കോട്ടയം: യൂട്യൂബര്‍ തംബുരു (36)വിനെ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് സ്വദേശിനിയായ തംബുരുവിനെ പുളിഞ്ചുവട്ടിലെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ‘തംബുരു ക്വീന്‍ഫിഷര്‍’ എന്ന യൂട്യൂബ് ചാനലിലൂടെ ശ്രദ്ധേയയാണ് ഇവര്‍.
നാടന്‍ മത്സ്യബന്ധന രീതികളെക്കുറിച്ചുള്ള വിഡിയോകളാണ് തംബുരു വ്‌ലോഗിലൂടെ പങ്കുവച്ചിരുന്നത്. കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് പ്രാഥമിക വിവരം. വിവാഹമോചിതയായ ഇവര്‍ 13 കാരിയായ മകളോടൊപ്പം പുളിഞ്ചുവട്ടിലെ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. മകള്‍ സ്‌കൂള്‍ വിട്ട് വൈകുന്നേരം വീട്ടിലെത്തിയപ്പോഴാണ് മരണ വിവരം അറിഞ്ഞത്. വൈക്കം പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.
യൂട്യൂബര്‍ തംബുരുവിനെ മരിച്ച നിലയില്‍ കണ്ടെത്തി
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന് 240 രൂപയാണ് വര്‍ധിച്ചത്. 1,12,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 30 രൂപയാണ് വര്‍ധിച്ചത്. 14,040 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടു തവണയായി 1160 രൂപയാണ് ഇടിഞ്ഞത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഉയര്‍ന്നു നില്‍ക്കുന്ന എണ്ണവില അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇത് പണപ്പെരുപ്പനിരക്ക് ഉയരാന്‍ കാരണമാകുമെന്നതിനാല്‍ പലിനിരക്ക് വര്‍ധിപ്പിക്കാന്‍ അമേരിക്കന്‍ കേന്ദ്രബാങ്ക് തയ്യാറായേക്കുമെന്ന റിപ്പോര്‍ട്ടുകളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. പലിശനിരക്ക് ഉയര്‍ത്തുന്നത് സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയ്ക്കാന്‍ ഇടയാക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. ഇതിന് പുറമേ അമേരിക്കന്‍ ട്രഷറി ബോണ്ട് യീല്‍ഡ് വര്‍ധിച്ചതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
ഇഡി അന്വേഷണത്തെ നേരിടാൻ പിണറായി പാർട്ടിയെ ഉപയോഗിക്കുന്നു,പിണറായിയെ തിരുത്താൻ സംസ്ഥാന സെക്രട്ടേറിയറ്റിന് കഴിയുന്നില്ല,മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്
കണ്ണൂര്‍.പിണറായി വിജയനെതിരെ തുറന്നടിച്ച് മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്…
പിണറായിയെ തിരുത്താൻ സംസ്ഥാന സെക്രട്ടേറിയറ്റിന് കഴിയുന്നില്ല…
ഇഡി അന്വേഷണത്തെ നേരിടാൻ പിണറായി പാർട്ടിയെ ഉപയോഗിക്കുകയാണ്. വിശാല സംസ്ഥാന കമ്മറ്റി എന്ന ഒരു കമ്മറ്റിയില്ലെന്നും പുതിയ രീതികളും കീഴ് വഴക്കവും ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും മനു തോമസ് പറഞ്ഞു.
ഇഡി അന്വേഷണം മുതൽ പാർട്ടിയിലെ തിരുത്തൽ നടപടികൾ വരെ വീണ്ടും ചർച്ചയാക്കുകയാണ് മനു തോമസിന്റെ ആരോപണങ്ങൾ. പാർട്ടിയിലെ തിരുത്തൽ നടപടികൾ സഖാക്കളുടെ കണ്ണിൽ പൊടിയിടാനാണ്… പിണറായിയുടെയും എം.വി. ഗോവിന്ദന്റെയും ഈഗോയാണ് പാർട്ടിയെ തകർക്കുന്നതെന്നും മനു തോമസ്.
ടി.പി. വധത്തിന് പിന്നിലും നേതാക്കളുടെ ഈഗോയെന്ന് ആരോപണം…
എന്തിനാണ് കൊന്നതെന്ന കെ.കെ. രമയുടെ ചോദ്യത്തിന് പാർട്ടി മറുപടി പറയണം
പൊല്യൂഷൻ കൺട്രോൾ ബോർഡ് നേരത്തെ ആരോഗ്യവകുപ്പ് മന്ത്രിയുടെ കീഴിലായിരുന്നു… 2016ൽ എന്തിനാണ് പിണറായി വിജയൻ അത് ഏറ്റെടുത്തത്? കേന്ദ്ര കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും അറിയാതെയാണോ മാറ്റമുണ്ടായതെന്നും മനു തോമസ് ചോദിക്കുന്നു.
ബന്ധുനിയമന വിവാദത്തിൽ ഇ.പി. ജയരാജനോട് മാറാൻ ആവശ്യപ്പെട്ടതാണ് പാർട്ടി. പിണറായി വിജയന്റെ ബന്ധുവിനെ പൊല്യൂഷൻ കൺട്രോൾ ബോർഡിൽ സ്റ്റാൻഡിങ് കൗൺസലായി നിയമിച്ചപ്പോൾ പാർട്ടിയുടെ അനുമതി തേടിയിരുന്നോ എന്നുമാണ് മനു തോമസ് ഉന്നയിക്കുന്ന ചോദ്യം. പിണറായിയും എം വി ഗോവിന്ദനും ഏറ്റു പറച്ചിൽ നടത്തണമെന്നും ഇഡി അന്വേഷണത്തെ പ്രതിരോധിക്കേണ്ടത് തെളിവ് നിരത്തിയാണന്നും മനു തോമസ് പറഞ്ഞു.
ഇഡിയുടെ പുതിയ നീക്കം, മാധ്യമങ്ങളെ കണ്ട് സ്വയം പ്രതിരോധത്തിലായി പി എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം. ഇ.ഡിയുടെ പുതിയ നീക്കത്തിൽ മാധ്യമങ്ങളെ കണ്ട് സ്വയം പ്രതിരോധത്തിലായി പി.എ മുഹമ്മദ് റിയാസ്. പുറത്തുവന്ന രേഖകളിലേത് ഫ്യൂച്ചർ ബിസിനസിന് വേണ്ടിയുള്ള കാര്യങ്ങളെന്ന മുഹമ്മദ് റിയാസിൻ്റെ ഏറ്റുപറച്ചിൽ തെളിവുകൾക്ക് സ്ഥിരീകരണമായി. കേന്ദ്ര – സംസ്ഥാന നേതൃത്വങ്ങൾ പുതിയ വാർത്തകളിൽ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി.
ഭാവിയിലേക്കുള്ള ബിസിനസിന് വേണ്ടിയുള്ളതാണ് ടി വീണ സ്വന്തം കൈപ്പടയിൽ എഴുതിയ കണക്കുകൾ എന്നതണ് പി.എ മുഹമ്മദ് റിയാസിന്റെ ന്യായീകരണം. പുറത്തുവന്ന ഇ.ഡി ശേഖരിച്ച തെളിവുകൾ എല്ലാം സത്യമെന്ന് സ്വയം സമ്മതിക്കുന്നതിന് സമാനമായി ഈ വാവിട്ട വാക്ക്. ഭാവിയിലേക്കുള്ള ബിസിനസ് എന്തെന്നും ഇനി വിശദീകരിക്കേണ്ടിവരും.
അങ്ങനെയൊരു കൈപ്പടയുമില്ലെന്ന് പിണറായി വിജയൻ നേരത്തെ പറഞ്ഞതാണ്. എല്ലാം ടി. വീണയുടേത് തന്നെയെന്ന് ഇന്ന് പി.എ മുഹമ്മദ് റിയാസ് സമ്മതിച്ചു. ഡിജിറ്റൽ കാലത്ത് ആരെങ്കിലും രേഖകൾ എഴുതി സൂക്ഷിക്കുമോ എന്ന് ഇ.ഡിയെ പരിഹസിച്ച ക്യാപ്സൂളുകൾക്കും ഇതോടെ അവസാനമായി. മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ള വാട്ട്സാപ്പ് ഗ്രൂപ്പ് എന്നാണ് വിശദീകരിച്ചതെങ്കിലും അങ്ങനെയൊരു കോർ ഗ്രൂപ്പിൽ ഒരു മാധ്യമപ്രവർത്തകരും ഇല്ല. കേന്ദ്ര- സംസ്ഥാന നേതൃത്വങ്ങൾ വിശാല സംസ്ഥാന സമിതിക്ക് മുന്നേ ഇക്കാര്യത്തിൽ മൗനം പാലിച്ചു.
തുടർച്ചയായി ഒഴിഞ്ഞുമാറാൻ നേതൃത്വത്തിനും കഴിയില്ല. മുഹമ്മദ് റിയാസിനും ടി. വീണക്കും പ്രതിരോധം തീർക്കുമോ തള്ളിപ്പറയുമോയെന്ന് മണിക്കൂറുകൾക്കുള്ളിൽ അറിയാം.
സര്‍ക്കാര്‍ ചെലവിലല്ല ഈ അമേരിക്കന്‍ യാത്ര, സംഘാടകരുടെ ചെലവിലാണ്… കേട്ടോ,അധിക്ഷേപ പോസ്റ്റിന് ചുട്ട മറുപടിയുമായി ചെന്നിത്തല
തിരുവനന്തപുരം. തന്റെ അമേരിക്കന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന വിവാദങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും കൃത്യമായ വിശദീകരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. യാത്ര തികച്ചും സ്വകാര്യ സന്ദര്‍ശനമാണെന്നും സര്‍ക്കാര്‍ ഖജനാവിലെ പണം ഉപയോഗിച്ചല്ലെന്നും സംഘാടകരുടെ ചെലവിലാണ് താന്‍ അമേരിക്കയിലെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് ആഭ്യന്തര മന്ത്രി വിശദീകരണം നല്‍കിയത്.
സംസ്ഥാന സര്‍ക്കാര്‍ 100 ദിവസം പൂര്‍ത്തിയാക്കിയ വേളയില്‍ ജനങ്ങള്‍ പവര്‍ക്കട്ടില്‍ വലയുമ്പോള്‍ ആഭ്യന്തര മന്ത്രിയും മറ്റ് പ്രമുഖ ഭരണകക്ഷി നേതാക്കളും അമേരിക്കയില്‍ ഉല്ലാസയാത്രയിലാണെന്ന് ചൂണ്ടിക്കാട്ടി ഇടത് സൈബര്‍ ഇടങ്ങളില്‍ വലിയ തോതില്‍ പ്രചാരണങ്ങള്‍ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് മറുപടിയുമായി ചെന്നിത്തല നേരിട്ടെത്തിയത്.
ഷിക്കാഗോയിലാണ് താനുള്ളതെന്നും കുടുംബത്തോടൊപ്പം എത്തിയത് ദീര്‍ഘകാല സുഹൃത്തിന്റെ കുടുംബവിശേഷത്തില്‍ പങ്കെടുക്കാനാണെന്നും ചെന്നിത്തല വീഡിയോയിലൂടെ വിശദീകരിച്ചു. ‘ജയ്ഹിന്ദ് ടിവിയുടെ ആദ്യകാല നേതൃനിരയിലുണ്ടായിരുന്ന ഫെലിക്‌സ് സൈമണുമായി എനിക്ക് മൂന്നര പതിറ്റാണ്ടിലേറെക്കാലത്തെ ആത്മബന്ധമാണുള്ളത്. അദ്ദേഹത്തിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനാണ് ഞാനും കുടുംബവും ഇവിടെ എത്തിയത്. ഷിക്കാഗോയിലെത്തിയപ്പോള്‍ പ്രവാസി മലയാളികളുമായി സംസാരിക്കാനും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ (ഐഒസി) ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കാനും സാധിച്ചു. കൂടാതെ സാം പിത്രോഡയെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദര്‍ശിക്കുകയും ചെയ്തു,’ ചെന്നിത്തല പറഞ്ഞു.
വീഡിയോയുടെ അവസാന ഭാഗത്താണ് ആഭ്യന്തര മന്ത്രി സൈബര്‍ ആക്ഷേപങ്ങള്‍ക്ക് നേരിട്ട് മറുപടി നല്‍കിയത്: ‘പിന്നെ, സര്‍ക്കാര്‍ ചെലവിലല്ല ഈ അമേരിക്കന്‍ യാത്ര, സംഘാടകരുടെ ചെലവിലാണ്… കേട്ടോ!’ എന്ന് അദ്ദേഹം തുറന്നടിച്ചു.
വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ വെന്തുമരിച്ചു
ബംഗളൂരു: കര്‍ണാടക ബെലഗാവിയില്‍ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ വെന്തുമരിച്ചു. ചവത്ഗള്ളിയിലെ വീട്ടില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഉണ്ടായ തീപിടിത്തത്തെ തുടര്‍ന്നാണ് അത്യാഹിതം സംഭവിച്ചത്. ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഞായറാഴ്ച രാത്രിയിലാണ് സംഭവം. വീടിനുള്ളില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് തീ വേഗത്തില്‍ ആളിപ്പടരുകയായിരുന്നു. നാലുപേര്‍ക്കും രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഗജാനന്‍ ദാമോണ്‍ (65), റോഷന്‍ (21), ശാരദ (45), ഭാരതി (50) എന്നിവരാണ് മരിച്ചത്. മാര്‍ക്കറ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്.
ഇഡിയുടെ കത്തിലെ വിശദാംശങ്ങള്‍ ഇപ്പോള്‍ വാര്‍ത്തയായി പുറത്തുവന്നതിന് പിന്നില്‍ ബോധപൂര്‍വ്വം വ്യക്തിപരമായി മോശമാക്കാനുള്ള ശ്രമമെന്ന്, റിയാസ്
കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡിയുടെ കത്തിലെ വിശദാംശങ്ങള്‍ ഇപ്പോള്‍ വാര്‍ത്തയായി പുറത്തുവന്നതിന് പിന്നില്‍ ബോധപൂര്‍വ്വം വ്യക്തിപരമായി മോശമാക്കാനുള്ള ശ്രമമെന്ന് സിപിഎം നേതാവ് പി എ മുഹമ്മദ് റിയാസ്. തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു? മെയ് 27ന് കിട്ടിയ കൈപ്പടയാണ്. ഇന്ന് വിപുലീകൃത സംസ്ഥാന കമ്മിറ്റി വിജയകരമായി പൂര്‍ത്തീകരിച്ച് ലക്ഷങ്ങള്‍ പങ്കെടുക്കുന്ന റാലി നടക്കാന്‍ പോകുകയാണ്. ഇന്ന് ഇതിന് തെരഞ്ഞെടുത്തത് മറ്റു ഉദ്ദേശത്തോടെയെന്നും മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.
‘നേരത്തെ ഹവാലയുമായി എന്നെ കണക്ട് ചെയ്യാനുള്ള ശ്രമം പൊളിഞ്ഞിരുന്നു. ഇപ്പോള്‍ പുതിയ കഥ രംഗത്തിറക്കിയിരിക്കുകയാണ്. ബേപ്പൂര്‍ മണ്ഡലത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ഒരു ഗ്രൂപ്പുമായി ബന്ധപ്പെട്ടാണ് ആരോപണം. നമ്മള്‍ ബേപ്പൂര്‍ എന്നാണ് ഗ്രൂപ്പിന്റെ പേര്. ഈ ഗ്രൂപ്പ് ഹവാല ഇടപാടിന് വേണ്ടിയുള്ള ഗ്രൂപ്പ് ആണ് എന്നാണ് ഇഡി ചോര്‍ത്തി കൊടുത്ത വാര്‍ത്തയില്‍ ഉള്ളത്. നമ്മള്‍ ബേപ്പൂരില്‍ സമസ്ത മേഖലയിലെ ജനങ്ങളും മാധ്യമപ്രവര്‍ത്തകരും ഉണ്ട്. ആ ഗ്രൂപ്പ് പരിശോധിക്കാം. ചാറ്റുകള്‍ പരിശോധിക്കാം. ഇഡിയുടെ നടപടിയെ നിയമപരമായി നേരിടും’- മുഹമ്മദ് റിയാസ് പറഞ്ഞു.
‘ചെറിയ കാര്യങ്ങള്‍ക്ക് മറുപടി പറയേണ്ട എന്നാണ് എനിക്ക് കിട്ടിയിട്ടുള്ളൂ നിയമോപദേശം. എന്നാല്‍ ചിലത് പറയാതെ പോയാല്‍ ശരിയാവില്ല എന്ന് തോന്നി. ഹവാല പണമാണെന്ന് വീണ അഡ്മിറ്റ് ചെയ്തു എന്നാണ് പറയുന്നത്. ഇത് ശുദ്ധ അസംബന്ധമാണ്. ഫ്യൂച്ചര്‍ ബിസിനസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് എഴുതിയിട്ടുള്ള കാര്യങ്ങളാണ്. എഴുതിയിട്ടുള്ള ആളുകളുമായി ചര്‍ച്ച പോലും ചെയ്തിട്ടില്ല.കള്ളപ്പണവുമായി യാതൊരു ബന്ധവുമില്ല. ബോധപൂര്‍വ്വം മോശമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആ പേരുകളിലുള്ളവരുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് ചെയ്തു. അവരാരും കള്ളപ്പണമാണ് എന്ന് പറഞ്ഞിട്ടില്ല. ഫ്യൂച്ചര്‍ ബിസിനസുമായി ബന്ധപ്പെട്ട് കടലാസില്‍ എഴുതിയതാണ് റെഡ് ബുക്ക് എന്ന നിലയില്‍ അവതരിപ്പിച്ചിട്ടുള്ളത്. വീണയ്ക്ക് ഹവാല ഇടപാട് ഉണ്ട് എന്ന തരത്തില്‍ വ്യാപകമായി പ്രചാരണം നടത്തി. മൂന്ന് തവണ വീണയെ ചോദ്യം ചെയ്തു. ഈ ചോദ്യംചെയ്യലില്‍ എവിടെയും ഹവാലയുമായി ബന്ധപ്പെട്ട് ഒരു ചോദ്യം പോലും ചോദിച്ചിട്ടില്ല’- മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.
അഫ്ഗാനിസ്ഥാനിലൂടെ ഏകയായി യാത്ര ചെയ്ത സ്ത്രീ എന്ന നിലയില്‍ വ്ളോഗര്‍ അരുണിമ പിടിയിലായി,ഇത്രയും ദിവസവും ഞാന്‍ ഒറ്റയ്ക്കാണ് യാത്ര ചെയ്തത്… അവരുടെ നിയമപ്രകാരം ഞാന്‍ നിയമലംഘനമാണ് നടത്തിയത്,എന്റെ കൈകാലുകള്‍ വിറച്ചു തുടങ്ങി,പിന്നീട് നടന്നത്
അഫ്ഗാനിസ്ഥാനിലൂടെ ഏകയായി യാത്ര ചെയ്ത സ്ത്രീ എന്ന നിലയില്‍ വ്ളോഗര്‍ അരുണിമ പിടിയിലായി. ഈ രാജ്യത്തിന്റെ നിയമം അനുസരിച്ച് ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ സാധിക്കില്ല. അത് ഈ രാജ്യത്ത് സ്ത്രീ ആണെങ്കിലും പുറത്തുനിന്നുള്ള സ്ത്രീയാണെങ്കിലും ഒരേപോലെ നിയമം. എന്റെ വിസ കണ്ടപ്പോള്‍ അവര്‍ക്ക് മനസ്സിലായി ഞാന്‍ കഴിഞ്ഞ മാസം 27ന് ഈ രാജ്യത്ത് കയറിയതാണ്… ഇത്രയും ദിവസവും ഞാന്‍ ഒറ്റയ്ക്കാണ് യാത്ര ചെയ്തത്… അവരുടെ നിയമപ്രകാരം ഞാന്‍ നിയമലംഘനമാണ് നടത്തിയത്.. അതിനായി എന്നെ അറസ്റ്റ് ചെയ്യാന്‍ പോവുകയാണ് ഇപ്പോള്‍ എന്ന് പറഞ്ഞു…
ഈ രാജ്യത്ത് ഓരോ താലിബാനും പോലീസുകാരെ പോലെയാണ്.. അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാം.. ഞാന് ഇത് എത്രയും വേഗം എന്റെ ബോയ്ഫ്രണ്ടിനെ അറിയിച്ചു. എന്റെ കൈകാലുകള്‍ വിറച്ചു തുടങ്ങി
ബാമിയാന്‍ പ്രവശ്യയിലേക്ക് കടന്നതിന് പിന്നാലെയാണ് അരുണിമ പിടിയിലാകുന്നത്. മണിക്കൂറുകള്‍ക്ക് ശേഷമാണ് അരുണിമയെ വിട്ടയക്കുന്നത്. പിടികൂടിയതിന് പിന്നാലെ അരുണിമ സോഷ്യല്‍ മീഡിയയിലുടെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. അരുണിമയുടെ വാക്കുകളിലേക്ക്:
കുറച്ചു മണിക്കൂറുകൾ ടെൻഷനടിച്ച് മരിച്ചില്ല എന്നേയുള്ളൂ..‼️
വൈകുന്നേരം ഒരു ലോറിയിൽ ലിഫ്റ്റ് അടിച്ച് ബമ്മിയാൻ എന്ന സ്ഥലത്തേക്ക് വന്നു. ഇവിടെയെത്തിയപ്പോഴേക്കും സമയം 7 മണി ആയിട്ടുണ്ടായി ഇരുട്ടായിരുന്നു. വണ്ടിയിൽ നിന്നും ഇറങ്ങിയപ്പോൾ തന്നെ ഇവിടെയുള്ള ആളുകൾ എൻറെ അടുത്തേക്ക് ഓടിക്കൂടി കാരണം രാത്രിയിൽ ഒരു സ്ത്രീ ഒറ്റയ്ക്ക് ഈ രാജ്യത്ത് പുറത്തു പോവില്ല. അങ്ങനെ എന്നോട് വിസയും പാസ്പോർട്ടും എല്ലാം ചോദിച്ചു എന്നിട്ട് അതെല്ലാം കാണിച്ചു കൊടുത്തു. എവിടെ താമസിക്കുന്നതെന്ന് ചോദിച്ചപ്പോൾ തീരുമാനിച്ചിട്ടില്ല ഇപ്പോൾ എവിടെയെങ്കിലും ഒരു സേഫ് ആയ സ്ഥലം ഞാൻ കണ്ടു പിടിച്ച താമസിക്കും എന്ന് പറഞ്ഞു.
അവർ എൻറെ ഇഷ്ടത്തിന് ഒറ്റക്ക് എന്നെ വിടില്ല. അങ്ങനെ കുറച്ചുസമയം അവിടെ കാത്തുനിന്നു ഇംഗ്ലീഷിൽ സംസാരിക്കുന്ന ഒരാൾ വന്നു അയാൾ എന്നോട് കാറിൽ കയറാൻ പറഞ്ഞു. കാറിൽ കയറി ഒരു ഹോട്ടലിലേക്കാണ് പോയത് അവിടെ എത്തിയപ്പോൾ ഒരുപാട് പൈസയാണ് ഒരു രാത്രി താമസിക്കാൻ അവർ ചോദിക്കുന്നത് അതിനാൽ ഞാൻ അവരോട് പറഞ്ഞു എൻറെ കയ്യിൽ tent ഉണ്ട് ഇവിടെ എവിടെയെങ്കിലും എനിക്ക് കുറച്ച് സ്ഥലം തന്നാൽ മതിയെന്ന്..ഇവിടെ തണുപ്പുള്ള സ്ഥലമാണ് ഇത്രയും ദിവസം അധികഠിനമായ ചൂടിലൂടെയാണ് ഞാൻ യാത്ര ചെയ്തിരുന്നത്… ഇവിടെ ടെൻ അടിക്കാൻ പറ്റില്ല, അടിക്കാനുള്ള വേറെ സ്ഥലം കാണിച്ചു തരാമെന്ന് പറഞ്ഞ് ആ വ്യക്തി എന്നെ വീണ്ടും കാറിൽ കയറ്റി വേറൊരു സ്ഥലത്തേക്ക് കൊണ്ടുവന്നു.
ഇവിടെ എത്തിയപ്പോൾ എനിക്ക് tent അടിക്കാനുള്ള ഒരു സ്ഥലം കാണിച്ചു തന്നു. Tent അടിക്കാൻ തുടങ്ങിയപ്പോൾ എന്നോട് പറഞ്ഞു നല്ല തണുപ്പ് ആയിരിക്കും രാത്രി കിടന്നുറങ്ങാൻ ബുദ്ധിമുട്ടാകും ഇവിടെ ഒരു ഒഴിവ് റൂം ഉണ്ട് അവിടെ കിടന്നോളൂ.. അങ്ങനെ ഞാൻ അവിടെ കിടക്കാൻ തീരുമാനിച്ചു.. ചാർജ് ചെയ്യാനായി അവിടെയുള്ള ഹാളിൽ പോയപ്പോൾ പുറത്തൊന്നും രണ്ട് ആൾക്കാർ വന്നു.. എന്നോട് ആദ്യം എവിടെ നിന്നാണ് വരുന്നത് എന്നെല്ലാം ചോദിച്ചു ഇതെല്ലാം ട്രാൻസിലേറ്റിൽ ആണ് ചോദിക്കുന്നത് ഗൂഗിൾ ട്രാൻസിലേറ്റ് ഫോണിലൂടെ.. പിന്നീട് എന്നോട് പെർമിറ്റ് കാണിക്കാൻ പറഞ്ഞു. ഞാനെൻറെ പാസ്പോർട്ടും വിസയും കാണിച്ചുകൊടുത്തു.. ഈ രാജ്യത്തിൻറെ നിയമം അനുസരിച്ച് ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ സാധിക്കില്ല അത് ഈ രാജ്യത്ത് സ്ത്രീ ആണെങ്കിലും പുറത്തുനിന്ന സ്ത്രീയാണെങ്കിലും ഒരേപോലെ നിയമം… കഴിഞ്ഞദിവസം jalalabad എന്ന സ്ഥലത്തുനിന്ന് പെർമിറ്റ് എടുക്കാനായി ഞാൻ പോയതാണ്, അപ്പോൾ അവർ എനിക്ക് പെർമിറ്റ് തന്നില്ല. കാരണം ഒരു സ്ത്രീ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ പറ്റില്ല… ഞാൻ അവരോട് ഒരുപാട് ചോദിച്ചു പെർമിറ്റ് തരാനായി അവർ പറഞ്ഞു ഒരു പുരുഷനില്ലാതെ തരാൻ പറ്റില്ല അല്ലെങ്കിൽ കൂടെ ഒരു ഗൈഡിനെ കൊണ്ടുപോകണം എൻറെ യാത്രയിൽ അതിനും എനിക്ക് സാധിക്കില്ല.കൂടെ യാത്ര ചെയ്യാനും ആരുമില്ല.. എല്ലാ രാജ്യവും ഞാൻ ഒറ്റയ്ക്കാണ് യാത്ര ചെയ്യാറുള്ളത്. അങ്ങനെയാണ് ഇവിടെയും എത്തിയത് എന്നാൽ ഈ രാജ്യത്തിൻറെ നിയമം വളരെ കർശനമാണ്… അവർ എന്നോട് തിരിച്ചു കാബൂളിലേക്ക് പോകാനാണ് ആവശ്യപ്പെട്ടത്. അങ്ങനെ രണ്ടു ദിവസം കാബൂളിൽ നിന്ന് ശേഷം. ഇന്ന് രാവിലെ യാത്ര തുടങ്ങിയത് വരുന്ന വഴിയിൽ ഒരുപാട് ചെക്ക് പോസ്റ്റുകൾ ഉണ്ട് അവിടെയെല്ലാം എന്നെ തടഞ്ഞു വച്ചിരുന്നു. അപ്പോൾ ഞാൻ അവരുടെ കള്ളം പറഞ്ഞു ജർമ്മനിയിൽ നിന്നും ഒരു സുഹൃത്ത് കൂടെയുണ്ട് അദ്ദേഹം ഇപ്പോൾ വേറെ പ്രൊവൈൻസിൽ പോയിരിക്കുകയാണ് കുറച്ചു മണിക്കൂറുകൾ കഴിയുമ്പോൾ എൻറെ അടുത്തേക്ക് വരുമെന്ന്.. അല്ലാതെ ഇവരെന്നെ യാത്ര ചെയ്യാൻ സമ്മതിക്കില്ല…
അങ്ങനെ ഇവിടെ അവരുമായി ട്രാൻസ്ലേറ്റിൽ സംസാരിക്കുകയായിരുന്നു.. ഇവിടെ എനിക്ക് കള്ളം പറയാൻ സാധിക്കില്ല, കാരണം ഞാൻ രാത്രിയിൽ ഒറ്റയ്ക്കാണല്ലോ… എൻറെ വിസ കണ്ടപ്പോൾ അവർക്ക് മനസ്സിലായി ഞാൻ കഴിഞ്ഞ മാസം 27ന് ഈ രാജ്യത്ത് കയറിയതാണ്… ഇത്രയും ദിവസവും ഞാൻ ഒറ്റയ്ക്കാണ് യാത്ര ചെയ്തത്… അവരുടെ നിയമപ്രകാരം ഞാൻ നിയമലംഘനമാണ് നടത്തിയത്.. അതിനായി എന്നെ അറസ്റ്റ് ചെയ്യാൻ പോവുകയാണ് ഇപ്പോൾ എന്ന് പറഞ്ഞു… ഈ രാജ്യത്ത് ഓരോ താലിബാനും പോലീസുകാരെ പോലെയാണ്.. അവർക്ക് ഇഷ്ടമുള്ളത് ചെയ്യാം.. ഞാന് ഇത് എത്രയും വേഗം എൻറെ ബോയ്ഫ്രണ്ടിനെ അറിയിച്ചു… എൻറെ കൈകാലുകൾ വിറച്ചു തുടങ്ങി.. എന്തുചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു… അതേസമയം ഞാൻ ഗൂഗിൾ ട്രാൻസിലേറ്റ് ഫോൺ ഉപയോഗിച്ച് അവരോട് സംസാരിക്കുന്നു… എന്നെ ഡി പോർട്ട് ചെയ്തോളാൻ പറഞ്ഞു… അവർ പറഞ്ഞു ഞാൻ നിയമലംഘനം നടത്തി.. അതുകൊണ്ട് അവർ അറസ്റ്റ് ചെയ്യും എന്നു പറഞ്ഞു…
ഞാൻ ചെയ്ത കുറ്റം എന്തെന്ന് വെച്ചാൽ ഒറ്റയ്ക്ക് ഒരു സ്ത്രീക്ക് യാത്ര ചെയ്യാൻ പറ്റാത്ത രാജ്യത്ത് അത് അനുസരിക്കാതെ ഒറ്റയ്ക്ക് യാത്ര ചെയ്തു…ഓരോ പ്രൊവിൻസിലേക്കും പെർമിറ്റ് എടുക്കണം ആ പെർമിറ്റ് എടുത്തില്ല കാരണം ഒറ്റയ്ക്ക് ഒരു സ്ത്രീയ്ക്ക് ഇവർ ലഭിക്കില്ല… എന്നെ ഇവിടെ കൊണ്ടുവന്നു ആക്കിയ വ്യക്തി തിരികെ പോയിരുന്നു…എൻറെ നമ്പർ വാങ്ങിയിട്ടുണ്ടായിരുന്നു… അദ്ദേഹത്തെ ഞാൻ പെട്ടെന്ന് വിവരം അറിയിച്ചു. അയാൾ പറഞ്ഞു കുറച്ച് അകലെയാണ് പെട്ടെന്ന് തന്നെ വരാം എന്നു പറഞ്ഞു… അങ്ങനെ ആ വ്യക്തി അവരോട് സംസാരിച്ചു ഞാനിപ്പോൾ വരാം അതുവരെ ഒന്ന് വെയിറ്റ് ചെയ്യാൻ പറഞ്ഞു… അദ്ദേഹം വരുന്നതുവരെ എൻറെ ഹൃദയം ഇടുപ്പ് കൂടി,ഞാൻ ആകെ സ്തംഭിച്ചിരിക്കുക ആയിരുന്നു. ഇവർ ഞാൻ എന്തു പറഞ്ഞാലും തിരിച്ച് എന്നോട് ഞാൻ നിയമലംഘിച്ചു എന്ന് തന്നെ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു… കുറച്ചുസമയങ്ങൾക്കുള്ളിൽ അദ്ദേഹം വന്നു അങ്ങനെ ഞാൻ കാര്യങ്ങൾ സംസാരിച്ചു..ആ വ്യക്തിക്ക് ഇംഗ്ലീഷ് അറിയാം… ഞാൻ അയാളുടെ കാലുപിടിച്ചു പറഞ്ഞു എൻറെ അവസ്ഥ ഒന്നു മനസ്സിലാക്കണമെന്ന്.. അങ്ങനെ അദ്ദേഹം എനിക്കുവേണ്ടി ഇവരോട് സംസാരിച്ചു.. അവർ അതിനു വഴങ്ങിയില്ല… ഇപ്പോൾ തന്നെ പെർമിറ്റ് എടുക്കണം അതിനായി ഒരു ഗൈഡിനെ കൂടെ വയ്ക്കണം ഇവിടത്തെ 10000 പൈസയും പറഞ്ഞു. പെർമിറ്റ് എടുക്കാൻ മാത്രമുള്ള പൈസ ഗൈഡിനായി വേറെ പൈസയും ഞാൻ കൊടുക്കണം.ഞാൻ പറഞ്ഞു ഈ രാജ്യത്ത് നിന്നും എക്സിറ്റ് ചെയ്ത് ഉസ്ബകിസ്താനിലേക്ക് പോവുകയാണ് ഞാൻ… ഇത്രയും ദിവസം നിയമം ലംഘിച്ച് താമസിച്ചതിനാൽ പൈസ അടയ്ക്കണം എന്നാലേ എങ്ങോട്ടും പോകാൻ സാധിക്കുകയുള്ളൂ എന്ന് പറഞ്ഞു. അങ്ങനെ ഞാൻ അവരുമായി സംസാരിച്ചു ഒത്തുതീർപ്പാക്കി… എന്നോട് പെർമിറ്റ് ഇല്ലാതെ തന്നെ അടുത്ത രാജ്യത്തേക്ക് പൊയ്ക്കോളാൻ പറഞ്ഞു… ഇവരുടെ തീരുമാനങ്ങളാണ് ഇവരുടെ നിയമം… പോലീസ് ജയിലോ ഒന്നുമല്ല…. ഇവിടത്തെ താലിബാൻ അത് ഓരോ മനുഷ്യരും താലിബാനാണ്… എന്നുവച്ചാൽ എല്ലാരും താലിബാൻ ആണെന്നല്ല.. ഒരുപാട് ആളുകൾ ഉണ്ട് അവരാണ് തീരുമാനിക്കുന്നത് ഞാൻ അയാളുടെ കയ്യും കാലും പിടിച്ചാണ് എന്നെ അറസ്റ്റ് ചെയ്യാതിരുന്നത്…
കുറച്ചു മണിക്കൂറുകൾ ഞാൻ തീ തിന്നു. എനിക്ക് എന്തു ചെയ്യണം എന്ന് അറിയാതെ ടെൻഷൻ അടിച്ചു മരിക്കാറായി…. എനിക്ക് എന്തോ സംഭവിക്കാൻ പോവുകയാണെന്ന് എനിക്ക് തോന്നി… അതുകൊണ്ടാണ് എന്നെ രക്ഷിക്കാൻ ആരെങ്കിലും വരുമെന്ന് ഓർത്ത് ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ഇട്ടത്…ഒരു പെണ്ണായതുകൊണ്ട് മാത്രമാണ് എനിക്ക് ഇതൊക്കെ അനുഭവിക്കേണ്ടിവന്നത്… എൻറെ ഒരുപാട് ആൺ സുഹൃത്തുക്കൾ ഈ രാജ്യത്ത് യാത്ര ചെയ്തു പോയിട്ടുണ്ട്… അവർക്ക് ആർക്കും ഒരു കുഴപ്പവും ഉണ്ടായിട്ടില്ല പെൺ സുഹൃത്തുക്കളും യാത്ര ചെയ്തിട്ടുണ്ട് എന്നാൽ അവരെല്ലാം ഒരു ഗൈഡിനെ വച്ചാണ് യാത്ര ചെയ്തിരുന്നത്, അല്ലെങ്കിൽ ഒരു പുരുഷൻറെ ഒപ്പം… നാളെ ഇവിടെ നിന്നും ഉസ്ബകിസ്ഥാൻ ബോർഡറിലേക്ക് പോവുകയാണ്..ഏകദേശം 500 കിലോമീറ്റർ ഉണ്ട് ഇനിയും ഇടയ്ക്കുവെച്ച് ചെക്ക് പോസ്റ്റുകൾ ഉണ്ടാകും,എന്നെ ചെക്ക് ചെയ്യുമ്പോൾ അവിടെ കള്ളം പറഞ്ഞ് രക്ഷപ്പെടേണ്ടി വരും…ബോർഡർ എത്തുന്ന വരെ ശ്വാസം അടക്കിപ്പിടിച്ച് ആയിരിക്കും ഞാൻ യാത്ര ചെയ്യുന്നത്… മണിക്കൂറുകളോളം ഞാൻ ഇല്ലാതെയായി… ഞാനിപ്പോൾ ഫോൺ നോക്കിയപ്പോൾ ഒരുപാട് കോളും മെസ്സേജ് എല്ലാം കണ്ടു എനിക്ക് തീരെ വയ്യാതിരിക്കുകയാണ്…
ടെൻഷൻ അടിച്ചു panic ആയതുകൊണ്ട് ഇപ്പോഴും ശരീരമാകെ വിറയൽ പോലെയാണ്… മാറിയിട്ടില്ല… അതുകൊണ്ട് ആർക്കും റിപ്ലൈ തരാൻ സാധിക്കുന്നില്ല. എല്ലാവർക്കും നന്ദി സ്നേഹം മാത്രം എൻറെ യാത്രകൾ തുടരും
ആലപ്പാട് പഞ്ചായത്തിൽ സുനാമി റെഡി മോക്ക് ഡ്രിൽ ഇന്ന്
ആലപ്പാട് ഗ്രാമപഞ്ചായത്തിന് സുനാമി റെഡി അംഗീകാരം ലഭിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള മോക്ക് ഡ്രിൽ ഇന്ന് (15-09-2026 ). പഞ്ചായത്തിലെ 14, 15,16 വാർഡുകളിൽ ആണ് സുനാമി മോക്ക് ഡ്രിൽ സംഘടിപ്പിക്കുന്നത്.രാവിലെ 9.30ന് ആരംഭിക്കുന്ന രീതിയിലാണ് മോക്ക് ഡ്രിൽ ക്രമീകരിച്ചിരിക്കുന്നത്. മോക്ക് ഡ്രില്ലിന്റെ ഭാഗമായി മുന്നറിയിപ്പ് കൈമാറൽ, ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കൽ, അടിയന്തര പ്രതികരണ സംവിധാനം, വിവിധ വകുപ്പുകളുടെ ഏകോപനം എന്നിവ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പരിശോധിക്കും. യുനെസ്കോയുടെ കീഴിലുള്ള ഇന്റർഗവൺമെന്റൽ ഓഷ്യനോഗ്രഫിക് കമ്മീഷൻ (IOC), ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (INCOIS), കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എന്നിവ സംയുക്തമായി നടപ്പിലാക്കുന്നതാണ് സുനാമി റെഡി പദ്ധതി. സുനാമി പോലുള്ള ദുരന്തസാധ്യതകളെ ഫലപ്രദമായി നേരിടുന്നതിനായി തീരദേശ സമൂഹങ്ങളുടെ അറിവും തയ്യാറെടുപ്പും പ്രതിരോധശേഷിയും ശക്തിപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. തദ്ദേശവാസികൾ, ജനപ്രതിനിധികൾ, ദുരന്തനിവാരണ ഏജൻസികൾ, വിവിധ സർക്കാർ വകുപ്പുകൾ എന്നിവയുടെ സജീവ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
മോക്ക് ഡ്രില്ലിന് മുന്നോടിയായി ആലപ്പാട് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ പ്രാദേശിക ആസൂത്രണ യോഗം ചേർന്നു.ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ജയശ്രീയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഹസാർഡ് അനലിസ്റ്റ് പ്രേം ജി പ്രകാശ് മോക്ക് ഡ്രിൽ നടപടികൾ വിശദീകരിച്ചു.ജില്ലാ പഞ്ചായത്തംഗം വരുൺ ആലപ്പാട്, ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും അഡീഷണൽ ജില്ലാ മജിസ്ട്രേറ്റുമായ എസ് സജീദ്, കരുനാഗപ്പള്ളി തഹസിൽദാർ ബോസ് ഫ്രാൻസിസ്, കരുനാഗപ്പള്ളി എസ്എച്ച്ഒ ആഷിഖ് എൻ, നീണ്ടകര കോസ്റ്റൽ പോലീസ് സ്റ്റേഷൻ എസ്ഐ സുനിൽ കുമാർ എസ്,കരുനാഗപ്പള്ളി ഫയർ സ്റ്റേഷൻ ഓഫീസർ ദിലീപ് കുമാർ,നീണ്ടകര ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ബിന്ദു കെ ഒ,തദ്ദേശ സ്വയംഭരണ ദുരന്ത നിവാരണ പദ്ധതി കോർഡിനേറ്റർ മീനു എസ്,പദ്ധതിയുടെ അക്കാദമിക പങ്കാളികളായ അമൃത വിശ്വവിദ്യാപീഠം പ്രതിനിധികൾ, പ്രദേശത്തെ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും
ജില്ലയിലെ വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ( കാറ്റഗറി നം 211/2025 (ജനറല്‍), 213/2025(തസ്തികമാറ്റം), 214/2025(തസ്തികമാറ്റം), 251/2025(എന്‍സിഎ-വി), 252/2025(എന്‍ സി എ -എം), 254/2025 (എന്‍ സി എ – ഇ/ടി/ബി), 256/2025(എന്‍ സി എ – ഹിന്ദു നാടാര്‍) തസ്തികകളുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും സെപ്റ്റംബര്‍ 29, 30 തീയതികളില്‍ രാവിലെ 05.30 മുതല്‍ കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി ഗ്രൗണ്ടില്‍ നടത്തും. പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത പ്രവേശന ടിക്കറ്റും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും അംഗീകൃത തിരിച്ചറിയല്‍ രേഖയുടെ അസലുമായി ഹാജരാകണം. കായികക്ഷമതാ പരീക്ഷയില്‍ യോഗ്യത നേടുന്ന ഉദ്യോഗാര്‍ഥികള്‍ക്കുള്ള പ്രമാണ പരിശോധനയും അന്നേ ദിവസം നടത്തും. യോഗ്യത തെളിയിക്കുന്നതിനുള്ള അസല്‍ രേഖകള്‍, നിശ്ചിത മാതൃകയിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ പ്രൊഫൈലില്‍ അപ്ലോഡ് ചെയ്തതിനു ശേഷം ആയത് സഹിതം ഹാജരാകണം. അഡ്മിഷന്‍ ടിക്കറ്റ് ലഭിച്ചിട്ടില്ലാത്ത ഉദ്യോഗാര്‍ഥികള്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ആഫീസുമായി ബന്ധപ്പെടണം. (ഫോണ്‍: 04742743624). ജനറല്‍, ബൈ-ട്രാന്‍സ്ഫര്‍, എന്‍ സി എ ചുരുക്കപ്പട്ടികളില്‍ ഉള്‍പ്പെട്ടിട്ടുള്ള പൊതു ഉദ്യോഗാര്‍ഥികള്‍ക്ക് ജനറല്‍ തസ്തികയുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടക്കുന്നവേദിയില്‍ പങ്കെടുക്കുന്നതിനുളള (രണ്ട് കാറ്റഗറികളും ഉള്‍പ്പെടുത്തിക്കൊണ്ടുളള) പ്രവേശന ടിക്കറ്റാണ് നല്‍കിയിരിക്കുന്നത്.





































