തിരുവനന്തപുരം. ഇ.ഡിയുടെ പുതിയ നീക്കത്തിൽ മാധ്യമങ്ങളെ കണ്ട് സ്വയം പ്രതിരോധത്തിലായി പി.എ മുഹമ്മദ് റിയാസ്. പുറത്തുവന്ന രേഖകളിലേത് ഫ്യൂച്ചർ ബിസിനസിന് വേണ്ടിയുള്ള കാര്യങ്ങളെന്ന മുഹമ്മദ് റിയാസിൻ്റെ ഏറ്റുപറച്ചിൽ തെളിവുകൾക്ക് സ്ഥിരീകരണമായി. കേന്ദ്ര – സംസ്ഥാന നേതൃത്വങ്ങൾ പുതിയ വാർത്തകളിൽ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി.
ഭാവിയിലേക്കുള്ള ബിസിനസിന് വേണ്ടിയുള്ളതാണ് ടി വീണ സ്വന്തം കൈപ്പടയിൽ എഴുതിയ കണക്കുകൾ എന്നതണ് പി.എ മുഹമ്മദ് റിയാസിന്റെ ന്യായീകരണം. പുറത്തുവന്ന ഇ.ഡി ശേഖരിച്ച തെളിവുകൾ എല്ലാം സത്യമെന്ന് സ്വയം സമ്മതിക്കുന്നതിന് സമാനമായി ഈ വാവിട്ട വാക്ക്. ഭാവിയിലേക്കുള്ള ബിസിനസ് എന്തെന്നും ഇനി വിശദീകരിക്കേണ്ടിവരും.
അങ്ങനെയൊരു കൈപ്പടയുമില്ലെന്ന് പിണറായി വിജയൻ നേരത്തെ പറഞ്ഞതാണ്. എല്ലാം ടി. വീണയുടേത് തന്നെയെന്ന് ഇന്ന് പി.എ മുഹമ്മദ് റിയാസ് സമ്മതിച്ചു. ഡിജിറ്റൽ കാലത്ത് ആരെങ്കിലും രേഖകൾ എഴുതി സൂക്ഷിക്കുമോ എന്ന് ഇ.ഡിയെ പരിഹസിച്ച ക്യാപ്സൂളുകൾക്കും ഇതോടെ അവസാനമായി. മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ള വാട്ട്സാപ്പ് ഗ്രൂപ്പ് എന്നാണ് വിശദീകരിച്ചതെങ്കിലും അങ്ങനെയൊരു കോർ ഗ്രൂപ്പിൽ ഒരു മാധ്യമപ്രവർത്തകരും ഇല്ല. കേന്ദ്ര- സംസ്ഥാന നേതൃത്വങ്ങൾ വിശാല സംസ്ഥാന സമിതിക്ക് മുന്നേ ഇക്കാര്യത്തിൽ മൗനം പാലിച്ചു.
തുടർച്ചയായി ഒഴിഞ്ഞുമാറാൻ നേതൃത്വത്തിനും കഴിയില്ല. മുഹമ്മദ് റിയാസിനും ടി. വീണക്കും പ്രതിരോധം തീർക്കുമോ തള്ളിപ്പറയുമോയെന്ന് മണിക്കൂറുകൾക്കുള്ളിൽ അറിയാം.































