Home Blog Page 872

ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന് ഇടക്കാല ജാമ്യമില്ല

യുവനടിയുടെ പരാതിയിലെ ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന് ഇടക്കാല ജാമ്യമില്ല. തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനും ആരോഗ്യസ്ഥിതി മോശമായ സാഹചര്യത്തിലും ഇടക്കാല ജാമ്യം അനുവദിക്കണമെന്ന രഞ്ജിത്തിന്റെ ആവശ്യം എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചില്ല.

രഞ്ജിത്ത് ക്രിമിനൽ കേസിലെ പ്രതിയാണെന്നും ജയിലിൽ കഴിയുന്ന ഒരാൾക്ക് വോട്ട് ചെയ്യാനുള്ള അവകാശമില്ലെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. രഞ്ജിത്തിന്റെ ജാമ്യാപേക്ഷയിൽ മറ്റന്നാൾ കോടതി വിധി പറയും. യുവ നടിയുടെ അഭിനയത്തെ സംവിധായകൻ എന്ന നിലയിൽ വിമർശിച്ചതിന്റെ വൈരാഗ്യത്തിലാണ് ലൈംഗിക അതിക്രമ പരാതിയെന്നാണ് പ്രതിഭാഗത്തിന്റെ ആരോപണം.

സിനിമാ ലൊക്കേഷനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. രഞ്ജിത്തിന്റെ പുതിയ സിനിമയില്‍ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി. കൂടുതല്‍ പ്രാധാന്യമുള്ള റോള്‍ നല്‍കാമെന്ന് പറഞ്ഞ് കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നടിയുടെ പരാതി.

എറണാകുളത്ത് നിന്നും തൊടുപുഴയിലേക്ക് പോകുന്ന വഴി മുട്ടത്തുവെച്ചാണ് എറണാകുളം സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദേശത്തെ തുടര്‍ന്ന് തൊടുപുഴ പൊലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കൊച്ചി പൊലീസിന് കൈമാറുകയായിരുന്നു. എറണാകുളം സബ്ജയിലിലാണ് രഞ്ജിത്ത് ഉള്ളത്.

ശബരിമല: സ്ത്രീകളുടെ ജൈവീകമായ അവസ്ഥയെ അയിത്തമായി കാണുന്നത് വിവേചനമല്ലേയെന്ന് സുപ്രീം കോടതി

ന്യൂ ഡെൽഹി :ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ സുപ്രീംകോടതി ഒൻപതംഗ ഭരണഘടനാ ബെഞ്ചിന് മുന്നിൽ രണ്ടാം ദിവസവും വാദം തുടരുന്നു. മതപരമായ ആചാരങ്ങൾ ഭരണഘടനാ വിരുദ്ധമാണോ എന്ന് തീരുമാനിക്കുന്നതിൽ കോടതിക്ക് പരിമിതികളുണ്ടെന്ന് കേന്ദ്ര സർക്കാരിൻ്റെ നിലപാട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ വിശാല ബെഞ്ചിന് മുന്നിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കേന്ദ്ര സർക്കാരിനായി നിലപാടുകൾ വ്യക്തമാക്കിയത്. മതപരമായ ആചാരങ്ങളിൽ യുക്തി തേടുന്നത് ശരിയല്ലെന്നും വിശ്വാസങ്ങളെ സമത്വ സങ്കൽപ്പങ്ങൾ കൊണ്ട് മാത്രം അളക്കരുതെന്നും കേന്ദ്രം കോടതിയിൽ ചൂണ്ടിക്കാട്ടി. നൂറ്റാണ്ടുകളായി തുടരുന്ന ശബരിമലയിലെ ആരാധനാക്രമങ്ങളിൽ കോടതി ഇടപെടരുതെന്നാണ് കേന്ദ്രത്തിൻ്റെ വാദം. 2018-ലെ ശബരിമല വിധി തെറ്റായ കീഴ് വഴക്കമാണ് സൃഷ്ടിച്ചതെന്നും കേന്ദ്രം ആവർത്തിച്ചു. സ്ത്രീകളുടെ ജൈവികമായ അവസ്ഥയെ അയിത്തമായി കാണുന്നത് ശരിയാണോ എന്നും ഇത് വിവേചനത്തിന്റെ പരിധിയിൽ വരില്ലേ എന്നും ജസ്റ്റിസ് ബി.വി. നാഗരത്ന ചോദിച്ചു. എന്നാൽ, ഇത് സ്ത്രീകളോടുള്ള വിവേചനമല്ലെന്നും മറിച്ച് പ്രതിഷ്ഠയുടെ നൈഷ്ഠിക ബ്രഹ്മചര്യം കണക്കിലെടുത്തുള്ള പ്രത്യേക ആചാരം മാത്രമാണെന്നും കേന്ദ്ര സർക്കാർ മറുപടി നൽകി. മതസ്വാതന്ത്ര്യവും ഭരണഘടനാപരമായ അവകാശങ്ങളും തമ്മിലുള്ള സങ്കീർണ്ണമായ വിഷയങ്ങളിൽ വരും ദിവസങ്ങളിലും കോടതിയിൽ വിശദമായ വാദം തുടരും.

സത്യം തെളിയിച്ച ശേഷം മാത്രമേ പിന്മാറൂ…ബിജെപി പ്രവര്‍ത്തക വോട്ടര്‍ക്ക് പണം നല്‍കിയെന്ന ആരോപണം തള്ളി ശോഭ സുരേന്ദ്രന്‍

പാലക്കാട് ബിജെപി പ്രവര്‍ത്തക വോട്ടര്‍ക്ക് പണം നല്‍കിയെന്ന ആരോപണം തള്ളി എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍. തന്നെ വേട്ടയാടാനുള്ള ശ്രമമാണെന്നും കണ്ണാടി പഞ്ചായത്തില്‍ എത്തിയത് കാന്‍സര്‍ രോഗിയെ കാണാനാണെന്നുമായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രതികരണം. വോട്ട് ചോദിക്കുന്നത് രാഷ്ട്രീയവും വികസനവും പറഞ്ഞ് മാത്രമായിരിക്കുമെന്നും സത്യം തെളിയിച്ച ശേഷം മാത്രമേ ഇതില്‍ നിന്ന് പിന്മാറൂ എന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

തിരക്കഥ തയാറാക്കി തന്നെ വേട്ടയാടാനുള്ള ശ്രമമാണ് നടക്കുന്നത്. ഉയരുന്ന ആരോപണങ്ങള്‍ ഉണ്ടയില്ലാ വെടിയാണ്. കണ്ണാടിയില്‍ താന്‍ എത്തിയത് ക്യാന്‍സര്‍ രോഗിയെ കാണാനാണ്. തന്റെ കാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിന്തുടര്‍ന്നു. അത് ചോദ്യം ചെയ്യുകയാണ് ചെയ്തത്. വിനേഷ് എന്നയാളാണ് കാര്‍ ഓടിച്ചിരുന്നത്. ഒപ്പം ഉണ്ടായിരുന്നയാള്‍ സഭ്യമല്ലാത്ത രീതിയില്‍ ആംഗ്യം കാണിച്ചു. ഇതാണ് താന്‍ ചോദ്യം ചെയ്തതെന്നും ഒരു സ്ത്രീ കണ്ടാല്‍ വേദനിക്കുന്ന രീതിയില്‍ ആര് പെരുമാറിയാലും ചോദ്യം ചെയ്യുമെന്നും ശോഭ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് ബിജെപി ജയിക്കും എന്ന് കണ്ട് നേരത്തെ തിരക്കഥ തയാറാക്കുകയാണ് ചെയ്തത്. ഇവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും അവര്‍ പറഞ്ഞു. ദൃശ്യങ്ങളില്‍ കാണുന്ന വയോധികയ്ക്ക് പണം നല്‍കിയ വെള്ള ചുരിദാര്‍ ഇട്ട സ്ത്രീ തന്റെ കാറില്‍ കയറിയിട്ടില്ലെന്നും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി.

അതേസമയം പാലക്കാട് ബി ജെ പിക്കെതിരായ വോട്ടിന് നോട്ട് ആരോപണത്തില്‍ തെരഞ്ഞെടുപ്പ് ഫ്‌ലയിംഗ് സ്‌ക്വാഡും സ്‌പെഷ്യല്‍ ബ്രാഞ്ചും പ്രാഥമിക പരിശോധന നടത്തി. സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന് ഒപ്പമെത്തിയ സ്ത്രീ വയോധികക്ക് പണം കൈമാറിയതുമായി ബന്ധപ്പെട്ട് പുറത്തുവന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരിട്ട് ഇടപെടുകയായിരുന്നു. ബി ജെ പി പ്രവര്‍ത്തക പണം നല്‍കിയിട്ടില്ലെന്നാണ് വയോധികയും കുടുംബവും പരിശോധനയില്‍ പറഞ്ഞതെന്ന് വീട്ടിലെത്തി അന്വേഷണം നടത്തിയ തെരഞ്ഞെടുപ്പ് ഫ്‌ലയിംഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പൈസയൊന്നും തന്നിട്ടില്ലെന്നും ദൃശ്യങ്ങളില്‍ കാണുന്ന പണം അവരുടെ കയ്യില്‍ ഉണ്ടായിരുന്നതാണെന്നും വീട്ടുകാര്‍ വിവരിച്ചതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് യുഡിഎഫ് സ്ഥാനാര്‍ഥി സി.വി. ശാന്തകുമാര്‍

പത്തനംതിട്ട: അടൂര്‍ നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് എതിരെ ലഘുലേഖ വിതരണം ചെയ്തതായി പരാതി. യുഡിഎഫ് സ്ഥാനാര്‍ഥി സി വി ശാന്തകുമാര്‍ കൊലക്കേസ് പ്രതിയാണെന്ന് എഴുതിയുള്ള ലഘുലേഖയാണ് വിതരണം ചെയ്തത്. സംഭവത്തില്‍ പരാതി നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ യുഡിഎഫ് സ്ഥാനാര്‍ഥി സി.വി. ശാന്തകുമാര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു.
‘വിശ്വസിക്കുന്ന കല്ലേലി അപ്പൂപ്പനാണേ സത്യം. എനിക്കെതിരെ ഇങ്ങനെയൊരു കേസില്ല. എനിക്ക് അങ്ങനെയാകാനും കഴിയില്ല’. എന്ന് പറഞ്ഞായിരുന്നു സി വി ശാന്തകുമാര്‍ വികാരാധീനനായത്. വ്യക്തിഹത്യ ചെയ്യാനും ഇല്ലായ്മ ചെയ്യാനുമാണ് ശ്രമിക്കുന്നു. ഞാനൊരിക്കലും കൊലക്കേസില്‍ പ്രതിയായിട്ടില്ല. ജീവന് ഭീഷണിയുണ്ട്. എനിക്ക് ആശ്രയിക്കാവുനുള്ളത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാത്രമാണ്. എന്റെ മൃതദേഹമായിരിക്കും ഇവിടെ നിന്ന് കൊണ്ടുപോകുന്നത്. എന്നെ എന്തിനാണ് ഇങ്ങനെ വേട്ടയാടുന്നത്’ എന്ന് പ്രതികരിച്ചു കൊണ്ടായിരുന്നു ശാന്തകുമാര്‍ വിങ്ങിപ്പൊട്ടിയത്.
തനിക്കെതിരെ ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്ന് തെളിയിച്ചാല്‍ ആ നിമിഷം സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ തയ്യാറാണ്. . തെരഞ്ഞെടുപ്പിന്റെ അവസാന ദിവസം വോട്ടര്‍മാരെ സ്വാധീനിക്കാനായി എല്‍ഡിഎഫ് വ്യാജ നോട്ടീസുകള്‍ ഇറക്കുകയാണെന്ന് യുഡിഎഫ് ആരോപിച്ചു.
അതേസമയം, യുഡിഎഫ് സ്ഥാനാര്‍ഥി സിവി ശാന്തകുമാറിനെതിരെ കൊലക്കേസ് പ്രതി സ്ഥാനാര്‍ഥി എന്ന തലക്കെട്ടോടെ മണ്ഡലത്തില്‍ ഉടനീളം ലഘുലേഖ വിതരണം ചെയ്ത സംഭവത്തില്‍ സിപിഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ നോട്ടീസ് വിതരണം ചെയ്തു സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു. പ്രവര്‍ത്തകരെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ഗോപകുമാറിന്റെ നേതൃത്വത്തില്‍ സിപിഐ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധിച്ചു. എന്നാല്‍ നോട്ടീസ് ഇറക്കിയതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് സിപിഐ ജില്ലാ സെക്രട്ടറി വ്യക്തമാക്കി.

ട്രെക്കിങ്ങിനിടെ കാണാതായ ശരണ്യയുടെ മടങ്ങിവരവിൽ ദുരൂഹതയാരോപിച്ച് കര്‍ണാടക ബിജെപി,അന്വേഷണം വേണം

കുടക് : കർണാടകയിൽ ട്രെക്കിങ്ങിനിടെ കാണാതായ ശരണ്യയുടെ മടങ്ങിവരവിൽ ദുരൂഹതയാരോപിച്ച് കര്‍ണാടക ബിജെപി. നാലുദിവസം നിബിഢവനത്തിൽ കുടുങ്ങിയശേഷം ആരോഗ്യവതിയായി തിരിച്ചെത്തിയ കഥയിൽ സംശയങ്ങൾ നിലനിൽക്കുന്നതായി ബിജെപി കുടക് ജില്ലാ കമ്മിറ്റി പരാതി നൽകി. ശരണ്യ ജനങ്ങളെ കബളിപ്പിക്കുകയും സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുകയുമാണ് ചെയ്തതെന്ന് മടിക്കേരിയിലെ നാപോക്ലു പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.

കോഴിക്കോട് ജില്ലയിലെ നാദാപുരം സ്വദേശിയായ ജി എസ് ശരണ്യ ഏപ്രിൽ 2നാണ് കുടകിലെ തടിയന്‍ഡമോളിലേക്ക് ട്രക്കിങ് ആരംഭിച്ചത്. എന്നാൽ മടങ്ങിവരുമ്പോൾ വഴിതെറ്റി കാട്ടിൽ അകപ്പെടുകയായിരുന്നു. 12 പേരടങ്ങുന്ന ഗ്രൂപ്പിനെ കണ്ടെത്താനുള്ള ശ്രമത്തിൽ നിബിഢവനത്തിനുള്ളിലേക്ക് കയറിപ്പോയ ശരണ്യ നാലുദിവസം അവിടെ കുടുങ്ങിപ്പോയി.

തൊട്ടടുത്ത അരുവിയിൽ നിന്നും ശേഖരിച്ച വെള്ളം മാത്രം കുടിച്ചാണ് ജീവിച്ചതെന്നും രക്ഷാപ്രവർത്തനത്തിനായി കാത്തിരിക്കുകയായിരുന്നെന്നും മടങ്ങിയെത്തിയ ശേഷം മാധ്യമങ്ങളോട് അവർ പ്രതികരിച്ചു. എന്നാൽ നാലു ദിവസം വെള്ളം മാത്രം കുടിച്ചു ജീവിച്ചെന്നത് വിശ്വസിക്കാനാവുന്നില്ലെന്നും, അതിന്റെ യാതൊരു ക്ഷീണവും ശരണ്യയിൽ കാണുന്നില്ലെന്നും ആരോപിച്ച് സാമൂഹ്യമാധ്യമങ്ങളിൽ വിമർശനങ്ങളുയർന്നിരുന്നു.

സാമൂഹ്യമാധ്യമങ്ങളിലെ വിമർശനങ്ങൾ കണക്കിലെടുക്കണമെന്നും ശരണ്യക്ക് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്നറിയാൻ അന്വേഷണം വേണമെന്നും ബിജെപി നേതാക്കൾ നൽകിയ പരാതിയിലുണ്ട്. നാലുദിവസം വെള്ളം കുടിച്ചു മാത്രം ജീവിക്കാനാവില്ലെന്നും വന്യജീവികളുള്ള കാട്ടിൽ രാത്രികാലങ്ങളിൽ ഒറ്റക്ക് കഴിയാനാവില്ലെന്നും ശരണ്യക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ പറയുന്നു.

എന്നാൽ ശരണ്യയുടെ മടങ്ങിവരവിൽ സംശയിക്കത്തക്കതായ യാതൊന്നും ഉണ്ടായിരുന്നില്ലെന്നും പറഞ്ഞ കാര്യങ്ങൾ വിശ്വസനീയമാണെന്നും രക്ഷാപ്രവർത്തന സംഘത്തിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു. പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും വിമർശനങ്ങൾ കണക്കിലെടുത്ത് അന്വേഷണമുണ്ടാകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

ശരണ്യ കുടുങ്ങിപ്പോയ സംഭവത്തെത്തുടർന്ന് ഏപ്രിൽ 11 വരെ തടിയന്‍ഡമോളിൽ ട്രക്കിങ് വിലക്കിയിട്ടുണ്ട്. ട്രക്കിങ് പാതകളിൽ അടയാളങ്ങൾ സ്ഥാപിക്കാനും സുരക്ഷാപ്രോട്ടോകോളുകൾ പരിഷ്കരിക്കാനും തീരുമാനിച്ചതായി മടിക്കേരി ഡിസിഎഫ് അഭിഷേക് പറഞ്ഞു. സമീപത്തുള്ള മറ്റു പ്രധാന ട്രാക്കിങ് പാതകളിലും സുരക്ഷാ സംവിധാനങ്ങൾ ഏർപ്പാടുചെയ്യുന്നതിനും തീരുമാനമായിട്ടുണ്ട്.

സ്ത്രീകളെ ‘തൊട്ടുകൂടാത്തവരായി’ കാണാൻ പാടില്ലെന്ന് കോടതി,ശബരിമല സ്ത്രീപ്രവേശം വാദം തുടരുന്നു

ന്യൂഡൽഹി: മാസത്തിൽ 3 ദിവസം സ്ത്രീകളെ ‘തൊട്ടുകൂടാത്തവരായി’ കാണാൻ പാടില്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്ന. ശബരിമലയിലെ കാര്യം 4 ദിവസത്തേക്കുള്ളതല്ലെന്നും പ്രത്യേക പ്രായപരിധിയിലുള്ള സ്ത്രീകൾക്കാണു വിലക്കെന്നും കേന്ദ്ര സർക്കാരിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ച വിധിയിൽ പുനഃപരിശോധന തേടിയുള്ള ഹർജികളിൽ കേന്ദ്ര സർക്കാർ വാദം ഉന്നയിക്കുന്നതിനിടെയാണു ക്ഷേത്രത്തിൽ സ്ത്രീകൾക്കുള്ള വിലക്കിനെക്കുറിച്ചു ജസ്റ്റിസ് നാഗരത്നയുടെ പരാമർശം. എന്നാൽ, ശബരിമലയിലെ സവിശേഷമായ ആചാരരീതി ബഹുമാനിക്കപ്പെടേണ്ടതാണെന്നും തുഷാർ മേത്ത പറ‍ഞ്ഞു.

യുവതികളെ വിലക്കുന്നത് ഒരുതരത്തിൽ തൊട്ടുകൂടായ്മയാണെന്നു 2018 ലെ വിധിയിൽ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് രേഖപ്പെടുത്തിയിരുന്നു. ഇതിനോട് കടുത്ത വിയോജിപ്പുണ്ടെന്നാണ് ഇന്നലെ ന‌‌ടന്ന വാദത്തിനിടെ തുഷാർ മേത്ത പറഞ്ഞപ്പോഴാണ് ജസ്റ്റിസ് നാഗരത്ന ഇടപെ‌‌‍‌‌ടൽ ന‌ടത്തിയത്. ആർത്തവത്തിന്റെ ആദ്യ 3 ദിവസം തൊട്ടുകൂടായ്മയും അതവസാനിക്കുന്ന നാലാം ദിവസം ആകാമെന്ന നിലപാടും പറ്റില്ലെന്നു ജസ്റ്റിസ് നാഗരത്ന പറഞ്ഞു. ആർത്തവ വിഷയത്തെക്കുറിച്ചല്ല തന്റെ വാദമെന്നു തുഷാർ മേത്ത മറുപടി നൽകി. 3 ദിവസം തൊട്ടുകൂടായ്മയും നാലാം ദിവസം ഇതൊഴിവാക്കുന്നതും പറ്റില്ലെന്നാണ് ജസ്റ്റിസ് അപ്പോഴും ആവർത്തിച്ചത്. തുടർന്നാണ് ശബരിമലയിലെ കാര്യം തുഷാർ മേത്ത സൂചിപ്പിച്ചത്. സ്ത്രീയാണെന്നതോ ആർത്തവമോ പരിഗണിച്ചല്ല ശബരിമലയിലെ യുവതീപ്രവേശന വിലക്കെന്നും നിശ്ചിത പ്രായപരിധിക്കാർക്കാണ് വിലക്കെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ എല്ലാ അയ്യപ്പ ക്ഷേത്രങ്ങളിലും സ്ത്രീകൾക്ക് പ്രവേശിക്കാം. സവിശേഷ ആചാരമുള്ള ക്ഷേത്രമാണ് ശബരിമല. മതവിഭാഗങ്ങളുടെ ആചാരങ്ങൾ ബഹുമാനിക്കപ്പെടണം.

ഗുരുദ്വാരയിൽ കയറുന്നയാൾക്ക് അയാളുടെ തല മറയ്ക്കണം. വ്യക്തിയെന്ന നിലയിലുള്ള അന്തസ്സും തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യവും പറഞ്ഞ് ഒഴിഞ്ഞുമാറാൻ കഴിയില്ല. നിങ്ങളുടെ വ്യക്തിസ്വാതന്ത്ര്യം അവിടെ നിഷേധിക്കപ്പെടുന്നില്ല. വിശ്വാസത്തോടും മതത്തോടുമുള്ള ആദരമാണത്. ഗുരുദ്വാരയിലെന്ന പോലെ അജ്മേർ ദർഗയിൽ പോലും തല മൂടണമെന്നും സോളിസിറ്റർ ജനറൽ പറഞ്ഞു.

ശബരിമല യുവതീപ്രവേശന കേസിന്റെ പുനഃപരിശോധനാ ഹർജികളുടെ പശ്ചാത്തലത്തിലാണ് കേസ് പരിഗണിക്കുന്നതെങ്കിലും അതിന്റെ വസ്തുതകളിലേക്കു കടക്കില്ലെന്ന് ഇന്നലെയും ഭരണഘടനാ ബെഞ്ച് ആവർത്തിച്ചു. ശബരിമലയിലേതടക്കം വിഷയങ്ങൾ ഉയർന്നുവരുമെങ്കിലും വിവിധ മതവിഭാഗങ്ങളിലെ ആചാരവും സ്ത്രീയും അവരുടെ അവകാശങ്ങളുമായി ബന്ധപ്പെട്ടുയർന്ന 7 ഭരണഘടനാപരമായ ചോദ്യങ്ങളാണ് ബെഞ്ച് പരിഗണിക്കുക.

റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ഏപ്രില്‍ 10ന് ഇന്ത്യന്‍ വിപണിയില്‍

റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ഏപ്രില്‍ 10ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഫ്‌ലൈയിങ് ഫ്‌ലീ എന്ന പേരിലുള്ള പുതിയ മോട്ടോര്‍സൈക്കിള്‍ നിരവധി നൂതന സാങ്കേതികവിദ്യകളും ഫീച്ചറുകളുമായാണ് വിപണിയില്‍ എത്തുന്നത്.

15.4kW PMSM ഇലക്ട്രിക് മോട്ടോറാണ് ഇതിന് കരുത്ത് പകരുന്നത്. ഇതിന് വെറും 3.7 സെക്കന്‍ഡിനുള്ളില്‍ 0 മുതല്‍ 60 കിലോമീറ്റര്‍ വേഗത കൈവരിക്കാനും പരമാവധി 115 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനും സാധിക്കും. 3.91kWh ബാറ്ററിയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 154 കിലോമീറ്റര്‍ റേഞ്ച് മോട്ടോര്‍ സൈക്കിള്‍ വാഗ്ദാനം ചെയ്യുന്നു. ഏകദേശം 65 മിനിറ്റിനുള്ളില്‍ ബൈക്കിന്റെ ബാറ്ററിയുടെ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഇതിന് കഴിയുന്ന ഓണ്‍ബോര്‍ഡ് ചാര്‍ജറും റോയല്‍ എന്‍ഫീല്‍ഡ് ഇതില്‍ നല്‍കിയിട്ടുണ്ട്.


തുടര്‍ച്ചയായ നാലാം ദിവസവും റാലി, സെന്‍സെക്‌സ് 500 പോയിന്റ് കുതിച്ചു; ഐടി ഓഹരികള്‍ക്ക് ഡിമാന്‍ഡ്, രൂപയ്ക്ക് നഷ്ടം
ഫീച്ചറുകളുടെ ഒരു വലിയ നിര തന്നെ മോട്ടോര്‍ സൈക്കിള്‍ വാഗ്ദാനം ചെയ്യുന്നു. ഓള്‍-എല്‍ഇഡി ലൈറ്റുകള്‍, ഗൂഗിള്‍ നാവിഗേഷന്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജിങ്, കോര്‍ണറിങ് എബിഎസ് (Cornering ABS), ട്രാക്ഷന്‍ കണ്‍ട്രോള്‍, സ്‌പോര്‍ട് (Sport), ഇന്‍ഡിവിജ്വല്‍ (Individual) എന്നീ റൈഡ് മോഡുകള്‍ എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. ഇന്‍ഡിവിജ്വല്‍ മോഡ് വഴി ട്രാക്ഷന്‍ കണ്‍ട്രോള്‍, എബിഎസ് ഇന്റര്‍വെന്‍ഷന്‍, ത്രോട്ടില്‍ മാപ്പുകള്‍ എന്നിവ റൈഡര്‍ക്ക് ഇഷ്ടാനുസരണം ക്രമീകരിക്കാന്‍ സാധിക്കും.

ഇതിന്റെ ഡിസൈന്‍ തികച്ചും സവിശേഷമാണ്. ഒതുക്കമുള്ള രൂപം, തുറന്ന ഫ്രെയിം, സുഗമമായ ഫ്രണ്ട് സസ്പെന്‍ഷന്‍, ഫ്‌ലോട്ടിങ് സീറ്റ്, നീക്കം ചെയ്യാവുന്ന പില്യണ്‍ സീറ്റ് എന്നിവയാണ് ഇതിന്റെ മറ്റു പ്രധാന ആകര്‍ഷണങ്ങള്‍. നഗരയാത്രകള്‍ക്കായുള്ള ഒരു പ്രീമിയം വാഹനമായിട്ടായിരിക്കും ഫ്‌ലൈയിങ് ഫ്‌ലീ അവതരിപ്പിക്കുക. അതിനാല്‍ തന്നെ ഇതിന് വിപണിയില്‍ ഉയര്‍ന്ന വില പ്രതീക്ഷിക്കാം.

ഇത് യുദ്ധത്തിന്റെ അവസാനമല്ല,ഞങ്ങളുടെ കൈകള്‍ ട്രിഗറില്‍ തന്നെയാണെന്നും ഇറാന്‍

ടെഹ്‌റാന്‍.  അമേരിക്കയുമായുള്ള രണ്ടാഴ്ചത്തെ വെടിനിര്‍ത്തലിന് സമ്മതിച്ചതിനെത്തുടര്‍ന്ന്, വെടിവയ്പ് നിര്‍ത്താന്‍ ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമേനി എല്ലാ സൈനിക യൂണിറ്റുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. എന്നാല്‍, ഇതോടൊപ്പം തന്നെ ഇത് യുദ്ധത്തിന്റെ അവസാനമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഇത് യുദ്ധത്തിന്റെ അവസാനമല്ല, എന്നാല്‍ എല്ലാ സൈനിക വിഭാഗങ്ങളും പരമോന്നത നേതാവിന്റെ ഉത്തരവ് പാലിച്ച് വെടിനിര്‍ത്തണം.’- പ്രസ്താവനയില്‍ ഖമേനി പറഞ്ഞു. വെടിനിര്‍ത്തല്‍ യുദ്ധത്തിന്റെ അവസാനമല്ലെന്നും യുഎസോ ഇസ്രയേലോ ഏതെങ്കിലും തരത്തില്‍ ഇതിനെതിരായി പ്രവര്‍ത്തിച്ചാല്‍ തങ്ങളുടെ കൈകള്‍ ട്രിഗറില്‍ തന്നെയാണെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ‘ഇത് യുദ്ധത്തിന്റെ അന്ത്യത്തെ സൂചിപ്പിക്കുന്നില്ലെന്ന് ഊന്നിപ്പറയുന്നു. ഞങ്ങളുടെ കൈകള്‍ ട്രിഗറില്‍ തന്നെ തുടരുന്നു, ശത്രുവിന്റെ ഭാഗത്തുനിന്ന് ചെറിയൊരു തെറ്റ് സംഭവിച്ചാല്‍ പോലും അതിനെ പൂര്‍ണ്ണ ശക്തിയോടെ നേരിടും.’- വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ‘യുദ്ധത്തിന്റെ മിക്കവാറും എല്ലാ ലക്ഷ്യങ്ങളും കൈവരിച്ചുവെന്നും നിങ്ങളുടെ ധീരരായ മക്കള്‍ ശത്രുവിനെ ചരിത്രപരമായ നിസ്സഹായതയിലേക്കും ശാശ്വതമായ പരാജയത്തിലേക്കും എത്തിച്ചുവെന്നുമുള്ള ശുഭവാര്‍ത്ത ഇപ്പോള്‍ ഞങ്ങള്‍ ഇറാന്റെ മഹത്തായ രാഷ്ട്രത്തിന് നല്‍കുന്നു.’- ഇറാനിലെ ജനങ്ങളുടെ ത്യാഗത്തിന് നന്ദി പറഞ്ഞുകൊണ്ട് ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ പറഞ്ഞു.

ഫെബ്രുവരി 28-ന് യുഎസും ഇസ്രയേലും ഇറാനെതിരെ നടത്തിയ സംയുക്ത ആക്രമണത്തില്‍, യുദ്ധത്തിന്റെ ഒന്നാം ദിവസം തന്നെ പരമോന്നത നേതാവ് ആയിരുന്ന ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ 39 ദിവസത്തിനിടെ നടന്ന സംഘര്‍ഷത്തില്‍ വിവിധ രാജ്യങ്ങളിലായി നിരവധി പേരാണ് കൊല്ലപ്പെട്ടത്.

ദിവസങ്ങള്‍ക്ക് മുന്‍പ് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎസ് ഇറാനിലേക്ക് 15 ഇന നിര്‍ദ്ദേശം അയച്ചിരുന്നു. ഇതിന് മറുപടിയായി ചര്‍ച്ചകള്‍ക്കായി പരിഷ്‌കരിച്ച 10 ഇന നിര്‍ദ്ദേശങ്ങള്‍ ഇറാന്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഈ നിര്‍ദ്ദേശത്തിലെ പ്രധാന കാര്യങ്ങള്‍:

ഇറാന്‍ സായുധ സേനയുമായി ഏകോപിപ്പിച്ച് ഹോര്‍മുസ് കടലിടുക്കിലൂടെ നിയന്ത്രിത ഗതാഗതം.’ആക്‌സിസ് ഓഫ് റെസിസ്റ്റന്‍സിലെ’ എല്ലാ ഘടകങ്ങള്‍ക്കും എതിരായ യുദ്ധം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത.മേഖലയിലെ എല്ലാ താവളങ്ങളില്‍ നിന്നും സ്ഥാനങ്ങളില്‍ നിന്നും യുഎസ് സേനയെ പിന്‍വലിക്കുക.

അംഗീകരിച്ചിട്ടുള്ള പ്രോട്ടോക്കോള്‍ അനുസരിച്ച് ഇറാന്റെ ആധിപത്യം ഉറപ്പുനല്‍കുന്ന സുരക്ഷിത ട്രാന്‍സിറ്റ് പ്രോട്ടോക്കോള്‍ ഹോര്‍മുസ് കടലിടുക്കില്‍ സ്ഥാപിക്കുക.കണക്കാക്കിയ പ്രകാരം ഇറാന് ഉണ്ടായ നാശനഷ്ടങ്ങള്‍ പൂര്‍ണ്ണമായി നല്‍കുക.

എല്ലാ പ്രാഥമിക, അനുബന്ധ ഉപരോധങ്ങളും ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സിന്റെയും സെക്യൂരിറ്റി കൗണ്‍സിലിന്റെയും പ്രമേയങ്ങളും നീക്കം ചെയ്യുക.വിദേശത്തുള്ള ഇറാന്റെ തടഞ്ഞുവെച്ച എല്ലാ ആസ്തികളും വസ്തുവകകളും വിട്ടുനല്‍കുക.ഈ ഇനങ്ങളെല്ലാം യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ നിര്‍ബന്ധിത പ്രമേയത്തിലൂടെ അംഗീകരിക്കുക.10 ഇന പദ്ധതിയിലെ തത്വങ്ങള്‍ അംഗീകരിക്കുന്ന പക്ഷം യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാറാകുമെന്നും ഇറാന്‍ വ്യക്തമാക്കി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിനെ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തു. പൂവച്ചല്‍ പേഴുമൂട്, പുത്തന്‍പള്ളി റോഡരികത്തുവീട്ടില്‍ മുഹമ്മദ് നാഥറിനെയാണ് (18) തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്‍സ്റ്റഗ്രാമില്‍ റിക്വസ്റ്റ് അയച്ചാണ് യുവാവ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പിന്നെ നിരന്തരം ചാറ്റ് ചെയ്തും കോളുകളിലൂടെയും പെണ്‍കുട്ടിയുമായി ബന്ധം പുലര്‍ത്തി.

ആ സൗഹൃദം മുതലെടുത്താണ് യുവാവ് പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ആൾക്കൂട്ട കൊലപാതക കേസിൽ ജാമ്യത്തിലായിരുന്ന ആറാം പ്രതി തൂങ്ങി മരിച്ചു

പാലക്കാട്: അട്ടപ്പള്ളം ആൾക്കൂട്ട കൊലപാതക കേസിൽ ജാമ്യത്തിലായിരുന്ന ആറാം പ്രതി തൂങ്ങി മരിച്ചു. കിഴക്കേ അട്ടപ്പള്ളത്ത് വിനോദ് കുമാറിനെയാണ് (54) വീടിനു സമീപത്തെ പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ മണ്ണാർക്കാട് സ്പെഷൽ കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചിരുന്നു.

അന്വേഷണ സംഘം ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതു ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പ്രതിയുടെ മരണം. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഒരു മാസം മുൻപ് അന്വേഷണ സംഘത്തിന്റെ അപേക്ഷയിൽ ഹൈക്കോടതി മറ്റു എട്ട് പ്രതികളുടെയും ജാമ്യം റദ്ദാക്കിയിരുന്നു. ഇവർ നിലവിൽ റിമാൻഡിലാണ്. കഴിഞ്ഞ ദിവസം മണ്ണാർക്കാട് സ്പെഷൽ കോടതി പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 18ലേക്കു മാറ്റിയിരുന്നു. കൊല്ലപ്പെട്ട രാം നാരായൺ ഭാഗേലിന്റെ ഭാര്യയെ അന്ന് ഹാജരാക്കാനും മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതി ജഡ്ജി ജോമോൻ ജോൺ ഉത്തരവിട്ടിട്ടുണ്ട്.

ഇരയുടെ ബന്ധുക്കൾക്ക് പറയാനുള്ളതു കേൾക്കാതെയാണ് വിചാരണക്കോടതി ജാമ്യം നൽകിയതെന്ന ആക്ഷേപം ഉയർന്നതിനെ തുടർന്നായിരുന്നു ഹൈക്കോടതിയുടെ ഇടപെടൽ. കേസിൽ ആകെ ഒൻപതു പ്രതികളുണ്ട്. കഴിഞ്ഞ ഡിസംബർ 17-നാണ് ജാർഖണ്ഡ് സ്വദേശി രാം നാരായൺ ഭഗേൽ ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്.