തിരുവനന്തപുരത്ത് മദ്യലഹരിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. വെട്ടുതുറ സ്വദേശി ജിനേഷിനെയാണ് (21) കഠിനംകുളം പൊലീസ് പിടികൂടിയത്. കഠിനംകുളത്തെ പെട്രോൾ പമ്പിൽ ഇന്നലെ രാത്രിയാണ് ആക്രമണം നടന്നത്
ശാസ്താംകോട്ട : കുന്നത്തൂർ നിയോജകമണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി കോവൂർ കുഞ്ഞുമോന്റെ വിജയത്തിന് മണ്ഡലം കൺവെൻഷൻ നടന്നു.
ഭരണിക്കാവിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. സ്ത്രീകളും കുട്ടികളും യുവാക്കളും അടക്കം ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്ത കൺവെൻഷൻ ആവേശകടലായി. സ്ഥാനാർത്ഥി കുഞ്ഞുമോൻ കൺവെൻഷനിലേക്ക് എത്തിയപ്പോൾ ഹർഷാരവങ്ങളോടെയും മുദ്രാവാക്യങ്ങളും വിളികളോടെയും പ്രവർത്തകർ സ്ഥാനാർത്ഥിയെ സ്വീകരിച്ചു. യോഗത്തിൽ സിപിഐ സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗം കെ ശിവശങ്കരൻ നായർ അധ്യക്ഷനായി.
മണ്ഡലം സെക്രട്ടറി പി കെ ഗോപൻ സ്വാഗതം പറഞ്ഞു. സ്ഥാനാർത്ഥി കോവൂർ കുഞ്ഞുമോൻ സിപിഐ എം ജില്ലാ സെക്രെട്ടറി എസ് സുദേവൻ എൽ ഡി എഫ് നേതാക്കളായ വഴുതാനത്ത് ബാലചന്ദ്രൻ,ടി ആർ ശങ്കരപിള്ള, ബി ശശി, സി ജി ഗോപു കൃഷ്ണൻ സി കെ ഗോപി, പുത്തൂർ സനൽ, ഉഷാലയം ശിവരാജൻ,കെ ദിലീപ്,റസീം ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ കലാ ദേവി റമീസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രശ്മി തുടങ്ങിയവർ സംസാരിച്ചു. 201 അംഗ തെരഞ്ഞെടുപ്പ് എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു. പ്രസിഡന്റ് : കെ ശിവശങ്കരൻ നായർ,സെക്രട്ടറി: പി കെ ഗോപൻ
കൊല്ലം.നിയമസഭാ തെരഞ്ഞെടുപ്പിൽ NYCA ( നാഷണൽ യംഗ് ക്രിസ്ത്യൻ അസോസിയേഷൻ) പിന്തുണയോടെ ഇരവിപുരം മണ്ഡലത്തിൽ മത്സരിക്കുന്ന ആൻഡേഴ്സൺ എഡ്വേർഡ് , കൊല്ലം കളക്ട്രേറ്റിൽ വാരണാധികാരി മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
ന്യുനപക്ഷങ്ങളോടും മത്സ്യത്തൊഴിലാളികളോടും പരിഗണന കാണിക്കാത്ത രാഷ്ട്രീയ മുന്നണികളുടെ അവഗണനയ്ക്കെതിരേയുള്ള പോരാട്ടങ്ങളുടെയും പ്രതിഷേധങ്ങളുടെയും തുടക്കമാണ് ഈ സ്ഥാനാർത്ഥിത്വം എന്ന് മാധ്യമ പ്രവര്ത്തകന് കൂടിയായ ആൻഡേഴ്സൻ പറഞ്ഞു
പത്തനംതിട്ട: സിപിഎം നേതൃത്വം നല്കുന്ന അടൂര് സര്വീസ് സഹകരണ ബാങ്കില്(പി ടി 142) 75 ലക്ഷം രൂപയുടെ സാമ്പത്തിക ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് പ്രസിഡന്റ് രാജി വച്ചു. അടൂര് മുന് എംഎല്എയും സിപിഎം സംസ്ഥാന സമിതിയംഗവുമായിരുന്ന ആര്.ഉണ്ണിക്കൃഷ്ണ പിള്ളയുടെ ഭാര്യ പൊന്താമര പിള്ളയാണ് പ്രസിഡന്റ് സ്ഥാനം രാജിവച്ചത്.
അഴിമതിക്ക് കൂട്ട് നില്ക്കാന് കഴിയാത്തതിനാല് ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജി വെയ്ക്കുന്നുവെന്നും ബാങ്കില് 75 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നും അത് സൂചിപ്പിച്ചിട്ടും പാര്ട്ടി നടപടി എടുക്കുന്നില്ലെന്നും പൊന്താമര ആരോപിച്ചു. കഴിഞ്ഞ ഭരണ സമിതി മുതലുള്ള ക്രമക്കേടുകളാണ് നിലവില് ഇത്രയും വലിയ തുകയില് എത്തി നില്ക്കുന്നതെന്ന് പൊന്താമര പിള്ള ആരോപിച്ചു. ബാങ്ക് മുന് പ്രസിഡന്റും പാര്ട്ടി അടൂര് ഏരിയാ കമ്മിറ്റിയംഗവുമായ പി.രവീന്ദ്രന്റെ നേതൃത്വത്തിലാണ് ക്രമക്കേട് നടന്നതെന്നാണ് ആരോപണം.
നിക്ഷേപത്തുകയില് നിന്നുള്പ്പടെ 75 ലക്ഷം രൂപ കാണാതായിട്ടുണ്ടെന്ന് പൊന്താമര പിള്ള വ്യക്തമാക്കി. ഒരു വര്ഷം മുന്പാണ് പൊന്താമര പ്രസിഡന്റായത്. അനധികൃതമായി ലോണ് നല്കിയതായി പരിശോധനയില് കണ്ടെത്തിയതായും അഴിമതിക്ക് കൂട്ട് നില്ക്കാത്തതിന് തനിക്കെതിരെ നാളെ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് ബോര്ഡിലെ മറ്റംഗങ്ങളുടെ നീക്കമെന്നും ഇവര് പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ലബില് വാര്ത്താസമ്മേളനത്തിലാണ് പൊന്താമര പിള്ള ആരോപണങ്ങളുന്നയിച്ചത്. മഹിളാ അസോസിയേഷന് നേതാവ് കൂടിയാണ് പൊന്താമര പിള്ള.
ശാസ്താംകോട്ട:യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ അയ്യപ്പൻ്റെ സ്വർണം കട്ടവരെയെല്ലാം ജയിലിൽ അടയ്ക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി മുന്നറിയിപ്പ് നൽകി.ഭരണിക്കാവിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂരിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം നടന്ന കുന്നത്തൂർ നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ദ്വാരപാലശില്പവും കട്ടിളയും സ്വർണപ്പാളികളുമടക്കം കട്ടുമുടിച്ചവരെല്ലാം സ്വഭാവിക ജാമ്യം നേടി നാട്ടിൽ വിലസുകയാണ്.
തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ശബരിമലയിലെ സ്വർണക്കൊള്ള മറയ്ക്കാൻ പിണറായിയും പൊലീസും നടത്തിയ ഗൂഡാലോചനയുടെ ഫലമാണ് ജാമ്യം ലഭിക്കുന്നതിലേക്ക് നയിച്ചത്.അധികാരത്തിൽ എത്തിയാൽ ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ ഉമ്മൻ ചാണ്ടി സർക്കാർ സ്വീകരിച്ച നിലപാട് സുപ്രീം കോടതിയിൽ തുടരുമെന്നും അദ്ദേഹം ഉറപ്പു നൽകി. സിപിഎം ജീർണതയുടെ വക്കിലാണ്.കൊട്ടാക്കരയിൽ തുടങ്ങി അമ്പലപ്പുഴയിൽ ആവർത്തിച്ച് പയ്യന്നൂരിലും തളിപ്പറമ്പിലും പൊട്ടിത്തെറിച്ച് സിപിഎം എരിഞ്ഞടങ്ങി കൊണ്ടിരിക്കയാണെന്നും കെ.സി ചൂണ്ടിക്കാട്ടി.ഇക്കുറി കേരള നിയമസഭയിൽ യുഡിഎഫ് മുഖ്യമന്ത്രിക്ക് കയ്യടിക്കാനും ഈ നാടിൻ്റെ വികസനവും കരുതലും ഉറപ്പാക്കാനും കുന്നത്തൂരിൽ നിന്നും ഒരാൾ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.
ഈ നാട് അതാഗ്രഹിക്കുന്നു.ഉല്ലാസ് കോവൂരിനെ ചരിത്രവിജയത്തിൽ നിയമസഭയിലേക്ക് എത്തിക്കാൻ ഊണും ഉറക്കവുമൊഴിച്ച് എല്ലാവരും പ്രവർത്തിക്കണമെന്ന് അദ്ദേഹം നേതാക്കളോടും പ്രവർത്തകരോടും ആവശ്യപ്പെട്ടു.യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ എസ്.സുഭാഷ് അധ്യക്ഷത വഹിച്ചു.എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്,എൻ.കെ പ്രേമചന്ദ്രൻ,പി.രാജേന്ദ്രപ്രസാദ്, കെ.സി രാജൻ,കെ.എസ് വേണുഗോപാൽ,കല്ലട ഫ്രാൻസിസ്,ഇടവനശേരി സുരേന്ദ്രൻ, എം.വി ശശികുമാരൻ നായർ,അഡ്വ.കുറ്റിയിൽ ഷാനവാസ്, രതീഷ് കുറ്റിയിൽ,പി.എസ് അനുതാജ്,കാരയ്ക്കാട്ട് അനിൽ, വൈ.ഷാജഹാൻ,ഘടകകക്ഷി നേതാക്കൾ, ഡിസിസി ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു.
കോഴിക്കോട്: മന്ത്രി പിഎ മുഹമ്മദ് റിയാസും പിവി അന്വറും ഏറ്റുമുട്ടുന്ന ബേപ്പൂരില് അപരന്മാരുടെ വിളയാട്ടം. യുഡിഎഫ് സ്ഥാനാര്ഥി പിവി അന്വറിന് നാല് അപരന്മാരും പിഎ മുഹമ്മദ് റിയാസിനെതിരെ രണ്ട് അപരന്മാരാണുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും റിയാസിനെതിരെ അപരന്മാര് രംഗത്തെത്തിയിരുന്നു. മൂന്ന് അപരന്മാരുണ്ടായിട്ടും റിയാസ് 28, 747 വോട്ടിനാണ് വിജയിച്ചത്.
ഒറ്റപ്പാലത്ത് പികെ ശശിക്കെതിരെയും അപരന് രംഗത്തുണ്ട്. പികെ ശശി എന്ന പേരില് തന്നെയാണ് അപരന്. എല്ഡിഎഫ് സ്ഥാനാര്ഥി കെ പ്രേംകുമാറിനെതിരെയും അപരനുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിനു നാമനിര്ദേശപത്രിക നല്കാനുള്ള സമയപരിധി അവസാനിച്ചു. 140 മണ്ഡലങ്ങളിലായി ഇതുവരെ 1269 പത്രികകളാണ് സമര്പ്പിച്ചിരിക്കുന്നത്. നാളെയാണു സൂക്ഷ്മപരിശോധന. 26 വരെ പത്രിക പിന്വലിക്കാം. അതോടെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന്റെ അന്തിമചിത്രം തെളിയും. ഇത്തവണ പത്രിക സമര്പ്പിക്കാനുള്ള സമരം തീരെ കുറവായിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം 6 പ്രവൃത്തിദിവസം മാത്രമാണ് പത്രിക സമര്പ്പണത്തിന് ഉണ്ടായിരുന്നത്.
ആലപ്പുഴ. മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ യോഗ്യതയില്ലാത്ത ആളാണ് പിണറായി വിജയനെന്ന് ജി സുധാകരന്. മുഖ്യമന്ത്രിക്കെതിരെയും ഡിവൈഎഫ്ഐക്കും സിപിഎമ്മിനുമെതിരെ കടുത്തഭാഷയിലാണ് വീണ്ടും സുധാകരൻ രംഗത്തുവന്നത്.
അച്ഛനും അമ്മയും ഇട്ട പേരാണ് സുധാകരൻ. അത് മാറ്റി സുധാകുരൻ എന്ന് വരെ വിളിച്ചു. ബഹുമാന്യനായ മുഖ്യമന്ത്രി എനിക്ക് പുതിയൊരു പേരിട്ടു – ചെറ്റ. ഏറ്റവും പാവപ്പെട്ടവർ താമസിക്കുന്ന ചെറ്റപ്പുരയിൽ താമസിക്കുന്നവരെയാണ് അപമാനിച്ചത്. പോടാ ചെറ്റേ എന്ന് മറ്റൊരു പ്രയോഗമുണ്ട്, നാനാർഥങ്ങൾ ഉള്ള താണ് ഭാഷയാണ്. ഭാഷയുടെ അർഥാന്തരങ്ങൾ മനസിലാക്കാതെയാണ് മുഖ്യമന്ത്രി ഈ പദം ഉപയോഗിച്ചത്. സംസാരിക്കുമ്പോൾ സൂക്ഷിക്കണം. എല്ലാവിഭാഗം ജനങ്ങളും താമസിക്കുന്ന കേരളത്തിൽ ഇങ്ങനെയൊരു പ്രയോഗം നടത്താൻ പാടില്ല
താൻ മുഖ്യമന്ത്രിയെ ഒന്നും വിളിക്കുന്നില്ല. മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ യോഗ്യതയില്ല. ഭരണഘടനാ വിരുദ്ധമാണ്. കേസിന് പോയാൽ പ്രശ്നമാണ്. ബിഷപ്പിനെ നികൃഷ്ട ജീവി എന്ന് വിളിച്ചു. വെളുത്തു സുമുഖനും നല്ല പാർലമെൻ്ററിയനുമായ പ്രേമചന്ദ്രനെ പരനാറി എന്നു വിളിച്ചു. അയാൾക്ക് വല്ല നാറ്റമുണ്ടോ. മാന്യമായി കുളിച്ച് വസ്ത്രധാരണം നടത്തി ജീവിക്കുന്ന പ്രഗൽഭനാണ്.
ഞങ്ങൾ ഒന്നിച്ച് മന്ത്രിസഭയിൽ ഉണ്ടായിരുന്നതാണ് പ്രഗൽഭനായ മന്ത്രിയാണ്. ഇങ്ങനെയാക്കെ സംസാരിക്കാൻ ആരാണ് അധികാരം നൽകിയത്. ഇങ്ങനെയുള്ള ആളുകൾ അധികാരത്തിൽ ഇരുന്നാൽ നമ്മുടെ സ്ഥിതിയെന്താണ്. എത്ര പേരെയാണ് പാർട്ടിക്ക് എതിരാക്കുന്നത്. കോൺഗ്രസുകാർക്ക് സന്തോഷിക്കാം, നിങ്ങൾക്ക് ആളെക്കൂട്ടി തരുന്നുണ്ട്, അദ്ദേഹം നിങ്ങൾക്കു വേണ്ടിവോട്ട് പിടിച്ചു തരുന്നുണ്ട്.
DYFI ക്കും – SFIക്കുമെതിരെ സുധാകരൻ ആഞ്ഞടിച്ചു. കേരളമാകെ അറിയുന്ന, ബഹുമാനിക്കുന്ന യുവ നേതാവ് DYFI യിൽ ഉണ്ടോ,SFI യിൽ ഉണ്ടോ. ഒരു കാലത്ത് Ksu ക്കാർക്ക് പോലും അസൂയ ആയിരുന്നു. വൈകുന്നേരം ഉള്ള കള്ളുഷാപ്പിൽ പോയി ഫെയ്സ് ബുക്കിൽ ഇടുകയാണ് ജി.സുധാകരൻ തന്തയ്ക്ക് പിറന്നവനല്ല. കൂടെ ഏരിയ സെക്രട്ടറിയും വെള്ളമടിച്ച് അവിടെയിരിക്കുകയാണ്, പേര് പറയില്ല. ഏരിയ സെക്രട്ടറിക്ക് മദ്യമില്ലാതെ ജീവിക്കാനെ വയ്യ. വല്യ കുപ്പി വാങ്ങിച്ചു കൊടുത്താൽ സെക്രട്ടറി, ചെറിയ കുപ്പി വാങ്ങിയാൽ പ്രസിഡൻ്റ് ഇതാണ് നിലയെന്നും സുധാകരന് ആക്ഷേപിച്ചു.
കലുങ്കുകളുടെ നിര്മാണ പ്രവൃത്തികള് നടക്കുന്നതിനാല് കൊട്ടാരക്കര സെന്റ് മേരീസ് – അപ്പര് കരിക്കം – ലോവര് കരിക്കം റോഡില് മാര്ച്ച് 25 മുതല് പണി പൂര്ത്തിയാവുന്നത് വരെ ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് (നിരത്തുകള് വിഭാഗം) അസിസ്റ്റന്റ് എഞ്ചിനീയര് അറിയിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പില് സ്ഥാനാര്ത്ഥികള് സമര്പ്പിച്ചിട്ടുള്ള നാമനിര്ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് (മാര്ച്ച് 24) നടക്കും. രാവിലെ 11 മണി മുതല് അതത് നിയോജകമണ്ഡല വരണാധികാരികളുടെ നേതൃത്വത്തിലാണ് സൂക്ഷ്മപരിശോധന. മത്സരരംഗത്ത്നിന്ന് പിന്മാറാന്ആഗ്രഹിക്കുന്ന സ്ഥാനാര്ത്ഥികള്ക്ക് 26 വരെ പത്രിക പിന്വലിക്കാം, അതിനുശേഷം സ്ഥാനാര്ത്ഥികളുടെ അന്തിമപട്ടിക തയ്യാറാക്കി ചിഹ്നങ്ങള് അനുവദിക്കും
പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയൻ ബിജെപിയുടെ ക്വട്ടേഷൻ ഏറ്റെടുത്തിരിക്കുകയാണെന്നും അദ്ദേഹം ബിജെപിയുടെ ക്യാപ്റ്റനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പത്തനംതിട്ടയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി നാക്ക് ബിജെപിക്ക് വേണ്ടി വാടകയ്ക്ക് കൊടുത്തിരിക്കുകയാണെന്നും കെ.സി. വേണുഗോപാൽ ആരോപിച്ചു.
ബിജെപിയുടെ അതേ പാത പിന്തുടർന്ന് മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെ ലക്ഷ്യം വെച്ച് ആക്രമണം നടത്തുകയാണ്. രാഹുലിനെ ഏറ്റവുമധികം വേട്ടയാടുന്നത് ബിജെപിയാണ്, ഇപ്പോൾ മുഖ്യമന്ത്രിയും ആ ക്വട്ടേഷൻ ഏറ്റെടുത്തിരിക്കുന്നു. ഇത് ബിജെപിയുമായി ഉണ്ടാക്കിയ രഹസ്യ ധാരണയുടെ ഭാഗമാണെന്നും കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി.
സ്വന്തം ബന്ധുക്കളെയും അഴിമതികളെയും രക്ഷിക്കാൻ വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നിൽ സാഷ്ടാംഗം വീണ ആളാണ് പിണറായി വിജയൻ. അദ്ദേഹത്തിന് പാർട്ടിയേക്കാൾ വലുത് സ്വന്തം താൽപ്പര്യങ്ങളാണ്. അതുകൊണ്ടാണ് സി.പി.ഐ.എമ്മിൽ ഇന്ന് കാണുന്ന രീതിയിലുള്ള വലിയ ഉരുൾപൊട്ടലുകൾ ഉണ്ടാകുന്നത് കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
മുതിർന്ന നേതാവ് ജി. സുധാകരനെതിരെ മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങളെയും വേണുഗോപാൽ വിമർശിച്ചു. സുധാകരനെ കുറിച്ച് മുഖ്യമന്ത്രി ഉപയോഗിച്ച തരംതാഴ്ന്ന ഭാഷ തനിക്ക് വഴങ്ങില്ലെന്നും ആ ഭാഷാശൈലി പിണറായി വിജയന് മാത്രമേ പരിചയമുള്ളൂവെന്നും അദ്ദേഹം പരിഹസിച്ചു. സംസ്ഥാനത്ത് യുഡിഎഫ് തരംഗം ആഞ്ഞടിക്കുകയാണെന്നും പത്തനംതിട്ടയിലെ അഞ്ച് സീറ്റുകളിലും യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.