30.3 C
Kollam
Friday 11th September, 2026 | 12:30:39 PM
Home News Local കൊല്ലം കെഎസ്ആര്‍ടിസി ബസ് ഡിപ്പോ പുനര്‍നിര്‍മാണം; സമയബന്ധിതമായി പൂര്‍ത്തിയാക്കും: മന്ത്രി

കൊല്ലം കെഎസ്ആര്‍ടിസി ബസ് ഡിപ്പോ പുനര്‍നിര്‍മാണം; സമയബന്ധിതമായി പൂര്‍ത്തിയാക്കും: മന്ത്രി

കൊല്ലം: കൊല്ലം കെഎസ്ആര്‍ടിസി ബസ് ഡിപ്പോ പുനര്‍നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ കെഎസ്ആര്‍ടിസി ട്രാന്‍സ്‌പോര്‍ട്ട് മാനേജ്മന്റ് കമ്മിറ്റിയുടെ യോഗത്തില്‍ അധ്യക്ഷയായി. കൊല്ലം ബസ് സ്റ്റാന്‍ഡിന്റെ പുനര്‍നിര്‍മാണത്തിനുള്ള പശ്ചാത്തലപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും. ബസുകളുടെ ഷെഡ്യൂളുകള്‍ പുനഃസ്ഥാപിക്കും. പഴയ ബസ് സ്റ്റാന്‍ഡിന്റെ സ്ഥലത്ത് പുതിയത് നിര്‍മിക്കും; ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി.
പഴയ കെട്ടിടത്തിലെ ഓഫീസുകള്‍ ഗ്യാരേജിന്റെ പരിസരത്തേക്ക് മാറ്റും. ഗ്യാരേജിന്റെ അറ്റകുറ്റപ്പണികള്‍ക്കുള്ള ടെന്‍ഡര്‍ നടപടികളും പൂര്‍ത്തീകരിച്ചു. ഭരണാനുമതി ലഭിച്ച 15 കോടി രൂപയ്ക്ക് ബസ് ടെര്‍മിനല്‍, ഓഫീസ് കെട്ടിടങ്ങള്‍ എന്നിവയുടെ നിര്‍മാണം ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കും. ഗ്യാരേജിന്റെ പുനര്‍നിര്‍മ്മാണം രണ്ടാംഘട്ടത്തിലാണ്.
ബസ് സ്റ്റാന്‍ഡ് മൂന്ന് നിലകളിലായി പണിയും. ഭാവിയിലെ ആവശ്യങ്ങള്‍ പരിഗണിച്ച് തുടര്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ബി. അജിത്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.