ആലപ്പാട് ഗ്രാമപഞ്ചായത്തിന് സുനാമി റെഡി അംഗീകാരം ലഭിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള മോക്ക് ഡ്രിൽ ഇന്ന് (15-09-2026 ). പഞ്ചായത്തിലെ 14, 15,16 വാർഡുകളിൽ ആണ് സുനാമി മോക്ക് ഡ്രിൽ സംഘടിപ്പിക്കുന്നത്.രാവിലെ 9.30ന് ആരംഭിക്കുന്ന രീതിയിലാണ് മോക്ക് ഡ്രിൽ ക്രമീകരിച്ചിരിക്കുന്നത്. മോക്ക് ഡ്രില്ലിന്റെ ഭാഗമായി മുന്നറിയിപ്പ് കൈമാറൽ, ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കൽ, അടിയന്തര പ്രതികരണ സംവിധാനം, വിവിധ വകുപ്പുകളുടെ ഏകോപനം എന്നിവ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പരിശോധിക്കും. യുനെസ്കോയുടെ കീഴിലുള്ള ഇന്റർഗവൺമെന്റൽ ഓഷ്യനോഗ്രഫിക് കമ്മീഷൻ (IOC), ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (INCOIS), കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എന്നിവ സംയുക്തമായി നടപ്പിലാക്കുന്നതാണ് സുനാമി റെഡി പദ്ധതി. സുനാമി പോലുള്ള ദുരന്തസാധ്യതകളെ ഫലപ്രദമായി നേരിടുന്നതിനായി തീരദേശ സമൂഹങ്ങളുടെ അറിവും തയ്യാറെടുപ്പും പ്രതിരോധശേഷിയും ശക്തിപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. തദ്ദേശവാസികൾ, ജനപ്രതിനിധികൾ, ദുരന്തനിവാരണ ഏജൻസികൾ, വിവിധ സർക്കാർ വകുപ്പുകൾ എന്നിവയുടെ സജീവ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
മോക്ക് ഡ്രില്ലിന് മുന്നോടിയായി ആലപ്പാട് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ പ്രാദേശിക ആസൂത്രണ യോഗം ചേർന്നു.ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ജയശ്രീയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഹസാർഡ് അനലിസ്റ്റ് പ്രേം ജി പ്രകാശ് മോക്ക് ഡ്രിൽ നടപടികൾ വിശദീകരിച്ചു.ജില്ലാ പഞ്ചായത്തംഗം വരുൺ ആലപ്പാട്, ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും അഡീഷണൽ ജില്ലാ മജിസ്ട്രേറ്റുമായ എസ് സജീദ്, കരുനാഗപ്പള്ളി തഹസിൽദാർ ബോസ് ഫ്രാൻസിസ്, കരുനാഗപ്പള്ളി എസ്എച്ച്ഒ ആഷിഖ് എൻ, നീണ്ടകര കോസ്റ്റൽ പോലീസ് സ്റ്റേഷൻ എസ്ഐ സുനിൽ കുമാർ എസ്,കരുനാഗപ്പള്ളി ഫയർ സ്റ്റേഷൻ ഓഫീസർ ദിലീപ് കുമാർ,നീണ്ടകര ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ബിന്ദു കെ ഒ,തദ്ദേശ സ്വയംഭരണ ദുരന്ത നിവാരണ പദ്ധതി കോർഡിനേറ്റർ മീനു എസ്,പദ്ധതിയുടെ അക്കാദമിക പങ്കാളികളായ അമൃത വിശ്വവിദ്യാപീഠം പ്രതിനിധികൾ, പ്രദേശത്തെ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.



























