഷം രൂപയാണ് പ്രാരംഭ വില.

വേനല്‍ക്കാല രോഗങ്ങള്‍: ജാഗ്രത പാലിക്കുക

ശക്തമായ ചൂടില്‍ പനി, ചെങ്കണ്ണ്, അലര്‍ജി തുടങ്ങിയ രോഗങ്ങള്‍ പടരാന്‍ സാധ്യതയുള്ളതിനാല്‍ ധാരാളം വെള്ളം കുടിക്കാനും പോഷകാഹാരം കഴിക്കാനും ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. ഒരു ദിവസം കുറഞ്ഞത് രണ്ടര ലിറ്റര്‍ വെള്ളം ഉറപ്പാക്കണം.

വാർത്തകൾ തയ്യാറാക്കിയത് : രജനീഷ് മൈനാഗപ്പള്ളി
Advertisement

LEAVE A REPLY

Please enter your comment!
Please enter your name here