കൊല്ലം ∙ ദേശീയപാത നിർമാണം പൂർത്തിയാക്കുന്നതിന് 3 മാസം കൂടി കാലാവധി അധികം അനുവദിച്ചെങ്കിലും നിശ്ചിത സമയത്തിനുള്ളിൽ ജില്ലയിലെ വികസനം പൂർണമാകില്ലെന്നു വിലയിരുത്തൽ. കൊറ്റംകുളങ്ങര–കാവനാട് റീച്ചിലാണ് നിർമാണം ഇഴഞ്ഞു നീങ്ങുന്നത്. കടവൂർ, കല്ലുംതാഴം, ശക്തികുളങ്ങര മേഖലകളിൽ ദേശീയപാത നിർമാണം പൂർത്തിയാകാൻ ഏറെ വൈകും. ദേശീയപാതയിൽ കാവനാട് പാലം തുറന്നിട്ടുണ്ടെങ്കിലും ഭാരവാഹനങ്ങൾക്ക് ഇതുവഴി പ്രവേശനമില്ല. ജൂൺ 30 വരെയായിരുന്നു കാലാവധി, ഇപ്പോൾ സെപ്റ്റംബർ 30 വരെയാക്കിയിട്ടുണ്ട്.
കാവനാട്–കടമ്പാട്ടുകോണം റീച്ചിൽ മേവറം, കടവൂർ, കല്ലുംതാഴം, മൈലക്കാട് എന്നിവിടങ്ങളിലെ നിർമാണ കാലതാമസവും മഴയും കണക്കിലെടുത്താണ് കാലാവധി നീട്ടി നൽകിയതെന്ന് ദേശീയപാത അതോറിറ്റി അധികൃതർ അറിയിച്ചു. മൈലക്കാട്, മേവറം, കടവൂർ എന്നിവിടങ്ങളിൽ മേൽപാലത്തിന്റെയും കല്ലുംതാഴത്ത് റെയിൽവേ മേൽപാലത്തിന്റെയും നിർമാണം പൂർത്തിയാകാനുണ്ട്. മൈലക്കാട്, മേവറം, കടവൂർ എന്നിവിടങ്ങളിൽ വയഡക്ട് (തൂണുകളിലുള്ള പാലം) നിർമിക്കുന്നതിന്റെ ഭാഗമായുള്ള പൈലിങ് ജോലികൾ പൂർത്തിയായി. കോൺക്രീറ്റ് ഗർഡറുകളുടെ നിർമാണം പുരോഗമിക്കുകയാണ്.
നീണ്ടകര, കന്നേറ്റി, ചവറ പാലങ്ങളുടെ നിർമാണം പാതിവഴിയിലാണ്. കരുനാഗപ്പള്ളി ടൗണിലെ മേൽപാലം നിർമാണം ഒരു ഭാഗം ഏകദേശം പൂർത്തിയായി. ഈ റീച്ചിലെ അടിപ്പാതകൾ നിർമിച്ചെങ്കിലും റോഡുകളുടെ നിർമാണം ഇഴയുകയാണ്. നീണ്ടകര പാലത്തിന്റെ നിർമാണമാണ് വൈകുന്നത്. നിലവിലെ പാലത്തിന് ഇരുവശങ്ങളിലുമായാണ് പുതിയ പാലങ്ങൾ നിർമിക്കുന്നത്. അവയുടെ നിർമാണം ഇഴഞ്ഞു നീങ്ങുന്നതിനു പുറമേ, പാലങ്ങളിലേക്കുള്ള റോഡുകളുടെ പൂർത്തീകരണവും ഏറെ വൈകിയേക്കും. നിർമാണം പൂർത്തിയായ ഭാഗത്ത് കാടും പടലും വളർന്നിട്ടുണ്ട്.
മേൽപാത തകർന്ന മൈലക്കാട്ട് തൂണുകളിലുള്ള പാലം നിർമിക്കുന്നതിനുള്ള ചെലവ് കരാർ കമ്പനിയാണ് വഹിക്കുന്നത്. ഏകദേശം 90 കോടി രൂപയാണ് ചെലവ്. നിലവിലെ അടിപ്പാതയ്ക്ക് പുറമേ 200 മീറ്റർ നീളത്തിലാണ് പാലം നിർമിക്കുന്നത്.

കൊട്ടിയത്ത് ഒരു മാസത്തിനകം 90%
മൈലക്കാട് ഇറക്കത്ത് തൂണുകളിൽ നിർമിക്കുന്ന റോഡിന്റെ ജോലികൾ വേഗത്തിലാണ്. രാത്രിയും പകലുമായി ജോലികൾ പുരോഗമിക്കുന്നു. ഒരു മാസം കൊണ്ട് നിർമാണം 90 ശതമാനം പൂർത്തിയാകുമെന്നാണ് കരാറുകാർ പറയുന്നത്. സിതാര ജംക്‌ഷൻ മുതൽ മേവറം വാഴപ്പള്ളി ജംക്‌ഷൻ വരെ നിർമാണം പൂർത്തിയായ ഉയരപ്പാത വഴി ഗതാഗതം അനുവദിക്കുന്നുണ്ട്. സ്ട്രീറ്റ് ലൈറ്റുകളും തെളിഞ്ഞു തുടങ്ങി. കൊട്ടിയത്ത് നിന്ന് വരുന്ന സർവീസ് റോഡിൽ വാഴപ്പള്ളി മുതൽ മേവറം വരെയുള്ള ഭാഗത്തെ റോഡ് റീ ടാറിങ്ങും പൂർത്തിയായി.
ഓച്ചിറയിലെ ടോൾ പ്ലാസ നിർമാണം ഇനി 40 ശതമാനം പൂർത്തിയാകാനുണ്ട്. ഓച്ചിറ, ചങ്ങൻകുളങ്ങര, വവ്വാക്കാവ്, പുതിയകാവ് അടിപ്പാത നിർമാണം പൂർത്തിയായി. ഓച്ചിറ മുതൽ കരുനാഗപ്പള്ളി വരെയുള്ള 13 കിലോമീറ്ററിൽ പ്രധാന റോഡിന്റെ നിർമാണം 75% പൂർത്തിയായി. സർവീസ് റോഡുകളുടെ നിർമാണവും 80% മാത്രമാണു പൂർത്തിയായത്. അടിപ്പാത നിർമാണം പൂർത്തിയാക്കി താൽക്കാലികമായി ഗതാഗതം ആരംഭിച്ചിരുന്നു. റോഡ് നിർമാണത്തിന് മണ്ണ് ലഭിക്കാത്തതാണ് പ്രധാന തടസ്സം. ദേവികുളങ്ങര പഞ്ചായത്തിൽ നിന്നുള്ള ഡ്രജിങ് താൽക്കാലികമായി നിർത്തിയിരിക്കുകയാണ്.ഓച്ചിറ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനുകൾ ഓച്ചിറ മുതൽ – കരുനാഗപ്പള്ളി വരെ മാറ്റി സ്ഥാപിക്കുന്നത് അന്തിമ ഘട്ടത്തിലാണ്. കിഴക്ക് ഭാഗത്തുനിന്നെത്തുന്ന പ്രളയ ജലം ദേശീയപാത കടന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് പോകുന്നതിനുള്ള സൗകര്യം നിരവധി സ്ഥലങ്ങളിൽ ഇല്ല. ഇതിനെതിരെ നാട്ടുകാർ രംഗത്ത് എത്തിയിട്ടുണ്ട്. ഓച്ചിറ മുതൽ കരുനാഗപ്പള്ളി വരെ ദേശീയപാതയുടെ നിർമാണം ആറു മാസമായി ഇഴയുകയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. മിക്ക സർവീസ് റോഡുകളും തകർന്നു കിടക്കുകയാണ്. (കടപ്പാട് fb).


































