Home News Kerala സത്യം തെളിയിച്ച ശേഷം മാത്രമേ പിന്മാറൂ…ബിജെപി പ്രവര്‍ത്തക വോട്ടര്‍ക്ക് പണം നല്‍കിയെന്ന ആരോപണം തള്ളി ശോഭ...

സത്യം തെളിയിച്ച ശേഷം മാത്രമേ പിന്മാറൂ…ബിജെപി പ്രവര്‍ത്തക വോട്ടര്‍ക്ക് പണം നല്‍കിയെന്ന ആരോപണം തള്ളി ശോഭ സുരേന്ദ്രന്‍

Advertisement

പാലക്കാട് ബിജെപി പ്രവര്‍ത്തക വോട്ടര്‍ക്ക് പണം നല്‍കിയെന്ന ആരോപണം തള്ളി എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍. തന്നെ വേട്ടയാടാനുള്ള ശ്രമമാണെന്നും കണ്ണാടി പഞ്ചായത്തില്‍ എത്തിയത് കാന്‍സര്‍ രോഗിയെ കാണാനാണെന്നുമായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രതികരണം. വോട്ട് ചോദിക്കുന്നത് രാഷ്ട്രീയവും വികസനവും പറഞ്ഞ് മാത്രമായിരിക്കുമെന്നും സത്യം തെളിയിച്ച ശേഷം മാത്രമേ ഇതില്‍ നിന്ന് പിന്മാറൂ എന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

തിരക്കഥ തയാറാക്കി തന്നെ വേട്ടയാടാനുള്ള ശ്രമമാണ് നടക്കുന്നത്. ഉയരുന്ന ആരോപണങ്ങള്‍ ഉണ്ടയില്ലാ വെടിയാണ്. കണ്ണാടിയില്‍ താന്‍ എത്തിയത് ക്യാന്‍സര്‍ രോഗിയെ കാണാനാണ്. തന്റെ കാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിന്തുടര്‍ന്നു. അത് ചോദ്യം ചെയ്യുകയാണ് ചെയ്തത്. വിനേഷ് എന്നയാളാണ് കാര്‍ ഓടിച്ചിരുന്നത്. ഒപ്പം ഉണ്ടായിരുന്നയാള്‍ സഭ്യമല്ലാത്ത രീതിയില്‍ ആംഗ്യം കാണിച്ചു. ഇതാണ് താന്‍ ചോദ്യം ചെയ്തതെന്നും ഒരു സ്ത്രീ കണ്ടാല്‍ വേദനിക്കുന്ന രീതിയില്‍ ആര് പെരുമാറിയാലും ചോദ്യം ചെയ്യുമെന്നും ശോഭ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് ബിജെപി ജയിക്കും എന്ന് കണ്ട് നേരത്തെ തിരക്കഥ തയാറാക്കുകയാണ് ചെയ്തത്. ഇവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും അവര്‍ പറഞ്ഞു. ദൃശ്യങ്ങളില്‍ കാണുന്ന വയോധികയ്ക്ക് പണം നല്‍കിയ വെള്ള ചുരിദാര്‍ ഇട്ട സ്ത്രീ തന്റെ കാറില്‍ കയറിയിട്ടില്ലെന്നും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി.

അതേസമയം പാലക്കാട് ബി ജെ പിക്കെതിരായ വോട്ടിന് നോട്ട് ആരോപണത്തില്‍ തെരഞ്ഞെടുപ്പ് ഫ്‌ലയിംഗ് സ്‌ക്വാഡും സ്‌പെഷ്യല്‍ ബ്രാഞ്ചും പ്രാഥമിക പരിശോധന നടത്തി. സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന് ഒപ്പമെത്തിയ സ്ത്രീ വയോധികക്ക് പണം കൈമാറിയതുമായി ബന്ധപ്പെട്ട് പുറത്തുവന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരിട്ട് ഇടപെടുകയായിരുന്നു. ബി ജെ പി പ്രവര്‍ത്തക പണം നല്‍കിയിട്ടില്ലെന്നാണ് വയോധികയും കുടുംബവും പരിശോധനയില്‍ പറഞ്ഞതെന്ന് വീട്ടിലെത്തി അന്വേഷണം നടത്തിയ തെരഞ്ഞെടുപ്പ് ഫ്‌ലയിംഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പൈസയൊന്നും തന്നിട്ടില്ലെന്നും ദൃശ്യങ്ങളില്‍ കാണുന്ന പണം അവരുടെ കയ്യില്‍ ഉണ്ടായിരുന്നതാണെന്നും വീട്ടുകാര്‍ വിവരിച്ചതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Advertisement