Home Blog Page 339

സർക്കാർ മെഡിക്കൽ കോളേജിൽ നിന്ന് ശമ്പളം മൂന്ന് ലക്ഷം; സ്വകാര്യ ആശുപത്രിയിൽ നിന്ന് ഏഴുലക്ഷം, ഡോക്‌ടർക്കെതിരെ കേസ്, 200 ൽപ്പരം ഡോക്ടർമാർ നിരീക്ഷണത്തിൽ

കൽപ്പറ്റ: സർക്കാർ ശമ്പളം കൈപ്പറ്റിക്കൊണ്ട് സ്വകാര്യ ആശുപത്രികളിൽ സർവീസ് നടത്തിയ ഡോ.ശിവപ്രസാദിനെതിരെ വിജിലൻസ് കേസ്. മാനന്തവാടി മെഡിക്കൽ കോളേജിലെ അസോസിയേറ്റ് പ്രൊഫസറും കാർഡിയോ വാസ്‌കുലാർ സർജനുമായ ഡോ.ശിവപ്രസാദിനെതിരെയാണ് കോഴിക്കോട് വിജിലൻസ് യൂണിറ്റ് കേസെടുത്തിരിക്കുന്നത്. സംസ്ഥാനത്തെ സർക്കാർ ഡോക്‌ടർമാരുടെ സ്വകാര്യ പ്രാക്ടീസിനെതിരെ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി വിജിലൻസ് നടത്തിയ പരിശോധനയിലാണ് ശിവപ്രസാദിന് പിടിവീണത്.

സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മാസം മൂന്ന് ലക്ഷം രൂപയാണ് ശിവപ്രസാദ് ശമ്പളം കൈപ്പറ്റുന്നത്. ഇതിനൊപ്പം കോട്ടക്കൽ ആസ്റ്റർ മിംസ് ആശുപത്രിയിൽ സ്വകാര്യ പ്രാക്ടീസ് നടത്തി വരികയായിരുന്നു. ഇത് വിവാദമായതിന്റെ പശ്ചാത്തലത്തിൽ ശിവപ്രസാദിനെതിരെ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തുകയും ചെയ്തതോടെയാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്. കോട്ടക്കൽ മിംസ് ആശുപത്രിയിൽ നിന്നുമാത്രം മാസം ഏഴ് ലക്ഷം രൂപ ശിവപ്രസാദ് പ്രതിഫലം കൈപ്പറ്റിയിരുന്നതായും വിജിലൻസ് കണ്ടെത്തി. നിലവിൽ സമാന രീതിയിൽ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഇരുനൂറോളം സർക്കാർ ഡോക്‌‌ടർമാർ വിജിലൻസിന്റെ നിരീക്ഷണത്തിലാണ്.

ഡി.എൽ.എഡ് പ്രവേശനം: രണ്ടാം അലോട്ട്മെന്റ് 30ന്

ജില്ലയിലെ വിവിധ സർക്കാർ-എയ്ഡഡ് ടി ടി ഐകളിലെ ഡി.എൽ.എഡ് (സയൻസ്,ഹ്യുമാനിറ്റീസ്,കോമേഴ്‌സ്) ബാച്ചുകളുടെ രണ്ടാം അലോട്ട്മെന്റ് ജൂലൈ 30 രാവിലെ 10.30നു കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലത്തിൽ നടത്തും. വിവരങ്ങൾക്ക്: ddeklm.blogspot.com

കുടിവെള്ള വിതരണം: ഗ്രാമീണ മേഖലയില്‍ 307002 കുടിവെള്ള കണക്ഷനുകള്‍ -ജില്ലാ കളക്ടര്‍

ജില്ലയിലെ ഗ്രാമീണമേഖലയില്‍ 307002 കുടിവെള്ളകണക്ഷനുകള്‍ നല്‍കിയെന്ന് ജില്ലാ കലക്ടര്‍ ആനി ജൂല തോമസ്. ജലശുചിത്വസമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കവെ വിവിധയിടങ്ങളില്‍ കുടിവെള്ളവിതരണവുമായിബന്ധപ്പെട്ട നിര്‍മാണപ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശിച്ചു.

പവിത്രേശ്വരം മാറനാട് ജലസംഭരണി നിര്‍മാണത്തിനുള്ള നിയമതടസം നീക്കാന്‍ നടപടി സ്വീകരിക്കും. കരീപ്ര പഞ്ചായത്തിലെ നെടുമണ്‍കാവ്-എഴുകോണ്‍ റോഡില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നത് വേഗത്തിലാക്കുന്നതിന് പൊതുമരാമത്ത്, ജല അതോറിറ്റി വകുപ്പ് ഉദ്യോഗസ്ഥരുടെ ഏകോപനം കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുണ്ട്.

കരീപ്ര സെനിത്ത്മുക്ക് ജലസംഭരണിയുടെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതനും നടപടി സ്വീകരിക്കണം. വവ്വാക്കാവ് ആനയടി റോഡില്‍ ജലവാഹകകുഴലുകള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കും. വെളിയം പഞ്ചായത്തിലെ ഉയര്‍ന്നപ്രദേശങ്ങളില്‍ കുടിവെള്ളം ലഭ്യമാക്കാന്‍ മുട്ടറ മരുതിമലയ്ക്ക് സമീപം ബൂസ്റ്റര്‍ പമ്പ് ഏര്‍പ്പെടുത്തും. പദ്ധതികള്‍ കൃത്യതയോടെ പൂര്‍ത്തിയാക്കുന്നതിന് ഉദ്യോഗസ്ഥ ഏകോപനം അനിവാര്യമെന്നും ഓര്‍മിപ്പിച്ചു ജലഅതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സുനില്‍കുമാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പൊതുനിരത്തില്‍ വാഹനങ്ങളില്‍ മീന്‍വെള്ളം ഒഴുക്കിയാല്‍ ഇനി ലൈസന്‍സ് ‘കട്ട്’!

മത്സ്യങ്ങള്‍ കൊണ്ടു പോകുന്ന വാഹനങ്ങളില്‍ നിന്നും ദുര്‍ഗന്ധവും രക്തവും കലര്‍ന്ന മലിന ജലം പൊതു നിരത്തില്‍ ഒഴുക്കി വിടുന്നത് നിരന്തരമുള്ള കാഴ്ചയാണ്. യാത്രക്കാര്‍ക്ക് ഇത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. വഴി യാത്രക്കാരുടെ ശരീരത്തിലേക്ക് ഇവ തെറിച്ച് വീഴുന്നതും പതിവാണ്. പരാതികള്‍ ഏറെ ഉണ്ടായിട്ടും ഇതുവരെ ഇതിനു പരിഹാരമോ നടപടിയോ ആരും കൈകൊണ്ടിട്ടില്ലായിരുന്നു. ഇപ്പോള്‍ പരാതികളുടെ എണ്ണം ഏറിയതോടെ പരിഹാരവുമായി കേരള മോട്ടോര്‍ വാഹനവകുപ്പ് രംഗത്തെത്തിയിരിക്കുകയാണ്.
റോഡിലൂടെ ബൈക്കിലോ നടന്നുപോകുമ്പോഴോ തൊട്ടുമുന്നിലെ മീന്‍വണ്ടിയില്‍ നിന്ന് റോഡിലേക്ക് ചീറ്റിയൊഴുകുന്ന ദുര്‍ഗന്ധം വമിക്കുന്ന വെള്ളം നിങ്ങളുടെ മേല്‍ വീഴുകയോ അല്ലെങ്കില്‍ ആ വെള്ളത്തില്‍ വണ്ടി വഴുതിവീണ് അപകടത്തില്‍പ്പെടുകയോ ചെയ്താല്‍ ഇത്തരം ജനവിരുദ്ധവും അപകടകരവുമായ പ്രവര്‍ത്തികള്‍ക്ക് ഇനി മോട്ടോര്‍ വാഹന വകുപ്പിന്റെ വക നടപടി ഉണ്ടാകുമെന്നാണ് കേരള മോട്ടോര്‍ വാഹനവകുപ്പ് ചൂണ്ടിക്കാട്ടുന്നത്.
മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങളില്‍ നിന്ന് പൈപ്പുകള്‍ വഴി പൊതുനിരത്തിലേക്ക് മലിനജലം ഒഴുക്കുന്ന പ്രവണതക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. മലിന ജലം റോഡിലൂടെ ഒഴുക്കി നിയമലംഘനം നടത്തുന്ന ഡ്രൈവര്‍മാരുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. കൂടാതെ പിഴയും ചുമത്തും.
മീന്‍വണ്ടികളില്‍ നിന്ന് ഒഴുക്കിവിടുന്ന വെള്ളം കാരണം അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടാതെ വലിയ രീതിയിലുള്ള ആരോഗ്യ-പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകുന്നുണ്ട്. സുരക്ഷിതമായ യാത്രയും ശുചിത്വമുള്ള റോഡുകളും നമ്മുടെ അവകാശവും ഉത്തരവാദിത്വവുമാണെന്നുള്ള കാര്യമാണെന്ന് വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത്തരം മലിനജലം വാഹനങ്ങളിലുള്ള ടാങ്കുകളില്‍ തന്നെ സൂക്ഷിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്ന സ്ഥലങ്ങളില്‍ മാത്രം ഒഴുക്കി വിടുക.

രാഷ്ട്രീയത്തിലേക്കോ ധനുഷ്? ആരാധകരോടുള്ള ആഹ്വാനം പുതിയ ചർച്ചകൾക്ക് വഴിതുറന്നു

ചെന്നൈ: തമിഴ് സിനിമയും രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തിന് ദീർഘമായ ചരിത്രമുണ്ട്. എം.ജി.ആർ, കരുണാനിധി, ജയലളിത മുതൽ വിജയ് വരെ സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് കടന്ന നിരവധി പേരെ തമിഴകം കണ്ടിട്ടുണ്ട്. ഇപ്പോൾ അതേ വഴിയിലേക്കാണോ നടൻ ധനുഷും നീങ്ങുന്നതെന്ന ചർച്ചയാണ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്.

അടുത്തിടെ ആരാധകർ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ സംസാരിച്ച ധനുഷിന്റെ വാക്കുകളാണ് അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്. ആരാധക സംഘടനകൾ സിനിമാ പരിപാടികളിൽ മാത്രം ഒതുങ്ങാതെ സമൂഹത്തിന് ഉപകാരപ്പെടുന്ന ക്ഷേമപ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

“നിരവധി പേർ ഒരുമിച്ച് നിൽക്കുമ്പോൾ അതൊരു വലിയ ശക്തിയാണ്. ആ ശക്തി നല്ല ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കണം. ഓഡിയോ ലോഞ്ചുകളിലും മീറ്റപ്പുകളിലും മാത്രം ഒതുങ്ങാതെ നിങ്ങളുടെ പ്രദേശത്തെ ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി കഴിയുന്ന സഹായങ്ങൾ ചെയ്യണം. നിങ്ങളെക്കുറിച്ച് എനിക്ക് കൂടുതൽ അഭിമാനം തോന്നുന്ന രീതിയിൽ പ്രവർത്തിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു,” എന്നാണ് ധനുഷ് പറഞ്ഞത്.

ധനുഷിന്റെ ഈ ആഹ്വാനത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടോയെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന ചോദ്യം. രാഷ്ട്രീയ പ്രവേശനത്തിന് മുൻപായി വിജയ് തന്റെ ആരാധക സംഘടനകളെ സാമൂഹിക സേവന പ്രവർത്തനങ്ങളിലേക്ക് സജീവമായി നയിച്ചതും പിന്നീട് അതാണ് രാഷ്ട്രീയത്തിലേക്കുള്ള അടിത്തറയായതും ചൂണ്ടിക്കാട്ടിയാണ് താരതമ്യങ്ങൾ ഉയരുന്നത്.

എന്നാൽ, ധനുഷ് രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. അതിനാൽ, അദ്ദേഹത്തിന്റെ പ്രസംഗത്തെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ അഭ്യൂഹങ്ങൾ നിലവിൽ സാമൂഹ്യമാധ്യമങ്ങളിലെ ചർച്ചകളായി മാത്രമാണ് തുടരുന്നത്.

സിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി മാധവ് സുരേഷ്; ‘വിദ്യാർത്ഥികളെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചു’

കൊച്ചി: വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ സിജെപി (SFI അല്ല, CJP) നേതൃത്വത്തെയും തന്നെ വിമർശിച്ചവരെയും രൂക്ഷമായി വിമർശിച്ച് നടൻ മാധവ് സുരേഷ്. ഡൽഹിയിലെ വിദ്യാർത്ഥി സമരത്തിൽ സജീവമായവർ പഞ്ചാബിൽ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങളിൽ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് ചോദിച്ച മാധവ്, സിജെപി നേതാക്കളെതിരെ ഗുരുതര ആരോപണങ്ങളും ഉന്നയിച്ചു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു പ്രതികരണം.

പഞ്ചാബിലെ അനീതികൾക്കെതിരെ സിജെപി നിശ്ശബ്ദമാണെന്നും, ബിജെപിക്കെതിരായ വിഷയങ്ങളിൽ മാത്രം അവർ ശബ്ദമുയർത്തുകയാണെന്നും മാധവ് ആരോപിച്ചു. എഎപി ഉൾപ്പെടുന്ന വിഷയങ്ങളിൽ അവരുടെ നിലപാട് മാറുന്നതായും അദ്ദേഹം വിമർശിച്ചു.

വിദ്യാർത്ഥി സമരത്തെ പിന്തുണച്ച ചില രാഷ്ട്രീയ പാർട്ടികൾ വിദ്യാർത്ഥികളെ സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചുവെന്നാണ് താൻ തുടക്കം മുതൽ പറഞ്ഞിരുന്നതെന്നും മാധവ് വ്യക്തമാക്കി. ബിജെപി സർക്കാർ എടുത്ത തീരുമാനത്തെ പലർക്കും അംഗീകരിക്കാൻ കഴിയുന്നില്ലെങ്കിലും, അതേ വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട പഞ്ചാബിലെ പ്രശ്നങ്ങൾ ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തന്നെ വിമർശിച്ചവരോടും മാധവ് മറുപടി പറഞ്ഞു. തന്റെ നിലപാട് രാജ്യത്തെ ജനങ്ങൾക്ക് വേണ്ടിയുള്ളതാണെന്നും, അതിന്റെ പേരിൽ തന്നെ “അന്ധനായ സംഘി” എന്ന് വിളിച്ചവർ ഇപ്പോൾ മൗനം പാലിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം, സിജെപി അംഗങ്ങൾ “തട്ടിപ്പുകാരാണ്” എന്നും ഒരുനാൾ അവർ “തുറന്നുകാണിക്കപ്പെടും” എന്നും മാധവ് ആരോപിച്ചു. പഞ്ചാബിലെ വിദ്യാർത്ഥികൾക്കായും ഡൽഹിയിലെ വിദ്യാർത്ഥികൾക്കുവേണ്ടി സംസാരിച്ച അതേ ആത്മാർഥതയോടെ ശബ്ദമുയർത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

കൊല്ലം കെഎസ്ആര്‍ടിസി ബസ് ഡിപ്പോ പുനര്‍നിര്‍മാണം; സമയബന്ധിതമായി പൂര്‍ത്തിയാക്കും: മന്ത്രി

കൊല്ലം: കൊല്ലം കെഎസ്ആര്‍ടിസി ബസ് ഡിപ്പോ പുനര്‍നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ കെഎസ്ആര്‍ടിസി ട്രാന്‍സ്‌പോര്‍ട്ട് മാനേജ്മന്റ് കമ്മിറ്റിയുടെ യോഗത്തില്‍ അധ്യക്ഷയായി. കൊല്ലം ബസ് സ്റ്റാന്‍ഡിന്റെ പുനര്‍നിര്‍മാണത്തിനുള്ള പശ്ചാത്തലപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും. ബസുകളുടെ ഷെഡ്യൂളുകള്‍ പുനഃസ്ഥാപിക്കും. പഴയ ബസ് സ്റ്റാന്‍ഡിന്റെ സ്ഥലത്ത് പുതിയത് നിര്‍മിക്കും; ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി.
പഴയ കെട്ടിടത്തിലെ ഓഫീസുകള്‍ ഗ്യാരേജിന്റെ പരിസരത്തേക്ക് മാറ്റും. ഗ്യാരേജിന്റെ അറ്റകുറ്റപ്പണികള്‍ക്കുള്ള ടെന്‍ഡര്‍ നടപടികളും പൂര്‍ത്തീകരിച്ചു. ഭരണാനുമതി ലഭിച്ച 15 കോടി രൂപയ്ക്ക് ബസ് ടെര്‍മിനല്‍, ഓഫീസ് കെട്ടിടങ്ങള്‍ എന്നിവയുടെ നിര്‍മാണം ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കും. ഗ്യാരേജിന്റെ പുനര്‍നിര്‍മ്മാണം രണ്ടാംഘട്ടത്തിലാണ്.
ബസ് സ്റ്റാന്‍ഡ് മൂന്ന് നിലകളിലായി പണിയും. ഭാവിയിലെ ആവശ്യങ്ങള്‍ പരിഗണിച്ച് തുടര്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ബി. അജിത്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കുണ്ടറയിൽ പോലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ച യുവാവ് മരിച്ച സംഭവം,പോലീസിനെതിരെ ഗുരുതര ആരോപണവുമായി യുവാവിന്റെ കുടുംബം

കൊല്ലം. കുണ്ടറയിൽ പോലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ച യുവാവ് മരിച്ച സംഭവത്തിൽ പോലീസിനെതിരെ ഗുരുതരാ ആരോപണവുമായി യുവാവിന്റെ കുടുംബം.
മിസ്സിംഗ് കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച കുണ്ടറ സ്വദേശി
സിയാദ് മരിച്ചത് പൊലീസ് മർദ്ദനം കാരണമെന്നാണ് കുടുംബത്തിൻറെ ആരോപണം. 13 കാരനായ സഹോദരനെ കാണാനില്ലെന്ന സഹോദരിയുടെ പരാതിയിലാണ് അയൽവാസിയായ സിയാദിനെ കസ്റ്റഡിയിൽ എടുത്തത്. എന്നാൽ സിയാദിനെ മർദ്ധിച്ചിട്ടില്ലെന്നാണ് കുണ്ടറ പോലീസിൻ്റെ വാദം. ബിഗ് ടി വി ബ്രേക്കിംഗ്

ജൂൺ 16 രാത്രിയാണ് സഹോദരനെ കാണാനില്ലെന്ന സഹോദരിയുടെ പരാതിയിൽ സിയാദിനെ വീട്ടിൽനിന്ന് കുണ്ടറ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. തുടർന്ന് സ്റ്റേഷനിലേക്ക് പോകുവഴി ജീപ്പിൽ വെച്ച് പോലീസ് മർദ്ദിച്ചു എന്നാണ് കുടുംബത്തിൻ്റെ ആരോപണം. പോലീസ് മർദ്ദിച്ച കാര്യം തന്നോടും മകളോടും സുഹൃത്തിനോടും പറഞ്ഞിരുന്നതായി ഭാര്യ സാലി ബിഗ് ടി വിയോട് പറഞ്ഞു

പിറ്റേ ദിവസം രാവിലെ എട്ടുമണിയോടെ
സിയാദിനെ പോലീസ് വെറുതേ വിട്ടു .
ഇതിനിടയിൽ കാണാനില്ലെന്ന് പറഞ്ഞ് 13 കാരൻ തിരിച്ചെത്തി.സംഭവം കഴിഞ്ഞ് 9 ദിവസത്തിനു ശേഷം ശാരീരിക പ്രശ്‌നങ്ങളെ തുടർന്ന് സിയാദ് വീടിന് സമീപത്തെ ഹെൽത്ത് സെൻററിൽ ചികിത്സ തേടി. നടുവിനും , മുതുകിനും ഏറ്റ മർദ്ധനമാണ് ശാരീരിക ബുദ്ധിമുട്ടിന് കാരണമെന്ന് ഡോക്‌ടർമാർ പറഞ്ഞതായി കുടുംബം പറയുന്നു. ആരോഗ്യസ്ഥിതി കൂടുതൽ മോശമായതോടെ താലൂക്ക് ആശുപത്രിയിലും പിന്നാലെ കൊല്ലം ജില്ലാ ആശുപത്രിയിലും ഒടുവിൽ
തിരുവനന്തപുര മെഡിക്കൽ കോളേജിലും ചികിത്സ തേടി.

ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെയാണ് സിയാദ് മരിച്ചു. സിയാദിൻ്റെ മരണത്തിന് പിന്നാലെ മകൾ ശ്രീജിത്ത് എന്ന പോലീസ് ഉദ്യാഗസ്ഥനെ വിളിച്ചെങ്കിലും അയാൾ അത് നിഷേധിച്ചു.

പരാതിയുടെ അടിസ്ഥാനത്തിൽ സിയാദിനെ സ്റ്റേഷനിൽ കൊണ്ടുവരുക മാത്രമാണ് ചെയ്തതെന്നും ആരെയും മർദ്ധിച്ചിട്ടില്ലെന്നാണ് കുണ്ടറ പോലീസിൻ്റെ പ്രതികരണം. ഉദ്യോഗസ്ഥരുടെ നടപടി ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരിക്കുകയാണ് കുടുംബം.

ഹരിപ്പാട് പാർക്കിംഗ് സ്ഥലം ലഭിക്കാൻ ഒറ്റമുറിക്കട പൊളിച്ച ശ്രീവല്‍സം ഗ്രൂപ്പ് അത് അവിടെ പുനര്‍നിര്‍മ്മിച്ചു നല്‍കും

ആലപ്പുഴ .ഹരിപ്പാട് പാർക്കിംഗ് സ്ഥലം ലഭിക്കാൻ ഒറ്റമുറിക്കട പൊളിച്ച് ഗുണ്ടായിസം നടത്തി ശ്രീവത്സം ടെക്സ്റ്റൈൽസ് ഉടമകൾ.ഹരിപ്പാട് സ്വദേശി അശോകന്റെ ഒറ്റ മുറിക്കടയാണ് ഗുണ്ടകളെ ഉപയോഗിച്ച് രാത്രി പൊളിച്ചത്. ഉപജീവനമാർഗ്ഗം തകർന്ന അശോകന്റെ അവസ്ഥ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് ശ്രീവത്സം മാനേജ്മെൻറ് നേരിടേണ്ടിവന്നത്.പോലീസ് സ്റ്റേഷനിൽ നടന്ന ചർച്ചയിൽ പൊളിച്ച കടയ്ക്ക് പകരം കട നിർമ്മിച്ച നൽകാമെന്ന് രേഖാമൂലം എഴുതി നൽകുകയും ചെയ്തു. ശ്രീവത്സം ഉടമയെ ഒന്നാം പ്രതിയാക്കി ഹരിപ്പാട് പോലീസ് കേസും രജിസ്റ്റർ ചെയ്തു

ഒരു കുടുംബത്തിൻറെ ആകെ വരുമാന മാർഗ്ഗമാണ് പണത്തിന്റെ അഹങ്കാരവും അധികാരത്തിന്റെ തണലും ഉണ്ട് എന്ന് കരുതി ശ്രീവത്സം എന്ന ഗ്രൂപ്പ് ഇല്ലാതാക്കിയത്.ആരും ചോദിക്കാനും പറയാനും വരില്ല എന്ന് അവർ കരുതി.അശോകൻ എന്ന സാധു മനുഷ്യനുവേണ്ടി ഹരിപ്പാട് എന്ന നാട് ഒരുമിച്ചു നിന്നു.പണത്തിന്റെ അഹങ്കാരം ഇവിടെ സമ്മതിക്കില്ല എന്ന് നാട് ഒരുമിച്ചു പറഞ്ഞു

അശോകന്റെ കടയ്ക്ക് പകരം സംവിധാനം ഉണ്ടാകാതെ ശ്രീവത്സം ടെക്സ്റ്റൈൽസ് തുറക്കാൻ നാട്ടുകാർ സമ്മതിച്ചില്ല.കട പൊളിക്കുന്നതിനു വേണ്ടി നഗരസഭയുടെ പൊതുമുതൽ നശിപ്പിക്കുകയും ചെയ്തിരുന്നു.ഇതോടെ പ്രതിഷേധം കനത്തു. ശ്രീവത്സം ഉടമയെ പ്രതിയാക്കി പോലീസ് കേസെടുത്തു.അശോകന്റെ കട പൊളിച്ച സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.തൻറെ ഉപജീവനമാർഗ്ഗം അതേ സ്ഥലത്ത് തിരികെ വേണമെന്ന് അശോകൻ

പോലീസ് സ്റ്റേഷനിൽ നടന്ന ചർച്ചയിൽ പിടിച്ചുനിൽക്കാനാകാതെ എല്ലാ ആവശ്യങ്ങളും മാനേജ്മെൻറ് അംഗീകരിച്ചു.ഒരു സാധാരണക്കാരന്റെ ഉപജീവനമാർഗ്ഗം എന്തിന് ഇല്ലാതാക്കി എന്ന ചോദ്യത്തിന് മാനേജ്മെൻറ് പ്രതിനിധികൾക്ക് മറുപടിയില്ലായിരുന്നു

പൊളിച്ച കടയുടെ സ്ഥാനത്ത് താൽക്കാലിക കട നാളെത്തന്നെ നിർമ്മിക്കുമെന്നാണ് ഉറപ്പുനൽകിയത്.ഉറപ്പ് പാലിച്ചില്ല എങ്കിൽ ഹരിപ്പാട് ശ്രീവത്സത്തിന്റെ കട തുറക്കണമോ എന്ന് നാട്ടുകാർ തീരുമാനിക്കും എന്നാണ് എല്ലാ രാഷ്ട്രീയ കക്ഷികളും ഒരുമിച്ച് പറയുന്നത്.നിലവിൽ പോലീസ് എടുത്ത ജാമ്യമില്ല വകുപ്പുള്ള കേസുകൾ തുടരാനും തീരുമാനിച്ചു.സ്വന്തം സ്ഥാപനത്തിന്റെ മുന്നിൽ പാർക്കിങ്ങിന് വേണ്ടി 70 വർഷമായി ഹരിപ്പാട്ടുകാർക്ക് പരിചിതമായ ഒരു കുഞ്ഞു കടയാണ് ഗുണ്ടായിസത്തിലൂടെ പൊളിച്ചുനീക്കിയത്.

ആലപ്പുഴയിൽ യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കുത്തിക്കൊലപെടുത്തിയ കേസിൽ പ്രതികൾ ബംഗ്ലൂരിലേക്ക് കടന്നതായി സൂചന

ആലപ്പുഴയിൽ യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കുത്തിക്കൊലപെടുത്തിയ കേസിൽ പ്രതികൾ ബംഗ്ലൂരിലേക്ക് കടന്നതായി സൂചന. പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. രക്ഷപ്പെടാനായി പ്രതികൾ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ എത്തി. ഇവിടെ നിന്നും ട്രെയിൻ മാർഗ്ഗം ബാംഗ്ലൂരിലേക്ക് കടന്നതായാണ് വിവരം. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു നാട്ടിലെ നടുക്കിയ കൊലപാതകം. ആര്യാട് സ്വദേശി 24 കാരൻ അഖിലാണ് കൊല്ലപ്പെട്ടത്. പ്രതികൾ ഷെൽജാദും കൂട്ടാളിയുമാണ് ഒളിവിൽ….

ക്വട്ടേഷൻ മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട പ്രതിയാണ് കൊല്ലപ്പെട്ട അഖിൽ…കൊലപ്പെടുത്തിയ ഷെൽജാദ് കുപ്രസിദ്ധ ഗുണ്ടയുമാണ്. ഷെൽജാദ് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തി എന്നാണ് ദൃക്സാക്ഷി മൊഴി. കൊലക്കുശേഷം ഓട്ടോറിക്ഷ ഡ്രൈവറുടെ കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ ആലപ്പുഴ നഗരത്തിൽ എത്തിയത്. ശേഷം പ്രതികൾ ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ എസി വൈറ്റിംഗ് റൂമിൽ വിശ്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

ആലപ്പുഴയിൽ നിന്ന് ട്രെയിൻമ ർഗം കായംകുളത്തെത്തിയ പ്ര തികൾ പൊലീസിനെ വെട്ടിച്ച് അവിടെ നിന്ന് രക്ഷപ്പെട്ടതായാണ് വിവരം. പ്രതികൾ പോലീസിന്റെ പിടിയിലായതായി അനൗദ്യോഗിക വിവരവും പുറത്തുവരുന്നുണ്ട്.
വയറിലേറ്റ ആഴമുള്ള കുത്തിനെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണത്തിന് കാരണമായത്..കൊല്ലപ്പെട്ട അഖിലുമായി വളരെകാലമായി സൗഹൃദമുള്ളവരാണ് പ്രതികൾ. കൊലയാളികൾ ഏറെക്കാലമായി കേരളത്തിലും പുറത്തും ലഹരി ഇടപാട്‌നടത്തിവരുന്ന സംഘത്തിലുൾ പ്പെട്ടവരാണ്. അഖിലും ലഹരികേസി ലുൾപ്പെട്ടയാളാണ്. കൊലപാതക ശ്രമ കേസിൽ ഒളിവിൽ പോകാൻ ഷൽജാദിന് അഖിൽ സഹായം ചെയ്യാത്തതാണ് കൊലയ്ക്കുള്ള പ്രകോപനം എന്നാണ് സൂചന.