ആലപ്പാട് ഗ്രാമപഞ്ചായത്തിന് സുനാമി റെഡി അംഗീകാരം ലഭിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള മോക്ക് ഡ്രിൽ ഇന്ന് (15-09-2026 ). പഞ്ചായത്തിലെ 14, 15,16 വാർഡുകളിൽ ആണ് സുനാമി മോക്ക് ഡ്രിൽ സംഘടിപ്പിക്കുന്നത്.രാവിലെ 9.30ന് ആരംഭിക്കുന്ന രീതിയിലാണ് മോക്ക് ഡ്രിൽ ക്രമീകരിച്ചിരിക്കുന്നത്. മോക്ക് ഡ്രില്ലിന്റെ ഭാഗമായി മുന്നറിയിപ്പ് കൈമാറൽ, ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കൽ, അടിയന്തര പ്രതികരണ സംവിധാനം, വിവിധ വകുപ്പുകളുടെ ഏകോപനം എന്നിവ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പരിശോധിക്കും. യുനെസ്കോയുടെ കീഴിലുള്ള ഇന്റർഗവൺമെന്റൽ ഓഷ്യനോഗ്രഫിക് കമ്മീഷൻ (IOC), ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (INCOIS), കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എന്നിവ സംയുക്തമായി നടപ്പിലാക്കുന്നതാണ് സുനാമി റെഡി പദ്ധതി. സുനാമി പോലുള്ള ദുരന്തസാധ്യതകളെ ഫലപ്രദമായി നേരിടുന്നതിനായി തീരദേശ സമൂഹങ്ങളുടെ അറിവും തയ്യാറെടുപ്പും പ്രതിരോധശേഷിയും ശക്തിപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. തദ്ദേശവാസികൾ, ജനപ്രതിനിധികൾ, ദുരന്തനിവാരണ ഏജൻസികൾ, വിവിധ സർക്കാർ വകുപ്പുകൾ എന്നിവയുടെ സജീവ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
മോക്ക് ഡ്രില്ലിന് മുന്നോടിയായി ആലപ്പാട് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ പ്രാദേശിക ആസൂത്രണ യോഗം ചേർന്നു.ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ജയശ്രീയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഹസാർഡ് അനലിസ്റ്റ് പ്രേം ജി പ്രകാശ് മോക്ക് ഡ്രിൽ നടപടികൾ വിശദീകരിച്ചു.ജില്ലാ പഞ്ചായത്തംഗം വരുൺ ആലപ്പാട്, ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും അഡീഷണൽ ജില്ലാ മജിസ്ട്രേറ്റുമായ എസ് സജീദ്, കരുനാഗപ്പള്ളി തഹസിൽദാർ ബോസ് ഫ്രാൻസിസ്, കരുനാഗപ്പള്ളി എസ്എച്ച്ഒ ആഷിഖ് എൻ, നീണ്ടകര കോസ്റ്റൽ പോലീസ് സ്റ്റേഷൻ എസ്ഐ സുനിൽ കുമാർ എസ്,കരുനാഗപ്പള്ളി ഫയർ സ്റ്റേഷൻ ഓഫീസർ ദിലീപ് കുമാർ,നീണ്ടകര ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ബിന്ദു കെ ഒ,തദ്ദേശ സ്വയംഭരണ ദുരന്ത നിവാരണ പദ്ധതി കോർഡിനേറ്റർ മീനു എസ്,പദ്ധതിയുടെ അക്കാദമിക പങ്കാളികളായ അമൃത വിശ്വവിദ്യാപീഠം പ്രതിനിധികൾ, പ്രദേശത്തെ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ആലപ്പാട് പഞ്ചായത്തിൽ സുനാമി റെഡി മോക്ക് ഡ്രിൽ ഇന്ന്
ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും
ജില്ലയിലെ വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ( കാറ്റഗറി നം 211/2025 (ജനറല്‍), 213/2025(തസ്തികമാറ്റം), 214/2025(തസ്തികമാറ്റം), 251/2025(എന്‍സിഎ-വി), 252/2025(എന്‍ സി എ -എം), 254/2025 (എന്‍ സി എ – ഇ/ടി/ബി), 256/2025(എന്‍ സി എ – ഹിന്ദു നാടാര്‍) തസ്തികകളുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും സെപ്റ്റംബര്‍ 29, 30 തീയതികളില്‍ രാവിലെ 05.30 മുതല്‍ കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി ഗ്രൗണ്ടില്‍ നടത്തും. പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത പ്രവേശന ടിക്കറ്റും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും അംഗീകൃത തിരിച്ചറിയല്‍ രേഖയുടെ അസലുമായി ഹാജരാകണം. കായികക്ഷമതാ പരീക്ഷയില്‍ യോഗ്യത നേടുന്ന ഉദ്യോഗാര്‍ഥികള്‍ക്കുള്ള പ്രമാണ പരിശോധനയും അന്നേ ദിവസം നടത്തും. യോഗ്യത തെളിയിക്കുന്നതിനുള്ള അസല്‍ രേഖകള്‍, നിശ്ചിത മാതൃകയിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ പ്രൊഫൈലില്‍ അപ്ലോഡ് ചെയ്തതിനു ശേഷം ആയത് സഹിതം ഹാജരാകണം. അഡ്മിഷന്‍ ടിക്കറ്റ് ലഭിച്ചിട്ടില്ലാത്ത ഉദ്യോഗാര്‍ഥികള്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ആഫീസുമായി ബന്ധപ്പെടണം. (ഫോണ്‍: 04742743624). ജനറല്‍, ബൈ-ട്രാന്‍സ്ഫര്‍, എന്‍ സി എ ചുരുക്കപ്പട്ടികളില്‍ ഉള്‍പ്പെട്ടിട്ടുള്ള പൊതു ഉദ്യോഗാര്‍ഥികള്‍ക്ക് ജനറല്‍ തസ്തികയുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടക്കുന്നവേദിയില്‍ പങ്കെടുക്കുന്നതിനുളള (രണ്ട് കാറ്റഗറികളും ഉള്‍പ്പെടുത്തിക്കൊണ്ടുളള) പ്രവേശന ടിക്കറ്റാണ് നല്‍കിയിരിക്കുന്നത്.
ശാലിനിയും സുധീഷും മന്ത്രിയുടെ സാന്നിധ്യത്തില്‍ ഇന്ന് പുതിയ ജീവിതത്തിലേക്ക്
കരുതലിന്റെ കൈത്താങ്ങില്‍ വളര്‍ന്ന ശാലിനിക്ക് ഇനി ജീവിതത്തിന്റെ പുതിയ അധ്യായം. വനിതാ-ശിശുവികസന വകുപ്പിന് കീഴിലുള്ള കൊല്ലം ഇഞ്ചവിള സര്‍ക്കാര്‍ ആഫ്റ്റര്‍ കെയര്‍ ഹോം ഫോര്‍ അഡോളസന്റ് ഗേള്‍സിലെ താമസക്കാരിയായ ശാലിനിയുടെ വിവാഹം ഇന്ന് വനിതാ-ശിശുവികസന മന്ത്രി ബിന്ദു കൃഷ്ണയുടെ സാന്നിധ്യത്തില്‍ നടക്കും.
നീരാവില്‍ പനമൂട് ദേവീക്ഷേത്ര ഓഡിറ്റോറിയത്തിലാണ് മംഗളച്ചടങ്ങുകള്‍. അഞ്ചാലുംമൂട് വെട്ടുവിള സൗഭാഗ്യ വീട്ടില്‍ സുധീഷ് എസ് ആണ് വരന്‍. രാവിലെ 10നും 10.30നും ഇടയിലാണ് വിവാഹച്ചടങ്ങുകള്‍.
സര്‍ക്കാര്‍ ആഫ്റ്റര്‍ കെയര്‍ ഹോമില്‍ കഴിയുന്ന ശാലിനിയുടെ വിവാഹത്തിന് ജില്ലാ കലക്ടര്‍ ആനി ജൂലാ തോമസ് രക്ഷാധികാരിയാകും. സംരക്ഷണവും കരുതലും ചേര്‍ന്നൊരുക്കിയ ജീവിതത്തില്‍ നിന്ന് സ്വന്തം കുടുംബജീവിതത്തിലേക്ക് ശാലിനി ചുവടുവയ്ക്കുന്ന ഈ മുഹൂര്‍ത്തം വനിതാ-ശിശുവികസന വകുപ്പിനും ജില്ലാ ഭരണകൂടത്തിനും ഏറെ സന്തോഷം പകരുന്ന വേളയാണ്.
റെഡ് ബുക്കും വാട്സ് ആപ് ഗ്രൂപ്പും,വീണയില്‍ നിന്ന് പിടിച്ചെടുത്ത രേഖകളില്‍ ഹവാല ഇടപാടിന്റെ തെളിവ് ഉണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
തിരുവനന്തപുരം: മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയില്‍ നിന്ന് പിടിച്ചെടുത്ത രേഖകളില്‍ ഹവാല ഇടപാടിന്റെ തെളിവ് ഉണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വീണയുടെ പക്കല്‍ നിന്ന് കണ്ടെടുത്ത ‘റെഡ് ബുക്കിലെ’ കുറിപ്പുകളിലും പണത്തിന്റെ കണക്കുകളിലും വീണയും മുന്‍ മന്ത്രിയും ഭര്‍ത്താവുമായ പി എ മുഹമ്മദ് റിയാസും ഹവാല ഇടപാടിലൂടെ ദുബൈയിലേക്ക് പണമയച്ചതിനെ കുറിച്ച് പറയുന്നതായും ഇഡി പറയുന്നു. സംസ്ഥാന പൊലീസ് മേധാവിക്ക് ഇഡി അയച്ച കത്തിനൊപ്പം തെളിവായി അവര്‍ ചേര്‍ത്തത് ഈ റെഡ് ബുക്കിലെ കുറിപ്പുകളും പണത്തിന്റെ കണക്കുകളുമാണ്. ഇഡി സംസ്ഥാന സര്‍ക്കാരിന് കൈമാറിയ 25 പേജുള്ള കത്തിലെ നിര്‍ണായക വിവരങ്ങളാണ് പുറത്തുവന്നത്.
തിരുവനന്തപുരം ബേക്കറി ജംഗ്ഷനില്‍ പിണറായി വിജയനൊപ്പം വീണ താമസിച്ച വാടകവീട്ടില്‍ മെയ് 27ന് ഇഡി നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത ‘റെഡ് ബുക്കി’ലാണ് പണമിടപാട് വിവരങ്ങള്‍ കുറിച്ചിട്ടുള്ളതെന്നും കത്തില്‍ പറയുന്നു. റിയാസിന്റെ പൂര്‍ണ അറിവോടെ, അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ വഴി 2024 ജൂലൈ മുതല്‍ 2025 ജൂലൈ വരെയായിരുന്നു ഹവാല ഉള്‍പ്പെടെയുള്ള പണമിടപാടുകള്‍ എന്നും കത്തിലുണ്ട്. പിണറായി വിജയന്‍, വീണ, റിയാസ് അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ടാണ് ഡിജിപിക്ക് ഇഡി കത്ത് നല്‍കിയത്.
റിയാസിന്റെ സ്റ്റാഫ് അംഗങ്ങളും സുഹൃത്തുക്കളും കൂട്ടാളികള്‍ ആയെന്നും ഇഡിയുടെ കത്തില്‍ പറയുന്നുണ്ട്. ഹവാല കടത്തിന് വേണ്ടി 16 അംഗ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. മുന്‍ മന്ത്രിയുടെ സ്റ്റാഫ് അംഗങ്ങളും ഈ വാട്സ്ആപ്പ് ഗ്രൂപ്പിലുണ്ട്. ഹവാല ഇടപാടുകാരന്‍ എന്ന് ഇഡി സംശയിക്കുന്ന കൊടുവള്ളി സ്വദേശിയും ഗ്രൂപ്പില്‍ ഉണ്ടെന്ന് ഇഡി കണ്ടെത്തി. 2024 മെയ് മാസത്തില്‍ അടക്കം വീണയും റിയാസും ദുബൈയിലേക്ക് ഒരുമിച്ചു പോയത് കള്ളപ്പണം വെളുപ്പിക്കാന്‍ വേണ്ടി ആയിരുന്നുവെന്നും ഇഡി ആരോപിക്കുന്നു. റെഡ് ബുക്കിലെ കുറിപ്പുകള്‍ താന്‍ തന്നെ എഴുതിയതാണെന്ന് വീണ സമ്മതിച്ചെന്നും ഇഡി പറയുന്നു.
ചൂടിന് ആശ്വാസമായി മഴയെത്തുന്നു
സംസ്ഥാനത്തെ ചൂടിന് ആശ്വാസമായി ഇന്ന് മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ഇടിമിന്നൽ ജാഗ്രത നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ഇടുക്കി, മൂന്നാർ തുടങ്ങിയ മലയോര മേഖലകളിൽ ഇന്നലെയും കനത്ത മഴയുണ്ടായിരുന്നതിനാൽ നദികളുടെയും ജലാശയങ്ങളുടെയും തീരങ്ങളിൽ താമസിക്കുന്നവർ അതീവജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
കേന്ദ്ര സർവീസിൽ 2536 അവസരം: സി.എച്ച്.എസ്.എൽ. പരീക്ഷയ്ക്ക് വിജ്ഞാപനമായി
പന്ത്രണ്ടാം ക്ലാസ്സ് പാസ്സായവർക്ക് കേന്ദ്ര ഗവൺമെന്റ് സർവീസിൽ അവസരമൊരുക്കുന്ന കമ്പൈൻഡ് ഹയർ സെക്കൻഡറി ലെവൽ (സി.എച്ച്.എസ്.എൽ.) പരീക്ഷക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (എസ്.എസ്.സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. എൽ.ഡി.ക്ലാർക്ക്/ ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലാണ് നിയമനം. നിലവിൽ 2536 ഒഴിവുണ്ട്. കേരളത്തിൽ എട്ട് ജില്ലകളിൽ പരീക്ഷാകേന്ദ്രമുണ്ടാവും.
Also Read: നല്ല കൊളസ്ട്രോൾ കൂട്ടാനായി കഴിക്കേണ്ട 7 ഭക്ഷണങ്ങൾ
സായുധ പോലീസ് സേനകളിലെയും ഡൽഹി പൊലീസിലേയും സബ് ഇൻസ്‌പെക്ടർ നിയമനത്തിനായുള്ള പരീക്ഷയ്ക്കും സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ ഈയാഴ്ച വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1871 ഒഴിവുണ്ട്. ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കും ഈ തിരഞ്ഞെടുപ്പിന് അപേക്ഷിക്കാം. കേരളത്തിൽ എട്ട് പരീക്ഷാകേന്ദ്രങ്ങളുണ്ടാവും.
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരുടെ 225 ഒഴിവിലേക്കും ചണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ചിൽ (പിജിമെർ) നഴ്‌സിങ് ഓഫീസർമാരുടെ 243 ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചതാണ് ഈയാഴ്ചയിലെ മറ്റു പ്രധാന തൊഴിൽവിജ്ഞാപനങ്ങൾ.
നല്ല കൊളസ്ട്രോൾ കൂട്ടാനായി കഴിക്കേണ്ട 7 ഭക്ഷണങ്ങൾ
ശരീരത്തിലെ കോശങ്ങളുടെ ആരോഗ്യത്തിനും ഹോർമോണുകളുടെ ഉൽപാദനത്തിനും ആവശ്യമായ മെഴുകുപോലെയുള്ള കൊഴുപ്പ് പോലുള്ള പദാർത്ഥമാണ് കൊളസ്ട്രോൾ. പ്രധാനമായും രണ്ട് തരം കൊളസ്ട്രോളുകളാണുള്ളത്. മോശം കൊളസ്ട്രോൾ (ലോ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ അഥവാ LDL), നല്ല കൊളസ്ട്രോൾ (ഹൈ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ അഥവാ HDL). ഇതിൽ മോശം കൊളസ്ട്രോളാണ് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നത്.
HDL-ന്റെ അളവ് വർദ്ധിപ്പിക്കുന്നതിൽ ഭക്ഷണത്തിന് നിർണായക പങ്കുണ്ട്
നല്ല കൊളസ്ട്രോൾ ശരീരത്തിന് അത്യാവശ്യമാണ്. ഇത് ശരീരത്തിൽ നിന്ന് മോശം കൊളസ്ട്രോളിനെ നീക്കം ചെയ്യുകയും അതുവഴി ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ധമനികളിൽ ‘പ്ലാക്ക്’ രൂപപ്പെടുന്നത് തടയുകയും അതിനെ കരളിലേക്ക് എത്തിക്കുകയും ചെയ്യുന്നത് എച്ച്ഡിഎൽ ആണ്. നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ‘നല്ല കൊളസ്ട്രോൾ’ (HDL) നില നിലനിർത്തുന്നത് വളരെ പ്രധാനമാണ്. HDL-ന്റെ അളവ് വർദ്ധിപ്പിക്കുന്നതിൽ ഭക്ഷണത്തിന് നിർണായക പങ്കുണ്ട്. നല്ല കൊളസ്ട്രോൾ കൂട്ടാനായി കഴിക്കേണ്ട ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
ഭക്ഷണം പാചകം ചെയ്യാൻ ഒലിവ് ഓയിൽ എപ്പോഴും ഉപയോഗിക്കുക
ഭക്ഷണം പാചകം ചെയ്യാൻ ഒലിവ് ഓയിൽ എപ്പോഴും ഉപയോഗിക്കുക. ഇതിൽ ഉയർന്ന അളവിൽ HDL (നല്ല കൊളസ്ട്രോൾ) അടങ്ങിയിട്ടുണ്ട്. കൂടാതെ, LDL (ചീത്ത കൊളസ്ട്രോൾ) മൂലമുണ്ടാകുന്ന വീക്കം സംബന്ധമായ പ്രശ്നങ്ങളെ ഫലപ്രദമായി കുറയ്ക്കാനും ഇതിന് സാധിക്കും. പൂരിത കൊഴുപ്പുകൾക്ക് പകരം ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് ‘മോശം’ LDL കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
ആഴ്ചയിൽ രണ്ടു തവണയെങ്കിലും മത്സ്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
സാൽമൺ, മത്തി, അയല തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ HDL (നല്ല കൊളസ്ട്രോൾ) അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇവയുടെ ആരോഗ്യഗുണങ്ങൾ ലഭിക്കുന്നതിനായി ആഴ്ചയിൽ രണ്ടു തവണയെങ്കിലും ഇത്തരം മത്സ്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
അവക്കാഡോയിൽ മോണോഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും ഫോളേറ്റും അടങ്ങിയിട്ടുണ്ട്
അവക്കാഡോയിൽ മോണോഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും ഫോളേറ്റും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ HDL (നല്ല കൊളസ്ട്രോൾ) അളവ് സ്വാഭാവികമായി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. സ്മൂത്തിയായോ സാൻഡ്‌വിച്ചുകളിലും സൂപ്പുകളിലും ചേർത്തോ കഴിക്കാവുന്നതാണ്.
ബദാം, വാൽനട്ട്, നിലക്കടല എന്നിവയാണ് ഹൃദയാരോഗ്യത്തിന് ഏറ്റവും അനുയോജ്യമായവ
ഒമേഗ-3 ഫാറ്റി ആസിഡുകളുടെ മികച്ച മറ്റൊരു ഉറവിടമാണ് നട്‌സ്. ഇവ ശരീരത്തിലെ HDL (നല്ല കൊളസ്ട്രോൾ) അളവ് ഉയർന്ന നിലയിൽ നിലനിർത്തുകയും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു. ബദാം, വാൽനട്ട്, നിലക്കടല എന്നിവയാണ് ഹൃദയാരോഗ്യത്തിന് ഏറ്റവും അനുയോജ്യമായവ. ഒരു പിടി നട്‌സ് കഴിക്കുന്നത് നല്ല കൊളസ്ട്രോൾ കൂട്ടാം.
എച്ച്ഡിഎൽ അളവ് ഉയർന്ന നിലയിൽ നിലനിർത്താൻ ഫ്ലാക്സ് സീഡുകൾ സഹായിക്കുന്നു
എച്ച്ഡിഎൽ അളവ് ഉയർന്ന നിലയിൽ നിലനിർത്താൻ ഫ്ലാക്സ് സീഡുകൾ സഹായിക്കുന്നു. ഒമേഗ-3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടം കൂടിയാണിവ. ദിവസവും 1 മുതൽ 2 ടേബിൾസ്പൂൺ വരെ പൊടിച്ച ഫ്ലാക്സ് സീഡ് കഴിക്കുന്നത് മൊത്തം കൊളസ്ട്രോളും (“മോശം”) കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കും.
ആപ്പിളിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്
ആപ്പിളിൽ ഉയർന്ന അളവിൽ നാരുകളുള്ള പഴങ്ങൾ നല്ല കൊളസ്ട്രോളിന്റെ അളവ് നിലനിർത്താൻ സഹായിക്കുന്ന മികച്ച മാർഗ്ഗമാണ്. ഹൃദയാരോഗ്യത്തിന് പരമാവധി ഗുണം ലഭിക്കുന്നതിനായി ഇവ മുഴുവനായോ സാലഡുകളിൽ ചേർത്തോ സ്മൂത്തി രൂപത്തിലോ കഴിക്കാവുന്നതാണ്.
ഡാർക്ക് ചോക്ലേറ്റ് ഹൃദയാരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്നു
ഡാർക്ക് ചോക്ലേറ്റ് ഹൃദയാരോഗ്യം സംരക്ഷിക്കാൻ സഹായിക്കുകയും എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ അളവ് അല്പം മെച്ചപ്പെടുത്തുകയും ചെയ്തേക്കാം. എന്നാൽ ഇത് മിതമായ അളവിൽ മാത്രമേ കഴിക്കാവൂ.
ആശ്വാസം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നൽ ജാഗ്രതാ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും കൂടി ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥ പ്രവചനം. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.
Also Read: ന്യൂയോർക്ക് സബ്‌വേ ട്രാക്കിലിരുന്ന ഇന്ത്യൻ വംശജരായ യുവതിയും യുവാവും ട്രെയിൻ തട്ടി മരിച്ചു
സംസ്ഥാനത്ത് മഴ ലഭിക്കുന്നതോടെ ചൂടിന് ശമനം ആയേക്കുമെന്നാണ് പ്രതീക്ഷ. അതേസമയം ഇന്ന് പുലർച്ചെ മുതൽ 150 മെഗാവാട്ട് വൈദ്യുതി കേന്ദ്രവിഹിതമായി അധികം ലഭിച്ചു തുടങ്ങിയതോടെ വൈദ്യുതി പ്രതിസന്ധിക്കും നേരിയ ശമനം ഉണ്ടാകും.
ഇടിമിന്നൽ ജാഗ്രതാ നിർദേശം
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും (15/09/2026) നാളെയും (16/09/2026) ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻ്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.
– ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
– അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
– ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.
ന്യൂയോർക്ക് സബ്‌വേ ട്രാക്കിലിരുന്ന ഇന്ത്യൻ വംശജരായ യുവതിയും യുവാവും ട്രെയിൻ തട്ടി മരിച്ചു
ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്ക് സിറ്റി സബ്‌വേയിൽ റയിൽവേ ട്രാക്കിൽ ഇരിക്കുകയായിരുന്ന ഇന്ത്യൻ വംശജരായ യുവാവും യുവതിയും ട്രെയിൻ തട്ടി കൊല്ലപ്പെട്ടു. മലൈക ചിത്ര, നവം കൗൾ എന്നിവരാണ് മരിച്ചത്. ഇരുവർക്കും 24 വയസായിരുന്നു പ്രായം.
മാൻഹാട്ടൻ ഡൗൺടൗണിലെ സ്പ്രിങ് സിറ്റി റെയിൽവെ സ്റ്റേഷനിലെ റെയിൽപാളത്തിൽ പ്രാദേശിക സമയം പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടെന്ന് ന്യൂയോർക്ക് സിറ്റി പൊലീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
സംഭവം നടക്കുന്ന സമയത്ത് ഇരുവരും റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിന് താഴെയുള്ള ട്രാക്കിൽ ഇരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഈ സമയത്ത് ട്രാക്കിലേക്ക് കടന്നുവന്ന സബ്‌വേ ട്രെയിൻ ഇവരെ ഇടിക്കുകയായിരുന്നു. ഡ്രൈവർ ട്രെയിൻ നിർത്താൻ ശ്രമിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം തുടരുകയാണെന്ന് ന്യൂയോർക്ക് പൊലീസ് അറിയിച്ചു. ഇവർ എന്തിനാണ് അപകടകരമായ രീതിയിൽ ട്രാക്കിൽ കയറി ഇരുന്നത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സംഭവത്തെ തുടർന്ന് ഈ മേഖലയിലെ സബ്‌വേ ഗതാഗതം ഏറെ നേരം തടസ്സപ്പെടുകയും ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ചെയ്തു.
വൈദ്യുതി പ്രതിസന്ധി; യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള തീരുമാനം ഉപേക്ഷിച്ച് കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള തീരുമാനം ഉപേക്ഷിച്ച് കെഎസ്ഇബി. എന്‍ടിപിസിയിൽ നിന്ന് 300 മെഗാവാട്ട് വാങ്ങാനുള്ള തീരുമാനം വേണ്ടെന്ന് വെച്ചു. ജനങ്ങൾക്ക് ഭാവിയിൽ വൻ ബാധ്യതയാകുമെന്ന് കണ്ടാണ് പിന്മാറ്റം. നിലവിൽ ആകെ ഉറപ്പായത് കേന്ദ്ര പൂളിൽ നിന്നുള്ള 150 മെഗാ വാട്ട് വൈദ്യുതി മാത്രമാണ്. ബദൽ മാർഗം ഇല്ലെങ്കിൽ ഇന്ന് ഗുരുതര പ്രതിസന്ധിയാകും.
രാത്രികാലങ്ങളിലെ വൈദ്യുതി നിയന്ത്രണങ്ങളുടെ പേരിൽ കേരളത്തിലെ യുഡിഎഫ് സർക്കാർ കടുത്ത പ്രതിരോധത്തിലായതോടെയാണ് യൂണിറ്റിന് 30 രൂപ എന്ന റെക്കോർഡ് നിരക്കിൽ നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ നിന്നും വടക്കൻ സംസ്ഥാനങ്ങളിൽ നിന്നും വൈദ്യുതി വാങ്ങാൻ കെഎസ്ഇബി നീക്കം തുടങ്ങിയത്. എന്നാല്‍ ഉയർന്ന വിലക്ക് വൈദ്യുതി വാങ്ങുന്നതിൻ്റെ ബാധ്യത ഭാവിയിൽ ജനങ്ങളിലേക്ക് വന്നേക്കാമെന്ന് നിരീക്ഷിച്ചാണ് കെഎസ്ഇബിയുടെ പിന്മാറ്റം. കടുത്ത പ്രതിസന്ധിക്കിടയിലും യൂണിറ്റിന് 10 രൂപ നിരക്കിൽ വൈദ്യുതി ലഭ്യമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ് സർക്കാർ.





































