ജൂനിയര്‍ എന്‍ടിആറിനെ നായകനാക്കി ത്രിവിക്രം ശ്രീനിവാസ് ഒരുക്കുന്ന തെലുങ്ക് ചിത്രം വിവാദമാകുന്നു. ജൂണ്‍ 29നാണ് നിര്‍മാതാവ് നാഗ വംശി ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ബിഗ് ബജറ്റില്‍ എത്തുന്ന മിത്തോളജിക്കല്‍ ചിത്രം മുരുകന്റെ കഥയാണ് പറയുന്നതെന്നാണ് സൂചന. മുരുകന്റെ ആയുധമായ ‘വേല്‍’ ഉള്‍പ്പെടുത്തിയുള്ളതായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപന പോസ്റ്റര്‍. ഈ പോസ്റ്ററിന് ക്യാപ്ഷനായി അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ച വരികളാണ് വിവാദങ്ങള്‍ക്ക് വഴിവച്ചത്.
‘വടക്ക് ജനിച്ചു, ഹൃദയഭൂമിയില്‍ രൂപപ്പെട്ടു, തെക്ക് ആരാധിക്കപ്പെടുന്നു. ഇപ്പോള്‍ പ്രപഞ്ചത്തിന്റേതായി മാറാന്‍ പോകുന്ന ഒരു കഥ,’ എന്നായിരുന്നു പോസ്റ്ററിന് നല്‍കിയ അടിക്കുറിപ്പ്. ഇതില്‍ ‘വടക്ക് ജനിച്ചു’ എന്ന പരാമര്‍ശത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇത് തമിഴ് ചരിത്രത്തെയും സംസ്‌കാരത്തെയും വ്രണപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി നാം തമിഴര്‍ കക്ഷി നേതാവ് സീമാന്‍ രംഗത്തെത്തി.
സ്വന്തമായി ആരാധനാ പാരമ്പര്യങ്ങളോ സംസ്‌കാരമോ ഇല്ലാത്ത ചിലര്‍ പണ്ടുമുതലേ ശിവന്‍, മുരുകന്‍, കണ്ണന്‍, തിരുമാല്‍, കൊറ്റവൈ തുടങ്ങിയ തമിഴ് ദൈവങ്ങളെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതായി അദ്ദേഹം ആരോപിച്ചു. കലയുടെ മറവില്‍ ഉത്തരേന്ത്യയിലാണ് മുരുകന്‍ ജനിച്ചതെന്ന അവകാശവാദം ഉയര്‍ത്താനുള്ള ശ്രമം ഉപേക്ഷിക്കമെന്ന് സീമാന്‍ എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ ആവശ്യപ്പെട്ടു.
ഇതിന് തയ്യാറാകാത്ത പക്ഷം ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകള്‍ തമിഴ്നാട്ടില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുതെന്ന് സംസ്ഥാന സര്‍ക്കാരിനോടും തിയേറ്റര്‍ ഉടമകളോടും വിതരണക്കാരോടും നാം തമിഴര്‍ കക്ഷി നേതാവ് ആവശ്യപ്പെട്ടു.
‘മുരുകന്‍’ വിവാദങ്ങള്‍ക്ക് പിന്നാലെ, പോസ്റ്ററിലെ ക്യാപ്ഷന്‍ അണിയറപ്രവര്‍ത്തകര്‍ മാറ്റി. ‘ശിവ പുത്രന്‍. പാര്‍വതിയുടെ അഭിമാനം. നിത്യനായ സേനാധിപന്‍. വീണ്ടും ത്രിവിക്രമിനൊപ്പം,’ എന്നാണ് മാറ്റിയ അടിക്കുറിപ്പ്.
അതേസമയം, സിനിമയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ ജൂനിയര്‍ എന്‍ടിആറോ, സംവിധായകന്‍ ത്രിവിക്രമോ, നിര്‍മാതാവ് നാഗ വംശിയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ചിത്രത്തിന് ‘ഗോഡ് ഓഫ് വാര്‍’ (തമിഴില്‍ ‘പോര്‍ കടവുള്‍’) എന്ന് പേരിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ചിത്രീകരണം ഇതുവരെ ആരംഭിച്ചിട്ടില്ല.
ത്രിവിക്രം, ജൂനിയര്‍ എന്‍ടിആര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണിത്. ‘അരവിന്ദ സീമന്ത വീര രാഘവ’ ആണ് ഈ കോംബോയില്‍ ഇറങ്ങിയ ആദ്യ ചിത്രം. അനിരുദ്ധ് രവിചന്ദര്‍ ആകും സിനിമയുടെ സംഗീത സംവിധാനം.
Home Lifestyle Entertainment ‘വടക്ക് ജനിച്ചു, ഹൃദയഭൂമിയില്‍ രൂപപ്പെട്ടു, തെക്ക് ആരാധിക്കപ്പെടുന്നു’….മുരുകന്‍ ജനിച്ചതിനെക്കുറിച്ചുള്ള എന്‍ടിആര്‍ ചിത്രത്തിന്റെ പോസ്റ്റര്‍ വിവാദമാകുന്നു




























